National
ബംഗളൂരു: മെട്രോ ട്രെയിനിൽ യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ടുപാടി സഹയാത്രികർക്ക് ശല്യമുണ്ടാക്കിയ 11 യുവതികൾക്കെതിരെ കേസ്. മാർച്ച് 15ന് രാത്രി നടന്ന സംഭവത്തിലാണ് പീനിയ പോലീസ് കേസെടുത്തത്.
പീനിയ സ്റ്റേഷനിൽ രാത്രി 10.57ഓടെയാണ് സംഭവം. യുവതികൾ കോച്ചിനുള്ളിൽ ഉച്ചത്തിൽ പാട്ടുപാടാൻ തുടങ്ങിയത് മറ്റ് യാത്രക്കാർ ചോദ്യംചെയ്തു. ഇതോടെ യാത്രക്കാരും യുവതികളും തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. ഇതോടെ ട്രെയിൻ യാത്ര 20മിനിറ്റോളം വൈകി. തുടർന്ന് സുരക്ഷാജീവനക്കാർ ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
യുവതികൾ ഗൊരഗുണ്ടേപാളയ, സാൻഡൽ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവേംപു റോഡ് എന്നിവയുൾപ്പെടെ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ മെട്രോ സെക്യൂരിറ്റി ഓഫീസർ പി. ഗജേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പീനിയ പോലീസ് കേസെടുത്തത്.
സംഭവത്തിൽ എല്ലാ പ്രതികളും പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും പിഴ അടയ്ക്കേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും.
ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11:00ന് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും നടത്തും.
ഫെബ്രുവരി 15: തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11:30ന് പുറപ്പെടും. ഫെബ്രുവരി 16: ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4:00ന് സർവീസ് ആരംഭിക്കും. രാവിലെ 6:00 വരെ 30 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടായിരിക്കും. തുടർന്ന് ട്രെയിനുകൾ പതിവ് ടൈംടേബിൾ പ്രകാരം സർവീസ് നടത്തും.
Kerala
കൊച്ചി: എറണാകുളം കലൂരിൽ മെട്രോ നിർമാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി. കലൂർ സ്റ്റേഡിയം റോഡില്‍ മുഴുവൻ വെള്ളം കെട്ടിക്കിടക്കുകയാണ്. പൈപ്പ് പൊട്ടിയതിന് പിന്നാലെ ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തില്‍ കോൺഗ്രസ് പ്രവർത്തകര്‍ റോഡ് ഉപരോധിച്ചു.
ഈ രാത്രിയില്‍ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള മറുപടിയെന്നും ആളുകൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ഉമാ തോമസ് പറഞ്ഞു.
കൂടാതെ, കുടിവെള്ളം ഇല്ലാത്തവരുടെ വീടുകളിലേക്ക് വെള്ളം എത്തിക്കേണ്ടത് കെഎംആർഎലിന്റെ ഉത്തരവാദിത്വമാണെന്നും ഇത് വലിയ വീഴ്ചയാണ്, കുളിക്കാനോ കുടിക്കാനോ വെള്ളമില്ലാത്ത അവസ്ഥയിലാണ് ആളുകൾ എന്നും ഉമാ തോമസ് പറഞ്ഞു.
Kerala
കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്ക് പുതിയ രണ്ട് ടെർമിനലുകൾകൂടി. മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനലുകളാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ടെർമിനലുകൾ ഉദ്ഘാടനം ചെയ്യും.
മട്ടാഞ്ചേരി ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് അധ്യക്ഷനായിരിക്കും. 38 കോടി രൂപ ചിലവിലാണ് രണ്ട് ടെര്‍മിനലുകളും പണികഴിപ്പിച്ചത്. ഇതോടെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ എണ്ണം 12 ആയി.
8,000 ചതുരശ്രയടി വലിപ്പത്തിലുള്ള മട്ടാഞ്ചേരി ടെര്‍മിനല്‍ ഡെച്ച് പാലസിന് തൊട്ടടുത്താണ്. പഴയ ഫെറി ടെര്‍മിനലിന് അടുത്താണ് 3000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനല്‍. രണ്ട് ടെര്‍മിനലുകളും പൂര്‍ണമായും വെള്ളത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
District News
കോഴിക്കോട് നഗരത്തിൽ മെട്രോ റെയിൽ പദ്ധതിയുടെ സാധ്യത പഠനം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. നഗരത്തിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും ഭാവിയിലെ യാത്രാ ആവശ്യങ്ങൾക്കും മെട്രോ ഒരു ശാശ്വത പരിഹാരമാകുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം. ഡി.എം.ആർ.സി (ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ) പ്രാഥമിക പഠനം നടത്തിയിരുന്നുവെങ്കിലും തുടർനടപടികൾ നിലച്ചിരുന്നു.
പദ്ധതിയുടെ സാമ്പത്തിക ഭാരം, യാത്രാ ആവശ്യകത, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ പഠനത്തിനാണ് ഇപ്പോൾ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും മെട്രോ പാത വിഭാവനം ചെയ്യുന്നത്. ഇത് കോഴിക്കോട് നഗരത്തിന്റെ സമഗ്ര വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.
മെട്രോ യാഥാർത്ഥ്യമായാൽ നഗരത്തിലെ പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാവുകയും കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യും. പുതിയ പദ്ധതി നഗരത്തിലെ വാണിജ്യ, വ്യവസായ മേഖലകൾക്ക് പുതിയ ഉണർവ് നൽകുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. എത്രയും പെട്ടെന്ന് പഠനം പൂർത്തിയാക്കി പ്രായോഗികമായ പദ്ധതി രൂപരേഖ സമർപ്പിക്കാനാണ് നിർദ്ദേശം.