Kerala
പാലാ: പാലാ- തൊടുപുഴ പാതയിൽ ഇന്നലെ രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിനിടയിൽ കാണാതായ ആപ്പിൾ മൊബൈൽ ഫോൺ കണ്ടുകിട്ടി. പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ ഫോൺ പോയത് ഉടമയിൽ പരിഭ്രാന്തി പരത്തിയിരുന്നു. മഴ പെയ്തതിനെത്തുടര്‍ന്ന് റോഡില്‍ തെന്നി നിയന്ത്രണംവിട്ടാണ് കാർ മറിഞ്ഞതെന്നു കരുതുന്നു.
തുടർന്ന് ഇന്നലെ ഉച്ചയോടെ കൈത്തോട്ടിലേക്കു കാർ മറിഞ്ഞ ഭാഗത്തെല്ലാം അപകടത്തിൽപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എമർജൻസി ടീം ഈരാറ്റുപേട്ട എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ വാഹനത്തിനടിയിൽ വെള്ളത്തിൽനിന്നാണ് ഫോൺ കണ്ടെടുത്തു കൊടുത്തത്.
പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ ഇന്നലെ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.
എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ സ്വദേശികളായ യുവതിയും യുവാവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്. ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. ഇതിനിടയിൽ കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതാവുകയായിരുന്നു.
Business
ബംഗളൂരു: തമിഴ്നാട്ടിലെ ഹൊസൂരില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഐ ഫോണ്‍ ഘടക നിര്‍മാണ ഫാക്ടറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ടാറ്റയുടെ ഫാക്ടറിയില്‍നിന്നുള്ള മലിനജലം സമീപത്തെ കൃഷിയിടങ്ങളിലെ ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരോപിച്ചു. ടാറ്റ തൃപ്തികരമായി വിശദീകരണം നല്‍കിയില്ലെങ്കില്‍ ഫാക്ടറി നിര്‍ബന്ധിതമായി അടച്ചുപൂട്ടേണ്ടിവരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി.
ചൈനയ്ക്ക് പുറത്തേക്ക് ഐഫോണ്‍ ഉത്പാദനം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ ശ്രമങ്ങളില്‍ ടാറ്റ ഇലക്ട്രോണിക്സ് വലിയ പങ്കാണ് വഹിക്കുന്നത്. തായ്വാനിലെ ഫോക്സ്കോണിനുശേഷം ദക്ഷിണേഷ്യയില്‍ ആപ്പിളിന് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ കൈമാറുന്നത് ടാറ്റയാണ്.
ഐഫോണിന്റെ ബാക്ക് പാനലുകളും മറ്റ് ഘടകഭാഗങ്ങളുമാണ് ഇവിടെ നിര്‍മിക്കുന്നത്. ഫാക്ടറിയില്‍നിന്നുള്ള മലിനജലം തങ്ങളുടെ ഭൂമിയെയും കിണറുകളെയും മലിനമാക്കുന്ന് എന്ന് കാണിച്ച് പ്ലാന്റിനു സമീപമുള്ള കൃഷിഭൂമി ഉടമസ്ഥര്‍ മാസങ്ങളായി മലിനീകരണ നിയന്ത്രണബോര്ഡിനു പരാതി നല്കുന്നുണ്ടായിരുന്നു. കര്‍ഷകര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2025 ഡിസംബര്‍ മുതല്‍ 2026 മേയ് വരെയുള്ള കാലയളവില്‍ ബോര്‍ഡ് അഞ്ചു തവണ ഫാക്ടറിയില്‍ പരിശോധന നടത്തി.
ടാറ്റ തങ്ങളുടെ ഫാക്ടറിക്കുള്ളിലെ മഴ വെള്ള സംഭരണിയിലേക്ക് മലിനജലം ഒഴുക്കിവിട്ടതായും ഈ സംഭരണി കവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടങ്ങളിലെ കിണറുകളിലെ ഭൂഗര്‍ഭ ജലം മലിനമാക്കിയതായും കണ്ടെത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ടാറ്റയ്ക്കു നല്കിയ നോട്ടീസില്‍ പറയുന്നു.
