മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥ് മുനിസിപ്പാലിറ്റിയിൽ ഭരണം പിടിക്കാൻ കോൺഗ്രസും ബിജെപിയും കൈകോർക്കുന്നു. ‘കോൺഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യം ദേശീയതലത്തിൽ വർഷങ്ങളായി ഉയർത്തുന്ന ബിജെപിയാണ് അംബർനാഥിൽ അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത്.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തെ ഭരണത്തിൽനിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സഖ്യം രൂപീകരിച്ചത്. എന്നാൽ ഈ നീക്കത്തെ മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞു. പാർട്ടി അച്ചടക്കം ലംഘിച്ചതിന് അംബർനാഥ് ബ്ലോക്ക് പ്രസിഡന്റ് പ്രദീപ് പാട്ടീലിനെയും തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കോർപ്പറേറ്റർമാരെയും പാർട്ടിയിൽനിന്ന് പുറത്താക്കി.
ബിജെപി, കോൺഗ്രസ്, എൻസിപി (അജിത് പവാർ വിഭാഗം) എന്നിവർ ചേർന്നാണ് ‘അംബർനാഥ് വികാസ് അഘാഡി" എന്ന പേരിൽ സഖ്യം രൂപീകരിച്ചത്. 14 ബിജെപി കൗൺസിലർമാർ, 12 കോൺഗ്രസ് കൗൺസിലർമാർ, അജിത് പവാർ പക്ഷത്തെ നാല് എൻസിപി കൗൺസിലർമാർ, ഒരു സ്വതന്ത്രൻ എന്നിവരാണ് സഖ്യത്തിലുള്ളത്.
മുനിസിപ്പൽ പ്രസിഡന്റ് സ്ഥാനവും കൂടി ചേർന്നതോടെ സഖ്യത്തിന്റെ അംഗബലം 32 ആയി ഉയർന്നു. ഇതോടെ ബിജെപിക്ക് കൗൺസിലിൽ സുരക്ഷിതമായ ഭൂരിപക്ഷം ലഭിച്ചു. സഖ്യത്തിന്റെ പിന്തുണയോടെ ബിജെപി നേതാവ് തേജശ്രീ കരംജുലെ അംബർനാഥ് മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റായി (മേയർ) തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Tags : Congress BJP join hands take power