Sports
ഫിലാഡൽഫിയ: ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ. കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഏക ഗോളിലാണ് ഫ്രാൻസിന്റെ ജയം.
ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളിൽ വച്ച് 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്.
പ്രീ-ക്വാർട്ടറിൽ ജർമനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ കടുത്ത പ്രതിരോധം തീർത്താണ് ഫ്രാൻസിനെ നേരിട്ടത്. ആദ്യ പകുതിയിൽ ഫ്രാൻസ് കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തിയെങ്കിലും പരാഗ്വെയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല.
പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന്റെ മികച്ച പ്രകടനവും ഫ്രാൻസിന്റെ ഗോൾ ശ്രമങ്ങൾക്ക് തടസമായി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം ശക്തമാക്കി. 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡെസിറെ ഡൗയെ പരാഗ്വെ ബോക്സിൽ വീഴ്ത്തിയതിനാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്ക് എടുത്ത എംബാപ്പെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ഫ്രാൻസ് ക്വാർട്ടറിലേക്ക് കടന്നു.
Sports
ഫിഫ 2026 ലോകകപ്പില് യുവത്വവും പ്രതിഭയും ഒന്നിക്കുന്ന ടീമായ സ്പെയിന്, പ്രീക്വാര്ട്ടറില്. റൗണ്ട് ഓഫ് 32ല് ഓസ്ട്രിയയെ കീഴടക്കിയാണ് സ്പെയിന് പ്രീക്വാര്ട്ടറില് പ്രവേശിച്ചത്.
മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു സ്പെയിനിന്റെ ജയം. കൗമാര സൂപ്പര് താരം ലാമിന് യമാല് 85 മിനിറ്റ് കളിച്ചെങ്കിലും നിര്ഭാഗ്യവശാല് ഗോള് നേടാന് സാധിച്ചില്ല.
യമാലിന്റെ ഗോളെന്നുറച്ച മൂന്നു ഷോട്ട് എങ്കിലും ഓസ്ട്രിയന് പ്രതിരോധത്തിലും ഗോള് കീപ്പറിന്റെ മികവില് ലക്ഷ്യത്തില്നിന്നകന്നു. മൈക്കല് ഒയല്സബാലിന്റെ ഇരട്ടഗോളാണ് സ്പെയിനിന് ആധികാരിക ജയമൊരുക്കിയത്.
ഒയര്സബാല്
ഒരു യൂറോപ്യന് രാജ്യത്തിനെതിരേ സ്പെയിന് അവസാനം പരാജയപ്പെട്ടത് 2023ല് സ്കോട്ലന്ഡിന് എതിരേയാണ്. കിക്കോഫ് കഴിഞ്ഞ ആദ്യമിനിറ്റില്ത്തന്നെ സ്പെയിന് ഓസ്ട്രിയന് ഗോള്മുഖത്ത് ആശങ്ക പടര്ത്തി.
അലക്സ് ബയീനയും ലാമിന് യമാലും ചേര്ന്നു നടത്തിയ ആക്രമണം ഓസ്ട്രിയന് ഗോള് കീപ്പര് അലക്സാണ്ടര് ഷ്ലാഗര് തടഞ്ഞു. തുടക്കത്തിലെ ഇലക്ട്രിക് ആക്രമണത്തിനുശേഷം സ്പെയിന് ശാന്തമായി. പന്ത് ലഭിച്ചപ്പോള് പ്രത്യാക്രമണത്തിനു മുതിര്ന്ന ഓസ്ട്രിയന് നീക്കത്തിലാണ് സ്പെയിന് ശാന്തമായത്. 29-ാം മിനിറ്റില് സ്പാനിഷ് ലെഫ്റ്റ് ബാക്ക് മാര്ക് കുകുറെയ്യ ഓസ്ട്രിയന് വല കുലുക്കി. എന്നാല്, ഫൗള് കണ്ടെത്തിയ റഫറി ഗോള് അനുവദിച്ചില്ല.
എന്നാല്, 36-ാം മിനിറ്റില് മൈക്ക് ഒയര്സബാല് സ്പെയിനിനു ലീഡ് നല്കി. പെദ്രിയുടെ മുന്നേറ്റം. തുടര്ന്ന് പന്ത് കുകുറെയ്യയ്ക്കു മറിച്ചു. ലെഫ്റ്റ് ബാക്ക് താരത്തിന്റെ ക്രോസ്. ഒയര്സബാലിന്റെ ക്ലോസ് റേഞ്ച് ഫിനിഷ്. 1-0ന് സ്പെയിന് ലീഡില്.
