Movies
ഭർത്താവ് വിഗ്നേഷ് ശിവനായി വേദിയിൽ സർപ്രൈസ് എൻട്രി നടത്തി നയൻതാര. പൊതുചടങ്ങുകളിൽ അധികം പ്രത്യക്ഷപ്പെടാത്ത നയൻതാര ഭർത്താവിനായി എത്തിയത് ആരാധകരെ ആവേശത്തിലാക്കി.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലൗ ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിന്റെ പ്രി-റിലീസ് വേദിയിലാണ് താരസുന്ദരി സർപ്രൈസ് എൻട്രി നടത്തിയത്.
‘‘ഈ സ്റ്റേജ് എനിക്ക് വളരെ പ്രധാനപ്പെട്ട സ്റ്റേജാണ്. ഞാൻ നിൽക്കുന്ന ഈ സ്റ്റേജും എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ സ്റ്റേജിലും എനിക്ക് ഏറെ പ്രധാനമാണ്.
ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല, ദൈവം എല്ലാവർക്കും ആശിർവാദം കൊടുക്കും. ഞാൻ പല ക്ഷേത്രങ്ങളിൽ പോകാറുണ്ട്, എനിക്ക് ഇനിയും ഒരുപാട് തരൂ എന്ന് ചോദിച്ചുകൊണ്ട് ഞാൻ കോവിലുകളിൽ പോകാറില്ല എനിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും നന്ദി പറയാൻ വേണ്ടിയാണ് ഞാൻ പോകാറുള്ളത്.
അതുകൊണ്ടാണോ എന്ന് അറിയില്ല എനിക്ക് നല്ല ഭക്ഷണവും നല്ല ജീവിതവും നല്ല കുടുംബവും നല്ല ഒരു ഭാര്യയും നല്ല മക്കളും നല്ല അസ്സിസ്റ്റന്റുമാരും ഒരു നല്ല ടീമും ലഭിച്ചു. ഞാൻ എന്ത് ബുദ്ധിമുട്ടിലുള്ള അവസ്ഥയിലായാലും ഇവർ എനിക്ക് നല്ല പിന്തുണ തന്നു ഒപ്പം നിൽക്കാറുണ്ട്.
ഈ വലിയ സ്റ്റേജിൽ ഞാൻ തനിയെ നിൽക്കാൻ പാടില്ല. എന്റെ സിനിമയോടൊപ്പം നിൽക്കുന്ന എല്ലാവരും എന്റെ ഒപ്പം ഇവിടെ വേണം. ആദ്യമായി എനിക്ക് ഒരു സിനിമയിൽ വർക്ക് ചെയ്യുമ്പോൾ 150 രൂപ ബാറ്റ തന്ന മയിൽ വാഹനം എന്ന പ്രൊഡക്ഷൻ മാനേജരെ ആണ് ഞാൻ ആദ്യം വിളിക്കുന്നത്. എന്റെ സഹോദരനെപ്പോലെ എന്റെ കൂടെ നിൽക്കുന്ന ഗുബേർ..’’
അണിയറപ്രവർത്തകരെയെല്ലാം വിളിച്ചതിന് ശേഷം എന്റെ ഭാര്യയും നടിയുമായ നയൻതാരയെ വേദിയിലേക്ക് എത്തിക്കാൻ തനിക്ക് സാമ്പത്തികമായി കഴിയില്ല എങ്കിലും ചിത്രത്തിന്റെ നിർമാതാവായും തന്റെ ഭാര്യയായും നയൻതാരയ്ക്ക് വരാമെന്നും വിഘ്നേഷ് തമാശരൂപേണ പറഞ്ഞു.
ഈ സിനിമയുടെ മലേഷ്യ ഷെഡ്യൂളിനു പോകുന്ന സമയത്താണ് ഒരു വലിയ പ്രശ്നം നടക്കുന്നത്. ഒടിടി മാർക്കറ്റ് എല്ലാം തകർന്ന സാഹചര്യമായിരുന്നു. കോസ്റ്റ് കുറയ്ക്കണമെന്ന ചർച്ച വന്നു.
പക്ഷേ എന്റെ മനസിൽ കണ്ടതുപോലെ ഈ സിനിമ ഷൂട്ട് ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ സാമ്പത്തികമില്ലാതിരുന്നിട്ടും മലേഷ്യയിലേക്കു പോയി ചിത്രീകരണം തുടങ്ങി. അന്ന് എന്നെ സഹായിച്ചത് ഭാര്യ നയൻതാരയാണ്. ‘മൂക്കുത്തി അമ്മൻ’ സിനിമയ്ക്കു വാങ്ങിയ അഡ്വാൻസ് ആണ് എനിക്ക് അയച്ചു തന്നത്.
