Kerala
തിരുവനന്തപുരം: അഴിമതി കേസിൽ സസ്പെൻഷനിലായ കോട്ടയത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്തു സന്പാദനമടക്കമുള്ള കാര്യങ്ങൾ പൊലിസിന്റെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷിക്കുമെന്ന് മന്ത്രി എം. ലിജു. നടപടിക്രമം പൂർത്തിയാക്കി ഇതുസംബന്ധിച്ച വിവരം ആഭ്യന്തര വകുപ്പിനു കൈമാറും.
തുടരന്വേഷണത്തിനായി എക്സൈസ്, വിജിലൻസിന്റെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. എക്സൈസ് കമ്മിഷണർ അന്വേഷണത്തിനു മേൽനോട്ടം വഹിക്കും. സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കെതിരേ മുൻകാലങ്ങളിൽ ഉയർന്ന പരാതികളും ആരോപണങ്ങളും വിശദമായി പരിശോധിക്കും. ഇടനിലക്കാരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരേ വിശദ അന്വേഷണവുമുണ്ടാകും.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരേ സംസ്ഥാന വ്യാപക നടപടി സ്വീകരിക്കും. ഒരു ജില്ലയിൽ മാത്രം ഒതുങ്ങുന്നതല്ല അഴിമതിവിരുദ്ധ പ്രവർത്തനം. അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. എത്ര ഉന്നതരായാലും ഇവർക്കെതിരേ നടപടിയുണ്ടാകും. അഴിമതി കണ്ടെത്താൻ ആധുനിക ഡിജിറ്റൽ സംവിധാനം അടക്കം ഉപയോഗിക്കും.
സംസ്ഥാന തലത്തിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ പുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രി ലിജു പറഞ്ഞു. കോട്ടയത്തെ നടപടിയിൽ എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മന്ത്രിക്കു ലഭിച്ച വാട്സ് ആപ് പരാതി എക്സൈസ് കമ്മിഷണർക്കു കൈമാറിയപ്പോൾ നേരിട്ടായിരുന്നു നടപടി.
ബിജാപ്പുരിലാണെന്നു തെറ്റിദ്ധരിപ്പിച്ച് പരിശോധന
ബിജാപ്പുരിലാണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു കോട്ടയത്തെ ബാറുകളിൽ പരിശോധന നടത്തിയത്. വിവരം ചോരാതിരിക്കാൻ ഔദ്യോഗിക വാഹനമുപേക്ഷിച്ച് മറ്റൊരു വാഹനത്തിലായിരുന്നു സഞ്ചാരം. ഓണം കഴിഞ്ഞുള്ള ദിവസമായതിനാൽ ബിജാപ്പുരിൽനിന്നുള്ള ചിത്രങ്ങളും പങ്കുവച്ചു.
ഇതാണ് എക്സൈസിലെ അഴിമതിക്കെതിരേയുള്ള നടപടിക്ക് ഓപറേഷൻ ബിജാപ്പുർ എന്ന പേരു നൽകാൻ കാരണമെന്നും എക്സൈസ് കമ്മിഷണർ പറഞ്ഞു.
എക്സൈസ് മന്ത്രി എം. ലിജുവിന് വാട്സ് ആപ് വഴി ലഭിച്ച പരാതിയിലും കമ്മിഷണർക്കു ലഭിച്ച ഫോണ് കോളിനെത്തുടർന്നുമായിരുന്നു പരിശോധന. എക്സൈസ് കമ്മിഷണർ നേരിട്ടു നടത്തിയ പരിശോധനയിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. കേസ് അന്വേഷിച്ച മുൻപോലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ, വിവരം കണ്ടെത്തിയെന്ന് അവകാശപ്പെട്ട സൈബർ വിദഗ്ധൻ എന്നിവരുടെ മൊഴിയെടുക്കാനാണ് ആലോചന.
സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ നടത്തിയ പ്രചാരണത്തിനുപിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നോ എന്നും പരിശോധിക്കും. ഒരു മലയാള ടെലിവിഷൻ ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ബ്രൂണൈയിൽ താമസിക്കുന്നത് ദാമോദര മേനോനാണെന്ന് ഉറപ്പിച്ച സാഹചര്യത്തിൽ ഇനി ഇന്റർപോളിന്റെ സഹായം തേടേണ്ടതില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
Kerala
കോഴിക്കോട്: ഏറെ വിവാദമായ ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും പോലീസിന്റെ വീഴ്ചയും അന്വേഷിക്കുന്നതിന് ആഭ്യന്തരവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. കോഴിക്കോട്-വയനാട് റേഞ്ച് ക്രൈം ബ്രാഞ്ച് എസ്പി പി. വിക്രമിന്റെ മേല്നോട്ടത്തിലാണ് അന്വേഷണം നടക്കുക.
2024 നവംബർ 16ന് നടന്ന ചേവായൂർ സഹകരണ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ആഭ്യന്തരവകുപ്പിനു ലഭിച്ചിരുന്നു. വ്യാപകമായി കള്ളവോട്ട് ചെയ്തു. വോട്ട് ചെയ്യാനെത്തുന്നവരെ തടഞ്ഞു. ഇത് സംഘർഷത്തിനും വഴിവച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം സുരക്ഷയ്ക്കായി മെഡിക്കൽ കോളജ് പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, അക്രമസംഭവങ്ങൾ തടയുന്നതിൽ മെഡിക്കൽ കോളജ് എസിപി അടക്കമുള്ളവർ വീഴ്ച വരുത്തിയെന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.
അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയൽ കാർഡുകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം പ്രവർത്തകർ ഉപയോഗിച്ചുവെന്ന് എം.കെ. രാഘവന് എംപിയും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ചെല്ലാം അന്വേഷണമുണ്ടാകും.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജൂലൈയിൽ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. മെഡിക്കൽ കോളജ് എസിപി പി. പ്രമോദ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ജി. ഗോപകുമാർ, കാസർഗോഡ് പ്രൊവിഷൻ ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ. ജോസ്, മാറാട് എസ്ഐ കെ. രതീഷ്, കുന്നമംഗലം സ്റ്റേഷൻ സിപിഒ ആർ.സി. മഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
District News
മീനങ്ങാടി: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ സാമ്പത്തിക തട്ടിപ്പ് വിജിലന്സ് അന്വേഷിക്കണമെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള് വാര്ത്താസമ്മേളനത്തില് ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് ഇന്ന് രാവിലെ പത്തിന് മീനങ്ങാടി സിഡിഎസ് ഓഫിസിലേക്ക് മാര്ച്ച് നടത്തും. വ്യാജ രസീത് ബുക്ക് അച്ചടി, വിപണന കേന്ദ്രത്തിലെ പണം സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റല്, വ്യാജ സ്കാനര് നിര്മിക്കല്, സംരംഭകര്ക്ക് ലഭിക്കേണ്ട സബ്സിഡി തുക തട്ടിയെടുക്കല് തുടങ്ങി ഗുരുതര സാമ്പത്തിക തട്ടിപ്പുകളാണ് പ്രാഥമിക പരിശോധനയില് പുറത്തുവന്നിരിക്കുന്നതെന്നും നേതാക്കള് പറഞ്ഞു.
സംഭവത്തില് മുന്പ് പരാതി നല്കിയവരെ അപഹസിക്കുകയും ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും നേതാക്കള് ആരോപിച്ചു.
Kerala
കോഴിക്കോട്: ഓഗസ്റ്റ് എട്ടിന് ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില് ബിഡതിക്ക് സമീപം കേരള ആര്ടിസി ബസ് അപകടത്തില്പ്പെട്ട് രണ്ടു ബസ് ജീവനക്കാര് മരണമടഞ്ഞ അപകടം അട്ടിമറിയോ? സംശയത്തെത്തുടര്ന്ന് അന്വേഷണത്തിന് ഗതാഗതവകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്ക്കു നിര്ദേശം നല്കി.
ഈ അപകടസ്ഥലത്തിനു സമീപത്തു വച്ച് ബുധനാഴ്ച രാത്രി 9.10 ഓടെ മറ്റൊരു കെഎസ്ആര്ടിസി ബസിനു നേരേ മുട്ടയേറ് നടന്നിരുന്നു. മുട്ട ഗ്ലാസിൽ പതിച്ച് കാഴ്ച മറഞ്ഞുവെങ്കിലും ഡ്രൈവറുടെ മനോസാന്നിധ്യംകൊണ്ടാണ് വന് അപകടം ഒഴിവായത്.
എക്സ്പ്രസ്വേയിലൂടെ നല്ല വേഗത്തിൽ പോകുമ്പോഴാണ് ബംഗളൂരുവില്നിന്നു കാസര്ഗോട്ടേക്കു പോകുകയായിരുന്ന സൂപ്പര് ഡീലക്സ് ബസിനു നേരേ ബൈക്കുകളിലെത്തിയ സംഘം മുട്ടയെറിഞ്ഞത്. ഡ്രൈവര് പെട്ടെന്നുതന്നെ വേഗം നിയന്ത്രിച്ച് ഒരു കിലോമീറ്റര് അകലെ വെളിച്ചമുള്ള സ്ഥലത്ത് ബസ് നിറുത്തുകയായിരുന്നു.
