District News
കടുത്തുരുത്തി: എല്ഡിഎഫ് സ്ഥാനാര്ഥി നിര്മല ജിമ്മി പത്രിക സമര്പ്പിച്ചു. കോട്ടയം കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടര് (എല്ആര്) മിനി തോമസ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ഇന്നലെ രാവിലെ എല്ഡിഎഫ് നേതാക്കളായ കെ. ജയകൃഷ്ണന്, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്കാലാ, പി.ജി. ത്രിഗുണസെന് എന്നിവര്ക്കൊപ്പമെത്തിയാണ് പത്രിക നല്കിയത്.
വിവിധ പഞ്ചായത്തുകളില് നടന്ന മണ്ഡലം കണ്വന്ഷനുകളില് പങ്കെടുത്ത സ്ഥാനാര്ഥി കുറവിലങ്ങാട്, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, മാഞ്ഞൂര് പ്രദേശങ്ങളിലെത്തി വോട്ട് അഭ്യര്ഥിച്ചു. ഇന്നു രണ്ടിടത്ത് മണ്ഡലം കണ്വന്ഷനുകള് നടക്കും. തുടര്ന്ന് വിവിധ പ്രദേശങ്ങളിലെത്തി വോട്ട് തേടും.
മണ്ഡലം കണ്വന്ഷനുകള്
കടുത്തുരുത്തി: എല്ഡിഎഫ് സ്ഥാനാര്ഥി നിര്മല ജിമ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്ഥം വിവിധ പഞ്ചായത്തുകളില് മണ്ഡലം കണ്വന്ഷനുകള് നടത്തി. ഇന്നലെ മരങ്ങാട്ടുപിള്ളി, ഉഴവൂര്, മുളക്കുളം പഞ്ചായത്തുകളിലാണ് കണ്വന്ഷനുകള് നടന്നത്. മരങ്ങാട്ടുപിള്ളിയില് നടന്ന കണ്വന്ഷന് സഖറിയാസ് കുതിരവേലിയും ഉഴവൂരില് ബ്രൈറ്റ് വട്ടനിരപ്പേലും മുളക്കുളത്ത് സിപിഐ നേതാവ് വി.എം. ബിനുവും ഉദ്ഘാടനം ചെയ്തു.
എല്ഡിഎഫ് സ്ഥാനാര്ഥിക്കുവേണ്ടി വോട്ട് അഭ്യര്ഥിച്ച് യുവജന സംഘടനകളുടെ നേതൃത്വത്തില് ഇന്നും നാളെയും മറ്റെന്നാളും ഇരുചക്ര വാഹന റാലി നടത്തും. രണ്ടായിട്ടാണ് റാലി നടത്തുക. ആദ്യറാലി ഇന്നു മൂന്നിന് കുര്യനാട് ജംഗ്ഷനില്നിന്നുമാരംഭിക്കും. ബ്രൈറ്റ് വട്ടനിരപ്പേലാണ് ജാഥാ ക്യാപ്റ്റന്. ഇന്നലെ ആപ്പാഞ്ചിറയിലും മാഞ്ഞൂര് പ്രദേശങ്ങളിലുമെത്തി സ്ഥാനാര്ഥി വോട്ടര്മാരെ നേരില് കണ്ട് വോട്ട് തേടി. തുടര്ന്ന് കുറവിലങ്ങാട്, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, മാഞ്ഞൂര് പ്രദേശങ്ങളിലെത്തി സ്ഥാനാര്ഥി വോട്ട് അഭ്യര്ഥിച്ചു.
District News
കറുകച്ചാല്: കറുകച്ചാല്- നെത്തല്ലൂര് കുരിശുകവല മിനി ബൈപാസ് നിര്മിക്കാന് മൂന്നുകോടി രൂപ അനുവദിച്ചിട്ട് വര്ഷം നാലു കഴിഞ്ഞെങ്കിലും ബൈപാസ് ഇപ്പോഴും പേപ്പറില് മാത്രം. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കണ്ടെത്തിയ ബൈപാസിന്റെ നിര്മാണം കടലാസിലൊതുങ്ങിയ നിലയിലാണ്. കറുകച്ചാല് ഗുരുമന്ദിരത്തിന് സമീപത്താരംഭിച്ച് ബംഗ്ലാംകുന്ന് വഴിയുള്ള പിഡബ്ല്യുഡി റോഡാണ് ബൈപാസാക്കി നവീകരിക്കുന്നത്.
നിര്മാണം പൂര്ത്തിയാകുന്നതോടെ നഗരത്തിലെയും ചങ്ങനാശേരി-വാഴൂര് റോഡില് കറുകച്ചാല് മുതല് നെത്തല്ലൂര് വരെയുമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന് കഴിയും.
കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള് നെത്തല്ലൂരിലെത്താതെ എളുപ്പത്തില് കുരിശുകവലയിലെത്താനും ഈ ഭാഗത്തെ വാഹനത്തിരക്ക് ഒഴിവാക്കാനും കഴിയും. രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് കറുകച്ചാല് ടൗണ് നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനുള്ള ഏക പരിഹാരമാണ്. നാലു വര്ഷം വെറുതെ പോയെന്നും ഇനിയും വൈകാതെ എത്രയും വേഗം ബൈപാസ് നിര്മാണം ആരംഭിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
അതേസമയം, ബൈപാസ് നിര്മാണത്തിന് മുന്നോടിയായി ജല് ജീവന് മിഷന്റെ ഭാഗമായുള്ള പൈപ്പുകള് സ്ഥാപിക്കാന് വൈകിയതാണ് നിര്മാണം നീണ്ടുപോകാന് കാരണമായതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര് പറയുന്നു.