International
ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ പ്രധാന ഹൈവേയിൽ മൂന്നു വാഹനങ്ങൾക്കു നേർക്കുണ്ടായ ഇസ്രേലി ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
ഇവരിൽ ഒരു സ്ത്രീയും അവരുടെ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഹിസ്ബുള്ള തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു.
ഇസ്രയേലും ലബനനും ഇന്ന് വാഷിംഗ്ടണിൽ നേരിട്ടു ചർച്ച നടത്താനിരിക്കേയാണ് ആക്രമണം. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം ലബനനിൽ 2882 പേർ കൊല്ലപ്പെട്ടു.
ഏപ്രിൽ 17ന് വെടിനിർത്തൽ നിലവിൽവന്നശേഷം മാത്രം 380 പേർ കൊല്ലപ്പെട്ടുവന്ന് ലബനീസ് ആരോഗ്യമന്ത്രി റകാൻ നസറെദിൻ പറഞ്ഞു.
International
ബെയ്റൂട്ട്: അമേരിക്കയും ഇറാനും തമ്മിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ലെബനനിൽ ഇസ്രയേൽ നടത്തിയ വൻ വ്യോമാക്രമണത്തിൽ 254 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടത്തിയ ആക്രമണത്തിൽ 1,165-ൽ അധികം പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പത്ത് മിനിറ്റിനുള്ളിൽ നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ബെയ്റൂട്ടിൽ മാത്രം 92 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകളും ആയുധപ്പുരകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ട്രംപ് ഭരണകൂടം ഇറാനുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാറിൽ ലെബനൻ ഉൾപ്പെട്ടിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. എന്നാൽ, ലെബനനിലെ ആക്രമണം അവസാനിപ്പിക്കാതെ കരാറുമായി മുന്നോട്ട് പോകില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
'ഓപ്പറേഷൻ എറ്റേണൽ ഡാർക്ക്നസ്' എന്ന് ഇസ്രയേൽ പേരിട്ട ഈ സൈനിക നീക്കം, ഈ യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ഏകോപിത ആക്രമണങ്ങളിലൊന്നാണെന്ന് വിലയിരുത്തപ്പെടുന്നു. ലെബനനിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ലെബനനിൽ ഇതുവരെ പത്തു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
International
ടെഹ്റാൻ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ.
ടെഹ്റാനിലെ ഭരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച ഇസ്രയേൽ പ്രതിരോധസേന ആക്രമണം നടത്തിയത്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ഫലപ്രദമായ ചർച്ചകൾ നടന്നുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവന നടത്തി നിമിഷങ്ങൾക്കകമാണ് ഇസ്രയേലിന്റെ ഈ അപ്രതീക്ഷിത നീക്കം.
ടെഹ്റാനിലെ വിവിധയിടങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായും നിരവധി കെട്ടിടങ്ങൾ തകർന്നതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
International
ടെഹ്റാൻ: ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഖത്തർ. ഖത്തർ നോർത്ത് ഫീൽഡിന് അനുബന്ധമായുള്ള സൗത്ത് പാർസിനു നേരെയുള്ള ഇസ്രയേൽ ആക്രമണം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയവക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.
ഊർജ ഉൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആഗോള ഊർജ സുരക്ഷയ്ക്കും മേഖലയിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി ഉയർത്തുന്നതാണെന്നും മാജിദ് അൽ അൻസാരി കൂട്ടിച്ചേർത്തു.
സൗത്ത് പാർസിലെയും ബുഷെഹർ പ്രവിശ്യയിലെയും കേന്ദ്രങ്ങൾക്കുനേരെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. യുദ്ധം തുടങ്ങിയശേഷം ഇറാനിയൻ ഊർജസംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആദ്യ ആക്രമണം ആണിത്.
പേർഷ്യൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതവാതക നിക്ഷേപമുള്ള ഈ ഭാഗം ഇറാന്റെയും ഖത്തറിന്റെയും ഉടമസ്ഥതയിലാണ്. 3700 ചതുരശ്ര കിലോമീറ്റർ വരുന്ന ഇറാന്റെ ഭാഗമാണ് പാർസ് എന്നറിയിപ്പെടുന്നത്. 6,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഖത്തറിന്റെ ഭാഗം ഡോം എന്നാണറിയപ്പെടുന്നത്.
International
ടെഹ്റാൻ: ഇസ്രയേലിനുവേണ്ടി ചാരപ്പണി ചെയ്തയാളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറേനിയൻ വൃത്തങ്ങൾ അറിയിച്ചു.
യുഎസും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയശേഷം ഇത്തരം കുറ്റകൃത്യവുമായി ബന്ധപ്പെട്ട ആദ്യ വധശിക്ഷയാണിത്.
ഖൗറൂഷ് കെയ്വാനി എന്നയാളുടെ ശിക്ഷയാണ് ഇന്നലെ നടപ്പാക്കിയതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ 12 ദിന യുദ്ധത്തിനിടെയാണ് അറസ്റ്റിലായത്.
ഇസ്രയേലിലെ മൊസാദ് ചാരസംഘടനയ്ക്ക് തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയിരുന്നു. ഇസ്രയേലിലും വിദേശ രാജ്യങ്ങളിലും ഇയാൾക്ക് പരിശീലനം ലഭിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
International
ടെഹ്റാൻ: ഇസ്രയേൽ സൈന്യത്തിന്റെ കമ്യൂണിക്കേഷൻസ് കോംപ്ലക്സ് തകർത്തതായി ഇറാന്റെ അവകാശവാദം. ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സ്(ഐആർജിസി) ആണ് മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കമ്യൂണിക്കേഷൻസ് കോംപ്ലക്സ് തകർത്തെന്ന് അവകാശപ്പെട്ടത്.
ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക്സിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ്നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. തകർന്ന കെട്ടിടത്തിന്റെ ചിത്രവും തസ്നീം ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
ഇസ്രയേൽ പ്രതിരോധസേനയുടെ സിഫോർഐ (കമാൻഡ്, കൺട്രോൾ, കമ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇന്റലിജൻസ്) പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബീർഷെബയിലെ കോംപ്ലക്സ്. ഇതിനുപുറമേ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വിവിധ ഐടി കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.