Kerala
തിരുവനന്തപുരം: സംരംഭകവർഷം പദ്ധതിയിൽ സംസ്ഥാനത്തു കഴിഞ്ഞ മൂന്നുവർഷത്തിൽ രജിസ്റ്റർ ചെയ്തത് 3,53,127 സംരംഭങ്ങളെന്നു മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു.
2022 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 22688.47 കോടി രൂപയുടെ നിക്ഷേപവും 7,49,712 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ ഉത്പാദനവും തൊഴിലും വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ വ്യവസായ വകുപ്പ് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിൽ നിന്നുള്ള സാന്പത്തിക സഹായങ്ങൾ നൽകുന്നതിനൊപ്പം സംരംഭകർക്കുള്ള വിവിധ സേവനങ്ങൾ നൽകുന്ന ഫെസിലിറ്റേറ്ററായും പ്രവർത്തനം വിപുലീകരിച്ചു. സംരംഭകർക്ക് അടിസ്ഥാന സൗകര്യം, വ്യവസായം തുടങ്ങാനുള്ള അനുമതികൾ സമയബന്ധിതമായി നൽകിയും കേരളത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി. വ്യവസായ രംഗത്തു കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ വ്യവസായനയം രൂപീകരിച്ചു.
ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ ഭാഗമായി 27 കന്പനികളുമായി കേരളം ധാരണാപത്രം ഒപ്പിട്ടു. മെഡിക്കൽ വ്യവസായം, റിന്യൂവൽ എനർജി, ഡാറ്റാ സെന്റർ, എമർജിംഗ് ടെക്നോളജി എന്നീ മേഖലകളിലായി 1.15 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു നടക്കുകയെന്നും മന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: സർക്കാർ ജോലി നൽകാമെന്ന പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റെയിൽവേ, ആദായനികുതിവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ബിഹാർ സർക്കാർ, ചില ഹൈക്കോടതികൾ എന്നിങ്ങനെയുള്ള 40ലധികം സർക്കാർ വകുപ്പുകളിൽ ജോലി നൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തെക്കുറിച്ച് ബിഹാറിലെ പാറ്റ്നയിലുള്ള ഇഡി ഓഫീസാണ് അന്വേഷിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, പത്തനംതിട്ട ജില്ലയിലെ പന്തളം, അടൂർ, മലപ്പുറം ജില്ലയിലെ കോഡൂർ എന്നിവിടങ്ങളിലാണ് കേരളത്തിൽ ഇഡി പരിശോധന നടത്തിയത്. കേരളത്തിനു പുറമെ ബിഹാർ, ബംഗാൾ, തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.
റെയിൽവേയുടെ പേരിൽ വ്യാജ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽനിന്നാണ് വിവിധ സർക്കാർ തസ്തികകളിലേക്ക് വ്യാജ ജോലികൾ വാഗ്ദാനം ചെയ്യുന്ന ഒരു സംഘത്തിലേക്ക് അന്വേഷണമെത്തിയത്. ഔദ്യോഗിക സർക്കാർ ഡൊമെയ്നുകളുടെ പേരിൽ കുറ്റവാളി സംഘം വ്യാജ നിയമനക്കത്തുകളയച്ച് പണം തട്ടുന്നതായി തുടരന്വേഷണത്തിൽ ഇഡി കണ്ടെത്തി.
ഉദ്യോഗാർഥികളുടെ വിശ്വാസം നേടുന്നതിനായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്), റെയിൽവേ ടിടിഇ തുടങ്ങിയ ജോലികളിൽ പ്രവേശിച്ച ചിലർക്ക് രണ്ട്-മൂന്ന് മാസത്തേക്ക് വേതനവും നൽകിയിട്ടുണ്ടെന്ന് ഇഡി പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊച്ചി കാൻസർ റിസർച്ച് സെന്ററിൽ 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികളും ഉൾപ്പെടെ 159 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തിക സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ- 3, കെമിസ്ട്രി-4, ഡോക്യുമെന്റ്സ്- 5 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക.
തലശേരി കോടതി സമുച്ചയത്തിന്റെ കോന്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിന്റെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാൻ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതുതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിന്റെ സിവിൽ-ഇലക്ട്രിക്കൽ ജോലികൾക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി 1.08 കോടി രൂപയും ചെലവഴിക്കും.
രണ്ടു തരത്തിലുള്ള വിരമിക്കൽ പ്രായം നിലനിൽക്കുന്ന കേരള അഗ്രോ മിഷനറി കോർപറേഷൻ ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി ഏകീകരിക്കാനും തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസാക്കി ഉയർത്തി.
NRI
ടെക്സസ്: ടെസ്ല 200 മില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന പുതിയ നിർമാണശാലയിൽ വൻ തൊഴിലവസരങ്ങൾ. ബ്രൂക്ക്ഷെയറിലെ ഈ നിർമാണ ശാലയിൽ 41 തസ്തികകളിലേക്കുള്ള ഒഴിവുകൾ കമ്പനി വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സീനിയർ മാനുഫാക്ചറിംഗ് എൻജിനിയർ, വെൽഡർ, ടെക്നിക്കൽ റൈറ്റർ, മാനേജർമാർ തുടങ്ങി വിവിധ മേഖലകളിലാണ് അവസരങ്ങൾ.
ടെസ്ലയ്ക്ക് വേണ്ടി 2026ഓടെ 375 പേർ, 2027ഓടെ 750 പേർ, 2028ഓടെ 1500 പേർ ജോലി ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നവംബർ 10 മുതൽ ജോബ് ഫെയർ ആരംഭിച്ചതായി പദ്ധതിയുടെ സാമ്പത്തിക വികസന വിഭാഗത്തിലെ പ്രോജക്ട് മാനേജർ റാമിറോ ബൗട്ടിസ്ത അറിയിച്ചു.