Kerala
കൊച്ചി: ഉത്തര് പ്രദേശിലെ കാണ്പൂരിലുള്ള രുദ്ര ഷയേഴ്സ് എന്ന സ്ഥാപനത്തിന്റെ ഷെയര് നല്കാമെന്ന് പറഞ്ഞ് ഓണ്ലൈന് തട്ടിപ്പ് സംഘം അയ്യമ്പിള്ളി മനപ്പിള്ളി സ്വദേശിയായ യുവാവില് നിന്നും 7.85 ലക്ഷം കവര്ന്നതായി പരാതി.
2026 ജനുവരിയില് പല ദിവസങ്ങളിലായി യുവാവിന്റെ വിവിധ ബാങ്ക് അക്കൗണ്ടില് നിന്നും തട്ടിപ്പ് സംഘം പറയുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിട്ടുള്ളത്.
റുഡ് പ്രോ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം യുവാവിനെ ബന്ധപ്പെട്ടതും പണം ട്രാന്സ്ഫര് ചെയ്തതും. എന്നാല് ഇതുവരെയായി ഷെയറുകള് ഒന്നും നല്കാതെ വന്നതോടെയാണ് യുവാവ് പോലീസില് പരാതി നല്കിയത്. മുനമ്പം പോലീസ് കേസ് രജിസ്റ്റര് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ - കോട്ടക്കൽ പാതയിൽ സ്ഥിരം അപകടമേഖലയായ പുത്തൂർ ഇറക്കത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്.
തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ ലോറി ഡ്രൈവർ നിഷാന്ത് (23), ക്ലീനർ മുരുകേഷൻ (49) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് കോട്ടക്കലിലേക്ക് തണ്ണിമത്തൻ ലോഡുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
കെട്ടിടത്തിന്റെ ചുമർ തകർത്ത് പാഞ്ഞുകയറിയ ലോറിയുടെ കാബിനകത്ത് ഡ്രൈവർ കുടുങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ മലപ്പുറം അഗ്നിശമന സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ പൊളിച്ചാണ് സാരമായി പരിക്കേറ്റ ഇയാളെ പുറത്തെടുത്ത് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഹബീബുറഹ്മാൻ, പി. മുഹമ്മദ് ഷിബിൻ, കെ.പി. അരുൺ ലാൽ, കെ. സി. മുഹമ്മദ് ഫാരിസ്, പി. അഭിനന്ദ്, പി.പി. വിജി, വി.പി. നിഷാദ്, എ. രാകേഷ്, സച്ചിൻ, ഹോം ഗാർഡ് വി. ബൈജു തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Business
മുംബൈ: അസംസ്കൃത എണ്ണ വിലയിലുണ്ടായ കുത്തനെയുള്ള വർധന പണപ്പെരുപ്പത്തെക്കുറിച്ചും ഉൗർജ വിതരണത്തെക്കുറിച്ചുമുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയതിനെത്തുടർന്ന് ഇന്നലെ ഓഹരിവിപണികൾ നഷ്ടത്തിൽ കലാശിച്ചു. ശക്തമായ ത്രൈമാസ സാന്പത്തികഫലങ്ങളും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും നല്കിയ പിന്തുണയെ മറികടന്നാണ് വിപണിയിൽ നഷ്ടമുണ്ടായത്.
ബിഎസ്ഇ സെൻസെക്സ് 388 പോയിന്റ് താഴ്ന്ന് 78,154ലും 50 ഓഹരികളുടെ നിഫ്റ്റി 112 പോയിന്റ് നഷ്ടത്തിൽ 24,472ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഉയരുന്ന അസംസ്കൃത എണ്ണ വില നിക്ഷേപകരുടെ വാങ്ങൽ താത്പര്യത്തിനു മങ്ങലേൽപ്പിച്ചതിനെത്തുടർന്ന് താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചികകൾ സെഷന്റെ ഭൂരിഭാഗം സമയവും സമ്മർദത്തിലായിരുന്നു.
രൂപയും നഷ്ടത്തിൽ
ഡോളറിനെതിരേ രൂപ 13 പൈസ നഷ്ടത്തിൽ 95.43ൽ ക്ലോസ് ചെയ്തു. യുഎസ്-ഇറാൻ കരാറിലൂടെ സംഘർഷത്തിന് പരിഹാരമാകുമെന്നും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതോടെ ഉയർന്ന എണ്ണ വില രൂപയ്ക്കുമേൽ സമ്മർദമുയർത്തി.
