International
വാഷിംഗ്ടൺ സിഡി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാന് സൈനിക സഹായം നൽകിയാൽ ചൈനയ്ക്കുമേൽ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ സൈനിക നീക്കങ്ങൾക്ക് ചൈന സഹായം നൽകുന്നതായി കണ്ടെത്തിയാൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു.
ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയാറെടുക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
National
ന്യൂഡൽഹി: വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനും നാവികസേനയുടെ നിരീക്ഷണ വിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെ പിന്തുണയ്ക്കുമായി 858 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.
റഷ്യൻ ഏജസിയായ ജെഎസ്സി റോസോബോറോൺ എക്സ് പോർട്ടുമായി 445 കോടി രൂപയുടെ കരാറും അമേരിക്കൻ കന്പനിയായ ബോയിംഗ് ഇന്ത്യ ഡിഫൻസ് പ്രൈവറ്റ് ലിമിറ്റഡുമായി 413 കോടി രൂപയുടെ കരാറുമാണ് പ്രതിരോധ മന്ത്രാലയം സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഒപ്പിട്ടത്.
റഷ്യൻ നിർമിത വ്യോമപ്രതിരോധ മിസൈൽ സംവിധാനമായ തുഗുസ്കയാണ് വാങ്ങുന്നത്. ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ തുടങ്ങിയ വ്യോമ ഭീഷണികളെ ചെറുക്കാൻ ഇതു സഹായിക്കും.
നാവികസേനയുടെ നിരീക്ഷണ വിമാനമായ പി8ഐ വിമാനങ്ങളുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും ഉറപ്പാക്കുന്നതിനുള്ള കരാറിലാണ് അമേരിക്കൻ കന്പനിയുമായി ഒപ്പിട്ടത്.
Kerala
ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക കാരണമാണ് അപകടകാരണമെന്നും വിശദീകരിച്ചു.
ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
അൽപസമയം മുമ്പാണ് അറിയിപ്പ് ലഭിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.
Movies
സിയൂൾ: ലോകമെന്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കെ-പോപ്പ് ഇതിഹാങ്ങളായ ബിടിഎസ് തങ്ങളുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. നിർബന്ധിത സൈനിക സേവനത്തിന് ശേഷം ഏഴ് പേരും ഒന്നിച്ചെത്തുകയാണ്.
ബിടിഎസിന്റെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമായ 'അരിരംഗ്' ഇന്ന് പുറത്തിറക്കും. 14 പാട്ടുകളാണ് ആൽബത്തിലുള്ളത്.
ആൽബം പുറത്തിറങ്ങുന്നതിന് തൊട്ടുപിന്നാലെ, മാർച്ച് 21 ന് സിയൂളിലെ ചരിത്രപ്രസിദ്ധമായ ഗ്വാങ്വാമുൻ സ്ക്വയറിൽ വച്ച് തത്സമയ സംഗീത പരിപാടി ബിടിഎസ് അവതരിപ്പിക്കും. 'ബിടിഎസ് ദി കംബാക്ക് ലൈവ് അരിരംഗ്' എന്ന പേരിട്ടിരിക്കുന്ന ഈ പരിപാടി ലോകമെമ്പാടുമുള്ള ആരാധകർക്കായി നെറ്റ്ഫ്ലിക്സിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യൻ ആരാധകർക്ക് മാർച്ച് 21 ന് വൈകുന്നേരം 4:30 മുതൽ കാണാൻ സാധിക്കും.
തിരിച്ചുവരവിന്റെ ഭാഗമായി മാർച്ച് 27 ന് 'ബിടിഎസ് ദ റിട്ടേൺ' എന്ന ഡോക്യുമെന്ററിയും നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങും. ഏഴ് പേരും വീണ്ടും ഒന്നിച്ചതിന്റെയും ആൽബം നിർമാണത്തിന്റെയും അണിയറ വിശേഷങ്ങളാണ് ഇതിലുള്ളത്.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജിൻ, സുഗ, ജെ-ഹോപ്പ്, ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നിവർ ഒന്നിച്ച് വേദിയിലെത്തുന്നത് കെ-പോപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷമായി മാറുമെന്ന് കരുതുന്നു.
Kerala
തിരുവനന്തപുരം: ആർമി റിക്രൂട്ടിംഗ് ഓഫീസ് 2027ലെ അഗ്നിപത് സ്കീമിനു കീഴിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള അഗ്നിവീർ ഇൻടേക്കിനുള്ള സെലക്ഷൻ ടെസ്റ്റിനായി കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) അവിവാഹിതരായ പുരുഷന്മാരിൽ നിന്ന് ഓണ്ലൈൻ അപേക്ഷ ക്ഷണിച്ചു. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങൾക്കായാണ് ഈ തെരഞ്ഞടുപ്പ്.