ഡിസംബര്‍ 23ന് നല്കിയ കത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്കിയ നിര്‍ദേശങ്ങളില്‍ ടാറ്റ യാതൊരു വിധ തിരുത്തല്‍ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഏറ്റവും പുതിയ നോട്ടീസില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം എന്തുകൊണ്ട് വിച്ഛേദിക്കരുത് എന്നും ഫാക്ടറി എന്തുകൊണ്ട് പൂട്ടിപ്പോകരുതെന്നും വിശദീകരിക്കാന്‍ ടാറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അംഗീകൃതമായ ഒരു ലബോറട്ടറി വഴി തങ്ങള്‍ ഒരു സ്വതന്ത്ര പരിശോധന നടത്തിയതായും, കമ്പനി എല്ലാ നിയന്ത്രണ മാനദണ്ഡങ്ങളും പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഈ പഠനത്തില്‍ കണ്ടെത്തിയതായും ടാറ്റാ ഇലക്ട്രോണിക്സ് റോയിട്ടേഴ്സിന് നല്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരവാദിത്വമുള്ള ബിസിനസ് രീതികള്‍ക്കും പരിസ്ഥിതിയുടെയും പ്രാദേശിക സമൂഹങ്ങളുടെയും സംരക്ഷണത്തിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് വ്യക്തമാക്കിയ ടാറ്റ, മലിനീകരണ നിയന്ത്രണ അധികാരികള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
തങ്ങളുടെ വിതരണക്കാര്‍ മലിനജലം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് കര്‍ശനമായ നിയമങ്ങളുള്ള ആപ്പിളോ തമിഴ്നാട് സര്‍ക്കാരോ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
◄മലിനീകരണ നിയന്ത്രണം
ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ അധികാരികളില്‍ നിന്ന് കമ്പനികള്‍ പലപ്പോഴും അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പരിശോധിച്ച 5,44,364 വ്യവസായ സ്ഥാപനങ്ങളില്‍ 4.4 ശതമാനം സ്ഥാപനങ്ങള്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായും, 3,600 സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ വകുപ്പുകള്‍ അടച്ചുപൂട്ടിയതായും ഫെബ്രുവരിയില്‍ ഇന്ത്യയുടെ പരിസ്ഥിതി മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
2024ല്‍, പരിസ്ഥിതി നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, മെഴ്സിഡസ് ബെന്‍സ് ഇന്ത്യയിലെ തങ്ങളുടെ ഏക കാര്‍ നിര്‍മാണ ഫാക്ടറിയിലെ മലിനജല, വായു മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയിരുന്നു.
◄ആപ്പിള്‍ ഇന്ത്യയില്‍ നേരിടുന്ന പ്രശ്നങ്ങള്‍
ആപ്പിളിന്റെ ഇന്ത്യയിലെ വിതരണ ശൃംഖലയെ വിടാതെ പിന്തുടരുന്ന പ്രശ്നങ്ങളിലേക്കാണ് ടാറ്റയ്ക്ക് ലഭിച്ച ഈ നോട്ടീസും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. 2024 സെപ്റ്റംബറില്‍ ടാറ്റയുടെ ഹൊസൂര്‍ പ്ലാന്റിലുണ്ടായ തീപിടിത്തം ഐഫോണ്‍ ഘടകഭാഗങ്ങളുടെ ഉത്പാദനം കുറച്ചുകാലത്തേക്ക് തടസപ്പെടുത്തിയിരുന്നു; അതുപോലെ 2023 സെപ്റ്റംബറില്‍ ആപ്പിളിന്റെ മുന്‍ വിതരണക്കാരായ പെഗാട്രോണിന്റെ ഐഫോണ്‍ പ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് ദിവസങ്ങളോളമാണ് ഉത്പാദനം നിര്‍ത്തിവയ്ക്കേണ്ടി വന്നത്.