അസംസ്കൃത എണ്ണ വീണ്ടും സമ്മർദമുയർത്തുന്നു
ബ്രെന്റ് ക്രൂഡ് ഓയിൽ, ഡബ്ല്യുടിഐ ക്രൂഡ് എന്നിവയുടെ വില വീണ്ടും ഉയർന്നിരിക്കുകയാണ്. രാജ്യത്തിന്റെ അസംസ്കൃത എണ്ണ ആവശ്യങ്ങൾക്കായി ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യക്ക് എണ്ണ വിലയിലുണ്ടാകുന്ന വർധന ആശങ്ക ഉയർത്തി.
ഉയർന്ന എണ്ണ വില രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വർധിപ്പിക്കാനും പണപ്പെരുപ്പ സമ്മർദമുയർത്താനും സാധ്യതയുണ്ട്. കൂടാതെ കന്പനികളുടെ ലാഭവിഹിതത്തെയും ഇത് പ്രതികൂലമായി ബാധിക്കാം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലെ അനിശ്ചിതത്വവും യുഎസ്-ഇറാൻ ചർച്ചകളും വിപണികളിൽ സമ്മർദം ചെലുത്തുന്നതിനിടയിലാണ് എണ്ണ വില ഉയരുന്നത്.
മേഖലാ സൂചികകളുടെ പ്രകടനം
മേഖലാ സൂചികകളിലെ പ്രകടനം സമ്മിശ്രമായിരുന്നു. പ്രധാന മേഖലകളിലെല്ലാം വില്പന സമ്മർദത്തിൽ പെട്ടു. 1.02 % ഉയർന്ന് നിഫ്റ്റി ഫാർമയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ഐടി 0.61 ശതമാനത്തിൽ മുന്നേറി. നിഫ്റ്റി ഹെൽത്ത്കെയർ 0.32 ശതമാനവും നിഫ്റ്റി കണ്സ്യൂമർ ഡ്യൂറബിൾസ് 0.15 ശതമാനവും ഉയർന്നു.
മറുവശത്ത് നിഫ്റ്റി എഫ്എംസിജി 1.17 ശതമാനത്തിലെത്തി മേഖലയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടു. നിഫ്റ്റി മെറ്റൽ 0.95 ശതമാനവും നിഫ്റ്റി റിയൽറ്റി 0.99 ശതമാനവും കുറഞ്ഞു. ഓട്ടോ (0.55%), പ്രൈവറ്റ് ബാങ്ക് (0.56%), ഫിനാൻഷൽ സർവീസസ് (0.36%) എന്നിവയും നഷ്ടത്തിലായി.
Sports
ചാംഗ്ഷൗവ്: ചൈന ഓപ്പണ് ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശയുടെ ദിനം. വനിതാ താരം പി.വി. സിന്ധു അടക്കം മുൻ നിര താരങ്ങൾ തോൽവി ഏറ്റുവാങ്ങി. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും ആയുഷ് ഷെട്ടിയും പരാജയം രുചിച്ചു.
ചൈനയുടെ ചെൻ യുഫെയ് ആണ് പി.വി. സിന്ധുവിനെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നഷ്ടമായ ചൈനീസ് താരം വൻ തിരിച്ചുവരവാണ് നടത്തിയത്. 16-21, 22-20, 21-18 സ്കോറിനായിരുന്നു സിന്ധുവിന്റെ തോൽവി.
പുരുഷ സിംഗിൾസ് താരമായ ആയുഷ് ഷെട്ടിയും പരാജയം രുചിച്ചത് മുന്നിൽനിന്ന ശേഷമാണ്. ആദ്യ ഗെയിം നേടിയ ആയുഷിന് തുടർന്നുള്ള രണ്ട് ഗെയിമും നഷ്ടമായി. തോൽവിയോടെ ആയുഷിന്റെ മുന്നേറ്റം പ്രീ-ക്വാർട്ടറിൽ അവസാനിച്ചു. സ്കോർ: 21-15, 13-21, 20-22.
കാനഡയുടെ വിക്ടർ ലായിയോട് 19-21, 11-21 സ്കോറിന് ലക്ഷ്യ സെൻ പരാജയപ്പെട്ടു. ഇതോടെ ടൂർണമെന്റിലെ ഇന്ത്യയുടെ മുന്നേറ്റം അവസാനിച്ചു.
