ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ അവിഭാജ്യഘടകമാണെന്ന് അടിവരയിട്ട് മുഖ്യപരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്. 41കാരനായ റൊണാള്‍ഡോ നിലവില്‍ കാൽ മസിൽ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. “ക്രിസ്റ്റ്യാനോ ഞങ്ങളുടെ നായകനാണ്.
തീവ്രമായ തീക്ഷ്ണതയുള്ള റോള്‍ മോഡല്‍. അദ്ദേഹം 41 വയസുള്ള വെറുമൊരു കളിക്കാരനല്ല. ഓരോദിനവും കളി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരനാണ് അദ്ദേഹം. യുവതാരങ്ങള്‍ക്ക് ഉത്തേജനമാകുന്ന മാതൃകാ ക്യാപ്റ്റന്‍’’ - റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞു.
2026 ഫിഫ ലോകകപ്പ് ഫുട്ബോളിലേക്ക് 71 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോഴാണ് റൊണാള്‍ഡോതന്നെയാണ് ടീമിന്റെ നെടുംതൂണെന്നും ക്യാപ്റ്റനെന്നും മാര്‍ട്ടിനെസ് അടിവരയിട്ടത്.
2022 ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഫെര്‍ണാണ്ടോ സാന്റോസ് പോര്‍ച്ചുഗല്‍ ടീമിനെ ഇറക്കിയത് വിവാദമായിരുന്നു. 2022 ലോകകപ്പിനു പിന്നാലെ സാന്റോസിന്റെ സ്ഥാനം തെറിക്കുകയും ചെയ്തു.
പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി അവസാനം കളിച്ച 30 മത്സരങ്ങളില്‍നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 25 ഗോള്‍ സ്വന്തമാക്കി. 2026 ലോകകപ്പിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരങ്ങളില്‍ റൊണാള്‍ഡോയുടെ അഭാവത്തിലാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. മെക്സിക്കോയ്ക്ക് എതിരായ കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.
സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിക്കു വേണ്ടി ഫെബ്രുവരി 28നു കളത്തില്‍ ഇറങ്ങിയപ്പോഴാണ് റൊണാള്‍ഡോയ്ക്കു പരിക്കേറ്റത്. നിലവില്‍ അല്‍ നസറില്‍ റൊണാള്‍ഡോ തനിയെ പരിശീലനത്തിലാണ്. അടുത്ത ആഴ്ച താരം കളത്തിലെത്തുമെന്നു റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു.
രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെയും ഗോള്‍ നേടിയതിന്റെയും റിക്കാര്‍ഡ് റൊണാള്‍ഡോയുടെ പേരിലാണ്, 226 മത്സരങ്ങളില്‍നിന്ന് 143 ഗോള്‍.