Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷൽ അലോട്ട്മെന്റിനുവേണ്ടി ബിടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും ഓൺലൈൻ ഓപ്ഷൻ സമർപ്പണം www.lbscentre. kerala.gov.in വഴി 2026 ജൂലൈ 24 വരെ ചെയ്യാം.
Kerala
ചങ്ങനാശേരി: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠിച്ചാണ് ജോഹാന്‍ ജോബ് നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തിൽ 69-ാം റാങ്ക് നേടിയത്. ബംഗളൂരു സ്വദേശിയായ ജോഹാന്‍ ജോബ് മൂന്നുവര്‍ഷമായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലാണ് പരിശീലനം നേടിയത്.
ബംഗളൂരു പ്രസിഡന്‍സി സ്കൂളാണ് പ്ലസ് ടൂവരെ പഠനം നടത്തിയത്. ക്ലാസുകളെല്ലാം ഓണ്‍ലൈനിലൂടെയാണ് അറ്റൻഡ് ചെയ്തത്. പരീക്ഷകള്‍ ബംഗളൂരിലെ ഓഫ്ലൈന് സെന്ററിലെത്തി എഴുതുകയായിരുന്നു. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ 98.4 ശതമാനം മാര്‍ക്ക് വാങ്ങി സ്കൂള്‍ ടോപ്പറായാണ് വിജയം നേടിയത്.
ബംഗളൂരു വിപ്രോയില്‍ സെയില്‍സ് മാനേജരായ ചങ്ങനാശേരി വാഴപ്പള്ളി മതുമൂല തോട്ടാശേരി ജോബ് കെ. ജോസ്-ആന്‍ നീതു ദമ്പതിമാരുടെ മകനാണ് ജോഹാന്‍ ജോബ്. ബംഗളൂരു പ്രസിഡന്‍സി സ്കൂള്‍ അധ്യാപികയാണ് ആന്‍ നീതു. ഏകസഹോദരന് റയാന് ഇതേ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.
National
ചെന്നൈ: സ്വപ്നതുല്യമായ ഒരു അപൂർവ നിമിഷത്തിനാണ് ഐഐടി മദ്രാസിന്റെ കഴിഞ്ഞ ശനിയാഴ്ച നടന്ന ബിരുദദാന വേദി സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് സ്വദേശിനിയായ 45കാരി ജിഗീഷ ടെയ്ലറും മകൻ 21കാരനായ ആദിത്യ കപാഡിയയും ഒരേ ഓൺലൈൻ ഡാറ്റാ സയൻസ് പ്രോഗ്രാം ഒരുമിച്ച് പൂർത്തിയാക്കി ഒരേ വേദിയിൽ വച്ച് ബിരുദം ഏറ്റുവാങ്ങി.
ഓൺലൈൻ ‘ബിഎസ് ഇൻ ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്’ എന്ന പ്രോഗ്രാമിലാണ് അമ്മയും മകനും പഠിച്ചതെങ്കിലും ഒരുമിച്ച് ബിരുദം വാങ്ങാൻ സാധിക്കുമെന്ന് ഇരുവരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ബിരുദദാന ചടങ്ങിനു മുന്നോടിയായി നടന്ന അത്താഴവിരുന്നിനിടെയാണ് ഇവരുടെ അപൂർവകഥ സഹപാഠികൾ അറിയുന്നത്. തുടർന്ന് അവരുടെ പ്രത്യേക താത്പര്യപ്രകാരം ചടങ്ങിൽ അമ്മയെയും മകനെയും ഒരുമിച്ച് വേദിയിലേക്കു ക്ഷണിക്കുകയായിരുന്നു. ജിഗീഷ തന്റെ ഡിപ്ലോമ സർട്ടിഫിക്കറ്റും ആദിത്യ തന്റെ ബിഎസ് ബിരുദവും ഒരേസമയം വേദിയിൽനിന്ന് ഏറ്റുവാങ്ങി.
ഗുജറാത്തിലെ ബറൂച്ചിലുള്ള എൻജിനിയറിംഗ് കോളജിൽ 16 വർഷത്തോളം ഇലക്ട്രോണിക്സ് അധ്യാപികയായിരുന്നു ജിഗീഷ. എന്നാൽ 2019ൽ കുടുംബപരമായ ഉത്തരവാദിത്വങ്ങൾ കൂടിയപ്പോൾ അവർക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. മൂന്നു വർഷത്തിനുശേഷം പഠനത്തിലേക്കു മടങ്ങിവരാൻ ജിഗീഷയ്ക്കു പ്രചോദനമായത് മകൻ ആദിത്യയാണ്.
കോവിഡ് കാലത്ത് തന്റെ 18-ാം വയസിലാണ് ആദിത്യ ഈ ഓൺലൈൻ കോഴ്സിൽ ചേരുന്നത്. ലോക്ക്ഡൗൺ ആയതിനാൽ പ്രശസ്തമായ ഏതു യൂണിവേഴ്സിറ്റിയിൽ ചേർന്നാലും ഓൺലൈൻ പഠനമേ സാധ്യമാകൂവെന്നതിനാലാണ് ഡാറ്റാ സയൻസിലും ആർട്ടിഫിഷൽ ഇന്റലിജൻസിലും താത്പര്യമുള്ള ആദിത്യ ഈ വഴി തെരഞ്ഞെടുത്തത്.
ഐഐടി മദ്രാസിന്റെ കോഴ്സ് ചെയ്യുന്നതിനൊപ്പം തന്നെ ആദിത്യ അഹമ്മദാബാദിലെ ഒരു കോളജിൽ ഡിപ്ലോമ പഠനത്തിനും ചേർന്നിരുന്നു. എന്നാൽ പിന്നീട്, ഐഐടി മദ്രാസ് സെനറ്റ് ഈ ബിഎസ് ബിരുദത്തെ നാലു വർഷത്തെ റെഗുലർ പ്രോഗ്രാമിനു തുല്യമായി അംഗീകരിച്ചതോടെ ആദിത്യ ഡിപ്ലോമ കോഴ്സ് ഉപേക്ഷിക്കുകയും ഐഐടി മദ്രാസിലെ പഠനവുമായി മാത്രം മുന്നോട്ട് പോകാൻ തീരുമാനിക്കുകയുമായിരുന്നു.
