ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്‍ഡ് എന്ന സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സിനിമയുടെ പ്രദര്‍ശാനുമതി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ജസ്റ്റീസ് ബച്ചു കുര്യന് തോമസ് സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സിനും കോടതി നോട്ടീസിന് നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മറ്റ് സംസ്ഥാനങ്ങളിലെ അടക്കമുള്ള സ്ത്രീകളുടെ കഥ പറയുന്ന സിനിമയ്ക്ക് കേരള സ്റ്റോറി എന്ന് പേരിട്ടത് ബോധപൂര്‍വമാണ്.
ഭീകരവാദം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ കേരളവുമായി മാത്രം ബന്ധിപ്പിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളെയാകെ അപമാനിക്കുന്നതിനും വര്‍ഗീയ ചേരിതിരിവിനും കാരണമാകുമെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി.
സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴും വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ നടന്നതായി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് രണ്ടാം ഭാഗത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു.ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഈ മാസം 27നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ സമിതിക്ക് മുന്നില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും സിനിമയുടെ റിലീസ് അടുത്തിരിക്കുന്നതിനാല്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
Tags : Kerala Story 2 Censor Board High Court