രണ്ടു ഘട്ടങ്ങളിലായാണ് അഗ്നിവീർ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓണ്ലൈൻ കന്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (ഓണ്ലൈൻ സിഇഇ), റിക്രൂട്ട്മെന്റ് റാലി എന്നീ രണ്ട് ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ്. എല്ലാ ഉദ്യോഗാർഥികളും www.joinindianarmy.nic.in ലേക്കു ലോഗിൻ ചെയ്ത് അവരുടെ യോഗ്യതാ നില പരിശോധിച്ച് അവരുടെ പ്രൊഫൈൽ സൃഷ്ടിക്കുക. ഓണ്ലൈൻ പരീക്ഷ 2026 ജൂണ് ഒന്നു മുതൽ 15 വരെ ആയിരിക്കും.
അഗ്നിവീർ ഉദ്യോഗാർഥികൾക്ക് അവരുടെ യോഗ്യതയെ അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ടു വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. രണ്ട് ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്പോൾ ഉദ്യോഗാർഥികൾ രണ്ടു വിഭാഗങ്ങളുടെയും ഫോമുകൾ വെവ്വേറെ പൂരിപ്പിച്ച്, രണ്ടു പൊതു പ്രവേശന പരീക്ഷകൾക്കു ഹാജരാകണം, എന്നിരുന്നാലും ഉയർന്ന ശാരീരികക്ഷമതാ പരീക്ഷ, ശാരീരിക അളവു വേണ്ടി വരുന്ന വിഭാഗത്തിന് തെരഞ്ഞെടുക്കുന്ന വിഭാഗങ്ങളുമായി ബന്ധപ്പെട്ട്, ഒരു റിക്രൂട്ട്മെന്റ് റാലിയും, മെഡിക്കൽ ടെസ്റ്റിലും പങ്കെടുത്താൽ മതി. അപേക്ഷാ ഘട്ടത്തിൽ തന്നെ ഉദ്യോഗാർഥി വിഭാഗങ്ങളുടെ മുൻഗണന രേഖപ്പെടുത്തണം. റിക്രൂട്ട്മെന്റ് റാലി പൂർത്തിയാക്കിയ ശേഷം അന്തിമ ഓപ്ഷൻ ചോദിക്കും.
പത്താം ക്ലാസ്, 12 ക്ലാസ് ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്കും ആവശ്യമായ മറ്റെല്ലാ യോഗ്യതകളും പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നിരുന്നാലും അത്തരം ഉദ്യോഗാർഥികളെ, റിക്രൂട്ട്മെന്റ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിൽ യഥാർഥ മാർക്ക് ഷീറ്റ് ഹാജരാക്കുന്പോൾ മാത്രമേ അവരെ തെരഞ്ഞെടുക്കുകയുള്ളൂ.
International
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ചൈനയും റഷ്യയും സൈനികസഹായം നൽകുന്നുണ്ടെന്നു സ്ഥിരീകരിച്ച് ഇറാൻ.
സൈനിക പിന്തുണ ഉൾപ്പെടെ നിരവധി മേഖലകളിൽ ടെഹ്റാൻ മോസ്കോയുമായും ബെയ്ജിംഗുമായും അടുത്ത സഹകരണം നിലനിർത്തുന്നുണ്ടെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുൻകാലങ്ങളിലെ സഹകരണം ഇന്നും തുടരുന്നു, ഇതിൽ സൈനികസഹായവും ഉൾപ്പെടുന്നു-അരാഗ്ചി പറഞ്ഞു.
National
രജൗരി: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിലുള്ള നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി.
ഇന്നലെ വെളുപ്പിന് 4.15ന് തുർകാൻഡി മേഖലയിലൂടെ ആയുധധാരികളായ ചിലർ നടന്നുനീങ്ങുന്നത് സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ജമ്മുവിലെ വൈറ്റ് നൈറ്റ് ഫോഴ്സ് ഇവർക്കു നേരേ നിറയൊഴിക്കുകയായിരുന്നു.
National
ന്യൂഡൽഹി: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദും ലഷ്കർ ഇ തൊയ്ബയും വനിതകളെ ചാവേറുകളായും സായുധ പോരാളികളായും ഉപയോഗിക്കാൻ വ്യാപകനീക്കം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, ഹമാസ്, എൽടിടിഇ തുടങ്ങിയ സംഘടനകളുടെ മാതൃകയിൽ സ്ത്രീകളെ മുൻനിർത്തി ആക്രമണങ്ങൾ നടത്താനാണ് പാക് ഭീകരസംഘനകളുടെ നീക്കം.