എക്സ്പ്രസ് വേ ആയതിനാല് എല്ലാ വാഹനങ്ങളും നല്ല വേഗത്തിലാണ് സഞ്ചരിക്കുന്നത്. സമാനമായ സാഹചര്യത്തില് ഓഗസ്റ്റ് എട്ടിന് ബസിനു നേരേ ഏതെങ്കിലും രീതിയിലുള്ള ആക്രമണം നടന്നതാണോ ബസ് നിയന്ത്രണം വിടാന് കാരണമെന്നാണു സംശയമുയര്ന്നിരിക്കുന്നത്.
ബസ് ഡ്രൈവര് കോഴിക്കോട് വെള്ളയില് സ്വദേശി കെ. മിഥിലേഷ് (35), കണ്ടക്ടര് കോഴിക്കോട് ചേവായൂര് കോവൂര് സ്വദേശി എന്.എം. അരുണ് (40) എന്നിവര് അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
മുട്ട ഗ്ലാസിൽ പതിഞ്ഞാല് കാഴ്ച പൂര്ണമായും മറയും. ഇങ്ങനെ വാഹനങ്ങള് അപകടത്തില്പ്പെടുത്താന് കൊള്ളസംഘംങ്ങള് ദേശീയപാതകള് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്നതായി സൂചനയുണ്ട്.
ഏതാനും വര്ഷം മുമ്പ് കേരളത്തില്നിന്നു ബംഗളൂരുവിലേക്കു പോയ കെഎസ്ആര്ടിസി ബസ്, ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഒരുസംഘം ആളുകള് തടഞ്ഞുനിറുത്തി യാത്രക്കാരെ കൊള്ളയടിച്ചിരുന്നു. മുന്കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില് വിഷയം ഗൗരവമായി പരിശോധിക്കണമെന്ന് കേരള ഗതാഗതവകുപ്പ് കര്ണാടക ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആര്ടിസിയുടെ പ്രാഥമിക പരിശോധനയില് കണ്ടെത്തിയിരുന്നു. അതേസമയം, ഡ്രൈവര്ക്ക് ആവശ്യത്തിനു വിശ്രമം ലഭിച്ചിരുന്നതായും അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്.
Kerala
കണ്ണൂർ: കനത്ത മഴയിൽ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവര്ത്തനത്തിനിടെ ഒഴുക്കില്പ്പെട്ട് മരിച്ച തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിളയിലെ ആര്. രാജേഷിന്റെ മൃതദേഹം ഫ്രീസര് സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോകാനിടയായ സാഹചര്യത്തെക്കുറിച്ച് കണ്ണൂർ എഡിഎം അന്വേഷിക്കും.
ഇതുസംബന്ധിച്ച് പരാതികളുയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് എഡിഎം പി.എന്. പുരുഷോത്തമനെ കണ്ണൂർ ജില്ലാ കളക്ടര് ചുമതലപ്പെടുത്തുകയായിരുന്നു.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം സ്വദേശത്തേക്കു കൊണ്ടുപോയ മൃതദേഹം വഴിമധ്യേ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് തൃശൂര് ചാവക്കാട് എത്തിയപ്പോൾ ഫ്രീസർ സൗകര്യമുള്ള മറ്റൊരു ആംബുലൻസിലേക്കു മാറ്റുകയായിരുന്നു. റവന്യു വകുപ്പിനു ഫണ്ടില്ലാത്തതിനെത്തുടർന്നാണ് മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത വാഹനത്തിൽ കൊണ്ടുപോയതെന്ന ആരോപണമാണ് ഉയരുന്നത്. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നാണ് റവന്യു വകുപ്പ് അധികൃതർ പറയുന്നത്.
മൃതദേഹം കൊണ്ടുപോകുന്നതിനു ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസുകൾ റവന്യു വകുപ്പ് അന്വേഷിച്ചിരുന്നു. എന്നാൽ, 35,000 രൂപ വരെയാണു വാടക ചോദിച്ചത്. ഈ വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും ആരോഗ്യവകുപ്പിന്റെ സഹായം തേടുകയുമായിരുന്നു.
തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ, മെഡിക്കൽ കോളജിൽ ആംബുലൻസിൽ കൊണ്ടുപോകാൻ കഴിയുന്ന ഫ്രീസർ സംവിധാനമില്ല. മാത്രമല്ല, പോസ്റ്റ്മോർട്ടത്തിനുശേഷം മൂന്നു പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് മൃതദേഹം പൊതിഞ്ഞതിനാൽ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന വിലയിരുത്തലും സാധാരണ ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകുന്നതിലേക്ക് എത്തിച്ചു. മൂന്നു ദിവസത്തോളം വെള്ളത്തിൽ കിടന്നതിനാൽ ഫ്രീസറിൽ വയ്ക്കാൻ ബുദ്ധിമുട്ടാകുമെന്നും ചിലർ ചൂണ്ടിക്കാട്ടി. മൃതദേഹം എംബാം ചെയ്യാനും സാധിച്ചിരുന്നില്ല.
യാത്രയ്ക്കിടെ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസ് ഡ്രൈവറും കൂടെയുണ്ടായിരുന്ന ബന്ധുക്കളും റവന്യൂ അധികൃതരെയും മൃതദേഹത്തെ അനുഗമിച്ചിരുന്ന ചെറുപുഴ പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചു. തുടർന്ന് ചാവക്കാട്ടുനിന്ന് ഫ്രീസർ സംഘടിപ്പിച്ച് മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റി. 22,500 രൂപയാണ് ആംബുലൻസുകാർ ചോദിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് അധികൃതരാണ് ഈ തുക നൽകിയത്. അതിനിടെ, കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ ആംബുലൻസിന് ഇന്ധനം നിറയ്ക്കാനായി ചിലർ പിരിവെടുത്ത് 10,000 രൂപ നൽകിയതായും അറിയുന്നു.
മീന്തുള്ളി നീന്തൽ പരിശീലന കേന്ദ്രത്തിലെ ഇൻസ്ട്രക്ടറായ രാജേഷിനെ മലവെള്ളപ്പാച്ചിലിനിടെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ കർഷകനെ രക്ഷിക്കുന്നതിനിടെ ശനിയാഴ്ചയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ചൊവ്വാഴ്ച കാര്യങ്കോട് പുഴയിൽ ഇടവരന്പ് കാനാപീടികയ്ക്കു സമീപത്തെ കോച്ചേരി തുരുത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കായിക അധ്യാപകർക്ക് കേരളാ സ്പോർട്സ് കൗണ്സിൽ നൽകുന്ന ജി.വി. രാജ അവാർഡിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കായിക മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർദേശം നൽകി.
അവാർഡ് നിർണയത്തിലെ അപാകത സംബന്ധിച്ച് കായിക അധ്യാപകർ നൽകിയ നിവേദനത്തിലാണ് നടപടി. 2022 -2023, 2023-2024, 2024-2025 വർഷങ്ങളിൽ കോളജ് വിഭാഗത്തിലെ അവാർഡ് നിർണയത്തിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി ലഭിച്ചത്.
അവാർഡ് നിർണയത്തിനായി ഏഴംഗ കമ്മിറ്റിയെ രൂപീകരിച്ചെങ്കിലും കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട റാങ്ക് ലിസ്റ്റോ മറ്റു രേഖകളോ സ്പോർട്സ് കൗണ്സിലിൽ ഇല്ലെന്ന് പരാതിക്കാർ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിൽ പറയുന്നുണ്ട്.
Kerala
കണ്ണൂര്: അഞ്ചരക്കണ്ടി കണ്ണൂര് മെഡിക്കല് കോളജിലെ ഒന്നാംവര്ഷ ഡെന്റല് വിദ്യാര്ഥി തിരുവനന്തപുരം സ്വദേശി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം.
കേസിൽ ഒളിവിൽ കഴിയുകയായിരുന്ന മുഖ്യപ്രതി അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിന്റ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസിനുണ്ടായ വൻ വീഴ്ചയെ തുടർന്നാണ് പുതിയ അന്വേഷസംഘത്തെ നിയോഗിച്ചത്.
ഒളിവില് കഴിഞ്ഞുവന്നിരുന്ന ഡോ. എം.കെ. റാമിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും തലശേരി പ്രിന്സിപ്പല് സെഷന് കോടതി അറസ്റ്റ് റദ്ദാക്കി വെറുതെ വിടുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോള് പാലിക്കേണ്ട സുപ്രീം കോടതി നിര്ദേശങ്ങള് പാലിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി അറസ്റ്റ് റദ്ദാക്കിയത്.
