Kerala
കൊച്ചി: ബജറ്റിനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ. വോട്ട് ചുരത്താൻ കിറ്റിന്റെ സാധ്യതകൾ ഇല്ലാതായപ്പോള്, ഇനി ഒരേയൊരു രക്ഷ ഒരിക്കലും നടപ്പിലാക്കാൻ സാധിക്കാത്ത സ്വപ്നങ്ങൾ കുത്തിനിറച്ച ബജറ്റ് മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാൽ ഗോപാലേട്ടായെന്ന പരിഹാസത്തോടെയാണ് ജോയ് മാത്യൂ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള സംസ്ഥാനത്ത് അവതരിപ്പിച്ച ബജറ്റിൽ ജനങ്ങൾ വിശ്വസിക്കില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
Movies
ഇടതുപക്ഷ സഹയാത്രികനായിരുന്ന റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് നടൻ ജോയ് മാത്യു. റെജി മാത്യുവിനെ പോലുള്ളവർ ചാനലിൽ ഇരുന്നു വിമർശനങ്ങളെ നേരിട്ട രീതി കൊണ്ടാണ് കേരളത്തിൽ ഇന്ന് സിപിഎമ്മിന് ഇത്രയധികം ശത്രുക്കൾ ഉണ്ടായതെന്ന് ജോയ് മാത്യു പറഞ്ഞു.
‘ജോയ് മാത്യു എന്ന പ്രാഞ്ചിക്ക് ഒരു സീറ്റ് വേണം എന്ന തലക്കെട്ടോടെ തന്നെ വിമർശിച്ചുകൊണ്ടുളള റെജി മാത്യുവിന്റെ യൂട്യൂബ് വീഡിയോയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
‘‘ഞാൻ പ്രാഞ്ചിയാണെന്ന് പറഞ്ഞയാൾ ഇപ്പോൾ .....ഞ്ചിച്ചത് ആരെയാണ്? ഭരണത്തിൽ ഉള്ള പാർട്ടിയുടെ മുതലാളിയുടെ മുഖം രക്ഷിക്കാൻ എന്തു ന്യായീകരണവും നിരത്തുന്നതാണ് പാർട്ടി പ്രവർത്തനം എന്ന് ആത്മാർഥമായി പലരും കരുതിയിരുന്നു.
അവരിൽ നിന്നും മാതൃക ഉൾക്കൊണ്ട് ഏതാണ്ട് അഞ്ച് വർഷത്തോളം കേരളത്തിലെ ചാനലുകളിൽ സിപിഎമ്മിന്റെ മുഖമായിരുന്നു ഇന്ന് ബിജെപി ചേർന്ന ...ഞ്ചി ലൂക്കോസ്. ഇയാളും ഇയാളെ പോലെയുള്ളവരും ചാനലിൽ ഇരുന്നു വിമർശനങ്ങളെ നേരിട്ട രീതി കൊണ്ടാണ് കേരളത്തിൽ ഇന്ന് സിപിഎമ്മിന് ഇത്രയധികം ശത്രുക്കൾ ഉണ്ടായതെന്ന് നിസംശയം പറയാം. ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് എല്ലാവിധ ആശംസകളും. ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും.’’ജോയ് മാത്യുവിന്റെ വാക്കുകൾ.
Movies
ശ്രീനിവാസന്റെ വിയോഗത്തിൽ വേദനിക്കുന്ന കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു.
ശ്രീനിവാസൻ നായകനായെത്തിയ ബക്കർ സംവിധാനം ചെയ്ത സംഘഗാനം എന്ന ചിത്രത്തിന്റെ സെറ്റിൽ നായകനായ ശ്രീനിവാസന് ദിനേശ് ബീഡി എത്തിക്കലായിരുന്നു തന്റെ പണിയെന്ന് ജോയ് മാത്യു ഓർത്തെടുത്തു.
ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂർണരൂപം
എന്റെ ആദ്യ സംവിധാന സംരംഭമായ ഷട്ടർ സിനിമയിൽ അഭിനയിക്കാൻ വന്ന ശ്രീനിയേട്ടനോട് ചിത്രീകരണത്തിന്റെ ഒരിടവേളയിൽ ഞാൻ പറഞ്ഞു ഞാനാദ്യം മുഖം കാണിച്ച സിനിമയിലെ നായകൻ താങ്കളായിരുന്നു, അതേത് സിനിമ എന്നായി ശ്രീനിയേട്ടൻ.
സംഘഗാനം ഞാൻ മറുപടി പറഞ്ഞു .സത്യത്തിൽ ബക്കർ സംവിധാനം ചെയ്ത ആ സിനിമയിൽ ഞാനൊരു അഭിനേതാവായിട്ടല്ല എത്തിയത്. എന്റെ നാടകഗുരു മധു മാഷ് ഗൗതമൻ എന്ന പ്രധാനപ്പെട്ട ഒരു വേഷം ആ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
സംഘഗാനം എന്ന സിനിമ അക്കാലത്തെ മലയാളത്തിലെ ന്യൂ വേവ് അഥാവാ ആർട്ട് സിനിമ എന്ന ഗണത്തിലാണ് പെടുക.
ദാരിദ്ര്യം അത്തരം സിനിമകളുടെ കൂടെപ്പിറപ്പുമാണല്ലോ! മുത്തപ്പൻ കാവിനു സമീപത്തുള്ള നാടകകലാകാരനായ രാഘവൻ മേസ്ത്രിയുടെ തയ്യൽക്കടയായിരുന്നു.
