തിരുവനന്തപുരം: എഐ അധിഷ്ഠിത സാങ്കേതിക വിദ്യ, ഡിസൈൻ, എൻജിനിയറിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള ആഗോള ഡിജിറ്റൽ പരിവർത്തന കന്പനിയായ യുഎസ്ടിയുമായി പ്രമുഖ വാഹന നിർമാതാക്കളായ ഔഡി ഗ്രൂപ്പ് പങ്കാളിത്തത്തിൽ ഏർപ്പെട്ടു.
ഔഡി ഗ്രൂപ്പിന്റെ ഭാഗമായ ലംബോർഗിനിയുടെ സഹസ്ഥാപനമായ ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കിക്കൊണ്ടുള്ള കരാറിൽ യുഎസ്ടി ഒപ്പുവച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഇറ്റാൽഡിസൈനിന്റെ തന്ത്രപരമായ പങ്കാളിയായും കന്പനിയുടെ സുപ്രധാന ഉപഭോക്താവായും ഔഡി തുടരും.
ഇറ്റാൽഡിസൈനിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിലൂടെ യുഎസ്ടിയുടെ ഓട്ടോമോട്ടീവ് എൻജിനിയറിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, സോഫ്റ്റ്വേർ അധിഷ്ഠിത വാഹന വികസന സങ്കേതങ്ങൾ, ഡിജിറ്റൽ ആവാസവ്യവസ്ഥ, ഡിസൈൻ എന്നിവയിലെ വൈദഗ്ധ്യവും വാഹന രൂപകൽപന, എൻജിനിയറിംഗ്, പ്രോട്ടോടൈപ്പിംഗ്, ചെറുകിട സീരീസുകളുടെ ഉത്പാദനം, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് എന്നിവയിൽ ഇറ്റാൽഡിസൈനിന്റെ മികവും സംയോജിപ്പിക്കുന്ന ശക്തമായ ഒരു പങ്കാളിത്തമാണ് ഈ കരാറിലൂടെ സാധ്യമാകുന്നത്.
മുപ്പതിലധികം രാജ്യങ്ങളിലെ ആഗോള സാന്നിധ്യം വിപുലീകരിക്കാൻ ഇറ്റാൽഡിസൈനിനുമായുള്ള പങ്കാളിത്തം യുഎസ്ടിയെ പ്രാപ്തമാക്കും. യുഎസ്ടിയും ഔഡി ഗ്രൂപ്പും നിക്ഷേപമൂല്യമോ മറ്റു കരാർ വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
Tags : Audi Group UST join hands