2024ല്‍ റോയിട്ടേഴ്സ് നടത്തിയ ഒരു അന്വേഷണത്തില്‍ ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്സ്കോണ്‍ ഇന്ത്യയിലെ തങ്ങളുടെ ഒരു പ്ലാന്റില്‍ ഐഫോണ്‍ അസംബ്ലി ജോലിയില്‍ നിന്ന് വിവാഹിതരായ സ്ത്രീകളെ ഒഴിവാക്കിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍, തങ്ങള്‍ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവര്ത്തിക്കുന്നുതെന്നായിരുന്നു അന്ന് കമ്പനി ഇതിനോട് പ്രതികരിച്ചത്.
ആഗോളതലത്തില്‍ ഐഫോണ്‍ നിര്‍മാണത്തില്‍ നാലു വര്‍ഷം മുമ്പ് ഇന്ത്യയുടെ സ്ഥാനം ആറു ശതമാനം മാത്രമായിരുന്നിടത്തുനിന്ന് 2026ല്‍ ഇത് 26 ശതമാനത്തിലെത്തുമെന്നാണ് ഗവേണഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ കണ്ടെത്തല്‍.
Tech
വാട്സാപ് ഐഫോൺ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ഒരു ഐഫോണിൽ തന്നെ രണ്ട് വ്യത്യസ്ത വാട്സ്ആപ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഈ സൗകര്യം അനുവദിക്കുന്നു. ഇതിലൂടെ വ്യക്തിപരമായ ആശയവിനിമയങ്ങളും ജോലി സംബന്ധമായ ചാറ്റുകളും ഒരേ ആപ്പിൽ തന്നെ കൈകാര്യം ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും.
വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വാട്സാപ് ഫോർ ഐഒഎസ് പതിപ്പ് 26.22.76 വഴിയാണ് ഈ സൗകര്യം കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കമ്പനി ഈ ഫീച്ചർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ ലഭ്യത പരിമിതമായിരുന്നു. ഇപ്പോൾ ഘട്ടംഘട്ടമായുള്ള വിപുലീകരണത്തിലൂടെ കൂടുതൽ ഐഫോൺ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുന്നുവെന്നാണ് റിപ്പോർട്ട്.
വാട്സാപിന്റെ അക്കൗണ്ട് മാനേജ്മെന്റ് വിഭാഗത്തിലൂടെയാണ് രണ്ടാമത്തെ അക്കൗണ്ട് ചേർക്കാൻ കഴിയുക. മറ്റൊരു മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യാനോ, ക്യുആർ കോഡ് സ്കാൻ ചെയ്ത് ലിങ്ക്ഡ് ഡിവൈസായി ക്രമീകരിക്കാനോ ഉപയോക്താക്കൾക്ക് സാധിക്കും.
ആപ്പിലെ 'യു' ടാബിൽ ദീർഘനേരം അമർത്തുന്നതിലൂടെ അക്കൗണ്ടുകൾ വേഗത്തിൽ മാറ്റാൻ കഴിയും. അതേസമയം, ടാബിൽ സാധാരണയായി ടാപ്പ് ചെയ്താൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ അക്കൗണ്ടുകളുടെയും പട്ടിക കാണാൻ സാധിക്കും. നിലവിൽ ഐഒഎസ് പ്ലാറ്റ്ഫോമിൽ രണ്ട് അക്കൗണ്ടുകൾ വരെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ.ഓരോ അക്കൗണ്ടിലെയും സന്ദേശങ്ങൾ, അറിയിപ്പുകൾ, ക്രമീകരണങ്ങൾ എന്നിവ പരസ്പരം വേർതിരിച്ചാണ് നിലനിൽക്കുക. അതിനാൽ സ്വകാര്യവും ഔദ്യോഗികവുമായ ആശയവിനിമയങ്ങൾ ഒരേ ഉപകരണത്തിൽ കൂടുതൽ സൗകര്യപ്രദമായി കൈകാര്യം ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും.