Kerala
കോഴിക്കോട്: ടിപ്പര് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര് മരിച്ചു. കോഴിക്കോട് മാവൂര് കുട്ടിക്കടവ് സ്വദേശി ഷൗക്കത്തലി ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ മാവൂര് കണ്ണിപറമ്പ് പടാറുകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണിപറമ്പിലെ ക്രഷറില് നിന്ന് എം-സാന്ഡുമായി പോവുകയായിരുന്ന ലോറിക്ക് കയറ്റത്തിനിടയില് വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്ന്ന് അതിവേഗത്തില് പിന്നോട്ട് നീങ്ങുകയും റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയും ചെയ്തു.
അപകടം നടന്നയുടന് തന്നെ നാട്ടുകാര് എത്തി രക്ഷാപ്രവര്ത്തനം നടത്തി. ക്യാബിനിനുള്ളില് കുടുങ്ങിയ ഷൗക്കത്തലിയെ പുറത്തെടുക്കാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടുതല് ആളുകളെത്തിയതോടെ സമീപത്തുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയര്ത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തലിയെ ഉടന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മാവൂര് പോലീസ് സംഭവത്തില് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Sports
ജക്കാർത്ത: ലോക ഒന്നാം നന്പറിനു മുന്നിൽ പി.വി. സിന്ധുവിന് വീണ്ടും കാലിടറി. ഇന്തോനേഷ്യൻ ഓപ്പണ് രണ്ടാം റൗണ്ടിൽ ദക്ഷിണ കൊറിയയുടെ ആൻ സി യുംഗ് ഇന്ത്യൻ താരത്തെ വീഴ്ത്തി.
നേരിട്ടുള്ള ഗെയിമിനായിരുന്നു തോൽവി. സ്കോർ: 21-17, 21-15. സിന്ധുവുമായി 10 തവണ നേർക്കുനേർ വന്നപ്പോഴും കൊറിയൻ താരത്തിനായിരുന്നു വിജയം.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ യുവതാരം ആയുഷ് ഷെട്ടിയും പുറത്തായി.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ എം.ആർ. അർജുൻ- ഹരിഹരൻ സഖ്യം ക്വാർട്ടർ ഫൈനലിൽ കടന്നു. മലേഷ്യന് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: 16-21, 21-15, 21-19.
Sports
ലണ്ടന്: 2026 യൂണിറ്റി കപ്പ് ഫുട്ബോളില് ഇന്ത്യക്കു തോല്വി. ജമൈക്ക 2-0നു ഇന്ത്യയെ കീഴടക്കി ഫൈനലില് പ്രവേശിച്ചു.
മൂന്നാം സ്ഥാനത്തിനായി ഇന്ത്യ ഇന്നു രാത്രി 7.00ന് സിംബാബ്വെയെ നേരിടും.രാത്രി 12.00ന് ജമൈക്കയും നൈജീരിയയും തമ്മിലാണ് കിരീട പോരാട്ടം.
National
ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മസാജോഗ് ഗ്രാമപഞ്ചായത്ത് സർപഞ്ച് (ഗ്രാമത്തലവൻ) സ്ഥാനത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൊല്ലപ്പെട്ട മുൻ സർപഞ്ച് സന്തോഷ് ദേശ്മുഖിന്റെ ഭാര്യ അശ്വനി ദേശമുഖിന് പരാജയം. 92 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എതിർ സ്ഥാനാർഥി സ്വരൂപാനന്ദ് ദേശ്മുഖ് തെരഞ്ഞെടുപ്പിൽ വിജയിച്ചു.
2024 ഡിസംബർ ഒൻപതിന് അന്നത്തെ സർപഞ്ചായിരുന്ന സന്തോഷ് ദേശ്മുഖ് ക്രൂരമായി കൊല്ലപ്പെട്ടതിനെതുടർന്നാണ് മസാജോഗിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സഹതാപതരംഗം അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് അശ്വനി ദേശ്മുഖ് മത്സരരംഗത്തിറങ്ങിയത്.
വിജയത്തിന് ശേഷം പ്രതികരിച്ച് സ്വരുപാനന്ദ ദേശ്മുഖ്, ഇത് വികസനത്തിന്റെയും പാവപ്പെട്ടവരുടെയും വിജയമാണെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം ഒൻപത് വോട്ടുകൾക്കാണ് സന്തോഷ് ദേശ്മുഖ് സ്വരുപാനന്ദിനെ പരാജയപ്പെടുത്തിയത്.
