പരവൂര്‍: ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പൂര്‍ണമായും ഡിജിറ്റല്‍ യുഗത്തിലേക്ക് മാറുന്നു. രാജ്യത്തെ ആകെ റിസര്‍വേഷന്‍ ടിക്കറ്റുകളില്‍ 88 ശതമാനവും ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് നടക്കുന്നത്.
റെയില്‍വേയുടെ പുതിയ സംയോജിത മൊബൈല്‍ ആപ്ലിക്കേഷനായ ‘റെയില്‍ വണ്‍ ‘ ചുരുങ്ങിയ കാലയളവിനുള്ളില്‍ വന്‍ വിജയമായതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം.
ഐആര്‍സിടിസി വെബ്സൈറ്റും ആപ്പും വഴിയുള്ള ബുക്കിംഗും ഇതിന് പുറമെ സജീവമായി തുടരുന്നു.
ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്കൊപ്പം സാധാരണക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിനായി വിവിധ ഏജന്റുമാരെയും റെയില്‍വേ നിയമിച്ചിട്ടുണ്ട്. ഹാള്‍ട്ട് ഏജന്റുമാര്‍, ജന്‍ സാധാരണ് ടിക്കറ്റ് ബുക്കിംഗ് സേവകര്‍, സ്റ്റേഷന് ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാര്‍ എന്നിവര്‍ വഴിയും ടിക്കറ്റുകള്‍ ലഭിക്കും. തൊഴിലില്ലാത്ത യുവാക്കള്‍ക്കും മറ്റും ഇത്തരം ഏജന്‍സി തസ്തികകളിലേക്ക് അപേക്ഷിക്കാം.
എന്നാല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ കൈകാര്യം ചെയ്യുന്ന യാത്രി ടിക്കറ്റ് സുവിധാ കേന്ദ്രങ്ങള്‍ക്ക് ഈ രംഗത്ത് ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. ടിക്കറ്റ് ബുക്കിംഗ് പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
ഇതുവരെ 2.57 കോടി ആളുകള്‍ റെയിൽവൺ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായും പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകള്‍ ഇതിലൂടെ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും റെയില്‍വേ അറിയിച്ചു.
റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ക്ക് പുറമെ അണ്റിസര്വ്ഡ് ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ഒരേ പ്ലാറ്റ്ഫോമില്‍ നിന്ന് തന്നെ ബുക്ക് ചെയ്യാം എന്നതാണ് റെയില്‍ വണ്‍ ആപ്പിന്റെ പ്രത്യേകത.
ട്രെയിന്‍ വിവരങ്ങള്‍ അറിയുന്നതിനും പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ‘റെയില്‍ മദദി’ല്‍ പരാതികള്‍ നല്‍കുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഈ ആപ്പില്‍ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Tags : railway reservation ticket bookings online Rail one IRCTC