Tech
കാലിഫോര്‍ണിയ: ആപ്പിൾ, ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ ടിവി, വിഷൻ പ്രോ എന്നിവയ്ക്കായി പുതിയ എഐ അധിഷ്ഠിത ആക്സസിബിലിറ്റി സവിശേഷതകൾ പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് ശബ്ദം, കാഴ്ച, ചലനം, ഭാഷ എന്നിവയുടെ സഹായത്തോടെ കൂടുതൽ സൗകര്യപ്രദമായി ഉപകരണങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്നതിനാണ് പുതിയ അപ്ഡേറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ആപ്പിളിന്റെ ആപ്പിൾ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പുതിയ സംവിധാനങ്ങൾ വോയിസ് ഓവർ, മാഗ്നിഫയർ, വോയിസ് കണ്ട്രോൾ, ആക്സസബലിറ്റി റീഡർ തുടങ്ങിയ പ്രധാന ആക്സസിബിലിറ്റി ടൂളുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നു. വോയിസ് ഓവറിലേക്ക് ഇമേജ് എക്സ്പ്ലോറർ എന്ന പുതിയ സംവിധാനവും ചേർത്തിട്ടുണ്ട്. ഇതിലൂടെ ചിത്രങ്ങൾ, സ്കാൻ ചെയ്ത ബില്ലുകൾ, രേഖകൾ, മറ്റ് ദൃശ്യ ഉള്ളടക്കങ്ങൾ എന്നിവയുടെ കൂടുതൽ വിശദമായ വിവരണം ഉപയോക്താക്കൾക്ക് കേൾക്കാൻ സാധിക്കും.
ഐഫോൺ മോഡലുകളിൽ ആക്ഷൻ ബട്ടൺ ഉപയോഗിച്ച് ക്യാമറ കാണുന്ന ദൃശ്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും അതിന് ശബ്ദരൂപത്തിൽ മറുപടി ലഭിക്കാനും സാധിക്കും. കാഴ്ച വൈകല്യമുള്ളവർക്കും കുറഞ്ഞ കാഴ്ചശേഷിയുള്ളവർക്കും ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് കമ്പനി അവകാശപ്പെട്ടു.
മാഗ്നിഫയർ ആപ്പിലും എഐ അധിഷ്ഠിത ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂം ഇൻ, ടേൺ ഫ്ളാഷ് ലൈറ്റ് പോലുള്ള വോയിസ് കമാൻഡുകൾ ഉപയോഗിച്ച് മാഗ്നിഫയർ നിയന്ത്രിക്കാൻ സാധിക്കും. വോയിസ് കണ്ട്രോൾ സംവിധാനത്തിൽ കൂടുതൽ സ്വാഭാവിക ഭാഷ മനസിലാക്കുന്ന ശേഷിയും കൂട്ടിച്ചേർത്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് കൃത്യമായ ബട്ടൺ പേരുകൾ ഓർമ്മിക്കാതെ തന്നെ, സാധാരണ സംസാര ഭാഷയിൽ നിർദ്ദേശങ്ങൾ നൽകാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത.
ആക്സസബലിറ്റി റീഡർ ഇനി ശാസ്ത്രീയ ലേഖനങ്ങൾ, ടേബിളുകൾ, മൾട്ടി-കോളം ഡോക്യുമെന്റുകൾ തുടങ്ങിയ സങ്കീർണ്ണ ലേഔട്ടുകൾക്കും പിന്തുണ നൽകും. ഇതിനൊപ്പം, ക്യാപ്ഷൻ ഇല്ലാത്ത വീഡിയോകൾക്കായി എഐ സബ്ടൈറ്റിൽ സംവിധാനവും അവതരിപ്പിച്ചു. ഓൺ-ഡിവൈസ് സ്പീച്ച് റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോകളിലെ സംഭാഷണങ്ങൾ സ്വയം ടെക്സ്റ്റാക്കി മാറ്റാൻ കഴിയും.