കാറ്റാടി വൈദ്യുതി നിലയുമായി ബന്ധപ്പെട്ട് തർക്കവും പ്രശ്നവുമാണ് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അന്നത്തെ മന്ത്രി ധനഞ്ജയ് മുണ്ടയുടെ അടുത്ത സഹായി വാൽമീക് കരാഡ് അറസ്റ്റിലായതോടെ അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്തുടനീളം ശ്രദ്ധനേടിയിരുന്നു.
National
മുംബൈ: ഓൺലൈനിൽ 299 രൂപയ്ക്ക് ചുരിദാർ വാങ്ങാൻശ്രമിച്ച യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് തട്ടിപ്പിന് ഇരയായത്.
ഫേസ്ബുക്കിൽ കണ്ട ആകർഷകമായ വസ്ത്രത്തിന്റെ പരസ്യം കണ്ടാണ് നഴ്സ് അത് വാങ്ങാൻ തീരുമാനിച്ചത്. കേവലം 299 രൂപയ്ക്ക് വസ്ത്രം നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ഓർഡർ നൽകിയ നഴ്സിനെ വാട്സ്ആപ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പുകാർ വലയിലാക്കിയത്.
വസ്ത്രത്തിന്റെ വിലയ്ക്ക് പുറമെ ഷിപ്പിംഗ് ചാർജ്, ജിപിഎസ് ചാർജ്, ട്രാക്കിംഗ് ഫീ തുടങ്ങിയ വിവിധ പേരുകൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണമയച്ചാൽ അത് പിന്നീട് റീഫണ്ട് ചെയ്യുമെന്നും ഓർഡർ ഉടൻ കൈപ്പറ്റാമെന്നും പറഞ്ഞ് തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചു.
ഏപ്രിൽ 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങൾക്കിടയിൽ പല ഘട്ടങ്ങളിലായാണ് ഒരു ലക്ഷം രൂപ യുവതിയിൽ നിന്ന് തട്ടിയത്. തുടർച്ചയായി പണം നൽകിയിട്ടും ഓർഡർ ലഭിക്കാതെ വരികയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് താൻ ചതിക്കപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് ദിയോണർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
ഫേസ്ബുക്ക് പരസ്യം, വാട്സ്ആപ് നമ്പർ, വ്യാജ ഡെലിവറി ഏജന്റ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരം വ്യാജ സൈറ്റുകളെയും വാഗ്ദാനങ്ങളെയും കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശിച്ചു.
Sports
ശ്രീനഗർ: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് വന്പൻ തോൽവി. റയൽ കാശ്മീരിനെതിരേ 6-2നാണ്് തോൽവി വഴങ്ങിയത്.
മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ഗോകുലം ആണ്. എന്നാൽ പിന്നീട് റയൽ കാശ്മീർ ശക്തമായി തിരിച്ചടിച്ചു.മറ്റൊരു മത്സരത്തിൽ ശ്രീനിധി ഡക്കാൻ 2-1ന് രാജസ്ഥാൻ യുണൈറ്റഡിനെ പരാജയപ്പെടുത്തി.
National
കോൽക്കത്ത: 1977 മുതല് ഇടവേളയില്ലാതെ 23 വര്ഷവും 137 ദിവസവും പശ്ചിമബംഗാളിന്റെ അമരക്കാരനായിരുന്നു സമുന്നത സിപിഎം നേതാവ് ജ്യോതി ബസു. 2001 മുതല് പത്തു വര്ഷവും 195 ദിവസവും ചെങ്കൊടിക്കീഴില് ബുദ്ധദേവ് ഭട്ടാചാര്യ ബംഗാളിന്റെ അമരക്കാരനായി.
34 കൊല്ലത്തെ കമ്യൂണിസ്റ്റ് തുടര്ഭരണത്തിനുശേഷം 2011ല് സിപിഎമ്മിനു ബംഗാളില് ഭരണം നഷ്ടമായി. മിന്നല്പ്പിണര് പോലെ മുന്നേറി തൃണമൂല് കോണ്ഗ്രസ് നേതാവ് മമത ബാനര്ജി ഭരണം പിടിച്ച് മുഖ്യമന്ത്രിയായി.
ബിജെപിക്കു കടന്നേറാനിടം കൊടുക്കാതെ ഒന്നര പതിറ്റാണ്ടായി വംഗനാട്ടില് ദീദിയുടെ തുടര്ഭരണമാണ്. 294 അസംബ്ലി സീറ്റുകളുള്ള ബംഗാളില് 2006 തെരഞ്ഞെടുപ്പില് 212 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്.