സ്പാനിഷ് ഗോള് കീപ്പര് ഉനയ് സിമോണ് ഫിഫ ലോകകപ്പില് ഗോള് വഴങ്ങാതെ 519 മിനിറ്റ് പൂര്ത്തിയാക്കി. ഇതോടെ ലോകകപ്പ് ചരിത്രത്തില് ഏറ്റവും കൂടുതല് സമയം ഗോള് വഴങ്ങാതെ നില്ക്കുന്ന ഗോള് കീപ്പര് എന്ന റിക്കാര്ഡ് സിമോണിനു സ്വന്തം. ഇറ്റാലിയന് ഇതിഹാസ ഗോള്കീപ്പറായ വാള്ട്ടര് സെംഗയുടെ റിക്കാര്ഡാണ് മറികടന്നത്.
Sports
പാരീസ്: യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോളിന്റെ 2025-26 സീസണ് ക്വാര്ട്ടര് ഫൈനല് പോരാട്ടത്തില് ഇന്ന് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് ഇംഗ്ലീഷ് പ്രീമിയര് ലീഗ് സംഘമായ ലിവര്പൂള് എഫ്സിയെ നേരിടും. ഇന്ത്യന് സമയം അര്ധരാത്രി 12.30നാണ് കിക്കോഫ്.
ഇന്നു നടക്കുന്ന മറ്റൊരു പോരാട്ടത്തില് സ്പാനിഷ് ക്ലബ്ബുകളായ എഫ്സി ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മില് കൊമ്പുകോര്ക്കും. ബാഴ്സലോണയുടെ തട്ടകത്തിലാണ് ഈ സ്പാനിഷ് പോരാട്ടം.
ബാഴ്സ Vs അത്ലറ്റിക്കോ
അഞ്ചു തവണ യൂറോപ്യന് ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണ, മൂന്നു പ്രാവശ്യം ഫൈനല് കളിച്ച അത്ലറ്റിക്കോ മാഡ്രിഡിനെ സ്വന്തം തട്ടകത്തില് നേരിടും. യൂറോപ്യന് പോരാട്ടത്തില് ഇരുടീമും നേര്ക്കുനേര് ഇറങ്ങിയതെല്ലാം ക്വാര്ട്ടര് ഫൈനല് ഘട്ടത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം. 2013-14ലും 2015-16ലും ബാഴ്സയെ മറികടന്ന് അത്ലറ്റിക്കോ മുന്നേറി.
പിഎസ്ജി Vs ലിവര്പൂള്
ആദ്യ പാദ ക്വാര്ട്ടര് ഫൈനലില് പാരീസില്വച്ച് പിഎസ്ജി ലിവര്പൂളിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരാണ് പിഎസ്ജി. ലിവര്പൂള് ആറ് തവണ യൂറോപ്യന് കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില് ഇരുടീമും പ്രീക്വാര്ട്ടറില് ഏറ്റുമുട്ടിയിരുന്നു. അന്ന് ഷൂട്ടൗട്ടിലൂടെ പിഎസ്ജി ജയം നേടിയതിന്റെ കണക്ക് തീര്ക്കാനുള്ള ശ്രമം ലിവര്പൂള് നടത്തും.
പ്രീക്വാര്ട്ടറില് ചെല്സിയെ 2-8നാണ് പിഎസ്ജി വീഴ്ത്തിയത്.
ഈ സീസണിനുശേഷം ലിവര്പൂള് വിടുമെന്നു പ്രഖ്യാപിച്ച മുഹമ്മദ് സലയുടെ പ്രകടനം നിര്ണായകമാകും. ചാമ്പ്യന്സ് ലീഗ് ചരിത്രത്തില് 50 ഗോള് നേടിയ ആദ്യ ആഫ്രിക്കന് കളിക്കാരനാണ് ഈജിപ്തില്നിന്നുള്ള സല.
