കാസര്‍ഗോഡ്: മുഖ്യമന്ത്രി സ്ഥാനത്തേക്കു കെ.സി.വേണുഗോപാലിനെ പിന്തുണച്ചതോടെ നിയുക്ത എംഎല്‍എ സന്ദീപ് വാര്യരോട് ഇടഞ്ഞ് തൃക്കരിപ്പൂരിലെ യുഡിഎഫ് നേതൃത്വം.
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ അഞ്ചു തദ്ദേശസ്ഥാപനങ്ങളില്‍ നടത്താനിരുന്ന റോഡ് ഷോകള്‍ റദ്ദാക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്ന വാട്സാപ്പ് ഗ്രൂപ്പ് പിരിച്ചുവിടുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതിനു പിന്നാലെ തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ തുടങ്ങിയ തീരദേശ പഞ്ചായത്തുകളില്‍ വമ്പിച്ച റോഡ് ഷോയാണു യുഡിഎഫ് നേതൃത്വം നടത്തിയത്.
കെസിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ യുഡിഎഫ് തൃക്കരിപ്പൂര്‍ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നു രൂക്ഷവിമര്‍ശനമാണ് സന്ദീപ് ഏറ്റുവാങ്ങിയത്. വ്യക്തിതാത്പര്യത്തിനൊപ്പമല്ല, ജയിപ്പിച്ചുവിട്ട പ്രവര്‍ത്തകരുടെ താത്പര്യത്തിനൊപ്പമാണ് സന്ദീപ് നില്‍ക്കേണ്ടതെന്നായിരുന്നു പ്രധാന ആവശ്യം. സംഗതി കൈവിട്ടുപോകുമെന്ന് മനസിലായതോടെ അഡ്മിന് ഗ്രൂപ്പ് പിരിച്ചുവിട്ടു.
നീലേശ്വരം നഗരസഭയിലും ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലും റോഡ് ഷോകള്‍ നടത്തേണ്ടതില്ലെന്നാണു നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നു മുതിര്‍ന്ന യുഡിഎഫ് നേതാവ് അറിയിച്ചു. ഡല്‍ഹിക്കു പോയ സന്ദീപ് ഇന്നു മണ്ഡലത്തില്‍ തിരിച്ചെത്തുമെന്നാണു സൂചന.
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ തൃക്കരിപ്പൂരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി. മുസ്തഫയെ 4,431 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് മലര്‍ത്തിയടിച്ചത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന്റെ വോട്ട് വിഹിതം 11.22 ശതമാനം വര്‍ധിച്ച് 48.63 ശതമാനമായി ഉയരുകയും എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 7.67 ശതമാനം കുറഞ്ഞ് 46 ശതമാനം ആയി ഇടിയുകയും ചെയ്തു.