മകൻ വീട്ടിലിരുന്ന് സ്റ്റാറ്റിസ്റ്റിക്സും കംപ്യൂട്ടർ സിസ്റ്റവുമെല്ലാം പഠിക്കുന്നത് കണ്ട ജിഗീഷയ്ക്കും വിഷയങ്ങളോട് കൗതുകം തോന്നി. മകന്റെ നിർബന്ധത്തിനു വഴങ്ങി 2022ന്റെ അവസാനത്തോടെ ജിഗീഷയും കോഴ്സിൽ ചേർന്നു. ഇതോടെ ആദിത്യ അമ്മയുടെ സഹപാഠിയും മികച്ച പഠനപങ്കാളിയുമായി മാറി.
വീട്ടുജോലികൾക്കിടയിലും പുലർച്ചെ 4.30ന് എഴുന്നേറ്റ് പഠിച്ചായിരുന്നു ജിഗീഷയുടെ വിജയം. പഠനകാലത്ത് ഇരുവരും തമ്മിൽ ഉയർന്ന ഗ്രേഡുകൾ നേടാൻ ആരോഗ്യകരമായ മത്സരവുമുണ്ടായിരുന്നു.
2024ൽ കോഴ്സ് പൂർത്തിയാക്കിയ ആദിത്യക്ക് നിലവിൽ സിൻജെന്റെ എന്ന കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റായി ജോലി ലഭിച്ചു. ജിഗീഷയും കോഴ്സ് പൂർത്തിയാക്കിയെങ്കിലും ഇളയ മകൻ 12-ാം ക്ലാസിൽ പഠിക്കുന്നതിനാൽ അവന്റെ പഠനത്തെ പിന്തുണയ്ക്കാനായി തത്കാലം ജോലി അന്വേഷണം മാറ്റിവച്ചിരിക്കുകയാണ്.
വീണ്ടും അധ്യാപനരംഗത്തേക്കുതന്നെ മടങ്ങിവരാനാണ് അവരുടെ ആഗ്രഹം. അമ്മ പഠനത്തിലേക്കു തിരികെവന്നത് തനിക്കു വലിയൊരു പ്രചോദനമാണെന്നും ഈ യാത്ര തങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കിയെന്നും ആദിത്യ പറഞ്ഞു.
University News
കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തിലെ എംഎഡ് കോഴ്സിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുനരാരംഭിച്ചു. നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത എല്ലാ വിദ്യാർഥികൾക്കും (General/Reservation/ Management/PWD ഉൾപ്പെടെ എട്ടുവരെ ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം.
പ്രസ്തുത കോഴ്സിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 10/07/2026-ന് കേരള സർവകലാശാല സെനറ്റ് ഹാൾ, പാളയം, തിരുവനന്തപുരം വച്ച് നടത്തും. വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (Graduates of other Universities), Non Creamy Layer Certificate (for SEBC Candidates), കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (SC, ST Candidates) EWS സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (for Differently Abled Candidates), മറ്റ് യോഗ്യത
തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് അനുമതിപത്രം (authorization letter) നൽകി പ്രതിനിധിയെ അയയ്ക്കാം. അഡ്മിഷൻ സംബന്ധിച്ചുള്ള അതാത് സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും ശ്രദ്ധിക്കേണ്ടതാണ്. (https://admissions.keralauniversity.ac.in). ഹെൽപ്പ് ലൈൻ നമ്പർ : 8281883053 (Whatsapp also), ഇമെയിൽ : [email protected]
ഒന്നാം വർഷ ബിരുദാനന്തര ബിരുദ/ബിഎഡ് പ്രവേശനം
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ
ബിരുദാനന്തര ബിരുദ/ബിഎഡ് കോഴ്സുകളിലെ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. സ്പോർട്സ് ക്വാട്ട ഓപ്ഷൻ നൽകിയ വിദ്യാർഥികൾക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് (https://admissions.keralauniversity.ac.in വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം. സർട്ടിഫിക്കറ്റ് “Reject” ആയ വിദ്യാർഥികൾക്ക്, നിലവിൽ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് 08.07.2026 വരെ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യാം.
നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുന്ന പരാതികൾ പരിഗണിച്ചതിന് ശേഷം ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 08.07.2026 ന് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല. പരാതികൾ സർവകലാശാലയിലേക്ക് നേരിട്ടോ ഇ-മെയിൽ മുഖേനയോ അയയ്ക്കേണ്ടതില്ല. ഹെൽപ്പ് ലൈൻ നമ്പർ : 8281883052
(Whatsapp also),
പരീക്ഷാഫലം
2026 ജനുവരി മാസത്തിലെ നോട്ടിഫിക്കേഷൻ പ്രകാരം നടത്തിയ ഒന്ന് രണ്ട് സെമസ്റ്റർ എംഎ ഹിന്ദി (വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി 2026 ജൂലൈ 15. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2026 ഏപ്രിലിൽ നടത്തിയ എംപിഇഎസ് (2020 സ്കീം)
നാലാം സെമസ്റ്റർ (റെഗുലർ & സപ്ലിമെൻ്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
2026 ജൂലൈ 01, 03 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന ഒന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി (2001, 2013, 2016 & 2020 സ്കീം), ഏപ്രിൽ 2026 പരീക്ഷകൾ യഥാക്രമം 2026 ജൂലൈ 08, 10 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. മറ്റ് പരീക്ഷകൾക്കോ, പരീക്ഷാ കേന്ദ്രത്തിനോ മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (UIMs) എംബിഎ (ഫുൾടൈം) കോഴ്സിലേക്കുള്ള 2026-27 വർഷത്തെ സെക്കൻഡ് ഫേസ് പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗൺസിലിംഗ് 08 ന് 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ കേരള കാര്യവട്ടം തിരുവനന്തപുരം ക്യാമ്പസിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐഎംകെ), സിഎസ്എസ് സ്കീമിൽ നടത്തുന്ന വിവിധ എംബിഎ കോഴ്സുകളിലേക്ക് 2026-2028 ബാച്ച് പ്രവേശനത്തിന് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് നാളെ രാവിലെ 11 മണി മുതൽ, കാര്യവട്ടം ഐഎംകെ യിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും.