Sports
ലണ്ടന്/മാഡ്രിഡ്: യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോളില് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര് സിറ്റി എഫ്സിയെ കീഴടക്കി റയല് മാഡ്രിഡ് ക്വാര്ട്ടറില്. പെപ് ഗ്വാര്ഡിയോളയുടെ മാഞ്ചസ്റ്റര് സിറ്റിയെ ഇരുപാദ പ്രീക്വാര്ട്ടറിലുമായി 5-1നാണ് റയല് മാഡ്രിഡ് തകര്ത്തെറിഞ്ഞത്.
സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില് നടന്ന രണ്ടാം പാദത്തില് വിനീഷ്യസ് ജൂണിയറിന്റെ ഇരട്ടഗോളിലൂടെ റയല് മാഡ്രിഡ് 2-1ന്റെ ജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തില്നടന്ന ആദ്യപാദത്തില് ഫെഡെറിക്കോ വാല്വെര്ഡെയുടെ ഹാട്രിക്കിലൂടെ റയല് 3-0ന്റെ ജയം നേടിയിരുന്നു.
20-ാം മിനിറ്റില് ബെര്ണാഡൊ സില്വ ചുവപ്പുകാര്ഡ് കണ്ടതോടെ സ്വന്തം കാണികള്ക്കു മുന്നില് മാഞ്ചസ്റ്റര് സിറ്റിയുടെ അംഗബലം പത്തായി ചുരുങ്ങി. പെനാല്റ്റി ബോക്സിനുള്ളില് വിനീഷ്യസ് ജൂണിയറിന്റെ ഷോട്ട് ‘കൈകാര്യം’ ചെയ്തതിനായിരുന്നു ചുവപ്പ് കാര്ഡ്. തുടര്ന്നു ലഭിച്ച പെനാല്റ്റി കിക്ക് 22-ാം മിനിറ്റില് വിനീഷ്യസ് ജൂണിയര് വലയിലാക്കി. എന്നാല്, 41-ാം മിനിറ്റില് എര്ലിംഗ് ഹാലണ്ടിന്റെ ഗോളിലൂടെ സിറ്റി ഒപ്പമെത്തി. സ്റ്റോപ്പേജ് ടൈമിലായിരുന്നു (90+3) വിനീഷ്യസിന്റെ രണ്ടാം ഗോള്.
രണ്ടാം പകുതിയില് റയലിനായി പകരക്കാരുടെ ബെഞ്ചില്നിന്ന് കിലിയന് എംബപ്പെ കളത്തിലെത്തി. പരിക്കിനെത്തുടര്ന്ന് ഒരു മാസത്തോളം പുറത്തിരുന്നശേഷമായിരുന്നു എംബപ്പെ മൈതാനത്തെത്തിയത്. മത്സരത്തില് 22 ഷോട്ട് മാഞ്ചസ്റ്റര് സിറ്റി പായിച്ചു. എന്നാല്, പെപ് ഗ്വാര്ഡിയോളയുടെ കുട്ടികള്ക്ക് ഉദ്ദേശിച്ച ഫലം കിട്ടിയില്ല.
► പിഎസ്ജി 8-2 ചെല്സി
ഇംഗ്ലീഷ് ക്ലബ് ചെല്സിയെ തറപറ്റിച്ച് നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ക്വാര്ട്ടറില്. ആദ്യപാദത്തില് 5-2നു സ്വന്തം തട്ടകത്തില് ജയം നേടിയ പിഎസ്ജി, ചെല്സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്ഡ് ബ്രിഡ്ജില് അരങ്ങേറിയ രണ്ടാംപാദത്തില് 3-0ന്റെ ജയമാഘോഷിച്ചു. ഇതോടെയാണ് ഇരുപാദങ്ങളിലുമായി 8-2ന്റെ ഏകപക്ഷീയ ജയത്തോടെ പിഎസ്ജി ക്വാര്ട്ടര് ബുക്ക് ചെയ്തത്. ഖ്വിച ക്വരാറ്റ്സ്ഖേലിയ (6), ബ്രാഡ് ലി ബര്കോള (14), സെന്നി മയുലു (62) എന്നിവരുടെ വകയായിരുന്നു സ്റ്റാംഫോര്ഡ് ബ്രിഡ്ജില് പിഎസ്ജിയുടെ ഗോള് നേട്ടക്കാര്.