ഇതിനു പിന്നാലെ കോടതിയില് നിന്നിറങ്ങിയ ഡോ. റാമിനെ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റു ചെയ്തെങ്കിലും രാത്രി ഒമ്പതോടെ ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി വിട്ടയച്ചു. രണ്ടാമത്തെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിലയിരുത്തലുകളെ തുടർന്നാണ് നോട്ടീസ് നല്കി വിട്ടതെന്ന് പറയുന്നു. ബലം പ്രയോഗിച്ച് ഡോ. റാമിനെ കോടതി പരിസരത്ത് വച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ കൂടെയുണ്ടായിരുന്ന ഭാര്യയെ പോലീസ് തള്ളിയിട്ടതായും ആരോപണമുണ്ട്.
മൂന്നു മാസമായി പോലീസിനെ വെട്ടിച്ച് ഒളിവില് കഴിഞ്ഞു വരികയായിരുന്ന ഡോ. റാം സുപ്രീം കോടതി മുന്കൂര് ജാമ്യഹര്ജി തള്ളിയതിനെത്തുടര്ന്ന് ആന്ധ്രയില് നിന്നും തലശേരി കോടതിയില് കീഴടങ്ങാന് വരുന്നതിനിടെ തിങ്കളാഴ്ച പുലര്ച്ചെ കുടകില് നിന്നാണ് ക്രൈംബ്രാഞ്ച് സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്.
Kerala
തിരുവനന്തപുരം: ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കാനിടയായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പിഎസ്സി. ഇന്നലെ ചേർന്ന പിഎസ്സി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പിഎസ്സിയിലെ ആഭ്യന്തര വിജിലൻസ് എസ്പിക്കാണ് അന്വേഷണച്ചുമതല.
കഴിഞ്ഞ ശനിയാഴ്ചയാണ് പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയ വിവാദ സംഭവമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടക്കേണ്ടിയിരുന്ന ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നടന്ന പരീക്ഷയ്ക്ക് മാറി നൽകുകയായിരുന്നു. ഇതേത്തുടർന്ന് ഉച്ചയ്ക്കുശേഷം നടക്കേണ്ടിയിരുന്ന പരീക്ഷ റദ്ദാക്കിയതായി പരീക്ഷാ സെന്ററിലെത്തിയ ഉദ്യോഗാർഥികളെ അറിയിച്ചു.
സംഭവത്തിൽ യുവജന സംഘടനകൾ ഉൾപ്പെടെയുള്ളവർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദ അന്വേഷണത്തിന് പിഎസ്സി തീരുമാനമെടുത്തത്.
അതേസമയം, നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയും ക്രൈംബ്രാഞ്ച് സംഘം പിഎസ്സി ആസ്ഥാനത്തെത്തി.
ചോദ്യ പേപ്പർ തയാറാക്കുന്നതും മൂല്യനിർണയം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് വിശദമായി മനസിലാക്കുന്നതിനായാണ് സംഘം പിഎസ്സി ആസ്ഥാനത്ത് എത്തിയത്.
Kerala
തിരുവനന്തപുരം: വയനാട് കള്ളാടി മണ്ണിടിച്ചില് വിദഗ്ധസമിതി അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്. നിര്മാണപ്രവര്ത്തനങ്ങളില് വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കും. വലിയ അശാസ്ത്രീയത നടന്നിട്ടുണ്ട്. പദ്ധതി പൂര്ണമായി നിര്ത്തണമെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വയനാട്ടില് മണ്ണിടിച്ചില് അപകടമുണ്ടായ സ്ഥലം മുഖ്യമന്ത്രി വി.ഡി.സതീശന് ഇന്ന് സന്ദര്ശിക്കും. രാവിലെ പതിനൊന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്നിന്നു ഹെലികോപ്ടറില് അദ്ദേഹം വയനാട്ടിലേക്ക് യാത്ര തിരിച്ചു. രക്ഷാപ്രവര്ത്തനം ഏകോപിപ്പിക്കാന് മുഖ്യമന്ത്രിയുടെ നിര്ദേശാനുസരണം മന്ത്രിമാരായ ടി. സിദ്ധിഖും എ.പി. അനില്കുമാറും വയനാട്ടില് തുടരുന്നുണ്ട്. വിവിധ സേനകളുടെ നേതൃത്വത്തില് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്.
Kerala
തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലന്സ് എസ്പി അന്വേഷിക്കും. പരീക്ഷാ കണ്ട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്ന് പിഎസ്സി ചെയര്മാന് വ്യക്തമാക്കി. അന്വേഷണ ചുമതല കണ്ട്രോളര്ക്ക് നല്കിയതില് വിമര്ശനവുമായി അംഗങ്ങള് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമന തട്ടിപ്പ് അന്വേഷണം ആഭ്യന്തര വിജിലന്സ് എസ്പിക്ക് കൈമാറിയത്.
അതേസമയം, പിഎസ്സി നിയമന ക്രമക്കേട് പുറത്തുവന്നത് വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് പബ്ലിക് സര്വീസ് കമ്മീഷന് നടത്തുന്നതെന്നാണ് വിലയിരുത്തല്. ക്രമക്കേട് പുറത്തായതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും പിഎസ്സി തലപ്പത്ത് നടന്നിരുന്നു. ഇതും വിവാദമായ സാഹചര്യത്തിലാണ് മറ്റു വഴികളില്ലാതെ ക്രമക്കേടുകളിലെ അന്വേഷണം ആഭ്യന്തര വിജിലന്സ് എസ്പിക്കു കൈമാറാന് ഇന്നലെ ചേര്ന്ന കമ്മീഷന് യോഗത്തില് തീരുമാനമായത്.
നിയമന ക്രമക്കേട് ആഭ്യന്തര വിജിലന്സ് സംഘത്തെക്കൊണ്ട് അന്വേഷിക്കാന് കഴിഞ്ഞ യോഗത്തില് തീരുമാനിച്ചെങ്കിലും അത് പിഎസ്സി ചെയര്മാന് അട്ടിമറിച്ച് അന്വേഷണം പരീക്ഷാ കണ്ട്രോളറെ ഏല്പ്പിച്ചതാണ് വീണ്ടും വിവാദമായത്. ഇന്നലെ ചേര്ന്ന പിഎസ്സി യോഗത്തില് ചില അംഗങ്ങള് ചെയര്മാന്റെ നടപടിക്കെതിരേ രൂക്ഷവിമര്ശനമാണ് ഉന്നയിച്ചത്.
തുടര്ന്നാണ് പരീക്ഷാ കണ്ട്രോളറുടെ അന്വേഷണം റദ്ദാക്കി ആഭ്യന്തര വിജിലന്സിനെത്തന്നെ അന്വേഷണം ഏല്പിക്കാന് ചെയര്മാന് തീരുമാനിച്ചത്. പ്ലാനിംഗ് ബോര്ഡ് ചീഫ് പരീക്ഷയിലെ മൂല്യനിര്ണയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് വിജിലന്സ് എസ്പി അന്വേഷിക്കുക. അതേസമയം, പിഎസ്സിക്കെതിരേ ഉയര്ന്നിട്ടുള്ള മറ്റു പരാതികള് സംബന്ധിച്ച് വിജിലന്സ് അന്വേഷണം വേണമെന്ന ആവശ്യത്തില് സര്ക്കാരായിരിക്കും തീരുമാനമെടുക്കുക.
ആസൂത്രണ ബോര്ഡിലെ ഉയര്ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022 ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ഡസ്ട്രി ആന്ഡ് ഇന്ഫ്രാസ്ട്രക്ചര് വിഭാഗം, പേഴ്സ്പെക്ടീവ് പ്ലാനിംഗ് വിഭാഗം, പ്ലാനിംഗ് കോ-ഓർഡിനേഷന് വിഭാഗം എന്നിവയില് ഓരോ ഒഴിവാണുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്സ് അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്ക്കാരിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിനാണ് അന്വേഷണം വിജിലന്സിന് കൈമാറാനുള്ള നീക്കം.
അടുത്ത മന്ത്രിസഭാ യോഗത്തില് തീരുമാനമുണ്ടാകുമെന്നാണ് വിവരം. വിശദാംശങ്ങള് തേടുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കും.
കേസ് അഴിമതി നിരോധന പരിധിയില് വരുമെന്നാണ് സര്ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പിഎസ്സി സംസ്ഥാന സര്ക്കാരിന്റെ പരിധിയിലാണെന്നും അത്കൊണ്ട് വിജിലന്സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശമുണ്ട്.
എന്നാല് ഭരണഘടനാ സ്ഥാപനമായതിനാല് പിഎസ്സി ചെയര്മാനോ അംഗങ്ങള്ക്കോ എതിരെ നടപടിയെടുക്കാന് സര്ക്കാരിനാകില്ല. അതേസമയം വരുന്ന ആക്ഷേപങ്ങളില് വിജിലന്സ് അന്വേഷിക്കുന്നതില് തെറ്റില്ലെന്നുമാണ് നിയമോപദേശം. അന്വേഷണം വിജിലന്സ് ഏറ്റെടുത്താല് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.