176 സീറ്റുകളില് വിജയിച്ച് ബുദ്ധദേവ് ഭട്ടാചാര്യ അധികാരത്തിലെത്തി. അതിനുശേഷമാണ് തൃണമൂണിലിന്റെ അതിവേഗവളര്ച്ചയും സിപിഎമ്മിന്റെ പതനവും തുടങ്ങിയത്. 2011ല് 213 സീറ്റുകളില് മത്സരിച്ച സിപിഎമ്മിന് 40 സീറ്റുകളെ ലഭിച്ചുള്ളൂ. അത്തവണ സിപിഎം ശക്തികേന്ദ്രമായ ജാദവ്പുര് മണ്ഡലത്തില് മുഖ്യമന്ത്രി ബുദ്ധദേവിനും കാലിടറി.
തൃണമൂല് കോണ്ഗ്രസിന്റെ മനീഷ് ഗുപ്ത 16,684 വോട്ടുകളുടെ ഭൂരിപക്ഷത്തില് ബുദ്ധദേവ് എന്ന അതികായനെ പരാജയപ്പെടുത്തി. 227 സീറ്റുകളില് വിജയിച്ച് തൃണമൂല് ബംഗാള് ഭരണം പിടിച്ചു. 2016ല് സിപിഎമ്മിന്റെ അംഗസംഖ്യ 26ലേക്ക് ചെറുതായി.
മുന്വൈരികളായ കോണ്ഗ്രസിനെ കൂട്ടുപിടിച്ചിട്ടും 2021ല് ഒരു സീറ്റില്പോലും വിജയിക്കാന് സിപിഎമ്മിനു സാധിച്ചില്ല. ലോക്സഭയിലെ പ്രാതിനിധ്യവും ഇങ്ങനെതന്നെ. സിപിഎം മാത്രമല്ല ബംഗാള് ഇടതുസഖ്യത്തിലെ സിപിഐയും ഫോര്വേര്ഡ് ബ്ലോക്കും സിപിഐ-എംഎല്ലും ആര്എസ്പിയുമൊക്കെ വിലാസമില്ലാത്ത പാര്ട്ടികളായി.
ബിജെപിയാണ് ബംഗാളില് മമതയ്ക്ക് വെല്ലുവിളി. ചരിത്രത്തില് ആദ്യമായി നിയമസഭയ്ക്കു പുറത്തുനില്ക്കേണ്ടിവന്ന ഇടതുപാര്ട്ടികളും കോണ്ഗ്രസും അഭിമാനപ്പോരാട്ടത്തിലാണ്. ബിജെപിക്ക് ഒരു മുഴം മുന്നേ ദീദി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
Sports
ലിമ (പെറു): അര്ജന്റൈന് സൂപ്പര് ഫുട്ബോളര് ലയണല് മെസിയുടെ അമേരിക്കന് മേജര് ലീഗ് സോക്കര് (എംഎല്എസ്) ക്ലബ്ബായ ഇന്റര് മയാമിക്ക് 2026 സീസണിലെ ആദ്യ മത്സരത്തില് തോല്വി. 2026 പ്രീ സീസണ് ടൂറിനായി പെറുവില് എത്തിയ ഇന്റര് മയാമി മറുപടിയില്ലാത്ത മൂന്നു ഗോളിന് അലിയന്സ ലിമയോട് പരാജയപ്പെട്ടു.
സ്റ്റാര്ട്ടിംഗ് ഇലവനില് ഇറങ്ങിയ മെസി, 63 മിനിറ്റ് കളത്തിലുണ്ടായിരുന്നു. ഡിസംബര് ആറിന് എംഎല്എസ് കപ്പ് സ്വന്തമാക്കിയശേഷം ഇന്റര് മയാമിയുടെ ആദ്യ മത്സരമാണ് അലിയന്സ് ലിമയ്ക്കെതിരേ നടന്നത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി. പോത്തൻകോട് വാവറ അമ്പലം സ്വദേശിയായ ഷമീന ബീവിയുടെ സ്വർണമാണ് ബാഗിൽ നിന്ന് കാണാതായത്.
നെടുമങ്ങാട് പനവൂർ ആറ്റിൻ പുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. ബസിൽനിന്നും പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിനുശേഷം സാധനങ്ങൾ വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്.
സ്വർണം എവിടെവച്ച് നഷ്ടപ്പെട്ടു എന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ ഷമീന പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.