വിഷൻ പ്രോ ഉപയോക്താക്കൾക്കായി കണ്ണിന്റെ ചലനം ഉപയോഗിച്ച് പവർ വീൽചെയർ നിയന്ത്രിക്കാനുള്ള പുതിയ സംവിധാനവും ആപ്പിൾ അവതരിപ്പിച്ചു. ടോൾട്ട്, എൽയുസിഐ എന്നീ വീൽചെയർ സംവിധാനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ പിന്തുണ ലഭിക്കുക. കൂടാതെ ടിവി ഒഎസിൽ വലിയ അക്ഷരങ്ങൾ, ഹിയറിംഗ് എയിഡ് കണക്റ്റിവിറ്റിയിലെ മെച്ചപ്പെടുത്തൽ, സോണി ആക്സസസ് കണ്ട്രോളർ പിന്തുണ തുടങ്ങിയ അപ്ഡേറ്റുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Auto
പുതിയ ഐഫോൺ സീരീസ് പുറത്തിറക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ ഇതു സംബന്ധിച്ച നിരവധി വിവരങ്ങൾ ഓൺലൈനിൽ വന്നുകഴിഞ്ഞു. ഐഫോൺ 18 സീരീസ് പുറത്തിറക്കാൻ കന്പനി ഒരുങ്ങുകയാണ്.
തുടർന്ന് 18 പ്രോയും 18 പ്രോ മാക്സും പുറത്തിറക്കും. ഈ മോഡലുകളെ കുറിച്ച് നിരവധി ചർച്ചകളും വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. പക്ഷേ കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.
പിൻഭാഗത്തെ സുതാര്യമായ ഫിനിഷ്, പുതിയ നിറങ്ങൾ, മെച്ചപ്പെടുത്തിയ കാമറ സംവിധാനം, കൂടുതൽ ശേഷിയുള്ള ബാറ്ററി എന്നിവയാണ് പ്രധാനമായും ചർച്ചയാകുന്ന മാറ്റങ്ങൾ.
വരാനിരിക്കുന്ന ഐഫോൺ സീരീസിന്റെ ഡിസൈൻ ഭാഷയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. കമ്പനി അലുമിനിയം ഫ്രെയിം ഉപയോഗിക്കുന്നത് തുടരും. കൂടാതെ, കമ്പനി ഒരു പുതിയ കളർ വേരിയന്റ് അവതരിപ്പിച്ചേക്കാം.
വരാനിരിക്കുന്ന ഉപകരണത്തിന് 8.8 എംഎം വരെ കനവും 240 ഗ്രാം ഭാരവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന് ഡൈനാമിക് ഐലൻഡ് നീക്കം ചെയ്യുന്നതിനുപകരം മുൻവശത്തെ വലുപ്പം കുറയ്ക്കാൻ കഴിയും.
ഇത് ഉപയോക്താക്കൾക്ക് വലിയ ഡിസ്പ്ലേ നൽകും. പ്രധാനമായും പർപ്പിൾ, ബർഗണ്ടി, കാപ്പി എന്നീ മൂന്ന് കളർവേരിയന്റുകളാകും 18 സീരിസ് അവതരിപ്പിക്കുന്നത്. ഐഫോൺ 18 പ്രോ മാക്സിൽ പ്രോ-മോഷ് പിന്തുണയും 120Hz പുതുക്കൽ നിരക്കുകളുമുള്ള 6.9 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ പാനൽ ഉണ്ടാകും.