PROGRAMME CATEGORIES VACANCIES
MBA General ST 2
MBA Shipping Logistics BPL (EWS) 1
SC 1
ST 1
MBA Travel & Tourism BPL (EWS) 4
SC 2
ST 2
സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഫീസ്
ജനറൽ വിഭാഗത്തിന് : ₹1000/- (ആയിരം രൂപ)
SC/ST വിഭാഗത്തിന് : ₹500/- (അഞ്ഞൂറ് രൂപ)
സംസ്കൃത വിഭാഗത്തിൽ എംഎ സംസ്കൃതം കോഴ്സിന്
ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സർവകലാശാല കാര്യവട്ടം ക്യാമ്പസ്സിലുള്ള സംസ്കൃത വിഭാഗത്തിൽ 09 ന് രാവിലെ 10.30 ന് ഹാജരാകണം.
പിഎച്ച്.ഡി. കോഴ്സ് വർക്ക് പരീക്ഷ – പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ ക്ഷണിച്ചു
2026 മാർച്ചിൽ നടത്തിയ Ph.D. കോഴ്സ് വർക്ക് പരീക്ഷയുടെ (ഡിസംബർ 2025 സെഷൻ) ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 10. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി, ജൂൺ 2026 (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ) ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റെഗുലർ ബിടെക് (2013 സ്കീം) അഞ്ചാം സെമസ്റ്റർ
കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം) - മൂന്നാം സെമസ്റ്റർ - ജൂൺ 2026 മേഴ്സിചാൻസ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂലൈ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) ഡിഗ്രി പരീക്ഷയുടെയും, 14 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) ഡിഗ്രി പരീക്ഷയുടെയും ടൈംടേബിൾ
പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിച്ചു
മാവേലിക്കര രാജാ രവി വർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിൽ നടത്തി വരുന്ന മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 2026-27 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി 22. പ്രവേശന പരീക്ഷ ഓഗസ്റ്റ് 06 നും അഭിമുഖം 2026 ഓഗസ്റ്റ് 18 നും, ക്ലാസ്സുകൾ 2026 സെപ്റ്റംബർ 02 നും ആരംഭിക്കും.
Education
തിരുവനന്തപുരം: 2026 ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് നാറ്റാ സ്കോറും, യോഗ്യത പരീക്ഷയിൽ (പ്ലസ്ടു/ ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാർക്കും ഓൺലൈനായി സമർപ്പിക്കുന്നതിനും അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനും ഇന്നു രാത്രി 11.59 വരെ വെബ്സൈറ്റിൽ സൗകര്യം ലഭ്യമാണ്.
വെബ്സൈറ്റ് വഴി യഥാസമയം നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA-2025/2026) പരീക്ഷയിൽ ലഭിച്ച സ്കോറും, യോഗ്യത പരീക്ഷയിൽ (പ്ലസ്ടു/ ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാർക്കും സമർപ്പിക്കാത്ത വിദ്യാർഥികളെയും ആവശ്യമായ രേഖകൾ upload ചെയ്യാത്തവരെയും 2025/ 2026-ലെ NATA യോഗ്യത നേടാത്തവരെയും ആർക്കിടെക്ചർ പ്രവേശനത്തിനുള്ള റാങ്കിന് പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120.
Tech
ജക്കാർത്ത: രാജ്യത്ത് കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ടിക് ടോക്കും യൂട്യൂബും ഇന്തോനേഷ്യയിൽ പുതിയ നടപടി സ്വീകരിച്ചു. 16 വയസിൽ താഴെയുള്ള കുട്ടികൾ ഉപയോഗിച്ചിരുന്ന 47 ലക്ഷത്തോളം അക്കൗണ്ടുകളാണ് ഇരു കമ്പനികളും ചേർന്ന് റദ്ദാക്കിയത്.
ഇന്തോനേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ മന്ത്രി മെയുട്ടിയ ഹാഫിദാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. നീക്കം ചെയ്തവയിൽ ഭൂരിഭാഗവും ടിക് ടോക്കിൽ നിന്നുള്ള അക്കൗണ്ടുകളാണ്. ഏകദേശം 41 ലക്ഷം അക്കൗണ്ടുകൾ. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് 6 ലക്ഷത്തോളം അക്കൗണ്ടുകൾ നീക്കം ചെയ്തു.
കുട്ടികൾക്കിടയിലെ സൈബർ ഭീഷണി , അമിതമായ സ്ക്രീൻ സമയം, ഡിജിറ്റൽ അഡിക്ഷൻ എന്നിവ തടയുന്നതിനായി ഈ വർഷം മാർച്ചിലാണ് ഇന്തോനേഷ്യ പുതിയ നിയമം കൊണ്ടുവന്നത്. നിയമപ്രകാരം ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്ന പ്ലാറ്റ്ഫോമുകൾ പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ കണ്ടെത്തി അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ബാധ്യസ്ഥരാണ്. ടിക് ടോക്, എക്സ് , ഇൻസ്റ്റാഗ്രാം, റോബ്ലോക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് ഈ നിയമം ബാധകമാണ്.
Kerala
ചെങ്ങന്നൂർ: അധ്യാപക പരിശീലനത്തിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലുണ്ടായിരുന്ന സാങ്കേതിക തകരാറുകൾ പരിഹരിച്ചതായി അധികൃതർ അറിയിച്ചു.
ഇതോടൊപ്പം, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 18 വരെ നീട്ടി. വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെ, ഇതാദ്യമായി പൂർണമായും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ നിർദേശം നൽകിയിരുന്നു.
എന്നാൽ, പ്രൊഫൈൽ നിർമിച്ച ശേഷം ആധാർ വിവരങ്ങൾ ബന്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ആധാർ ഇതിനകം രേഖപ്പെടുത്തിയിരിക്കുന്നു എന്ന സന്ദേശം സ്ക്രീനിൽ തെളിയുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു.
ഇതേത്തുടർന്ന് അപേക്ഷ സമർപ്പിക്കാനാവാതെ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്കയിലായിരുന്നത്.