ഇങ്ങനെ എന്റെ ഭാര്യ നയൻതാര എനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. പക്ഷേ നയൻതാരയ്ക്ക് ഓഡിയോ ലോഞ്ചിനൊന്നും വരുന്നതിൽ താല്പര്യമില്ല.
രണ്ടു ദിവസം മുൻപ് ഇവിടെ വന്ന് സെറ്റ് എല്ലാം ഓക്കേ ആണോ എന്നൊക്കെ നോക്കിയിട്ട് പോയിരുന്നു. ഓഡിയോ ലോഞ്ചിന് ഇന്ന് വന്നിട്ടുണ്ട് പക്ഷെ എവിടെ ഇരിക്കുന്നു എന്ന് അറിയില്ല.
ഇവിടെ ഇരിപ്പുണ്ട് എന്ന് തോന്നുന്നു. ഇവിടെ ഉണ്ടെങ്കിൽ ആരെങ്കിലും പോയി അവരെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടു വരാമോ. നടിയായ നയൻതാരയെ ഓഡിയോ ലോഞ്ചിന് കൊണ്ടുവരാനുള്ള ശേഷി എനിക്കില്ല, പക്ഷേ ഒരു ഭാര്യയെയോ നിർമാതാവായോ വരാൻ കഴിയുമെങ്കിൽ വരിക.
ചിലപ്പോൾ രക്ഷപ്പെട്ടു പോയി കാണും. ഇങ്ങനെ പരിപാടി തുടങ്ങിക്കഴിഞ്ഞ് ആള് പതുക്കെ പുറകിലോടെ പുറത്തു പോകാറുണ്ട്.’’ വിഘ്നേശ് പറഞ്ഞു.
വിഘ്നേഷ് സംസാരിച്ചുകൊണ്ടിരിക്കെ വിഘ്നേഷിനെ ഞെട്ടിച്ചുകൊണ്ട് അണിയറപ്രവർത്തകർക്കൊപ്പം നയൻതാര വേദിയിലേക്ക് കടന്നുവരികയായിരുന്നു.
പ്രിയതമയെ കണ്ടതും വികാരാധീനനായ വിഘ്നേഷ് നയൻതാരയെ കെട്ടിപ്പിടിക്കുകയും നെറുകയിൽ ചുംബിക്കുകയും ചെയ്തു. വിഘ്നേശിനെ പുറത്തു തട്ടി ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയൻതാരയെ കണ്ടതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.
വേദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ കാണികളെ കൈകൂപ്പി അഭിവാദ്യം ചെയ്ത താരം വിഘ്നേഷിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം ലളിതമായി വേദിയിൽ നിലയുറപ്പിക്കുകയായിരുന്നു. നയൻതാരയുടെ അമ്മ ഓമനയും കാണിയായി വേദിയിലുണ്ടായിരുന്നു.
Movies
നടൻ ധനുഷുമായുള്ള ബന്ധം ഇല്ലാതായതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഗ്നേഷ് ശിവൻ.
ധനുഷ് തനിക്ക് അച്ഛനെപ്പോലെയാണെന്നും നയൻതാരയുമായുള്ള നിയമപ്രശ്നത്തെത്തുടർന്ന് ധനുഷുമായുള്ള വ്യക്തിബന്ധം നഷ്ടമായതിൽ താനിന്ന് ഖേഃദിക്കുന്നുവെന്നും വിഘ്നേഷ് ശിവൻ പറഞ്ഞു.
''എനിക്ക് ധനുഷ് സാറിനെ ഒരുപാട് ഇഷ്ടമാണ്. ജീവിതത്തിലെ വലിയ ആളായാണ് അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ പിറന്നാൾ ജൂലായ് 28-നാണ്. അതേ ദിവസമാണ് എന്റെ അച്ഛൻ മരിച്ചത്. അച്ഛന്റെ സാന്നിധ്യമാണ് എനിക്ക് അദ്ദേഹത്തിൽ അനുഭവപ്പെടുന്നത്.