ആഭ്യന്തര, യൂറോപ്യന് പോരാട്ടങ്ങളിലെ ഇരുപാദ പോരാട്ടങ്ങളില് ചെല്സി എട്ട് ഗോള് വഴങ്ങുന്നത് ചരിത്രത്തില് ഇതാദ്യം. ചാമ്പ്യന്സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്വിക്ക് ഒപ്പവും ചെല്സി എത്തി.
► ആഴ്സണല് 3-1 ലെവര്കൂസെന്
രണ്ടാംപാദ പ്രീക്വാര്ട്ടറില് ഇംഗ്ലീഷ് ക്ലബ് ആഴ്സണല് 2-0ന് ജര്മന് ക്ലബ്ബായ ബയേര് ലെവര്കൂസെനെ തോല്പ്പിച്ചു. സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് എബെറെച്ചി ഈസെ (36), ഡെക്ലാന് റൈസ് (63) എന്നിവരായിരുന്നു ഗണ്ണേഴ്സിനായി വല കുലുക്കിയത്. ലെവര്കൂസെന്റെ തട്ടകത്തില്നടന്ന ആദ്യപാദത്തില് ഇരുടീമും 1-1 സമനിലയില് പിരിഞ്ഞിരുന്നു.
ക്വാര്ട്ടറില് സ്പോര്ട്ടിംഗ് ആണ് ആഴ്സണലിന്റെ എതിരാളികള്.
Sports
ജംഷഡ്പുര്: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ 2025-26 സീസണ് ക്വാര്ട്ടര് ഫൈനല് പോരാട്ടങ്ങള്ക്ക് ഇന്നു തുടക്കം.
ക്വാര്ട്ടറില് ജാര്ഖണ്ഡ് ഉത്തരാഖണ്ഡിനെയും ബംഗാള് ആന്ധ്രപ്രദേശിനെയും മധ്യപ്രദേശ് ജമ്മു-കാഷ്മീരിനെയും മുംബൈ കര്ണാടകയെയും നേരിടും.
Sports
സിലാപത്തര് (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള് ഫൈനല് റൗണ്ട് ഗ്രൂപ്പ് എയില് ബംഗാളിന് തുടര്ച്ചയായ മൂന്നാം ജയം. നിലവിലെ ചാമ്പ്യന്മാരായ ബംഗാള് ഇന്നലെ 1-0ന് രാജസ്ഥാനെ കീഴടക്കി. 89-ാം മിനിറ്റില് സത്യന് ബാനര്ജിയുടെ വകയായിരുന്നു ബംഗാളിന്റെ വിജയഗോള്. ഇതോടെ ബംഗാള് ക്വാര്ട്ടര് ഫൈനല് ബെര്ത്ത് ഉറപ്പാക്കി.
ഗ്രൂപ്പ് എയിലെ മറ്റു മത്സരങ്ങളില് തമിഴ്നാട് 3-0ന് നാഗാലാന്ഡിനെ തോല്പ്പിച്ചപ്പോള് ആതിഥേയരായ ആസാം ഉത്തരാഖണ്ഡുമായി 1-1 സമനിലയില് പിരിഞ്ഞു.
ഗ്രൂപ്പില് മൂന്നു മത്സരങ്ങള് പൂര്ത്തിയായപ്പോള് ഒമ്പത് പോയിന്റുമായി ബംഗാള് ഒന്നാം സ്ഥാനത്തു തുടരുന്നു. ആറ് പോയിന്റ് വീതവുമായി രാജസ്ഥാനും തമിഴ്നാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്.
കേരളം നാളെ ഇറങ്ങും
സന്തോഷ് ട്രോഫിയില് ഇന്നു മത്സരങ്ങള് ഇല്ല. ഇന്നു നടത്താന് നിശ്ചയിച്ചിരുന്ന കേരളത്തിന്റെ അടക്കമുള്ള ഗ്രൂപ്പ് ബിയിലെ മത്സരങ്ങള് നാളത്തേക്കു മാറ്റി. ഒഡീഷയാണ് നാളെ കേരളത്തിന്റെ എതിരാളികള്. ഉച്ചകഴിഞ്ഞ് രണ്ടിന് കേരളം x ഒഡീഷ മത്സരം. നാളെ നടക്കുന്ന ആദ്യ മത്സരത്തില് റെയില്വേസ് പഞ്ചാബിനെ നേരിടും. മേഘാലയയും സര്വീസസും തമ്മിലാണ് നാളത്തെ മറ്റൊരു മത്സരം.