ടെലികമ്യൂണിക്കേഷന്‍ സജ്ജീകരിക്കുന്നതിനുള്ള കരാര്‍ കൈമാറുന്നു.
കൊച്ചി: കാക്കനാട്ടേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട പാതയ്ക്കായുള്ള ടെലികമ്യൂണിക്കേഷന്‍ കരാര്‍ സീമെന്‍സ് ലിമിറ്റഡിന്. 91.6 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയതെന്ന് കെഎംആര്‍എല്‍ അറിയിച്ചു. ഓപ്പണ്‍ ടെന്‍ഡര്‍ നടപടി ക്രമത്തിലൂടെയാണ് കരാര്‍ നല്‍കിയത്. സാങ്കേതികവും സാമ്പത്തികവുമായ വിലയിരുത്തലുകള്‍ക്കു ശേഷമാണ് സീമെന്‍സ് ലിമിറ്റഡ് ഏറ്റവും യോഗ്യമായ സ്ഥാപനമായി തെരഞ്ഞെടുത്തതെന്നും കെഎംആര്‍എല്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്ലിനെ പ്രതിനിധീകരിച്ച് ചീഫ് എന്‍ജിനീയര്‍ ടി.സി. ജോണ്‍സണും സീമെന്‍സ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് അമിത് ഭരദ്വാജ്, ഉദയാദിത്യ പഥക് എന്നിവരും കരാറില്‍ ഒപ്പുവച്ചു. കെഎംആര്‍എല്‍ സിസ്റ്റംസ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍, സിഗ്നലിംഗ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ വി. സജിത്, ജനറല്‍ കണ്‍സള്‍ട്ടന്റായ സിസ്ട്രയുടെ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സമഗ്ര ആശയവിനിമയ സംവിധാനങ്ങളാണ് ഈ കരാറിന്റെ ഭാഗമായി ഒരുക്കുക. യാത്രക്കാര്‍ക്ക് കൃത്യമായ അറിയിപ്പുകള് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍, ഡിജിറ്റല്‍ വിവരഫലകങ്ങള്‍, സിസിടിവി നിരീക്ഷണം, അടിയന്തര ആശയവിനിമയ സൗകര്യങ്ങള്‍, ഓഫീസ് ഓട്ടോമേഷന്‍ ശൃംഖല, സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായിരിക്കും.