പിഎസ്സിസുടെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന ആരോപണമുയര്ന്നതിന് പിന്നാലെയാണ് കേസ് വിജിലന്സിനെ ഏല്പ്പിക്കുന്നത് സംബന്ധിച്ച് സര്ക്കാര് നിയമോപദേശം തേടുന്നത്. ചെയര്മാന് കീഴിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്കിയത് വിവാദമായിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ഇതെന്നായിരുന്നു വിമര്ശനം.
District News
കുണ്ടറ : പരാതി അന്വേഷിക്കാനെത്തിയ എഎസ്ഐയെ ആക്രമിച്ചു പ്രതി രക്ഷപ്പെട്ടു. കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ചവറ സ്വദേശിയായ ബിജുവിനെ ആക്രമിച്ചിട്ടാണ് പതിനെട്ടുവയസുള്ള ജോമോൻ രക്ഷപ്പെട്ടത്.
ജോമോനെതിരേ നിരവധി പരാതികൾ പോലീസ് സ്റ്റേഷനിൽ ലഭിച്ചതോടെയാണ് പോലീസ് ജോമോനെ അന്വേഷിച്ചു വീട്ടിലെത്തിയത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. എഎസ്ഐയോട് പരാതിക്കു തെളിവുണ്ടോ എന്നു ചോദിച്ചു അടിക്കുകയായിരുന്നു. എന്നിട്ട് ഇരുട്ടിൽ മറഞ്ഞു. പ്രതിയെ ഇതുവരെ പിടിച്ചിട്ടില്ല.
കല്ലട മേഖലയിലെ സ്ഥിരം ഒരു പ്രശ്നക്കാരനാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. രാത്രികാലങ്ങളിൽ വീടുകളിൽ ഒളിഞ്ഞു നോക്കുക, കയറി പതിയിരിക്കുക, സ്ത്രീകളെ അവരുടെ റൂമിൽ കയറി ശല്യം ചെയ്യുക തുടങ്ങി നിരന്തരം പൊതുജനങ്ങൾക്ക് ശല്യമായ വ്യക്തിയാണ് ഇയാൾ. കുറെ നാളുകളായി പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ രക്ഷപ്പെട്ടു നിൽക്കുകയായിരുന്നു പ്രതി.
എന്നാൽ ഇപ്പോൾ പ്രായപൂർത്തിയായ പ്രതിക്കെതിരേ ലഭിച്ചതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്.
ഇതിനുമുമ്പും വലിയ മതിലുകളും ഇരുനില വീടിന്റെ മുകളിൽ നിന്നും ഒക്കെ ചാടിയ പ്രതിയുടെ വിഷയം പൊതുസമൂഹത്തിലും വാർത്താമാധ്യമങ്ങളിലും ചർച്ചയായിരുന്നു. സ്പൈഡർമാനെ പോലെയാണ് ഇയാളുടെ രീതി എന്നാണ് പോലീസുകാർ വിശേഷിപ്പിക്കുന്നത്. എന്തായാലും പ്രതി ഇപ്പോഴും കാണാമറയത്താണ്. എഎസ്ഐയുടെ വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Kerala
കൊച്ചി: യൂട്യൂബര് തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില് അന്വേഷണം ആരംഭിച്ച് കളമശേരി പോലീസ്. ഇവരുടെ സോഷ്യല് മീഡി അക്കൗണ്ടുകള് പോലീസ് പരിശോധിച്ച് വരികയാണ്. അഡ്വ. ശ്രീജിത്ത് പെരുമനയാണ് തൊപ്പിക്കും സംഘത്തിനുമെതിരെ പരാതി നല്കിയത്.
പരാതിക്ക് അടിസ്ഥാനമായ കാലഘട്ടത്തില് തൊപ്പിയും സംഘവും താമസിച്ചിരുന്നത് കളമശേരി പോലീസ് സ്റ്റേഷന് പരിധിയില് ആയിരുന്നു. അശ്ലീല പ്രചരണം, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കല്, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലാണ് തൊപ്പിക്കെതിരെ അന്വേഷണം നടക്കുന്നത്.
തൊപ്പിയും സംഘവും പിരിഞ്ഞ ശേഷം നിഹാദിനെതിരെ കടുത്ത ആരോപണങ്ങള് ഉയര്ന്നിരുന്നു. നിഹാദും ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള് നടത്തിയിരുന്നു.
തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള് ആരോപിച്ചത്. തൊപ്പിയുടെ മുറിയില് നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.
തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ ഉപയോഗിച്ച് അവര്ക്ക് പണം നല്കി പ്രശ്നം ഒതുക്കിയെന്നും ഇവര് ആരോപിച്ചിരുന്നു. ഇതില് ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നല്കിയതായി അവകാശപ്പെട്ട് തൊപ്പി രംഗത്തെത്തിയിരുന്നു. റീച്ചിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ആരോപിച്ചാണ് തൊപ്പിയുടെ പരാതി.
National
ലക്നോ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണത്തിനായി ലഭിച്ച സംഭാവനയിൽ തിരിമറി നടന്നുവെന്ന ആരോപണം പരിശോധിക്കാൻ മുന്നംഗ സമിതിയെ നിയോഗിച്ചു.
രാമജന്മഭൂമി ക്ഷേത്രം ട്രസ്റ്റിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ലക്നോ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വ പന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയെ നിയോഗിച്ചത്.
Kerala
വടകര: കടത്തനാട് ലേബര് കോണ്ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരേ ഉയര്ന്ന നിക്ഷേപ തട്ടിപ്പ് പരാതിയില് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രാഥമിക നടപടികള് ആരംഭിച്ചതോടെ സൊസൈറ്റിയില് പണം നിക്ഷേപിച്ച കൂടുതല് ആളുകള് പരാതിയുമായി രംഗത്ത് എത്തിത്തുടങ്ങി. പലര്ക്കും ലക്ഷങ്ങളാണ് കിട്ടാനുള്ളത്. മാസംതോറും നിശ്ചിത തുക പലിശയായി ലഭിക്കുമെന്നതു കണക്കിലെടുത്ത് വന്തുക നിക്ഷേപിച്ചവരൊക്കെ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്.
തിരുവള്ളൂര് സ്വദേശി ഇബ്രാഹിം ഹാജി തീ കൊളുത്തി മരിച്ചതോടെയാണു വടകരയിലെ ഈ സൊസൈറ്റിയുടെ തട്ടിപ്പുകള് പുറംലോകം അറിഞ്ഞത്. സൊസൈറ്റിയില് പണം നിക്ഷേപിച്ച പയ്യോളി അയനിക്കാട് സ്വദേശി അന്വര് ഹുസൈനും മകള് ആയിഷ ഫിദക്കും 15 ലക്ഷത്തിലേറെ രൂപയാണു കിട്ടാനുള്ളത്.
നിത്യരോഗിയായ അന്വര് ഹുസൈന്റെ ചികിത്സ കണക്കിലെടുത്താണ് പണം സൊസൈറ്റിയില് നിക്ഷേപിച്ചത്. ആദ്യഘട്ടത്തില് കൃത്യമായി പലിശ ലഭിച്ചിരുന്നു. പിന്നീടത് മുടങ്ങി. ഇതോടെ നിക്ഷേപത്തുക കിട്ടാന്വേണ്ടി ശ്രമിച്ചപ്പോഴൊക്കെ പല ഒഴിവുകഴിവുകള് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. കിട്ടുന്ന വഴി നോക്കാനും കേസ് കൊടുക്കാനുമൊക്കെയാണു സൊസൈറ്റി നടത്തിപ്പുകാര് ഭീഷണിപ്പെടുത്തിയതെന്ന് അന്വര് ഹുസൈന് പറഞ്ഞു.
സൊസൈറ്റി ഓഫീസില്വച്ച് തന്നെ മര്ദിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഹൃദ്രോഗികളും വൃക്കരോഗികളുമൊക്കെയാണ് നിക്ഷേപകരില് പലരും. മാസംതോറും കൃത്യമായ തുക ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇവര് ഈ സൊസൈറ്റിയില് നിക്ഷേപിച്ചത്. പണം തിരികെ കിട്ടാത്തത് ഇവരുടെ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കി.
സൊസൈറ്റിയില് രണ്ടു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിന്റ് ഡയറക്ടറുടെ അന്വേഷണത്തില് കണ്ടെത്തിയത്.നിക്ഷേപകരില്നിന്നു വാങ്ങിയ പണം മറ്റ് ആവശ്യങ്ങള്ക്കു വിനിയോഗിക്കുകയും ഇതില് കൃത്രിമത്വം കാണിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അടുത്തദിവസം തന്നെ സംഘത്തില് പരിശോധന നടത്തി രേഖകള് കസ്റ്റഡിയിലെടുക്കും. സംഘം പ്രസിഡന്റ് ഉള്പ്പെടെയുള്ള ഡയറക്ടര്മാരെയും ജീവനക്കാരെയും ചോദ്യംചെയ്യും.