എ20 പ്രോ ചിപ്സെറ്റ് ഉപയോഗിക്കും. 2-നാനോമീറ്റർ പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിക്കാൻ സാധ്യതയുള്ളതായും സൂചനകൾ ലഭിക്കുന്നുണ്ട്. ഐഫോൺ 18 പ്രോയിലും 18 പ്രോ മാക്സിലും 5,100mAh മുതൽ 5,200mAh വരെയുള്ള ബാറ്ററികൾ കാണും.
18, 18 പ്രോ സീരീസിലെ വരാനിരിക്കുന്ന ഉപകരണങ്ങളിൽ മെച്ചപ്പെട്ട കാമറ സെൻസറുകൾ ഉണ്ടാകും. പ്രധാന സെൻസറിൽ വേരിയബിൾ അപ്പർച്ചർ ഉണ്ടായിരിക്കും, ഇത് മികച്ച നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു. സാംസംഗ് വികസിപ്പിച്ചെടുത്ത പുതിയ സെൻസർ സാങ്കേതികവിദ്യ കമ്പനി ഉപയോഗിക്കും.
ലോഞ്ച് ടൈംലൈനിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും എല്ലാ വർഷത്തേയും പോലെ, സെപ്റ്റംബറിൽ കമ്പനി പുതിയ ഐഫോൺ സീരീസ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tech
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഐ ഫോൺ ഉപയോക്താക്കൾ ആശങ്കയിൽ..! ഐ ഫോൺ ഹാക്ക് ചെയ്യാൻ ശേഷിയുള്ള ഡാർക്ക്സോർഡ് എന്ന സ്പൈ സോഫ്റ്റ്വെയർ ഓൺലൈനിൽ പ്രചരിക്കുന്നതാണ് ഐ ഫോൺ ഉപയോഗിക്കുന്നവരെ ആശങ്കയിലാഴ്ത്തിയത്.
ടെക് ക്രഞ്ച് എന്ന പ്രമുഖ സാങ്കേതിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. ഐ ഫോൺ ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ സൈബർ ഭീഷണിയാണിതെന്ന് ടെക് ക്രഞ്ച് വ്യക്തമാക്കുന്നു.
സോഫ്റ്റ്വെയറുകൾ പങ്കുവയ്ക്കുന്ന ഗിറ്റ്ഹബ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഈ സ്പൈവെയർ നിബന്ധനകളൊന്നുമില്ലാതെ ലഭിക്കും. സാങ്കേതിക വിദ്യയിൽ വലിയ പരിജ്ഞാനമില്ലാത്തവർക്കു പോലും ഇതുപയോഗിച്ച് ഹാക്കിംഗ് നടത്താൻ സാധിക്കും. ഇക്കാരണങ്ങളാൽ വലിയ സുരക്ഷാഭീഷണിയാണു നിലനിൽക്കുന്നതെന്നും സുരക്ഷാവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
മിനിറ്റുകൾക്കുള്ളിൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഈ സ്പൈവെയറിന് ഉപയോക്താവിന്റെ കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, കോൾ ഹിസ്റ്ററി, പാസ്വേഡുകൾ എന്നിവ ചോർത്താൻ ശേഷിയുണ്ടെന്ന് ഐ വെരിഫൈയിലെ ഗവേഷകർ വ്യക്തമാക്കി.
ഐഒഎസ് 18 പോലുള്ള പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളെയും ഐപാഡുകളെയും ആണ് പ്രധാനമായും ഇതു ബാധിക്കുന്നതെന്നും വിദഗ്ധർ.
അതേസമയം, ഗൂഗിളിലെ സുരക്ഷാ വിദഗ്ധരും സ്പൈ സോഫ്റ്റ്വെയർ ഭീഷണി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ആപ്പിൾ ഔദ്യോഗികമായി പ്രതികരിക്കുകയും ഉപയോക്താക്കൾ എത്രയും വേഗം സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തു.
