Kerala
കൊച്ചി: വിവാദ സിനിമയായ 'ദി കേരള സ്റ്റോറി 2'-ന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്.
ചിത്രം കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും, സംസ്ഥാനത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് ഹർജിയിലെ പ്രധാന വാദം. ഹർജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്ര സെൻസർ ബോർഡിനും സിനിമയുടെ നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും നോട്ടീസ് അയച്ചു. കേസ് അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ചിത്രത്തിന്റെ ട്രെയിലറിൽ കേരളത്തിൽ യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ അവഹേളിക്കാനുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. സിനിമ സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്നാണ് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞത്.
Movies
ദ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനും കേരളത്തെ അപമാനിക്കാനുമാണ് ഇത്തരം സിനിമകൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബീഫ് എന്ന പേരുള്ള സിനിമയ്ക്ക് ചലച്ചിത്ര മേളയിൽ പ്രദർശനാനുമതി നിഷേധിക്കുന്നവർ സമൂഹത്തിൽ വിഷം പടർത്തുന്ന ഇത്തരം സിനിമകൾക്ക് എങ്ങനെ അനുമതി നൽകുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
സിനിമയുടെ ആദ്യ ഭാഗം തന്നെ നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച് വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്.
കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ദ റിയൽ കേരള സ്റ്റോറി വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.