Kerala
കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ പേരിൽ തട്ടിപ്പ് നടത്തിയ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് വിവരം.
എറണാകുളം സ്വദേശികളായ ദിൽന അഞ്ചു, അഭിഷേക്, ജോഷി ജോർജ് എന്നിവർക്കെതിരെയാണ് കേസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കേസ് എടുത്തത്. ഡിസംബർ 20 മുതൽ മേയ് 30 വരെ പല തവണകളായി 97 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ഷെയര്‍ ട്രേഡിംഗ് നടത്തിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്നും അതിനാവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പരാതികള്‍ ഉയർന്നുവരുന്നുണ്ട്.
Education
തിരുവനന്തപുരം: 2026 ലെ എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ, അവർക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കണം.
മാർക്ക് ഓൺലൈനായി സമർപ്പിക്കുന്നതിന് ഏഴിനു വൈകുന്നേരം ആറുവരെ വെബ്സൈറ്റിൽ സൗകര്യം ലഭ്യമാകും.
വെബ്സൈറ്റ് വഴി യഥാസമയം യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ സമർപ്പിക്കാത്ത വിദ്യാർഥികളെ 2026 ലെ എൻജിനിയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ.
National
മുംബൈ: ഓൺലൈനിൽ 299 രൂപയ്ക്ക് ചുരിദാർ വാങ്ങാൻശ്രമിച്ച യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് തട്ടിപ്പിന് ഇരയായത്.
ഫേസ്ബുക്കിൽ കണ്ട ആകർഷകമായ വസ്ത്രത്തിന്റെ പരസ്യം കണ്ടാണ് നഴ്സ് അത് വാങ്ങാൻ തീരുമാനിച്ചത്. കേവലം 299 രൂപയ്ക്ക് വസ്ത്രം നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ഓർഡർ നൽകിയ നഴ്സിനെ വാട്സ്ആപ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പുകാർ വലയിലാക്കിയത്.
വസ്ത്രത്തിന്റെ വിലയ്ക്ക് പുറമെ ഷിപ്പിംഗ് ചാർജ്, ജിപിഎസ് ചാർജ്, ട്രാക്കിംഗ് ഫീ തുടങ്ങിയ വിവിധ പേരുകൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണമയച്ചാൽ അത് പിന്നീട് റീഫണ്ട് ചെയ്യുമെന്നും ഓർഡർ ഉടൻ കൈപ്പറ്റാമെന്നും പറഞ്ഞ് തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചു.
ഏപ്രിൽ 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങൾക്കിടയിൽ പല ഘട്ടങ്ങളിലായാണ് ഒരു ലക്ഷം രൂപ യുവതിയിൽ നിന്ന് തട്ടിയത്. തുടർച്ചയായി പണം നൽകിയിട്ടും ഓർഡർ ലഭിക്കാതെ വരികയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് താൻ ചതിക്കപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് ദിയോണർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
ഫേസ്ബുക്ക് പരസ്യം, വാട്സ്ആപ് നമ്പർ, വ്യാജ ഡെലിവറി ഏജന്റ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരം വ്യാജ സൈറ്റുകളെയും വാഗ്ദാനങ്ങളെയും കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശിച്ചു.
Kerala
കൊച്ചി: സ്റ്റാഫിനെ നൽകാം എന്ന വാഗ്ദാനവുമായി വ്യാജ ഏജൻസികളുടെ പേരിൽ വ്യാപാരികളെയും ഹോട്ടൽ/റസ്റ്ററന്റ് ഉടമകളെയും ചെറുകിട സംരംഭകരെയും ലക്ഷ്യംവച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ, വ്യാജ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ്.
തട്ടിപ്പുകാർ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ പേരിൽ വാട്സ്ആപ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാപാരികളുമായി ബന്ധപ്പെടുന്നു.
രജിസ്റ്റർ ചെയ്ത പരാതികളിൽ ‘SKAN Crew or SKAN’ നെക്സസ് എന്നീ സ്ഥാപനങ്ങളുടെ പേരാണ് തട്ടിപ്പുകാർ ഉപയോഗിച്ചിരിക്കുന്നത്.
വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ ആവശ്യമായ ജീവനക്കാരെ ജോലിക്കായി എത്തിക്കാമെന്ന് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യും. വിശ്വാസം നേടുന്നതിനായി വ്യാജ കരാറുകൾ, മാർഗനിർദേശങ്ങൾ, മറ്റ് രേഖകൾ എന്നിവ പങ്കുവയ്ക്കുകയും ചെയ്യും.
തുടർന്ന് അഡ്വാൻസ് ഫീസ്, യാത്രച്ചെലവ് തുടങ്ങിയ വ്യാജ കാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടും. പണം ലഭിച്ചതിനുശേഷം വിവിധ കാരണങ്ങൾ പറഞ്ഞു കാലതാമസം ഉണ്ടാക്കുകയും ഒടുവിൽ വാഗ്ദാനം നൽകിയ സേവനങ്ങൾ നൽകാതെ കടന്നുകളയുകയും ചെയ്യും.
ഇവ ശ്രദ്ധിക്കാം
Kerala
കോഴിക്കോട്: സാക്ഷികള്‍ നേരിട്ടു കോടതിയില്‍ ഹാജരാകുന്നതു മൂലമുണ്ടാകുന്ന കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ നടപടി. സര്‍ക്കാര്‍ ആശുപത്രികള്‍, ജയിലുകള്‍, ക്ഷേമകേന്ദ്രങ്ങള്‍, വിദേശ എംബസികള്‍, ഹൈകമ്മീഷനുകള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങളെ സാക്ഷികളെ ഓണ്‍ലൈനായി വിസ്തരിക്കാന്‍ കഴിയുന്ന പ്രത്യേക കേന്ദ്രങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ ഭാഗമായി കോടതി നടപടികളില്‍ ഓഡിയോ-വീഡിയോ സംവിധാനങ്ങളിലൂടെ സാക്ഷികളെ വിസ്തരിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളെ ‘ഡെസിഗ്നേറ്റഡ് പ്ലേസസ്’ ആയിട്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് സാക്ഷികള്‍ക്കും പ്രതിഭാഗം സാക്ഷികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം.
സംസ്ഥാനത്തെ മുഴുവന്‍ കോടതികളിലെയും റിമോട്ട് പോയിന്റ് സെന്ററുകള്‍, വള്‍നറബിള്‍ വിറ്റ്നസ് ഡെപ്പോസിഷന്‍ സെന്ററുകള്‍, നിയമ സഹായ കേന്ദ്രങ്ങളായ കെല്‍സ, ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റി, ജില്ലാ-താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഫോറന്‍സിക് ലാബുകള്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, ജയിലുകള്‍, തിരുത്തല്‍ കേന്ദ്രങ്ങള്‍, ക്ഷേമ കേന്ദ്രങ്ങളായ മഹിളാ മന്ദിരങ്ങള്‍, സംരക്ഷണ കേന്ദ്രങ്ങള്‍, ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍, വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍, ഹൈക്കമ്മീഷനുകള്‍, കോണ്‍സുലേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ വിസ്താരത്തിനായി ഉപയോഗിക്കാം.
ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഉണ്ടെന്നു കോടതിക്ക് ബോധ്യപ്പെട്ടാല്‍ അവിടെയും വിസ്താരത്തിന് അനുമതി നല്‍കും. എന്നാല്‍, അന്വേഷണ ഏജന്‍സിയുമായോ കേസുമായോ നേരിട്ടു ബന്ധമുള്ള ഓഫീസുകളെ ഈ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
Kerala
പരവൂര്‍: ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പൂര്‍ണമായും ഡിജിറ്റല്‍ യുഗത്തിലേക്ക് മാറുന്നു. രാജ്യത്തെ ആകെ റിസര്‍വേഷന്‍ ടിക്കറ്റുകളില്‍ 88 ശതമാനവും ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് നടക്കുന്നത്.
റെയില്‍വേയുടെ പുതിയ സംയോജിത മൊബൈല്‍ ആപ്ലിക്കേഷനായ ‘റെയില്‍ വണ്‍ ‘ ചുരുങ്ങിയ കാലയളവിനുള്ളില്‍ വന്‍ വിജയമായതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം.
ഐആര്‍സിടിസി വെബ്സൈറ്റും ആപ്പും വഴിയുള്ള ബുക്കിംഗും ഇതിന് പുറമെ സജീവമായി തുടരുന്നു.
ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്കൊപ്പം സാധാരണക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിനായി വിവിധ ഏജന്റുമാരെയും റെയില്‍വേ നിയമിച്ചിട്ടുണ്ട്. ഹാള്‍ട്ട് ഏജന്റുമാര്‍, ജന്‍ സാധാരണ് ടിക്കറ്റ് ബുക്കിംഗ് സേവകര്‍, സ്റ്റേഷന് ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാര്‍ എന്നിവര്‍ വഴിയും ടിക്കറ്റുകള്‍ ലഭിക്കും. തൊഴിലില്ലാത്ത യുവാക്കള്‍ക്കും മറ്റും ഇത്തരം ഏജന്‍സി തസ്തികകളിലേക്ക് അപേക്ഷിക്കാം.
എന്നാല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ കൈകാര്യം ചെയ്യുന്ന യാത്രി ടിക്കറ്റ് സുവിധാ കേന്ദ്രങ്ങള്‍ക്ക് ഈ രംഗത്ത് ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. ടിക്കറ്റ് ബുക്കിംഗ് പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
ഇതുവരെ 2.57 കോടി ആളുകള്‍ റെയിൽവൺ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായും പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകള്‍ ഇതിലൂടെ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും റെയില്‍വേ അറിയിച്ചു.
റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ക്ക് പുറമെ അണ്റിസര്വ്ഡ് ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ഒരേ പ്ലാറ്റ്ഫോമില്‍ നിന്ന് തന്നെ ബുക്ക് ചെയ്യാം എന്നതാണ് റെയില്‍ വണ്‍ ആപ്പിന്റെ പ്രത്യേകത.
ട്രെയിന്‍ വിവരങ്ങള്‍ അറിയുന്നതിനും പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ‘റെയില്‍ മദദി’ല്‍ പരാതികള്‍ നല്‍കുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഈ ആപ്പില്‍ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Kerala
കൊല്ലം: സംസ്ഥാനത്ത് ആദ്യമായി കന്നുകാലി-വളര്‍ത്തുമൃഗ വ്യാപാരത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഏര്‍പ്പെടുത്തിയെന്നു മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി.
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ ‘ലാപ്ടോപ്പ്’ (ലൈവ്സ്റ്റോക്ക് ആന്‍ഡ് പെറ്റ്സ് ട്രേഡിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം) മൊബൈല്‍ ആപ്ലിക്കേഷന്റെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം പ്രസ് ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയെ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന വാങ്ങാന്‍ കഴിയുന്ന സംവിധാനമാണിത്. കര്‍ഷകര്‍ക്കും മൃഗങ്ങളെ വളര്‍ത്താന്‍ താത്പര്യപ്പെടുന്നവര്‍ക്കും സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
കന്നുകാലി വിപണനമേഖല ഡിജിറ്റലൈസ് ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണമുണ്ട്. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഇടയില്‍ സുരക്ഷിതവും സുതാര്യവുമായ ഇടപാടുകള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. വംശപരമ്പര, വാക്സിനേഷന്‍നില, ആരോഗ്യസര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ കര്‍ഷകര്‍ക്ക് കൃത്യമായ വിപണിഅധിഷ്ഠിത വില അറിയാനാകും.
വെബ് ആപ്ലിക്കേഷനായും ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയ മൊബൈല്‍ ആപ്ലിക്കേഷനായുമാണ് പ്രവര്‍ത്തനം. ആവശ്യാനുസരണം ഐഒഎസ് പതിപ്പും വികസിപ്പിക്കും. ഐഒഎസ് യൂസര്‍ക്ക് നിലവില്‍ വെബ് പ്ലാറ്റ്ഫോം വഴി ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
വില്പനക്കാര് മൃഗങ്ങളുടെ ഇനം, തരം, ആരോഗ്യ വിവരങ്ങള്‍, ഫോട്ടോ, വീഡിയോ, വാക്സിനേഷന് വിവരങ്ങള്‍, ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഏറ്റവും അടുത്തുള്ള കന്നുകാലികളെയും വളര്‍ത്തുമൃഗങ്ങളെയും വേഗത്തില്‍ കണ്ടെത്താനുള്ള സെര്‍ച്ച്-ഫില്‍റ്റര്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാരംഭഘട്ടത്തില്‍ പ്ലാറ്റ്ഫോം വഴിയുള്ള എല്ലാ സേവനങ്ങളും സൗജന്യമാണ്. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിനാണ് മേല്‍നോട്ടചുമതല.
National
ന്യൂഡൽഹി: വാഹനത്തിന്റെ ലോണ്‍ പൂർണമായും അടച്ചുതീർത്തശേഷം ആർസി ബുക്കിൽനിന്ന് വായ്പ നൽകിയ ഫിനാൻസ് കന്പനിയുടെ പേര് ഇനിമുതൽ ഓണ്‍ലൈനായി നീക്കം ചെയ്യാം. നേരത്തേ ട്രാൻസ്പോർട്ട് ഓഫീസ് മുഖേന നേരിട്ടുചെന്ന് നടത്തിയിരുന്ന രീതിയാണ് റോഡ് ഗതാഗത മന്ത്രാലയം മാറ്റിയത്.
ഒരു ദേശസാൽകൃത ബാങ്കിനെയും അഞ്ച് ബാങ്കിംഗ് ഇതര ധനകാര്യ കന്പനികളെയുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകാതെ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്താനാണ് നീക്കം. ആർബിഎയുടെ യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് (യുഎൽഎ) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
വാഹനത്തിന്റെ വായ്പ അടച്ചുതീർത്തശേഷം ആർസി ഉൾപ്പെടെയുള്ള വാഹന രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള കാലതാമസം ഇല്ലാതാക്കുന്നതിനും കൃത്യമായ രീതിയിൽ വായ്പ എടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ രീതി നടപ്പാക്കുന്നത്.
സാധാരണ ലോണ്‍ എടുത്ത് വാഹനം സ്വന്തമാക്കുന്പോൾ ലോണ്‍ നൽകിയ സ്ഥാപനത്തിന്റെ പേര് വാഹനത്തിന്റെ ആർസി ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും.
എന്നാൽ, ലോണ്‍ പൂർണമായും അടച്ച് തീർത്ത ശേഷവും വാഹനത്തിന്റെ രേഖയിൽ നിന്നും ആ പേര് നീക്കം ചെയ്യാറില്ല. വാഹനം വിൽപ്പനയ്ക്കും മറ്റും ചെല്ലുന്പോഴായിരിക്കും ഇത്തരമൊരു കാര്യം ഉടമയുടെ ശ്രദ്ധയിൽ പെടുന്നത്. ഈ പ്രശ്നങ്ങളുടെയെല്ലാം പരിഹാരമാണ് പുതിയ സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നത്.
NRI
റോം: യൂറോപ്പില്‍ പഠിക്കുന്ന ആറ് മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ഇംഗ്ലീഷ് പഠന കോഴ്സിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് നടക്കും.
ഇറ്റാലിയന്‍ മലയാളി അസോസിയേഷന്റെ (ഐടിഎംഎ) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കോഴ്സിന്റെ ഉദ്ഘാടനം വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ മാധ്യമപ്രവർത്തകൻ ജോസ് കുമ്പിളുവേലില്‍(ജര്‍മനി) നിര്‍വഹിക്കും.
ചടങ്ങില്‍ ഇറ്റാലിയന്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് അഡ്വ. തോമസ് കുര്യന് അധ്യക്ഷത വഹിക്കും. എഡ്യൂക്കേഷണല്‍ സൊസൈറ്റി കണ്‍വീനര്‍ ആന്റണി ജോണി സ്വാഗതം ആശംസിക്കും.
ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
National
കോൽക്കത്ത: വൻ വിവാദങ്ങൾക്ക് വഴിവച്ച കേരള സ്റ്റോറി-2ന്റെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കവേ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് അണിയറ പ്രവർത്തകർ. പശ്ചിമ ബംഗാളിലെ തീയറ്ററിലാണ് ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്.
അതേസമയം, സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് വിധി പറയും. വ്യാഴാഴ്ച രാത്രിയിൽ അടിയന്തര വാദം കേട്ട ഡിവിഷന് ബെഞ്ച് അപ്പീല്‍ ഹര്‍ജി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു.
അപ്പീൽ അടിയന്തരമായി പരിഗണിച്ച സാഹചര്യത്തിൽ സിനിമയുടെ റിലീസ് ഇന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ വിധി പറയാൻ മാറ്റിയതോടെ റിലീസ് തീയതിയും മാറ്റി.
ജസ്റ്റീസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരി, പി.വി. ബാലകൃഷ്ണന് എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിംഗ് ചേര്‍ന്നായിരുന്നു അപ്പീല്‍ പരിഗണിച്ചത്.
ഇന്ന് റിലീസ് തീരുമാനിച്ചിരിക്കുന്നതിനാല്‍ അടിയന്തരമായി നിര്‍മാതാക്കള്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന് ബെഞ്ചിനെ സമീപിച്ചതിനാലാണു രാത്രി വൈകി സിറ്റിംഗ് നടത്തിയത്. എന്നാൽ, വിധി ചേംബറില്‍ പറയാമെന്നു പറഞ്ഞ് കോടതി പിരിഞ്ഞു.
15 ദിവസത്തേക്കു പ്രദര്‍ശനാനുമതി തടയാനും സെന്‍സര്‍ ബോര്‍ഡിനോട് വീണ്ടും സിനിമ കണ്ട് തീരുമാനമെടുക്കാനും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചിരുന്നു. എന്നാൽ സ്വകാര്യവ്യക്തികള്‍ നല്കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നും ഇത്തരമൊരു ഹര്‍ജി നല്കാന് അധികാരമില്ലെന്നും നിര്‍മാതാക്കള്‍ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടി.
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നിന്നും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് (2023 പ്രവേശനം) ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് 30- 01- 2026 മുതൽ സർവകലാശാല വെബ്സൈറ്റ് വഴി (www.kannuruniversity.ac.in) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് ഘടനയും അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങളും ഓൺലൈൻ പോർട്ടലിൽ ലഭ്യമാണ്.
ഇഇസി നാലാം ബാച്ച് പ്രവേശനം
ഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായി, കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് ഇംഗ്ലിഷ് പഠനവകുപ്പുമായി ചേർന്ന് താവക്കര കാന്പസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ് (ഇഇസി)സർട്ടിഫിക്കറ്റ് കോഴ്സിന്റെ നാലാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എച്ച്എസ്ഇ/ പ്ലസ് ടു. 4000 രൂപയാണ് കോഴ്സ് ഫീസ്: 02.02.2026 മുതൽ 16.02.2026 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി 18.02.2026 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. രണ്ടാം ശനിയാഴ്ചകൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലുമായി താവക്കര കാന്പസിലാണ് ക്ലാസുകൾ നടക്കുക. വിശദവിവരങ്ങൾ ക്ക് www.kannuruniversity.ac.in എന്ന സൈറ്റ് സന്ദർശിക്കുക.
University News
കാലിക്കട്ട് സർവകലാശാലയിൽ 2026 ഫെബ്രുവരി മുതൽ ഓൺലൈനായി എംഎ സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാൻ യുജിസി അനുമതി നൽകി. മാർച്ച് 31ന് മുൻപ് പ്രവേശന നടപടികൾ പൂർത്തീകരിച്ച് വിവരങ്ങൾ കൈമാറാനാണ് യുജിസി അറിയിച്ചിട്ടുള്ളത്. പ്രവേശന നടപടികൾ ഉടൻ തുടങ്ങുമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. വിദേശത്തുള്ളവർക്കും ജോലി ചെയ്യുന്നവർക്കും പഠിക്കാവുന്ന രീതിയിലായിരിക്കും പ്രോഗ്രാമുകൾ ആരംഭിക്കുക. യുജിസി നിബന്ധനകൾക്ക് വിധേയമായി റഗുലർ പ്രോഗ്രാമിന് തുല്യമാവും ഇത്. വിദ്യാർഥികൾക്ക് സൗകര്യമനുസരിച്ച് പഠനം ക്രമീകരിക്കാം. പ്രായപരിധിയില്ല. ഇന്റേണൽ എക്സ്റ്റേണൽ പരീക്ഷകൾ ഉൾപ്പെടെ എല്ലാ നടപടികളും ഓൺലൈനായിരിക്കും. ഒരു ഘട്ടത്തിലും വിദ്യാർഥികൾക്ക് സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല. അധ്യാപകരുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകും. ഓരോ പ്രോഗ്രാമുകളും രണ്ട് സ്കീമുകളായി തരം തിരിച്ചിട്ടുണ്ട്. പഠനം മുഴുവൻ ഓൺലൈനായും പരീക്ഷ മാത്രം സർവകലാശാലക്ക് കീഴിലുള്ള ലേണിംഗ് സപ്പോർട്ട് സെന്ററിലോ അഫിലിയേറ്റഡ് കോളജുകളിലോ വന്ന് എഴുതാവുന്നതാണ് ആദ്യ സ്കീം. പഠനവും പരീക്ഷയും മുഴുവനായി ഓൺലൈനിൽ നടത്തുന്നതാണ് രണ്ടാമത്തെ സ്കീം. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള സ്കീമിൽ പഠിക്കാം.
പൊസിഷൻ സർട്ടിഫിക്കറ്റ്
ബികോം, ബിബിഎ, ബിഎച്ച്എ (സിബിസിഎസ്എസ് - യുജി) 2022 പ്രവേശനം എഡബ്ല്യൂ സീരീസ് വിദ്യാർഥികളുടെ പൊസിഷൻ ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പൊസിഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത ഫീസടച്ച രസീത് സഹിതം ബികോം വിഭാഗത്തിൽ അപേക്ഷിക്കണം. ഫീസ്: 320 രൂപ. (തപാൽ ചാർജ്: 50 രൂപ).
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംഎസ്സി - സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി (സിസിഎസ്എസ് - 2024 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/.
DCL (Deepika Children’s League)
ശിശുദിനത്തോടനുബന്ധിച്ച് ഡിസി എല്ലും കുട്ടികളുടെ ദീപികയും ചേർന്ന് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച "ഞങ്ങൾ ഇന്ത്യയുടെ സുഗന്ധം' വീഡിയോ ചലഞ്ച് മത്സര ഫലം. ദീപിക ബാലഖ്യത്തിനു വേണ്ടി കൊച്ചേട്ടൻ ഫാ.റോയി കണ്ണൻ ചിറ സിഎംഐ എഴുതി ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ സംഗീതം പകർന്ന് ഓവിയാറ്റസ് അഗസ്റ്റിനും സംഘവും ആലപിച്ച ഗാനത്തിന് ചുവടുകൾ വച്ചത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ്. കുഞ്ഞുങ്ങളിൽ ദേശസ്നഹം, മനുഷ്യസ്നേഹം, ലക്ഷ്യ ബോധം എന്നിവ വളർത്തുന്നതിനും ’നാമൊരു കുടുംബം ’ എന്ന ഡിസിഎല്ലിന്റെ മനോഹരമായ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനും വേണ്ടിയാണ് ദീപിക, ഡിസിഎല്ലിന്റെ നേതൃത്വത്തിൽ ഇതുപോലെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരവിജയികൾ
ഹൈസ്കൂൾ വിഭാഗം - ഒന്നാം സമ്മാനം - ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് സ്കൂൾ വെള്ളായണി ജംഗ്ഷൻ തിരുവനന്തപുരം, രണ്ടാം സമ്മാനം - സെന്റ്.മേരീസ് സിജിഎച്ച്എസ്, ഒല്ലൂർ,തൃശ്ശൂർ, മൂന്നാം സമ്മാനം -എൽഎഫ് സിഎച്ച്എസ് ഇരിഞ്ഞാലക്കുട,തൃശ്ശൂർ, സ്പെഷ്യൽ സമ്മാനം - സെന്റ് റാഫേൽ സിജിഎച്ച്എസ്, ഒല്ലൂർ, തൃശ്ശൂർ,
യുപി വിഭാഗം - ഒന്നാം സമ്മാനം (രണ്ടു സ്കൂളുകൾക്ക്) - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ,കോട്ടയം, ഉർസുലൈൻ സീനിയർ സെക്കണ്ടറി സ്കൂൾ, കണ്ണൂർ, രണ്ടാം സമ്മാനം - സെന്റ മേരീസ് ജിഎച്ച്എസ്, ഒല്ലൂർ, തൃശ്ശൂർ, മൂന്നാം സമ്മാനം - മരിയൻ പബ്ലിക് സ്കൂൾ, മേരികുളം,ഇടുക്കി
സ്പെഷ്യൽ സമ്മാനം നേടിയവർ - സെന്റ റാഫേൽസ് സിജിഎച്ച്എസ് ഒല്ലൂർ, തൃശ്ശൂർ , സെന്റ് ജോർജ് എച്ച്എസ്, ഉടുന്പന്നൂർ,
എൽപി വിഭാഗം - ഒന്നാം സമ്മാനം - സെന്റ് തോമസ് കോണ്‍വെന്റ് എൽപിഎസ്, പഴയന്നൂർ,തൃശ്ശൂർ, രണ്ടാംസമ്മാനം - എൻഎംഎൽപിഎസ്, വേങ്ങനല്ലൂർ, തൃശ്ശൂർ, മൂന്നാം സമ്മാനം - സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ, പായിപ്പാട്,കോട്ടയം.
സ്പെഷൽ സമ്മാനം നേടിയവർ - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ, സെന്റ് ആന്റണീസ് ഇഎംഎൽപിസ്കൂൾ, പഴവങ്ങാടി, ആലപ്പുഴ , സെന്റ് മേരിസ് എൽപിഎസ് എടൂർ,കണ്ണൂർ, മരിയൻ പബ്ലിക് സ്കൂൾ, മേരികുളം, ഇടുക്കി, സെന്റ് മേരീസ് സിഎൽപിഎസ്, മറ്റം
പ്രോത്സാഹനസമ്മാനം നേടിയവർ - സെന്റ് തോമസ് എൽപിഎസ് എരുമേലി, വിമല എൽപിഎസ്, ഭീമനടി, എസ്എച്ച്സിജിഎൽപി സ്കൂൾ, ചാലക്കുടി, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നടക്കുന്ന് മീയന്നൂർ, എസ്ജെ എൽപിഎസ് വെള്ളയാംകുടി, ഹോളിക്രോസ് കോണ്‍വെന്റ് സ്കൂൾ, കൽപ്പറന്പ്, സെന്റ് ജോർജസ് സിഎൽപിഎസ്, മുക്കാട്ടുകര. ചെറുപുഷ്പം ഇഎംയുപിഎസ് വടക്കഞ്ചേരി, പാലക്കാട്. സെന്റ് ജോണ്‍സ് യുപി സ്കൂൾ തോണ്ടിയിൽ, പേരാവൂർ, കണ്ണൂർ, ഹോളി ഏഞ്ചൽസ് ഇഎംഎൽപിഎസ് ആറ്റൂർ, മണലാടി, സെന്റ്.തോമസ് എൽപിഎസ് മരങ്ങാട്ടുപിള്ളി
കെ.ജി വിഭാഗം - ഒന്നാം സമ്മാനം - ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ സുൽത്താൻ ബത്തേരി, രണ്ടാം സമ്മാനം - ജ്യോതി കിൻഡർ ഗാർഡൻ, മുരിക്കശ്ശേരി, മൂന്നാം സമ്മാനം - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ ,സെന്റ് മർത്താസ് നേഴ്സറി സ്കൂൾ, കട്ടപ്പന.
സ്പെഷ്യൽ സമ്മാനം നേടിയവർ -മരിയൻ പബ്ലിക് സ്കൂൾ, മേരികുളം ,വിമല പബ്ലിക് സ്കൂൾ, തൊടുപുഴ,
പ്രോത്സാഹന സമ്മാനം നേടിയവർ - സെന്റ് ജോർജസ് സിഎൽപിഎസ്, മുക്കാട്ടുകര, എസ്എച്ച് ഇഎംഎച്ച്എസ്എസ് ലിറ്റിൽ ബഡ്സ് കിന്റർഗാർഡൻ മൂലമറ്റം, സെന്റ്.മേരീസ് സിഎൽപി സ്കൂൾ, ഒല്ലൂർ, സെന്റ് ഷന്താൾസ് മാമ്മൂട്, ചങ്ങനാശേരി, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പുളിപ്പറന്പ്, സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം,പയ്യാവൂർ, സെന്റ് തെരേസാസ് ജിഎച്ച്എസ് ബ്രഹ്മകുളം, എച്ച്ആർസി നഴ്സറി സ്കൂൾ, നടത്തറ, ഹോളി ഏഞ്ചൽസ് ഇഎംസ്കൂൾ, കരുവന്നൂർ, ഹോളി ചൈൽഡ് കോണ്‍വെന്റ് നേഴ്സറി സ്കൂൾ ചെർളയം, സെന്റ് പോൾ സിഇഎം പ്രീ പ്രൈമറി സ്കൂൾ,കുരിയച്ചിറ, എസ്എച്ച്ഇഎം നഴ്സറി സ്കൂൾ, ചാലക്കുടി, സെന്റ് തോമസ് എൽപിഎസ് എരുമേലി, കൃപാഭവൻ പ്രീ പ്രൈമറി, മണ്ണംപേട്ട.
Kerala
പരവൂർ: ഇന്ത്യൻ റെയിൽവേയിൽ റിസർവ് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകളിൽ 87 ശതമാനത്തിലധികവും ഓൺലൈൻ സംവിധാനത്തിലൂടെയെന്ന് റിപ്പോർട്ട്.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അടുത്തിടെ പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഐആർസിടിസിയുടെ ഓൺലൈൻ ബുക്കിംഗ് സിസ്റ്റം കൂടുതൽ മെച്ചപ്പെടുത്താനും റെയിൽവേ തീരുമാനിച്ചു.