വാഴക്കുളം ടൗണിൽ കാർമൽ കവലയ്ക്കു സമീപം ഇന്നലെ പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട്.
വാഴക്കുളം: ഓട വീതി കൂട്ടിയതും ഫലം കണ്ടില്ല. ഇന്നലെ പെയ്ത മഴയിലും കാർമൽ കവലയിൽ രൂക്ഷമായ വെള്ളക്കെട്ട്. ആഴ്ചകൾക്കു മുമ്പ് രണ്ടു വ്യാപാരശാല കെട്ടിടങ്ങൾക്കിടയിലുണ്ടായിരുന്ന ഓട മണ്ണു നീക്കം ചെയ്ത് വീതി കൂട്ടിയിരുന്നു.ഇതോടെ വെള്ളമൊഴുക്ക് സുഗമമാകുമെന്നും സംസ്ഥാന പാതയിലുൾപ്പെടെ വെള്ളക്കെട്ട് ഉണ്ടാകില്ലെന്നുമായിരുന്നു പ്രതീക്ഷ.
ഉയർന്ന ഭാഗത്തുനിന്ന് ഇവിടേക്ക് ഒഴുകി എത്തിയിരുന്ന മഴവെള്ളം വീതി വർധിപ്പിച്ച ഓടയിലൂടെ സുഗമമായി ഒഴുകുമെന്നാണ് കരുതിയിരുന്നത്. രണ്ടു കെട്ടിടങ്ങൾക്കിടയിൽ ഒരു കെട്ടിടത്തിനു പുറമേ നടപ്പാത പോലെ മണ്ണു നിറച്ചു സ്ഥാപിച്ചിരുന്ന ഭാഗം നീക്കം ചെയ്താണ് ചെറിയ ഓട വലുതാക്കിയത്. ഇന്നലെ പെയ്ത മഴയിൽ ഒഴുകി എത്തിയ വെള്ളം ഓടയിലൂടെ കടന്നുപോകാതെ വീണ്ടും കാർമൽ റോഡിലും സംസ്ഥാന പാതയിലും കനത്ത വെള്ളക്കെട്ടുണ്ടാക്കി.
ഇതോടെ ഏറെ നേരം ഗതാഗത തടസവുമുണ്ടായി. സ്കൂളിൽ നിന്നു റോഡിലൂടെ നടന്നുപോയ കുട്ടി അബദ്ധത്തിൽ റോഡരികിലെ ഓടയിൽ വീണ സംഭവവും ഇതിനിടെ ണ്ടായി. ഇൻഫന്റ്ജീസസ് ഹൈസ്കൂളിൽ നടക്കുന്ന കല്ലൂർക്കാട് ഉപജില്ല കലോത്സവ വേദിയിലേക്ക് സമീപ സ്കൂളുകളിൽ നിന്നുള്ള രണ്ടായിരത്തോളം വിദ്യാർഥികൾ എത്തുന്നതും ഇതു വഴിയാണ്.
തെക്കുംമല വഴി ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം സെന്റ് ആന്റണീസ് കപ്പേളയ്ക്കു സമീപം റോഡിൽ കെട്ടിനിൽക്കുന്നതു സംബന്ധിച്ച് ഏറെ നാളായി പ്രദേശവാസികൾക്കു പരാതിയുണ്ട്. കാർമൽ പബ്ലിക് സ്കൂൾ, ഇൻഫൻ്റ് ജീസസ് ഹൈസ്കൂൾ, ചാവറ ഇന്റർനാഷണൽ അക്കാദമി, കർമല ആശ്രമം, മഞ്ഞള്ളൂർ കുടുംബാരോഗ്യ കേന്ദ്രം, തെക്കുംമല, കാവന ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നതിന് ഉപയോഗിക്കുന്ന വഴിയാണിത്.
ഓട വീതി വർധിപ്പിച്ചിട്ടും വെള്ളക്കെട്ടിനു ശമനമില്ലാത്തതിനാൽ ആവശ്യമായ തുടർ പരിഹാര നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് വ്യാപാരികളും റോഡിന്റെ ഉപയോക്താക്കളും ആവശ്യപ്പെട്ടു.ടൗണിൽ യാത്രക്കാർക്കുംവ്യാപാരികൾക്കും നിരന്തരമായി ദുരിതമാകുന്ന വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കണ്ടെത്താൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മുതൽ 11 വരെ വ്യാപാരശാലകൾ അടച്ചു പ്രതിഷേധിക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Tags :