വനിതാവിഭാഗം
ഇതുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദ് കഴിഞ്ഞ വർഷം ഒക്ടോബറിൽ "ജമാഅത്ത് ഉൽ മുമിനാത്ത്' എന്ന വനിതാ വിഭാഗത്തിനു രൂപം നൽകിയിരുന്നു. അടുത്തിടെ നടന്ന ഡൽഹി ചാവേർ ആക്രമണത്തിൽ ഈ വനിതാവിഭാഗത്തിനു സുപ്രധാന പങ്കുണ്ടായിരുന്നു. ഡോ. ഷഹീൻ സയിദ് എന്ന വനിത ഭീകരപ്രവർത്തകയെ കേസിൽ പിടികൂടിയിരുന്നു. ഇതിനു പിന്നാലെ ലഷ്കർ ഇ തൊയ്ബ തങ്ങളുടെ സ്ത്രീ വിഭാഗമായ "ത്വയിബത്ത്' എന്ന ശൃംഖലയും സജീവമാക്കിയിരിക്കുകയാണ്. ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിലാണ് ഭീകരർ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും.
റിക്രൂട്ട്മെന്റ്
വിദ്യാസമ്പന്നരായ മുസ്ലിം യുവതികളെ ലക്ഷ്യമിട്ടാണ് ഭീകര സംഘടനകളുടെ പ്രവർത്തനം. മുസ്ലിം ആരാധന കേന്ദ്രങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖകളിലൂടെ മതവികാരം ചൂഷണം ചെയ്താണ് ഇവരെ ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്പതിന് ലാഹോറിൽ ത്വയിബത്തിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ലഷ്കർ കമാൻഡർമാരുടെ ഭാര്യമാരടക്കം പങ്കെടുക്കുകയും ഭീകരവാദത്തെ മഹത്വവത്ക്കരിക്കുന്ന പ്രസംഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. സ്ത്രീകളെ ഇത്തരത്തിൽ ഭീകരപ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതു സമൂഹത്തിൽ ആഴത്തിൽ വിഷം വിതയ്ക്കുന്നതിനു തുല്യമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.
നേരത്തെ, പുരുഷന്മാരെ മാത്രം ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയിരുന്ന സംഘടനകളുടെ പ്രവർത്തനശൈലിയിൽ വന്ന മാറ്റം സുരക്ഷാ ഏജൻസികൾക്കു വലിയ വെല്ലുവിളിയായി മാറിയ സാഹചര്യമാണു നിലവിലുള്ളതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
കടുത്ത വെല്ലുവിളി
ആശയപ്രചാരണം, സാധനങ്ങളുടെ കൈമാറ്റം, പുതിയ അംഗങ്ങളെ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾക്കായി സ്ത്രീകളെ ഉപയോഗിക്കുന്നതുവഴി ഭീകരപ്രവർത്തനങ്ങൾ കണ്ടെത്തുന്നത് അന്വേഷണ ഏജൻസികൾക്കു ശ്രമകരമായ ജോലിയാകും. ജെയ്ഷെ മുഹമ്മദിന്റെ ലഷ്കറിന്റെയും പുതിയ തന്ത്രത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ സമിതിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2001-ലെ പാർലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം, പുൽവാമ ചാവേർ സ്ഫോടനം, അടുത്തിടെ ഡൽഹിയിൽ നടന്ന കാർ ബോംബ് സ്ഫോടനങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഈ സംഘടനകളുടെ പുതിയ നീക്കം ദക്ഷിണേഷ്യൻ സുരക്ഷാ മേഖലയിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.
International
ബെയ്ജിംഗ്: ചൈനയിൽ ഉന്നത പട്ടാളമേധാവിമാർക്കെതിരേ അന്വേഷണം. പോളിറ്റ് ബ്യൂറോ അംഗവും സൈന്യത്തിന്റെ ചുമതലയുള്ള സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി) വൈസ് ചെയർമാനുമായ ഴാംഗ് യോഷിയ, സിഎംസി ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായ ലിയു ഴെൻലി എന്നിവർക്കെതിരേ അച്ഛടക്കലംഘനത്തിനും നിയമലംഘനത്തിനും അന്വേഷണം നടത്താൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയം ഇന്നലെ അറിയിച്ചു.
എഴുപത്തഞ്ചുകാരനായ ഴാംഗ് യോഷിയ സിഎംസിയുടെ രണ്ടു വൈസ് ചെയർമാന്മാരിൽ ഒരാളാണ്. പ്രസിഡന്റ് ഷി ചിൻപിംഗാണ് സിഎംസിയുടെ ചെയർമാൻ. ഷിയുടെ വിശ്വസ്തനായിട്ടാണ് ഴാംഗ് അറിയപ്പെട്ടിരുന്നത്.
പ്രസിഡന്റ് ഷി പാർട്ടിയിലും പട്ടാളത്തിലും നടത്തുന്ന ശുദ്ധികലശത്തിന്റെ ഭാഗമാണ് മുതിർന്ന സൈനിക മേധാവിമാർക്കെതിരായ നടപടി. ഒട്ടേറെ ഉന്നത ജനറൽമാരും രണ്ടു മുൻ പ്രതിരോധ മന്ത്രിമാരും അഴിമതിവിരുദ്ധ നടപടികൾ നേരിട്ടിരുന്നു.
National
ന്യൂഡൽഹി: പാക് പഞ്ചാബ് പ്രവിശ്യയിൽ അമേരിക്കയും പാക്കിസ്ഥാനും തീവ്രവാദത്തിനെതിരേ സംയുക്ത സൈനിക പരിശീലനം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്ഗ്രസ്.
"ഇൻസ്പയേർഡ് ഗാംബിൾ’ എന്ന കോഡ് പേരിലുള്ള സംയുക്ത സൈനികപരിശീലനം പൂർത്തിയായെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവന പുറപ്പെടുവിച്ചത് സ്വയംപ്രഖ്യാപിത വിശ്വഗുരുവിന്റെ ആത്മപ്രശംസാ നയതന്ത്രത്തിനേറ്റ മറ്റൊരു തിരിച്ചടിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
2025 ജൂണിൽ അന്നത്തെ യുഎസ് സെൻട്രൽ കമാൻഡിന്റെ മേധാവിയായിരുന്ന മൈക്കിൾ കുനില്ല തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ പാക്കിസ്ഥാനെ അസാമാന്യമായ പങ്കാളി എന്നു പ്രശംസിച്ചിരുന്നുവെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാൻ ആസൂത്രണം ചെയ്ത പഹൽഗാം ഭീകരാക്രമണത്തിന് തീവ്രവികാരമുണർത്തുകയും വർഗീയ പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രസ്താവനകളിലൂടെ പശ്ചാത്തലം നൽകുകയും ചെയ്ത പാക് ഫീൽഡ് മാർഷൽ അസിം മുനീറിനോടുള്ള ആഴത്തിലുള്ള ആരാധന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയ്റാം ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂർ നിർത്തുന്നതിനായി താൻ ഇടപെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ആവർത്തിച്ചെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
International
യാങ്കോൺ: തടവിൽ കഴിയുന്ന ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂ ചി ആരോഗ്യവതിയാണെന്ന് മ്യാൻമറിലെ പട്ടാള ഭരണകൂടം അറിയിച്ചു.
എൺപതു വയസുള്ള സൂ ചിയുടെ വിവരങ്ങൾ ദീർഘകാലമായി ലഭ്യമല്ലെന്നും, അമ്മയുടെ മരണം പോലും ചിലപ്പോൾ അറിഞ്ഞേക്കില്ലെന്നും സൂ ചിയുടെ മകൻ കിം ഏരിസ് ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പട്ടാള ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ‘മ്യാൻമർ ഡിജിറ്റൽ ന്യൂസ്’ എന്ന മാധ്യമത്തിൽ സൂ ചി യുടെ ആരോഗ്യനില സംബന്ധിച്ച പ്രസ്താവന വന്നത്. സൂചി നല്ല ആരോഗ്യവതിയാണെന്നു മാത്രമാണ് അറിയിപ്പിലുള്ളത്; ഇതു വ്യക്തമാക്കുന്ന ഒരു തെളിവും പട്ടാളം നല്കിയിട്ടില്ല.
2021 ഫെബ്രുവരിയിൽ മ്യാൻമർ പട്ടാളം സൂ ചി അടക്കമുള്ള ജനാധിപത്യ നേതാക്കളെ തടവിലാക്കി അധികാരം പിടിക്കുകയായിരുന്നു. അഴിമതി, തെരഞ്ഞെടുപ്പു തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സൂ ചിക്ക് 27 വർഷം തടവുശിക്ഷ വിധിച്ചു.
വർഷങ്ങളായി സൂ ചിയെക്കുറിച്ച് വിവരമില്ലെന്നാണ് മകൻ കിം അറിയിച്ചത്. തലസ്ഥാനമായിൽ സൂ ചി ഏകാന്ത തടവ് അനുഭവിക്കുകയാണെന്നു സൂചനയുണ്ട്.