പുതിയ പതിപ്പുകളിൽ സ്പൈ സോഫ്റ്റ്വെയറുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും അതീവ സുരക്ഷ ആവശ്യമുള്ളവർ ലോക്ഡൗൺ മോഡ് ഉപയോഗിക്കണമെന്നും ആപ്പിൾ അധികൃതർ അറിയിച്ചു.
ആഗോളതലത്തിൽ 250 കോടിയിലധികം ആപ്പിൾ ഉപകരണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ അപ്ഡേറ്റ് ചെയ്യാത്ത ദശല്ഷക്കണക്കിന് ഫോണുകൾ ഇപ്പോഴും സുരക്ഷാഭീഷണിയിലാണ്.
Tech
വാട്സ്ആപ് ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ ഓട്ടോട്രാൻസ്ലേറ്റ് ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുന്നു. വാട്സ്ആപിലെ സന്ദേശങ്ങൾ 21 ഭാഷകളിലേക്ക് സ്വയമേവ വിവർത്തനം ചെയ്യാവുന്ന പുതിയ ഫീച്ചർ ഐഫോൺ ഉപയോക്താക്കൾക്കായി ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്.
ഈ പുതിയ അപ്ഡേറ്റ് വരുന്നതോടെ സ്പാനിഷ്, ഫ്രഞ്ച്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ലഭിക്കുന്ന സന്ദേശങ്ങൾ മറ്റൊരു ആപിന്റെയും സഹായമില്ലാതെ ചാറ്റ് വിൻഡോയിൽ തന്നെ വായിച്ചു മനസിലാക്കാൻ സാധിക്കും.
വാട്സ്ആപ് ബീറ്റ ഇൻഫോ നൽകുന്ന വിവരമനുസരിച്ച്, നിലവിൽ ഐഒഎസ് ബീറ്റ പതിപ്പിൽ പരീക്ഷിച്ചുവരുന്ന ഈ ഫീച്ചർ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് സംഭാഷണങ്ങളിലും ഒരേപോലെ ലഭ്യമാകും.
ഈ ഓട്ടോട്രാൻസ്ലേറ്റ് ഫീച്ചർ നേരിട്ട് ചാറ്റ് സെറ്റിംഗിൽ ഉൾപ്പെടുത്താനാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. ഒരിക്കൽ എനേബിൾ ചെയ്താൽ വരുന്ന സന്ദേശങ്ങൾ ഉപയോക്താവ് തിരഞ്ഞെടുത്ത ഭാഷയിലേക്ക് താനേ വിവർത്തനം ചെയ്യപ്പെടും.
സന്ദേശങ്ങൾ ഫോണിനുള്ളിൽ വച്ചുതന്നെ വിവർത്തനം ചെയ്യാനായി ആപ്പിളിന്റെ ട്രാൻസ്ലേഷൻ എപിഐ ആണ് ഉപയോഗിക്കുന്നത്. അതിനാൽ സന്ദേശങ്ങൾ പുറത്തുള്ള സെർവറുകളിലേക്ക് അയക്കേണ്ടി വരുന്നില്ലെന്നും ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷിതമാക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂടാതെ, ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും വിവർത്തനം സാധ്യമാക്കാൻ ആവശ്യമായ ഭാഷാ പാക്കുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ടാകും.
നിലവിൽ സന്ദേശങ്ങൾ ഓരോന്നായി സെലക്ട് ചെയ്ത് ട്രാൻസ്ലേറ്റ് ചെയ്യേണ്ടി വരുന്നത് സമയം നഷ്ടപ്പെടുത്തുന്നതിനാൽ പുതിയ അപ്ഡേറ്റ് സന്ദേശങ്ങൾ തനിയെ വിവർത്തനം ചെയ്യുകയും യഥാർത്ഥ സന്ദേശം കാണാനുള്ള ഓപ്ഷനും ലഭ്യമാക്കും.
നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും എത്തും എന്ന് അറിയിച്ചിട്ടുണ്ട്.
Business
ന്യൂയോർക്ക്: ലോകമെന്പാടുമുള്ള ടെക് പ്രമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-ലെ തങ്ങളുടെ ആദ്യ വന്പൻ ഇവന്റ് ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മാർച്ച് നാലിന് ന്യൂയോർക്ക്, ലണ്ടൻ, ഷാങ്ഹായ് എന്നിവിടങ്ങളിൽ ഒരേസമയം നടക്കുന്ന സ്പെഷൽ ആപ്പിൾ എക്സ്പീരിയൻസ് എന്ന ചടങ്ങിലൂടെ ഐഫോൺ 17ഇ ഉൾപ്പെടെയുള്ള പുതിയ ഉത്പന്നങ്ങൾ കന്പനി പുറത്തിറക്കും.
വിലകുറഞ്ഞ മാക് ബുക്ക്, ഐഫോൺ 17ഇ, പുതിയ ഐപാഡ് എയർ എന്നിവയാണ് ഈ പരിപാടിയിലെ പ്രധാന ആകർഷണങ്ങൾ. വിദ്യാർഥികളെയും സാധാരണ ഉപയോക്താക്കളെയും ലക്ഷ്യമിട്ടാണ് ആപ്പിൾ ഇത്തവണ കുറഞ്ഞ വിലയിലുള്ള ഉത്പന്നങ്ങൾക്ക് മുൻഗണന നൽകുന്നത്.
ആപ്പിൾ പ്രേമികൾ ഏറെ കാലമായി കാത്തിരിക്കുന്ന വിലകുറഞ്ഞ മാക് ബുക്ക് എത്തുന്നതോടെ ലാപ്ടോപ്പ് വിപണിയിൽ വലിയ മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Tech
ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഒരു ഐഫോണില്‍ രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി മെറ്റ. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏര്‍പ്പെടുത്തിയ ഫീച്ചറാണ് ഐഫോണ്‍ ഉപയോക്താക്കള്‍ക്കും നല്‍കുന്നത്.
ഇതിലുടെ പഴ്സണല്‍ നമ്പറും ഒഫീഷ്യല്‍ നമ്പറും ഒരു ഫോണില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിംഗിലാണെന്ന് വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകാതെ എല്ലാവര്ക്കും ഇതുലഭ്യമാകും.
ഐഫോണുകളിലെ വാട്സ്ആപ്പ് സെറ്റിംഗ്സില് അക്കൗണ്ട് ലിസ്റ്റ് എന്നൊരു പുതിയ ഓപ്ഷന് പ്രത്യക്ഷപ്പെടും. ഇത് കൂടാതെ ക്യുആര്‍ കോഡ് ഐക്കണിന് അടുത്തായി ഒരു + ബട്ടണും പ്രത്യക്ഷപ്പെടും. ഇതുവഴി രണ്ടാമതൊരു വാട്സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം.
വാട്സ്ആപ്പിലെ ഓരോ അക്കൗണ്ടിനും അതിന്റേതായ ചാറ്റ് ഹിസ്റ്ററി, ബാക്കപ്പുകള്‍, പ്രൈവസി സെറ്റിംഗ്സുകള് എന്നിവ ഉണ്ടായിരിക്കും. വാട്സ്ആപ്പിലേക്ക് ഒരു സന്ദേശം വരുമ്പോള്‍, അത് ഏത് അക്കൗണ്ടിലേക്കാണെന്ന് നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കും.
അതേസമയം വാട്സ്ആപ്പ് ഉപയോക്താക്കളെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത ഒരു റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ വാട്സ്ആപ്പില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും 350 കോടി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഭീഷണിയിലായെന്നുമാണ് കണ്ടെത്തിയത്.
വിയെന്ന സര്‍വകലാശാലയിലെ സുരക്ഷാ ഗവേഷകരാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്.