അദ്ദേഹത്തെ ഞാൻ അങ്ങനെയാണ് കാണുന്നത്. പിന്നെ നമ്മൾ പോലുമറിയാതെ ചിലതൊക്കെ സംഭവിക്കും. സാഹചര്യങ്ങൾ അങ്ങനെയായിപ്പോകും. നല്ല ബന്ധത്തിലിരിക്കുന്ന ഒരാളുമായി ആ ബന്ധം അവസാനിപ്പിക്കുന്നത് നാണക്കേട് ആയി കാണുന്നു. വളരെ മനോഹരമായ നിമിഷങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പക്ഷേ അതെല്ലാം അവസാനിച്ചു.
ആ ബന്ധം ഇല്ലാതായതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. അതിൽ എനിക്ക് ലജ്ജ തോന്നുന്നു. എപ്പോഴോ എവിടെയോ ഒരു തെറ്റ് സംഭവിച്ചിരിക്കണം. കൃത്യമായ പ്രശ്നമുണ്ടായ ശേഷം രണ്ട് പേർ പിരിയുകയാണെങ്കിൽ ആ പ്രശ്നത്തിന് പിന്നീട് പരിഹാരം കണ്ടെത്താൻ കഴിയും. എന്നാൽ പ്രശ്നങ്ങളെ ഇല്ലാതെ പിരിയുന്ന അവസ്ഥ വരുമ്പോൾ അതെങ്ങനെ പരിഹരിക്കും. അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അദ്ദേഹത്തെപ്പോലെ ജോലി ചെയ്യുന്ന ആൾ ഈ ലോകത്തിലില്ല എന്നു തന്നെ പറയേണ്ടി വരും.
വിഐപി(വേലയില്ലാ പട്ടധാരി) യുടെ ഷൂട്ടിങ്ങിനിടെ ഞാൻ അദ്ദേഹത്തിനൊപ്പം രണ്ടുവർഷത്തോളമുണ്ടായിരുന്നു. അദ്ദേഹം കഴിച്ചശേഷം മാത്രമേ ഞാൻ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. എനിക്ക് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും സ്നേഹവും ഒരിക്കലും മാറാൻ പോകുന്നില്ല.
മരണം വരെയും അങ്ങനെ തന്നെയാകും. ഞാൻ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ ധനുഷ് സാർ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്.’’ വിഘ്നേഷ് ശിവൻ ലവ് ഇൻഷുറൻസ് കമ്പനി പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗോപിനാഥിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നയൻതാരയുടെ ജീവിതവും വിഘ്നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവും പശ്ചാത്തലമാക്കിയൊരുങ്ങിയ നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് ഇവർ ധനുഷുമായി ഉടക്കിയത്.
ഇരുവരുടേയും വിവാഹത്തിന് പിന്നാലെയിറങ്ങിയ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയുടെ ട്രെയിലറിൽ, ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മൂന്നു സെക്കൻഡ് വിഡിയോയും ഉണ്ടായിരുന്നു. ഇതിന്റെ പകർപ്പവകാശം തങ്ങൾക്കാണെന്ന് കാണിച്ച് ധനുഷിന്റെ നിർമാണക്കമ്പനി നയൻതാരയ്ക്ക് 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ചു.
തുടർന്ന് ധനുഷിനെതിരെ രൂക്ഷമായ പ്രതികരണവുമായി നയൻതാര രംഗത്തെത്തിയിരുന്നു. ധനുഷിനെ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായി വിമർശിച്ച് അന്ന് വിഘ്നേഷും എത്തി. എന്നാൽ ഈ വിഷയത്തിൽ പരസ്യമായി മറുപടി നൽകാൻ ധനുഷ് തയാറായിരുന്നില്ല.
Movies
ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നയൻതാര, ഇനി സൽമാൻ ഖാന്റെ നായികയാവും. ബോളിവുഡിന്റെ സ്വന്തം ഭായി ജാൻ സൽമാൻ ഖാനും തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ആദ്യമായി ഒന്നിക്കുന്നു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകരായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് സോഷ്യൽ മീഡിയയിലൂടെയാണ് നയൻതാരയുടെ ബോളിവുഡിലേക്കുള്ള രണ്ടാം വരവ് ഔദ്യോഗികമായി അറിയിച്ചത്. "റാണി വന്നെത്തിയിരിക്കുന്നു, വൈവിധ്യത്തിന്റെയും മികവിന്റെയും പ്രതീകമായ നയൻതാര -സൽമാൻ ഖാൻ-വംശി പൈഡിപ്പള്ളി ചിത്രത്തിൽ ചേരുന്നു...' എന്ന കുറിപ്പോടെയാണ് നിർമാണ കമ്പനി താരത്തെ സ്വാഗതം ചെയ്തത്.
ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നയൻതാര, സൽമാൻ ഖാനൊപ്പം എത്തുന്നതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായി ഇതു മാറുകയാണ്. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നിർമിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം സൽമാൻ ഖാൻ തന്നെയാണു നടത്തിയത്.
"ദിൽ, ദിമാഗ്, ജിഗർ- ഈ ഏപ്രിൽ മുതൽ വംശി പൈഡിപ്പള്ളിക്കും ദിൽ രാജുവിനുമൊപ്പം' എന്നായിരുന്നു സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൽമാൻ കുറിച്ചത്. വംശി പൈഡിപ്പള്ളിയും ദിൽ രാജുവും സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുന്നത് ഇതാദ്യമാണെങ്കിലും, പൈഡിപ്പള്ളിയും ദിൽ രാജുവും മുൻപ് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചിട്ടുണ്ട്. വിജയ് നായകനായ വാരിസ്, രാം ചരൺ ചിത്രം യേവഡു എന്നിവ ഈ കൂട്ടുകെട്ടിൽ പിറന്ന ശ്രദ്ധേയമായ സിനിമകളാണ്.
സൽമാൻ ഖാനും നയൻതാരയും സ്ക്രീനിൽ ഒന്നിച്ചെത്തുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ്. രണ്ട് വലിയ സിനിമാ വ്യവസായങ്ങളിലെ സൂപ്പർതാരങ്ങൾ ഒന്നിക്കുമ്പോൾ ഒരു മാസ് എന്റർടെയ്നർ തന്നെയാകും വംശി പൈഡിപ്പള്ളി ഒരുക്കുകയെന്നാണു സിനിമാ ലോകത്തെ വിലയിരുത്തൽ. പ്രശസ്ത നിർമാതാക്കളായ ശിരീഷ്, കുൽദീപ് റാത്തോർ തുടങ്ങിയവരും ഈ വലിയ പ്രോജക്റ്റിന്റെ ഭാഗമാണ്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Movies
നടി നയൻതാരയ്ക്കെതിരെ മോശം പരാമർശം നടത്തിയ എഐഎഡിഎംകെ എംപി സി.വി. ഷൺമുഖത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ഒരു നടിയുടെ പേര് വിലകുറഞ്ഞ തമാശകൾ പറയുന്നതിനായുള്ള ഉപാധിയല്ലെന്ന് ഖുശ്ബു പറഞ്ഞു.
ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീയിൽനിന്നാണ് ജനിച്ചത്. എംപിയുടെ പരാമർശം അനാദരവ് മാത്രമല്ല മനുഷ്യരാശിക്കുതന്നെ അപമാനമാണെന്നും ബഹുമാനം എന്നത് പരസ്പരം ഉണ്ടാകേണ്ടതാണെന്നും ഖുശ്ബു പറഞ്ഞു.
'സ്ത്രീകൾ - പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കൾ - നിങ്ങളുടെ സ്വത്തല്ല, നിങ്ങളുടെ സംസാര വിഷയങ്ങളുമല്ല, അല്ലെങ്കിൽ സൗകര്യപ്രദമാകുമ്പോഴെല്ലാം എല്ലാവർക്കും അവരുടെ സംഭാഷണങ്ങളിൽ ഉന്നയിക്കാൻ കഴിയുന്ന ഒരു ഉപഭോഗവസ്തുവല്ല.
ഒരു വനിതാ അഭിനേതാവിന്റെ പേര് വിലകുറഞ്ഞ തമാശകൾക്കോ, നിസ്സാരമായ അപമാനങ്ങൾക്കോ, സ്വന്തം വാദത്തെ ന്യായീകരിക്കാനോ ഉള്ള ഒരു ഉപകരണമല്ല. മറ്റുള്ളവരെ പരിഹസിക്കാനോ അല്ലെങ്കിൽ ഒരു കാര്യം തെളിയിക്കാനോ ഒരു സ്ത്രീയുടെ ഐഡന്റിറ്റി ഉപയോഗിക്കുന്നത് ആ പ്രഭാഷകന്റെ മാനസികാവസ്ഥയെയും വളർന്നുവന്ന രീതിയെയും തുറന്നുകാട്ടുകയേ ഉള്ളൂ.