സിനിമയുടെ ഓഫീസ് -അതിന്റെ വരാന്തയിലെ കസേരയിലോ ചവിട്ടു പടിയിലോ ആയിരിക്കും ചിത്രത്തിലെ നായകനായ ശ്രീനിവാസൻ വിശ്രമിക്കുക. ദിനേശ് ബീഡിയാണ് പുള്ളിയുടെ പ്രധാന ഭക്ഷണം.
അത് എത്തിച്ചുകൊടുക്കുന്ന പണിയായിരുന്നു എനിക്ക്(പി.എ. ബക്കറിന്റെ തന്നെ മണിമുഴക്കം എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു ചെറിയ വേഷത്തിലൂടെ എന്നെപ്പോലുള്ളവരെ അന്നുതന്നെ ശ്രീനിവാസൻ അത്ഭുതപ്പെടുത്തിയിരുന്നു -അതിനാൽ അല്പം ആദരവൊക്കെ ഞങ്ങൾ അങ്ങേർക്ക് കൊടുത്തിരുന്നു )
കരിമ്പനപ്പാലത്തെ വാസുദേവൻ എന്ന കെ.വി. ദേവും പച്ചക്കറി ബാബുവും നാമ്പോലൻ രവിയും ഉണ്ണി ജൂനിയറും ഉണ്ണി സീനിയറും നാടൻ വാറ്റ് കച്ചവടക്കാരൻ അപ്പുവും തുടങ്ങി നിരവധി മനുഷ്യരുടെ സംഘമായിരുന്നു സംഘഗാനം സിനിമയുടെ സംഘാടനത്തിനു പിന്നിൽ.
എം.എൻ. കാരശേരി മാഷിന്റെ സഹോദരൻ സലാം കാരശേരിയായിരുന്നു നിർമാതാവ്. സിനിമയുടെ അവസാന രംഗത്ത് ഗൗതമൻ എന്ന വിപ്ലവകാരിയായ കഥാപാത്രം പോലീസ് മർദ്ദനമേറ്റ് കൊല്ലപ്പെടുന്നു.
അയാളുടെ മൃതശരീരം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നയിക്കുന്നത് ശ്രീനിവാസന്റെ കഥാപാത്രമാണ്. അപ്പോൾ ഘോഷയാത്രയിൽ ജനക്കൂട്ടം വേണം .ഇന്നത്തെപ്പോലെ ജൂനിയർ ആർട്ടിസ്റ്റുകളായി പ്രൊഫഷണൽസ് ഇല്ലാത്ത കാലം. സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയാണ് ആൾക്കൂട്ടത്തിൽ പങ്കെടുക്കാമെന്ന് ഏറ്റതെങ്കിലും വിചാരിച്ചത്ര ആൾബലം ഇല്ലാതായപ്പോൾ സംവിധായകൻ സംഘാടകരായ ഞങ്ങളോട് ആൾകൂട്ടത്തിൽ നിൽക്കാൻ പറഞ്ഞു.
ഭാഗ്യത്തിന് ശ്രീനിവാസന്റെ തൊട്ടുപിന്നിൽ എനിക്ക് സ്ഥാനം കിട്ടി. ഭൂതക്കണ്ണാടി വെച്ചുനോക്കിയാൽ ഒരു പൊട്ടുപോലെ എന്നെയും അതിൽ കാണാം എന്ന് മാത്രം. അങ്ങിനെ ഞാൻ താങ്കളോടൊപ്പമാണ് ആദ്യമായി സിനിമയിൽ മുഖം കാണിച്ചത്
ഷട്ടർ ചിത്രീകരണ സമയത്ത് ആ പഴയകാലവും കഥാപാത്രങ്ങളും ഞങ്ങളിരുവരും ഓർമ്മിച്ചെടുത്തു ;ചിരിച്ചും ചിരിപ്പിച്ചും പണ്ടാരമടങ്ങി. പിന്നെ എത്രയെത്ര സിനിമകളിലും അല്ലാതെയും കണ്ടു കേട്ടു ചിരിച്ചുമറിഞ്ഞു.
സ്വയം പരിഹസിക്കാൻ കഴിവുണ്ടാവുകയാണ് ഒരു കലാകാരന് അത്യാവശ്യം വേണ്ടതെന്ന തിരിച്ചറിവാണ് ശ്രീനിയേട്ടന്റെ തൂലികയുടെ യൗവ്വനം എന്നെനിക്ക് തോന്നുന്നു. പരിഹാസത്തിന്റെ വജ്രസൂചികൾ കുഞ്ചൻ നമ്പ്യാരിൽ തുടങ്ങി വി.കെ. എന്നിലൂടെ പടർന്ന് ശ്രീനിവാസനിൽ എത്തിനിൽക്കുന്നു.
കാലം മായ്ക്കാത്ത പരിഹാസത്തിന്റെ ജീവനുള്ള മുറിവുകളായി അവ മലയാളിയുടെ ജീവിതത്തിൽ എക്കാലവും ചിരിച്ചും ചിരിപ്പിച്ചും നീറിക്കൊണ്ടിരിക്കും.
Movies
നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു. പറയാനുള്ളത് നേരത്തെ പറഞ്ഞു പോയി എന്ന അടിക്കുറിപ്പോടെയാണ് ജോയ് മാത്യു വിഷയത്തിൽ പ്രതികരിച്ചത്.
2017ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിന്റെ പത്ര കട്ടിംഗും അതിനൊപ്പം പങ്കുവച്ചു.