Kerala
കൊച്ചി: മുംബൈയിൽവച്ചു പിടിയിലായ കൊച്ചിയിലെ മോഡലിംഗ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്ത് കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാനാണ് പോലീസിന്റെ ശ്രമം. അതിജീവിതമാരെ കാരിയർമാരാക്കി നാട്ടിലേക്ക് സ്വർണം കടത്തിയോ എന്നതിലടക്കം പോലീസ് പരിശോധന നടത്തും.
കേരളത്തിന് പുറത്തുള്ള വിമാനത്തവളങ്ങളിലാണ് പലരും എത്തിയത്. യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വിസയടക്കം നൽകിയതും സിന്ധു തന്നെയാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചായിരുന്നു ഇവിടെ എത്തിച്ചത്.
കേസിൽ രണ്ട് വനിതകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. അതിനിടെ കേസിൽ അറസ്റ്റിലായ ഗുണ്ടാ ബന്ധമുള്ള അലീന പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് വിവരം. അലീനയുടേത് എന്ന് സംശയിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിട്ടുണ്ട്.
National
ന്യൂഡൽഹി: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കു വരികയായിരുന്ന രാജധാനി എക്സ്പ്രസിന്റെ കോച്ചിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തം അന്വേഷിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചു.
വെസ്റ്റ് സെൻട്രൽ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫീസറാണ് ആറംഗ സമിതിയുടെ കണ്വീനർ. വെസ്റ്റ് സെൻട്രൽ റെയിൽവേയിലെയും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെയും റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥർ സമിതിയിൽ അംഗങ്ങളാണ്.
തീപിടിത്തമുണ്ടായതിന്റെ കാരണങ്ങൾ അന്വേഷിക്കാനും സാങ്കേതികവശങ്ങൾ പരിശോധിക്കാനുമാണ് സമിതിയോട് നിർദേശിച്ചിരിക്കുന്നത്. ഇതുകൂടാതെ സുരക്ഷാമാനദണ്ഡങ്ങൾ പരിഗണനയ്ക്കെടുത്ത് ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാനുള്ള നിർദേശങ്ങളും സമിതി നൽകും.
മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുണ്ടായിരുന്ന രാജധാനി എക്സ്പ്രസിന്റെ ബി1 എസി കോച്ചിലും ഗാർഡ് കോച്ചിലും ഞായറാഴ്ച പുലർച്ചെ 5.15 നാണ് രാജസ്ഥാനിലെ കോട്ടയില്നിന്ന് 50 കിലോമീറ്റര് അകലെ വിക്രംഗഡ് അലോട്ട് റെയില്വേ സ്റ്റേഷനു സമീപം തീപിടിത്തമുണ്ടായത്. ഉചിതസമയത്തു തീയണയ്ക്കാൻ കഴിഞ്ഞതിനാൽ ആളപായമുണ്ടായില്ല.
എന്നാൽ മലയാളി യാത്രക്കാരുൾപ്പെടെയുള്ളവരുടെ ലഗേജുകൾ കത്തിനശിച്ചിരുന്നു. ട്രെയിൻ യാത്രകളിലെ അഗ്നിസുരക്ഷാ ആശങ്കകൾക്ക് വഴിവച്ച ഈ സംഭവത്തിനുപിന്നാലെ രാജ്യത്തുടനീളം ഫയർ ഓഡിറ്റ് നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
Kerala
കോഴിക്കോട്: നിയസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണന്റെ തോൽവി ആഴത്തില് പരിശോധിക്കാന് സിപിഎം. പ്രചാരണത്തിന്റെ ഒരു ഘട്ടത്തില് വര്ഗീയ പരാമര്ശം എങ്ങനെ വന്നു എന്നതാണു പ്രധാനമായും പാര്ട്ടി പരിശോധിക്കാന് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്താകെ മന്ത്രിമാരുള്പ്പെടെ തോറ്റെങ്കിലും ഇടതുമുന്നണി നയങ്ങള്ക്ക് എതിരായതും മനഃപൂര്വമുണ്ടാക്കിയതുമായ വിവാദമാണു പേരാമ്പ്രയില് പാര്ട്ടിക്കു ക്ഷീണമുണ്ടാക്കിയതെന്നാണു വിലയിരുത്തല്. ടി.പിയുടെ ബോർഡ് വച്ച പ്രചാരണ വാഹനത്തിലായിരുന്നു ‘ഖൗമയിലെ പെണ്കുട്ടി’ എന്ന വിവാദപരാമര്ശം വന്നത്.
ഇതിനുപിന്നാലെയാണ് വലിയരീതിയിലുള്ള വിവാദമുണ്ടാകുകയും പ്രചാരണവിഷയങ്ങള്തന്നെ മാറി മറിയുകയും ചെയ്തതെന്നാണ് സിപിഎം വിലയിരുത്തല്. ഇതിനുപിന്നിൽ ആരായിരുന്നുപ്രവർത്തിച്ചതെന്നതും സിപിഎം പരിശോധിക്കും. യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ 5,087 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ടി.പി.
രാമകൃഷ്ണനെ തോൽപ്പിച്ചത്. പേരാമ്പ്ര നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രായപരിധിയിൽ ഇളവ് നൽകി സിപിഎം ടിപിയെ തുടർച്ചയായി മൂന്നാം ജയത്തിനായി മത്സരിപ്പിച്ചത്.
പേരാമ്പ്ര സ്വദേശിയും തൊഴിലാളി നേതാവുമായിരുന്ന ടി.പി മണ്ഡലത്തിൽ ഏറെ സ്വീകാര്യതയുള്ള വ്യക്തിയായിരുന്നു. കൂടാതെ ഇടതുമുന്നണിയുടെ കൺവീനറും സിറ്റിംഗ് എംഎൽഎ ആയിട്ടും ഇടതുകോട്ടയായ പേരാമ്പ്രയിലെ ടിപിയുടെ തോൽവിയിൽ സംസ്ഥാന നേതൃത്വം വലിയ ഞെട്ടലിലാണ്.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
അഞ്ചരക്കണ്ടി കോളജിലെ മുകൾ നിലയിൽ നിന്ന് വീണു മരിച്ചതായി കാണപ്പെട്ട നിതിൻ രാജിന്റെ മരണത്തിലും തുടർന്ന് ഉള്ള അന്വേഷണത്തിലും കുടുംബവും ബന്ധുക്കളും നിരവധി സംശയങ്ങളും പരാതികളും ഉന്നയിച്ചിരുന്നു.
ദന്തൽ വിഭാഗം മേധാവി റാമിനെതിരെ കേസ് എടുത്തിരുന്നെങ്കിലും കോളജ് അധികൃതർക്കെതിരെ നിരവധി പരാതികൾ കുടുംബം ഉന്നയിച്ചിരുന്നു. വിഷയത്തിൽ ദളിത് സംഘടനകൾ ചൊവ്വാഴ്ച ഹർത്താലും നടത്തിയിരുന്നു.
Kerala
കൊച്ചി: റിപ്പോര്ട്ടര് ടിവി ചാനലിനെതിരെ ട്വന്റി 20 ചെയര്മാന് സാബു എം. ജേക്കബ്. ചാനലിന് നിയമപരമായ പ്രവര്ത്തനാനുമതിയില്ല. കമ്പനി എങ്ങനെയാണ് രണ്ടു വര്ഷമായി പ്രവര്ത്തിച്ചതെന്നും കമ്പനിയുടെ പണത്തിന്റെ സ്രോതസും സിബിഐയും ഇഡിയും അന്വേഷിക്കണം. ചാനല് ഇന്ന് തന്നെ അടച്ചു പൂട്ടണമെന്നും സാബു ജേക്കബ് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്സ് ഇല്ലാതെ, ബ്രോഡ്കാസ്റ്റിംഗ് ലൈസന്സ് ഇല്ലാതെ ആരുടെ ഒത്താശയോടുകൂടിയാണ് ഈ ചാനല് പ്രവര്ത്തിച്ചതെന്ന് അന്വേഷിക്കണം. സുരക്ഷാ ക്ലിയറന്സ് ലൈസന്സുള്ള ആളുകള്ക്ക് മാത്രമേ ചാനല് നടത്താന് സാധിക്കുകയുള്ളു. അത് കൈമാറ്റം ചെയ്യാനോ ലീസിന് എടുക്കാനോ സാധിക്കില്ല. ആ സാഹചര്യത്തില് 2023ല് ഈ ചാനല് ആന്റോ അഗസ്റ്റിനും സഹോദരും എങ്ങനെ കൈവശപ്പെടുത്തി. ഈ ചാനല് നിയമവിരുദ്ധമായാണ് പ്രവര്ത്തിക്കുന്നതെന്നും ലൈസന്സ് റദ്ദാക്കണമെന്നും പറഞ്ഞ് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിക്ക് പരാതി നൽകിയിരുന്നെന്നും സാബു ജേക്കബ് പറഞ്ഞു.
അതിന്റെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കാം നികേഷിന്റെയും റാണി നികേഷിന്റെയും ഇന്ഡോ ഏഷ്യന് ന്യൂസ് ചാനല് പ്രൈവറ്റ് ലിമിറ്റഡിന്റെ ദേശീയ സുരക്ഷ ക്ലിയറന്സ് റദ്ദ് ചെയ്തത്. കഴിഞ്ഞ രണ്ടു വര്ഷമായിട്ട് എല്ലാ നിയമങ്ങളും കാറ്റില് പറത്തി റിപ്പോര്ട്ടര് ചാനല് ആന്റോ അഗസ്റ്റിനും സഹോദരങ്ങളും നടത്തുകയായിരുന്നു.
ഇന്ഡോ ഏഷ്യന് ന്യൂസ് ചാനലിന്റെ സുരക്ഷ ക്ലിയറന്സ് ആഭ്യന്തര മന്ത്രാലയം റദ്ദ് ചെയ്തതായി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. അതുകൊണ്ട് ഒരു നിമിഷം പോലും ഈ ചാനല് പ്രവര്ത്തിക്കാന് നിയമപരമായി അനുവദിക്കുന്നില്ല. രണ്ടു വര്ഷമായി ചാനലിന്റെ പേരില് കോടികളുടെ പരസ്യം വാങ്ങിയും തെറ്റായ വാര്ത്തകള് നല്കി പലരുടെയും ജീവിതം തന്നെ വഴിമുട്ടിച്ചു.
എങ്ങനെയാണ് രണ്ടു വര്ഷം പ്രവര്ത്തിച്ചു എന്നത് സിബിഐയും ഇഡിയും ചേര്ന്ന് അന്വേഷിക്കണം. ചാനല് തുടങ്ങുന്നതിനായുള്ള തുക എങ്ങനെ കിട്ടി, ആരാണ് ഇതിന്റെ ഇന്വെസ്റ്റര് എന്നത് അന്വേഷിക്കണം. മെസി വരുമെന്ന് പറഞ്ഞ് കലൂര് ഇന്റര്നാഷണല് സ്റ്റേഡിയത്തിന് 72 കോടി മുടക്കി എന്ന് പറയുന്നു. ഈ പണത്തിന്റെ സ്രോതസ് എവിടെ? കേരളത്തില് ഇത്രയധികം കുറ്റകൃത്യങ്ങള് ചെയ്ത ഒരു വ്യക്തി രണ്ടു വര്ഷം ഒരു ചാനല് നടത്തി ജനങ്ങളെ വഞ്ചിച്ചു. ഇതിന്റെ പിന്നില് സിപിഎം ആണ്. കാരണം സിഎമ്മിന് വേണ്ടി മാത്രം പ്രവര്ത്തിക്കുന്ന ചാനലാണിതെന്ന് സാബു എം. ജേക്കബ് പറഞ്ഞു.
Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്കും ഗൺമാനും പരിക്കേറ്റ സംഭവത്തെക്കുറിച്ച് റെയിൽവേ സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.
എന്നാൽ, മന്ത്രിക്കടക്കം പരിക്കേറ്റ സാഹചര്യത്തിൽ ഉന്നതതല സംഘത്തെ നിയോഗിച്ച് അന്വേഷണം കൂടുതൽ ഊർജിതമാക്കുന്ന കാര്യം ഇന്നലെ റെയിൽവേ ഐജിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ച തായി അറിയുന്നു.
സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ മന്ത്രിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തു. മന്ത്രിക്കു പറ്റിയ മുറിവ് ആയുധമോ മറ്റെന്തെങ്കിലുംകൊണ്ട് ഉണ്ടായതാണോ എന്നതാണ് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. മന്ത്രിയും ഗൺമാനുമുണ്ടായ മുറിവുകളുടെ പ്രത്യേകതയും ചോദിച്ചറിഞ്ഞു.
നിലവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചുവരികയാണ്. ഇവിടെ 55 സിസിടിവി കാമറകളാണുള്ളത്. ഇതിൽ എത്ര കാമറകൾ പ്രവർത്തനസജ്ജമാണോ എന്നത് എല്ലാം പരിശോധിച്ച ശേഷം വ്യക്തമാകും. എന്നാൽ ഇതുവരെ നടത്തിയ പരിശോധനയിൽ മന്ത്രിയെ പ്രതിഷേധക്കാർ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നാണു സൂചന.
അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ നല്കണമെന്നു കാണിച്ച് റെയിൽവേ പോലീസ് ആർപിഎഫിനെ സമീപിച്ചിട്ടുണ്ട്. സീൽ ചെയ്തു വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പോലീസ് കോടതിക്കാണ് കൈമാറുക. ആരോഗ്യമന്ത്രിക്ക് എംആർഐ സ്കാനിംഗിൽ ഗുരുതര പ്രശ്നം ഇല്ലെന്നാണു റിപ്പോർട്ട്. എങ്കിലും കഴുത്തിലും ഇടതുകൈയിലും നേരിയ ക്ഷതമുണ്ട്. കഴുത്തിന്റെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്.
കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് മന്ത്രിയെ ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ ബുധനാഴ്ച രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
National
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കാനിടയായ സംഭവങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ചു.
വെസ്റ്റ് സോൺ ജോയിന്റ് പോലീസ് കമ്മീഷണർ സി. വംശി കൃഷ്ണയ്ക്കാണ് എസ്ഐടിയുടെ ചുമതല. സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലോകേഷ് ജഗൽസാറാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
എസ്ഐടിയിലെ അംഗങ്ങളായി സെൻട്രൽ ഡിവിഷൻ ഡിസിപി അക്ഷയ് ഹാക്കെ ഉൾപ്പെടെ വിവിധ ഡിവിഷനുകളിൽനിന്നുള്ള മുതിർന്ന ഓഫീസർമാരെ ഉൾപ്പെടുത്തിയതായും സിറ്റി പോലീസ് കമ്മീഷണർ സീമന്ത്കുമാർ സിംഗ് അറിയിച്ചു.
കേസിൽ സമഗ്രവും സൂക്ഷ്മവുമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് അന്വേഷണസംഘം രൂപീകരിക്കാൻ ഉത്തരവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോയ്യുടെ മരണത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തു കൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും വ്യക്തമാക്കി.
റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടെയും മൊഴിയെടുത്തു. ദുബായിലായിരുന്ന ഭാര്യ ലിനിയും മക്കളായ രോഹിതും റിയയും ഇന്നലെ രാവിലെയാണു ബംഗളൂരുവിലെത്തിയത്. ഇവർ ആശുപത്രിയിലെത്തി മൃതദേഹം കണ്ടതിനു പിന്നാലെയാണ് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. സംസ്കാരം ഇന്നു നടക്കും.
രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മൃതദേഹം ബണ്ണാർഘട്ടയിലെ റോയ്യുടെ ഉടമസ്ഥതയിലുള്ള റിസോർട്ടായ നേച്ചേഴ്സ് ലക്ഷ്വറിയിൽ പൊതുദർശനത്തിന് വയ്ക്കും. 2.30ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരശുശ്രൂഷകൾ നടക്കും.
ആദായനികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദം ഉണ്ടായെന്നാണു റോയിയുടെ കുടുംബം ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് സഹോദരൻ സി.ജെ. ബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, എല്ലാ നിയമങ്ങളും പാലിച്ചാണ് റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥര് അവകാശപ്പെടുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് റോയിയുടെ മൊഴിയെടുപ്പ് ഉള്പ്പെടെയുള്ള നടപടികള് സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില് വ്യാഴാഴ്ച പൂര്ത്തിയാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
വെള്ളിയാഴ്ച പരിശോധനകള് തുടരുന്നതിനിടെ ഓഫീസിലെത്തിയ റോയ് സ്വന്തം ഓഫീസ് മുറിയില് കയറി സ്വയം വെടിയുതിര്ക്കുകയായിരുന്നെന്നും ഐടി വൃത്തങ്ങള് പറയുന്നു. കേന്ദ്രസര്ക്കാരിനെതിരേപോലും വിമര്ശനമുയരുന്ന വിധം രാഷ്ട്രീയവിഷയമായി റോയിയുടെ ആത്മഹത്യ മാറിയിട്ടും സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ഐടി വകുപ്പില്നിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
അതേസമയം, റോയ് സ്വയം വെടിവച്ച് മരിച്ചതായി സ്ഥിരീകരിച്ചശേഷവും ഓഫീസിൽ റെയ്ഡ് തുടർന്ന ആദായനികുതി വകുപ്പിന്റെ നടപടിയും വിവാദമാകുകയാണ്. റെയ്ഡ് നടന്നുകൊണ്ടിരിക്കെ ആരോപണവിധേയൻ ജീവനൊടുക്കാനിടയായ സാഹചര്യവും ദുരൂഹതയുണർത്തുന്നു. ആദായനികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടായതായാണു പോലീസ് പറയുന്നത്.
റോയിയുടെ മരണകാരണം കേന്ദ്ര ഏജൻസികളുടെ വേട്ടയാടലാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റെയ്ഡുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ സമീപനമല്ല കേന്ദ്ര ഏജന്സികള് സ്വീകരിക്കുന്നതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.
Kerala
തൃശൂർ: സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേയ്ക്കു 343 കോടിയുടെ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു നൽകിയ പരാതി തുടർനടപടികൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറി.
റവന്യു വകുപ്പിനു കീഴിൽ സംസ്ഥാനത്തെ 1,666 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്താൻ 339.44 കോടിക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും മുന്പു വാങ്ങിയ ഉപകരണങ്ങൾ ഉപയോഗശൂന്യമാക്കിയെന്നും 3,000 ജീവനക്കാരെ മാനദണ്ഡങ്ങളില്ലാതെ നിയമിച്ചെന്നും 800 കോടിയുടെ ധൂർത്ത് നടത്തിയെന്നും ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സിബിഐക്കു പരാതി നൽകിയിരുന്നു.
സിബിഐ കൊച്ചി യൂണിറ്റ് പരാതി വിജിലൻസ് ഡയറക്ടർക്കു കൈമാറി. ഉപകരണങ്ങൾ വാങ്ങിയതിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്നും പരസ്യം നൽകാതെയാണു ടെൻഡർ ക്ഷണിച്ചതെന്നും കണ്ടെത്തി. തുടരന്വേഷണം നടത്താൻ തയറാകാത്തതിനെത്തുടർന്ന് മുഖ്യമന്ത്രിക്കും പിന്നീടു പ്രധാനമന്ത്രിക്കും പരാതി നൽകുകയായിരുന്നു. ഇത് ഇഡി ഡയറക്ടർക്കു കൈമാറി.
ഉപകരണങ്ങൾ വാങ്ങാൻ 168 കോടിയായിരുന്നു എസ്റ്റിമേറ്റ്. ടെൻഡർ പരസ്യപ്പെടുത്തിയശേഷം 343.13 കോടിയായി ഉയർത്തി. ടെൻഡർ പരസ്യത്തിൽ വീഴ്ചയുണ്ടായതോടെ സ്റ്റോർ പർച്ചേസ് മാനുവലിൽ ഇളവു വരുത്തി സർക്കാർ ഉത്തരവിറക്കി. പ്രീ ബിഡ് മീറ്റിംഗിൽ 12 കന്പനികൾ പങ്കെടുത്തിരുന്നു. ഇതിൽ രണ്ടു കന്പനികൾ ഒഴികെ മറ്റുള്ളവ വിട്ടുനിന്നതു സംശയം ജനിപ്പിക്കുന്നെന്നു വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ആദ്യ എസ്റ്റിമേറ്റില് 1.7 കോടി രൂപയ്ക്കു ടാബ്ലറ്റുകൾ വാങ്ങേണ്ടിയിരുന്നെങ്കിൽ പിന്നീടത് 47.94 കോടിയായി വർധിപ്പിച്ചു. 28 ഇരട്ടിയോളം വർധനയുണ്ടായി.
ആദ്യ എസ്റ്റിമേറ്റിൽ ആർടികെ മെഷീൻ ഒരു യൂണിറ്റിന് 11 ലക്ഷം വച്ച് 1000 എണ്ണം വാങ്ങാൻ 110 കോടിയാണ് തീരുമാനിച്ചത്. യൂണിറ്റ് ഒന്നിന് 14.32 ലക്ഷം വച്ച് 143 കോടിയായി ഉയർത്തി. 56 കോടിക്കു വാങ്ങാനിരുന്ന ഇടിഎസ് മെഷീനുകളുടെ വില പിന്നീട് 98.25 കോടിയായി. 289.5 കോടിയുടെ ഉപകരണങ്ങൾ വാങ്ങിയത് ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഉപകരണങ്ങൾ വൻതോതിൽ കേടായത് ഗുണനിലവാരം സംബന്ധിച്ച സംശയമുണ്ടാക്കുന്നെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
National
ഇംഫാല്: മണിപ്പുരിലെ ചുരാചന്ദ്പുരില് കുക്കി വിഭാഗത്തില്പ്പെട്ട ഭാര്യക്കൊപ്പം താമസിച്ചിരുന്ന മെയ്തെയ് യുവാവിനെ വെടിവച്ചുകൊന്നത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുമെന്നു ഗവര്ണര് അജയകുമാര് ബല്ല. പ്രതികൾക്കായി സംസ്ഥാന പോലീസും കേന്ദ്രസേനയും സംയുക്ത തെരച്ചിൽ തുടരുകയാണെന്ന് ഗവർണർ പറഞ്ഞു.
ചുരാചന്ദ്പുരിലെ നത്ജാംഗിൽ ബുധനാഴ്ച രാത്രിയോടെയാണ് കാക്ചിംഗ് ഖുനൗ സ്വദേശിയായ മായംഗ്ലംബം ഋഷികാന്ത സിംഗിനെ (38) വെടിവച്ചുകൊന്നത്. കുക്കി വംശജയായ ഭാര്യ ചിംഗ്നു ഹവോകിപ്പിനൊപ്പം താമസിച്ചിരുന്ന ഋഷികാന്തിനെ പുറത്തുനിന്നെത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
നേപ്പാളിൽ ജോലി ചെയ്തിരുന്ന ഋഷികാന്ത് കുക്കി നാഷണൽ ഓർഗനൈസേഷന്റെ (കെഎൻഒ) അനുമതിയോടെയാണ് ഭാര്യക്കൊപ്പം കഴിഞ്ഞത്. അതേസമയം, ഋഷികാന്തിന്റെ സന്ദർശനത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്നും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും സംഘടന അവകാശപ്പെട്ടു.
അതിനിടെ, കൊല്ലപ്പെട്ട ഋഷികാന്തിന്റെ ആശ്രിതർക്കു പത്തുലക്ഷം രൂപ സഹായധനം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
District News
പത്തനംതിട്ട: പോക്സോ കേസ് പ്രതിക്കു ജാമ്യം നിൽക്കാൻ ശ്രമിച്ച പോലീസ് സിഐയുടെ നടപടി അന്വേഷിക്കുവാൻ ഡിജിപിയുടെ ഉത്തരവ് . പത്തനംതിട്ട സൈബർ സെൽ ഇൻസ്പെക്ടർ ബി.കെ സുനിൽകൃഷണയ്ക്കെതിരേയുള്ള അന്വേഷണത്തിനാണ് ഡിജിപി ഉത്തരവിട്ടത്.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ഇതു സംബന്ധിച്ച മുഖ്യമന്ത്രിയ്ക്കു നല്കിയ പരാതിയിലാണ് ഡിജിപിയുടെ നിർദ്ദേശം. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്ക് ഡിജിപി നിർദ്ദേശവും നല്കിയിട്ടുണ്ട്.
പോക്സോ കേസുമായി ബന്ധപ്പെട്ട് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത ശങ്കരൻകുട്ടിയ്ക്ക് ജാമ്യം നില്ക്കുവാൻ പത്തനംതിട്ട സൈബർ സെല്ലിലെ സർക്കിൾ ഇൻസ്പെക്ടർ ബി. കെ.സുനിൽ കൃഷ്ണ ശ്രമിച്ചത് അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണെന്ന് കുളത്തൂർ ജയ്സിംഗ് പരാതിയിൽ ആരോപിച്ചു. സംഭവം പുറത്തായതോടെ പ്രതിയ്ക്കുവേണ്ടി ജാമ്യം നൽകുന്നതിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥൻ പിൻമാറി രക്ഷപ്പെടുകയായിരുന്നു.
National
ഇൻഡോർ: ഇൻഡോറിലെ മലിനജല ദുരന്തത്തെപ്പറ്റി പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ നിയമിച്ച് മധ്യപ്രദേശ് സർക്കാർ. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി.
ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെയാണ് നടപടി. ഇൻഡോർ അഡീഷണൽ കമ്മീഷണർ, സൂപ്രണ്ടിംഗ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് നിർദേശം.
ഇൻഡോറിൽ മലിനജലം കുടിവെള്ളത്തിൽ കലർന്ന സംഭവത്തിൽ പ്രധാന ജലവിതരണ പൈപ്പ് ലൈനിലെ ചോർച്ചയാണ് മലിനീകരണത്തിന് കാരണമെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ (ഐഎംസി) കണ്ടെത്തി. പൈപ്പിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ഇവിടെ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് സംഭവത്തിന് കാരണമെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ മരണം 10 ആയി.
Kerala
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിൽ കൂടുതൽ ഭാഗങ്ങളിൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടോയെന്നു വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം.
കൂടാതെ ശബരിമല ശ്രീകോവിലിനു സമീപത്തുള്ള ഉപദേവാലയങ്ങളിലെ സ്വർണം പൂശിയ പാളികളും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുമെന്നാണു നിഗമനം. ഇവിടങ്ങളിലെ താഴികക്കുടങ്ങളും സ്വർണം പൂശിയവയാണ്. ഇവ അടക്കമുള്ളവയും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോൾ ഇതുസംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്തൽ നടത്തിയോ എന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടിലാകും ഇക്കാര്യങ്ങൾ വ്യക്തമാകുക.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയ്ക്കു മുകളിൽ പതിപ്പിച്ചിരുന്ന ശിവ-വ്യാളീരൂപമടങ്ങിയ പ്രഭാമണ്ഡലത്തിന്റെ പാളികളിലെ സ്വർണവും കൊള്ളയടിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് ശ്രീകോവിലിന്റെ കൂടുതൽ സ്ഥലങ്ങളിലെ പാളികളിലെ സ്വർണം വിശദ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുന്നത്.
ശ്രീകോവിലിൽ വിജയ് മല്യ സ്വർണം പൂശി നൽകിയതു കൂടാതെ ചെന്പ് പാളികളിൽ ക്ഷേത്രം പുനർനിർമിച്ചപ്പോൾ തനി തങ്കം പതിപ്പിച്ചിരുന്നിരുന്നു. വലിയ ഭാരം വരുന്ന പ്രഭാമണ്ഡലത്തിൽ അടക്കം ഇത്തരത്തിൽ ചെന്പ് പാളികളിൽ തങ്കം പൊതിഞ്ഞിരുന്നതായാണ് രേഖകൾ. ഇതുമായി ബന്ധപ്പെട്ട വിശദ പരിശോധനകളാണ് വേണ്ടിവരുന്നത്.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയിൽ ഘടിപ്പിച്ചിട്ടുള്ള ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ടു ചെമ്പ് പാളികളിലും രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്തിട്ടുള്ള രണ്ടു ചെന്പ് പാളികളിലും കട്ടിളയുടെ മുകൾപ്പടി ചെന്പ് പാളിയിലും കട്ടിളയ്ക്കു മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം പതിച്ച ഏഴു പാളികളിൽനിന്നു സ്വർണം വേർതിരിച്ചതായാണ് കണ്ടെത്തൽ.
ചെമ്പ് വേർതിരിച്ച പാളികളിലെ സ്വർണത്തിന്റെ അളവ് കണ്ടെത്താൻ ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളിൽ നിന്നു സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ വിഎസ്എസ് സിയിലേക്ക് അയച്ചിരിക്കുകയാണ്. കോടതി മുഖേനെയാണ് ഇതിന്റെ പരിശോധനകൾ നടത്തിവരുന്നത്. ഇതിനൊപ്പം കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടി വരുമെന്നാണു കരുതപ്പെടുന്നത്.
മൂന്നുപേരുടെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുകളിൽ പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജുഡീഷൽ കസ്റ്റഡി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്കു നീട്ടി.
നവംബർ ആറിന് അറസ്റ്റിലായ കെ.എസ്. ബൈജു ജുഡീഷൽ കസ്റ്റഡിയിലാണ്.
പങ്കജ്, ഗോവർധൻ എന്നിവരെ ഡിസംബർ 19-നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ഹാജരാക്കാതെയാണ് റിമാൻഡ് ദീർഘിപ്പിച്ചത്. ശബരിമലയിലെ സ്വർണം ഉരുക്കിയെടുക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി ഏൽപിച്ചത് പങ്കജിന്റെ സ്മാർട്ട് ക്രിയേഷൻസിലാണ്. അവിടെ ഉരുക്കി വേർതിരിച്ച സ്വർണം വിറ്റത് പോറ്റിയുടെ സഹായി കൽപേഷ് മുഖേന ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ്.
Kerala
കൊല്ലം: മൈലക്കാട്ട് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുവീണ സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്കു നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്.
ദേശീയപാതാ അഥോറിറ്റി അധികൃതരിൽനിന്ന് വിശദീകരണം തേടാനാണ് നിർദേശം. നിർമാണത്തിൽ അപാകതയുണ്ടോ എന്നു പരിശോധിക്കുമെന്നു ദേശീയപാതാ അഥോറിറ്റി അറിയിച്ചു.ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എൻജിനിയർമാരും സ്ഥലത്തെത്തി.
ദേശീയപാതാ നിർമാണത്തിൽ അഴിമതിയും അനാസ്ഥയുമാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻകൂടിയായ കോണ്ഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വിമർശിച്ചു.
നിരന്തരമായ അപകടങ്ങളിലൂടെ ഉയരപ്പാത അശാസ്ത്രീയ നിർമാണമാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും അന്വേഷണം നടത്തണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
International
ഹോങ്കോംഗ്: ഹോങ്കോംഗിലെ പാർപ്പിട സമുച്ചയത്തിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മിറ്റിയെ നിയമിക്കും.
നിക്ഷിപ്ത താൽപര്യങ്ങളെ അതിജീവിക്കുമെന്നും നിർമാണ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും ചൈനീസ് മേഖലയിലെ ചീഫ് എക്സിക്യൂട്ടീവായ ജോൺ ലീ പറഞ്ഞു.
156 പേർ മരിച്ചെന്നും 30 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് ഇന്നലെ അറിയിച്ചിരുന്നു. തായ് പോ ജില്ലയിലെ വാങ് ഫുക് കോർട്ട് കോംപ്ലക്സിൽ പൊട്ടിപ്പുറപ്പെട്ട തീ അതിവേഗം എട്ട് ടവറുകളിൽ ഏഴെണ്ണത്തിലേക്കും പടരുകയായിരുന്നു. 40 പേർ ചികിൽസയിലാണെന്ന് ലീ പറഞ്ഞു.
നഗരത്തിലെ അഴിമതിവിരുദ്ധ വിഭാഗവും പോലീസും ചേർന്ന് 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺട്രാക്ടർമാർ, കന്പനി ഡയറക്ടർമാർ എന്നിവർക്കു പുറമേ ഒരു എൻജിനിയറിംഗ് കൺസൾട്ടന്റുമാണ് പിടിയിലായത്.
പാർപ്പിട സമുച്ചയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ അഴിമതിയും അലംഭാവവും ഉണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഗുണനിലവാരമില്ലാത്ത നിർമാണസാമഗ്രികൾ ഉപയോഗിച്ചുവെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ സർക്കാരിനെ വിമർശിച്ചവരെ അറസ്റ്റ് ചെയ്തുവെന്ന മാധ്യമവാർത്തകളോട് ലീ പ്രതികരിച്ചില്ല.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ വിദേശ യാത്രകൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
എസ്ഐടി പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചെടുത്തു. യാത്രകളുടെ ലക്ഷ്യം, കൂടിക്കാഴ്ചകൾ എന്നിവയാണ് അന്വേഷണ പരിധിയിലുള്ളത്.
കഴിഞ്ഞ ദിവസം പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ പരിശോധന നടന്നിരുന്നു. വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്. താൻ പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ നല്ല സ്വാധീനമുണ്ടായിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി.
താനെടുത്ത തീരുമാനങ്ങൾക്ക് ബോർഡിലെ മറ്റ് അംഗങ്ങൾക്കും അറിവുണ്ടായിരുന്നുവെന്നും പത്മകുമാർ മൊഴി നൽകി.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്.
കേസിൽ 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്റെ മൊഴിയിലുള്ളത്.
ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവിൽ കഴിയാൻ സഹായം കിട്ടി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ നിലപാട് എടുത്തു.
കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് പ്രഫസർ ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര് ദേവസ്വം ബോര്ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്ഡിന്റെ അക്കൗണ്ടില് ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില് ഉള്പ്പെടെയുള്ള തട്ടിപ്പുകള്, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്സ് അന്വേഷണം നടത്തും.
ശബരിമല സ്വര്ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്ക്കെതിരേ ആരോപണമുയര്ന്നിട്ടുണ്ട്. ദേവസ്വം വിജിലന്സ് ക്രമക്കേടുകള് കണ്ടെത്തിയാലും ബോര്ഡിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില് കേസ് ഒതുക്കും.
എന്നാല്,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്ക്കെതിരേ ദേവസ്വം ബോര്ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള് സംബന്ധിച്ചും ജീവനക്കാര്ക്കും ഉദ്യോഗസ്ഥര്ക്കുമെതിരേയും മാധ്യമങ്ങളില് വരുന്ന വാര്ത്തകള് മാത്രമാണ് ബോര്ഡിനു മുന്നിലുള്ളത്. പരാതികള് കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്സ് അന്വേഷിക്കും.