മതി, ഇവിടെ നിർത്താം. ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീയിൽനിന്നാണ് ജനിച്ചത്. ഒരു നടിയെക്കുറിച്ച് വെറുതേ അഭിപ്രായം പറയുന്നതിനുമുമ്പ് സ്വയം ഒന്നുചോദിക്കുക - ആ ഉദാഹരണം നിങ്ങളുടെ അമ്മയെക്കുറിച്ചോ, സഹോദരിയെക്കുറിച്ചോ, ഭാര്യയേയോ, മകളേയോ, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരാളേക്കുറിച്ചോ ആണെങ്കിൽ, നിങ്ങളും ഇതേരീതിയിൽ സംസാരിക്കുമോ?
ആളുകൾ ഇത്തരം അപമാനകരമായ അഭിപ്രായങ്ങൾ പറയുമ്പോൾ, അവർ പരാമർശിക്കുന്ന സ്ത്രീയെ അപമാനിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അവർ അവരുടെ സ്വന്തം മാനസികാവസ്ഥ, മോശം വളർത്തൽ, മാനുഷിക മര്യാദയുടെ അടിസ്ഥാന അഭാവം എന്നിവ തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നത്.
ഇത് അനാദരവ് മാത്രമല്ല. ഇത് മനുഷ്യരാശിക്ക് അപമാനമാണ്. ഒപ്പം ഓർക്കുക, ബഹുമാനം ഒരിക്കലും ഒരു വൺ-വേ സ്ട്രീറ്റ് അല്ല'. ഖുശ്ബുവിന്റെ വാക്കുകൾ.
സ്വപ്നങ്ങൾ നിറവേറ്റുമെന്നു പറയുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തനിക്ക് നയൻതാരയെ തരുമോ എന്നായിരുന്നു ഷൺമുഖത്തിന്റെ ചോദ്യം.
''സ്വപ്നമെന്താണെന്ന് പറയാനാണ് മുഖ്യമന്ത്രി പറയുന്നത്. നയൻതാരയെ വേണമെന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം എന്റെ സ്വപ്നം സഫലമാക്കുമോ? നയൻതാരയെ കല്യാണം കഴിക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ ആ സ്വപ്നം യാഥാർഥ്യമാക്കുമോ?''എന്നായിരുന്നു വിവാദപരാമർശം.
Movies
പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി എഐഎഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ എന്ന ജനക്ഷേമ പദ്ധതിയെ പരിഹസിച്ചാണ് സി.വി. ഷൺമുഖത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം. നയൻതാരയുടെ പേര് വലിച്ചിഴച്ചതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
വിഴുപ്പുറം ജില്ലയിൽ നടന്ന പാർട്ടി പ്രതിഷേധ പരിപാടിക്കിടെ, എനിക്ക് നയൻതാരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ഒരാൾക്ക് നയൻതാരയെ വിവാഹം കഴിക്കണമെന്നാണ് സ്വപ്നമെങ്കിൽ സ്റ്റാലിൻ അത് നടത്തിക്കൊടുക്കുമോ? എന്നായിരുന്നു സർക്കാർ പദ്ധതിക്കെതിരെ ഷണ്മുഖം നടത്തിയ പ്രതികരണം.
രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിന് പകരം ഒരു സ്ത്രീയെയും നടിയെയും ഇത്തരത്തിൽ അധിക്ഷേപിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വിവാദപരാമർശം നടത്തിയ ഷൺമുഖത്തിനെതിരെ ദക്ഷിണേന്ത്യൻ ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്സ് പ്രതിഷേധവുമായി എത്തി. എം.പിയുടെ വാക്കുകൾ അങ്ങേയറ്റം അപകീർത്തികരവും ലജ്ജാകരവുമാണെന്ന് എസ്.ഐ.എ.എ. പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ, പ്രത്യേകിച്ച് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ, പൊതുവേദികളിൽ സംസാരിക്കുമ്പോൾ മാന്യത പാലിക്കണമെന്ന് സംഘടന ഓർമിപ്പിച്ചു. ഇന്ദിരാഗാന്ധി, ജയലളിത തുടങ്ങിയ ശക്തരായ വനിതാനേതാക്കളുടെ മാതൃകകൾ രാഷ്ട്രീയത്തിലുള്ളപ്പോൾ, സിനിമാമേഖലയിലെ സ്ത്രീകളെ ഇത്തരത്തിൽ തരംതാഴ്ത്തി സംസാരിക്കുന്നത് എന്ത് രാഷ്ട്രീയമര്യാദയാണെന്ന് സംഘടന ചോദിച്ചു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജനസന്പർക്ക പരിപാടിയെ വിമർശിക്കുന്നതിനിടെ നടി നയൻതാരയെ പരാമർശിച്ചുള്ള എഐഎഡിഎംകെ നേതാവും ലോക്സഭാംഗവുമായ സിവീ ഷൺമുഖത്തിന്റെ പരാമർശം വിവാദമായി.
എംപിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിവിധ കോണുകളിൽനിന്ന് വ്യാപക വിമർശനമാണുയരുന്നത്.
സര്ക്കാരിനെതിരേ പ്രതിപക്ഷമായ എഐഎഡിഎംകെ വിഴുപ്പുറത്തു നടത്തിയ സമ്മേളനത്തിലായിരുന്നു ഷണ്മുഖത്തിന്റെ വിവാദ പരാമര്ശം. സർക്കാരിന്റെ സന്നദ്ധസംഘങ്ങൾ വീടുകള് സന്ദര്ശിച്ച് ജനങ്ങളുടെ ആവശ്യങ്ങളും നിര്ദേശങ്ങളും ശേഖരിക്കുന്ന ‘നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ’ എന്ന പദ്ധതിയെപ്പറ്റി പരിഹസിച്ച്, “എനിക്കു നയൻതാരയെ വേണം, താങ്കൾ നടപ്പാക്കിത്തരുമോ? നയൻതാരയെ വിവാഹം കഴിക്കണമെന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ മുഖ്യമന്ത്രി അത് യാഥാർത്ഥ്യമാക്കുമോ” എന്നാണു മുൻ കൃഷി മന്ത്രികൂടിയായ ഷൺമുഖം ചോദിച്ചത്.
ഡിഎംകെ വക്താവ് ഡോ. സയദ് ഹഫീസുല്ല ഉൾപ്പെടെ ഷൺമുഖത്തെ രൂക്ഷമായ ഭാഷയിലാണു വിമർശിച്ചത്. സര്ക്കാര് നയങ്ങളെ വിമര്ശിക്കാം, എന്നാല് സ്ത്രീകളെ അശ്ലീലമായി അധിക്ഷേപിക്കരുതെന്നും നയന്താരയെ അപമാനിച്ചതിലൂടെ അദ്ദേഹം എല്ലാ സ്ത്രീകളെയുമാണ് അപമാനിച്ചതെന്നും എഐഎഡിഎംകെ നേതൃത്വം കർക്കശ നടപടി വേണമെന്നും സയദ് ഹഫീസുല്ല ആവശ്യപ്പെട്ടു.
Movies
തമിഴ് സിനിമാ ലോകത്ത് ‘ലേഡി സൂപ്പർ സ്റ്റാർ' എന്നറിയപ്പെടുന്ന നടി നയൻതാര തന്റെ ആഡംബര ജീവിതശൈലിയിലൂടെ വീണ്ടും ശ്രദ്ധ ആകർഷിക്കുകയാണ്. ചെന്നൈയിലെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ പോയസ് ഗാർഡൻ പ്രദേശത്ത് ഒരു ആഡംബര അപ്പാർട്ട്മെന്റ് അവര് സ്വന്തമാക്കിയതായി പുതിയ റിപ്പോർട്ടുകൾ.
ഈ അപ്പാർട്ട്മെന്റിന് ഏകദേശം 31.5 കോടി രൂപ വിലമതിക്കുമെന്നു പറയപ്പെടുന്നു. നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്നാണ് അപ്പാർട്ട്മെന്റ് വാങ്ങിയത്.
ചെന്നൈയിലെ സെലിബ്രിറ്റികളുടെ ഇഷ്ടകേന്ദ്രമായ പോയസ് ഗാർഡനിലെ പുതിയ വീട് സിനിമാ ആരാധകർക്കിടയിൽ ഒരു പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
തമിഴ്നാട്ടിലെ രാഷ്ട്രീയ, സിനിമാ മേഖലകളിലെ നിരവധി പ്രമുഖർ താമസിച്ചിരുന്നതും ഇപ്പോഴും താമസിക്കുന്നതുമായ സ്ഥലമാണിത്. സൂപ്പർസ്റ്റാർ രജനികാന്ത്, അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിത, നടൻ ധനുഷ് എന്നിവരുടെയെല്ലാം വസതികളാൽ പ്രശസ്തമാണ് പോയസ് ഗാർഡൻ.
