ന്യൂഡൽഹി: വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനും നാവികസേനയുടെ നിരീക്ഷണ വിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെ പിന്തുണയ്ക്കുമായി 858 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.
റഷ്യൻ ഏജസിയായ ജെഎസ്സി റോസോബോറോൺ എക്സ് പോർട്ടുമായി 445 കോടി രൂപയുടെ കരാറും അമേരിക്കൻ കന്പനിയായ ബോയിംഗ് ഇന്ത്യ ഡിഫൻസ് പ്രൈവറ്റ് ലിമിറ്റഡുമായി 413 കോടി രൂപയുടെ കരാറുമാണ് പ്രതിരോധ മന്ത്രാലയം സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഒപ്പിട്ടത്.
റഷ്യൻ നിർമിത വ്യോമപ്രതിരോധ മിസൈൽ സംവിധാനമായ തുഗുസ്കയാണ് വാങ്ങുന്നത്. ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ തുടങ്ങിയ വ്യോമ ഭീഷണികളെ ചെറുക്കാൻ ഇതു സഹായിക്കും.
നാവികസേനയുടെ നിരീക്ഷണ വിമാനമായ പി8ഐ വിമാനങ്ങളുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും ഉറപ്പാക്കുന്നതിനുള്ള കരാറിലാണ് അമേരിക്കൻ കന്പനിയുമായി ഒപ്പിട്ടത്.
Tags : military Defence Ministry air defence systems purchase Navy surveillance aircraft JSC Rosoboronexport