നയൻതാര വാങ്ങിയ ഈ വീട് ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ്. അതായത്, ഒരൊറ്റ വീടിനുള്ളിൽ രണ്ട് നിലകൾ ഉൾക്കൊള്ളുന്ന നിർമിതിയാണിത്.
മൊത്തം 14,369 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ ഭവനമാണിത്. നയൻതാരയും വിഘ്നേഷ് ശിവനും ഈ വീടിന്റെ ഉടമസ്ഥാവകാശം പങ്കിടുന്നുണ്ട്. രേഖകൾ പ്രകാരം, 90 ശതമാനം ഉടമസ്ഥാവകാശം നയൻതാരയ്ക്കും ശേഷിക്കുന്ന പത്തു ശതമാനം വിഘ്നേഷിനുമാണ്.
ഈ അപ്പാർട്ട്മെന്റിനൊപ്പം എട്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുതിയ വീട് വാങ്ങിയതിലൂടെ നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികളുടെ മൊത്തം റിയൽ എസ്റ്റേറ്റ് ആസ്തി 100 കോടി മുതൽ 120 കോടി രൂപ വരെയായിരിക്കാമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
നേരത്തെ, ചെന്നൈയിലെ ആൾവാർപേട്ടിൽ 7,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വലിയ ബംഗ്ലാവ് നയൻതാരയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. ഈ വീട് അവർ ഇപ്പോൾ ഒരു സ്റ്റുഡിയോ ആക്കി മാറ്റിയതായും വിവരങ്ങളുണ്ട്. ചെന്നൈയിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും നയൻതാരയ്ക്ക് നിരവധി സ്വത്തുക്കളുണ്ട്.
Movies
ഗീതു മോഹൻദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ടോക്സിക് ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. കെജിഎഫ്: 2-ന് ശേഷം യാഷിന്റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ചിത്രത്തെ ആഘോഷമാക്കുന്നത്.
ടോക്സിക്കിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ഇതുവരെ കാണാത്ത നയൻസ് എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
ഗംഗ എന്ന കഥാപാത്രത്തെയാണ് ലേഡി സൂപ്പർസ്റ്റാർ അവതരിപ്പിക്കുന്നത്. ബുധനാഴ്ച പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ നയൻതാര ശക്തവും ഗൗരവമുള്ള ലുക്കിലാണ്. വലിയ കാസിനോയുടെ പ്രവേശന കവാടത്തിൽ തോക്കുമായി നിൽക്കുന്നതാണ് പോസ്റ്ററിൽ. ശക്തയും നിർഭയയുമായ സ്ത്രീയാണ് ഗംഗ. നയൻതാരയുടെ ഇതുവരെയുള്ള കരിയറിൽനിന്നു വ്യത്യസ്തമായ രീതിയിൽ ടോക്സിക്കിൽ അവതരിപ്പിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് ചിത്രത്തിന്റെ സംവിധായക ഗീതു മോഹൻദാസ് പറഞ്ഞു.
ഗീതു മോഹൻദാസിന്റെ വാക്കുകൾ: നമ്മളെല്ലാവരും നയൻതാരയുടെ നിരവധി കഥാപാത്രങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, ടോക്സിക്കിൽ നിശബ്ദമായി, പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്ന പ്രതിഭയെ പ്രേക്ഷകർ കാണും. നയൻതാരയെ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. അതേസമയം, ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ, അവരുടെ സ്വന്തം വ്യക്തിത്വം കഥാപാത്രത്തിന്റെ ആത്മാവിനെ എത്രത്തോളം സ്വാധീനിച്ചുവെന്ന് എനിക്കു ബോധ്യപ്പെട്ടു- ഗീതു പറഞ്ഞു.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇതിനോടകം പുറത്തുവിട്ടിരുന്നു. കിയാര അദ്വാനിയെ നാദിയ എന്ന പേരിലും ഹുമ ഖുറേഷിയെ എലിസബത്ത് എന്ന പേരിലുമാണ് നേരത്തെ പരിചയപ്പെടുത്തിയത്. കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രം നിർമിക്കുന്നത്. നിരവധി ഇന്ത്യൻ ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറുകളിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രാഹണം രാജവ് രവി, സംഗീതം രവി ബസ്രു, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി. 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും