Kerala
കൊച്ചി: മാസപ്പടി കേസിലെ കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും വിധി വിശദമായി പഠിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം തുടരുന്ന നടപടിക്കെതിരെയാണ് കോടതിയുടെ ഇടപെടൽ.
അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനുപകരം, ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രാഥമിക അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തെയാണ് ഹർജിക്കാരൻ കോടതിയിൽ ചോദ്യം ചെയ്തത്. തുടർന്ന് കോടതിയിൽ മുദ്രവെച്ച കവറിൽ ഇഡി സമർപ്പിച്ച വിവരങ്ങൾ പരിഗണിച്ചാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനുള്ള ഉത്തരവിട്ടത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പരിഹസിച്ച് മന്ത്രി രമേശ് ചെന്നിത്തല. ബിജെപി-കോൺഗ്രസ് ഒത്തുകളിയെന്ന എൽഡിഎഫ് ആരോപണത്തിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്.
സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ബിജെപി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന അവസ്ഥയിലാണ് എൽഡിഎഫ് നേതാക്കളെന്ന് അദ്ദേഹം പരിഹസിച്ചു. സൈക്കിൾ തട്ടി നായ ചത്താൽ പോലും ബിജെപി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന നിലയിലേക്കാണ് ഇടത് നേതാക്കൾ എത്തിയിരിക്കുന്നത്.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ കോൺഗ്രസിനെതിരെ ഒത്തുകളി ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇടത് നേതാക്കളുടെ ആരോപണങ്ങളെല്ലാം ഉണ്ടയില്ലാ വെടി മാത്രമാണെന്ന് ജനങ്ങൾക്ക് അറിയാം.
സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള ഒത്തുകളിയും നടന്നിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ഒത്തുകളി നടത്തിയവരാണ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തുന്നത്. എന്തുപറഞ്ഞാലും ഇപ്പോൾ ഒത്തുകളിയാണെന്നാണ് ഇവരുടെ വാദം. സ്വന്തം പാപം കഴുകിക്കളയാൻ ഒത്തുകളിച്ചവർ ഞങ്ങളെ കൂട്ടുപിടിക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷങ്ങൾക്കും പോർവിളിക്കും പിന്നാലെ അവധിയിൽ പ്രവേശിച്ച കന്റോൺമെന്റ് എസ്എച്ച്ഒയെ തിരികെ വിളിപ്പിച്ച് ആഭ്യന്തരവകുപ്പ്.
വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പോയ സിഐ സതീഷ് കുമാറാണ് അവധി റദ്ദാക്കി തിരികെ പ്രവേശിച്ചത്. ഇതോടെ താത്കാലികമായി പകരം ചുമതല നൽകിയ ഇൻസ്പെക്ടർ മടങ്ങി. എസ്എച്ച്ഒ അവധിയിൽ പോയതും എസ്ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് വിട്ടതിലും വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനിടെ ഭരണനുകൂല പൊലിസ് അംഗങ്ങൾ ആഭ്യന്തരമന്ത്രിയുടെ ഓഫിസിനെയും സമീപിച്ചിരുന്നു. ഒടുവിൽ ഉച്ച കഴിഞ്ഞ് അവധി റദ്ദാക്കി എസ്എച്ച്ഒ സതീഷ് കുമാർ ജോലിയിൽ കയറുകയായിരുന്നു.
Kerala
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പൊലിസും ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നും വിഷയത്തില് അടിയന്തരശ്രദ്ധയും കർശന ഇടപെടലും വേണമെന്ന് പിണറായി കത്തില് ആവശ്യപ്പെട്ടു.
കൂടാതെ ഹോസ്റ്റൽ പരിസരത്തുനിന്ന് യൂത്ത് കോൺഗ്രസ് സമരം തുടങ്ങിയതില് ദുരൂഹതയുണ്ടെന്നും ഇതിന് പൊലിസ് അനുമതി ഉണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണം, സംഘർഷം നോക്കി നിൽക്കുകയല്ലാതെ അക്രമികളെ പൊലിസ് തടഞ്ഞില്ല, ഇത് ഗുരുതരമായ കൃത്യവിലോപമാണ് എന്നും അദ്ദേഹം കത്തില് ചൂണ്ടിക്കാട്ടി.
പൊലിസ് തേർവാഴ്ചക്കെതിരെ പ്രതിഷേധിച്ച കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ പൊലിസ് ജാമ്യമില്ല വകുപ്പുകൾ ചുമത്തിയെന്നും എന്നാൽ യൂത്ത് കോൺഗ്രസിനോട് സ്വീകരിക്കുന്നത് മൃദു സമീപനമാണ്. പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യും എന്നുള്ള എസ്ഐയുടെ ഭീഷണി രാഷ്ട്രീയ പ്രവർത്തനത്തിന് വിഘാതമുണ്ടാക്കും.
പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം, കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവണമെന്നും പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മന്ത്രിമാരെ വഴിതടഞ്ഞും അക്രമിച്ചും നാട്ടില് കലാപമഴിച്ചുവിടാന് സിപിഎം-ഡിവൈഎഫ്ഐ നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും ഇതിന് പിന്നില് ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
അധികാരം നഷ്ടപ്പെട്ടതിന്റെ വിഭ്രാന്തിയില് നടത്തുന്ന ഇത്തരം ഗുണ്ടായിസങ്ങള് സര്ക്കാര് ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തില് സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും നാടിന്റെ സമാധാനം തകര്ക്കാനുള്ള നീക്കങ്ങളെ കര്ശനമായി നേരിടുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
കണ്ണൂരില്വച്ച് മുന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേല്പ്പിച്ചതും, മന്ത്രിയായിരിക്കെ എം.വി രാഘവനെ വിവിധയിടങ്ങളില് ആക്രമിച്ചതുമായ പഴയ ശൈലി തന്നെയാണ് സിപിഎം ഇപ്പോഴും തുടരുന്നത്. ഇന്ന് കായികമന്ത്രി ഒ.ജെ. ജനീഷിനെ കണ്ണൂരിലെ വിവിധയിടങ്ങളില് ആക്രമിച്ചതും ഇതേ ശൈലിയുടെ ഭാഗമായാണ്.
ബിജെപിയും സിപിഎമ്മും ഒരേ മനസോടെയാണ് ഇപ്പോള് ക്രമസമാധാനം തകര്ക്കാന് ശ്രമിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് ബുധനാഴ്ച യുവമോര്ച്ച പ്രവര്ത്തകര് നടുറോഡില് മന്ത്രി കെ.എം ഷാജിയെ തടഞ്ഞ് ആക്രമിക്കാന് ശ്രമിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: കോണ്ഗ്രസിന്റെ പാര്ട്ടി ഓഫീസുകള്ക്ക് നേരെയുള്ള ആക്രമണം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ പൊലിസ് അന്വേഷിച്ച് കണ്ടുപിടിക്കും. ഡിസിസി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി ഓഫീസ് സന്ദര്ശിച്ച ശേഷം മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെയും നെയ്യാറ്റിന്കരയിലെ ആനാവൂര് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയുമാണ് ചൊവ്വാഴ്ച രാത്രിയില് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില് ബിജെപിയാണെന്ന് കോണ്ഗ്രസ് ആരോപിച്ചു.
ബേക്കറി ജംഗ്ഷന് സമീപത്തെ ഡിസിസി ഓഫീസിന്റെ മുന്വശത്തെ ജനല്ഗ്ലാസാണ് കല്ലേറില് തകര്ന്നത്. ആനാവൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ തീവയ്പ്പ് ശ്രമം നടന്നു. ഓഫീസിന് മുന്നില് സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോര്ഡുകള് കത്തി നശിച്ചു.
കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടര്ന്ന് പല സ്ഥലങ്ങളിലും കോണ്ഗ്രസ്- ബിജെപി പ്രവര്ത്തകര് തമ്മില് വാക്കേറ്റം തുടരുന്ന സാഹചര്യത്തിലാണ് കോണ്ഗ്രസ് ഓഫീസുകള്ക്ക് നേരെയുള്ള ആക്രമണം. പോലീസില് പരാതി നല്കിയതിനെ തുടര്ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങള് പോലീസ് പരിശോധിച്ചു തുടങ്ങി.
Kerala
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കോൺഗ്രസ് പ്രവർത്തക സമതിയിലാണ് കെ. സുധാകരന്റെ അഭിപ്രായ പ്രകടനം.
കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലെന്നും അവരവരുടെ കാര്യത്തിൽ സംസാരിക്കേണ്ടത് അവരവർ തന്നെയാണെന്നും ഇക്കാര്യത്തിൽ വലിയ പ്രകമ്പനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും മുന്നണിയും സർക്കാരും ശക്തമാണെന്നതിന്റെ തെളിവാണിതെന്നും രമേശ് ചെന്നിത്തല കോൺഗ്രസ് പ്രവർത്തക സമതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Kerala
മലപ്പുറം: ലഹരിമാഫിയയെ സമൂഹത്തിൽനിന്നു പൂർണമായും അകറ്റിനിർത്താൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലഹരിവിരുദ്ധ കാന്പയിനായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടമായ തൂഫാൻ ജനജാഗ്രത സമിതിയുടെ (തൂഫാൻ-തദ്ദേശം) സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ വേങ്ങര മലബാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പ്രധാന കാരണമായ ലഹരിയെ ശത്രുവായിക്കണ്ട് കേരളത്തിലെ സ്ത്രീകൾ ഒറ്റക്കെട്ടായി തൂഫാനോടൊപ്പം അണിനിരന്നതാണ് ഒന്നാം ഘട്ടത്തിന്റെ വിജയത്തിനു പിന്നിലെന്ന് മന്ത്രി പറഞ്ഞു. കുട്ടികളിലോ പ്രിയപ്പെട്ടവരിലോ ഉണ്ടാകുന്ന മാറ്റങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ അമ്മമാർക്കു സാധിക്കും. ഗ്രാമ, നഗര ഭേദമില്ലാതെ കുഞ്ഞുങ്ങളെ ലഹരിമാഫിയ വലയിലാക്കുന്നത് ഗൗരവത്തോടെ കാണണം. ലഹരി നമ്മുടെ വീടുകളിലും എത്തിയിരിക്കുന്നുവെന്ന തിരിച്ചറിവാണ് ഈ പോരാട്ടത്തിനു കരുത്തേകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം സംസ്ഥാനത്ത് ലഹരി ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും പൊലിസ് നടത്തുന്ന തീവ്രമായ ഇടപെടലുകളാണ് ഈ വിജയത്തിനു കാരണം. മഞ്ചേരിയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തികടന്ന് കോയന്പത്തൂരിൽനിന്ന് 13 കിലോ എംഡിഎംഎ പിടികൂടിയ മലപ്പുറം പൊലിസിന്റെ മികവിനെ മന്ത്രി അഭിനന്ദിച്ചു. ജനങ്ങളെ പൂർണമായി വിശ്വാസത്തിലെടുത്തു എന്നതാണ് പദ്ധതിയുടെ മറ്റൊരു നാഴികക്കല്ല്. ഒരു കുറ്റവാളിയെയും സംരക്ഷിക്കാതെ, മുഖം നോക്കാതെ നാടിനുവേണ്ടി പ്രവർത്തിക്കാൻ സർക്കാരിനു സാധിച്ചുവെന്നു മന്ത്രി പറഞ്ഞു.
ലഹരിവ്യാപനവും ഉപയോഗവും പൂർണമായി തടയുന്നതിനായി തദ്ദേശസ്ഥാപന തലത്തിൽ ജനകീയ ഇടപെടൽ ശക്തമാക്കുന്നതാണു തൂഫാൻ രണ്ടാം ഘട്ടം. എക്സൈസ് വകുപ്പിന്റെ 100 ദിന കർമപദ്ധതിയും ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ 2.0-യും സംയോജിപ്പിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ലഹരിയുടെ ആവശ്യകത കുറയ്ക്കുക, പ്രാരംഭ ഘട്ടത്തിൽത്തന്നെ ഇടപെടുക, അടിമപ്പെട്ടവർക്ക് ചികിത്സയും കൗണ്സലിംഗും പുനരധിവാസവും ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. തൂഫാൻ സ്ട്രൈക്ക്, തൂഫാൻ കെയർ, തൂഫാൻ ആപ്പ്, തൂഫാൻ ഐസ്, തൂഫാൻ പ്ലേ, തൂഫാൻ ഡ്രഗ് ഫ്രീ കാന്പസ് അക്രെഡിറ്റേഷൻ എന്നീ ഘട്ടങ്ങളായാണു രണ്ടാം ഘട്ടം പൂർത്തിയാക്കുക. ഇതിനായി എല്ലാ വാർഡുകളിലും ‘തൂഫാൻ ഗ്രാമസഭകൾ’ വിളിച്ചുചേർക്കുകയും തണ്ടർ വോളന്റിയർമാരെയും തൂഫാൻ വാരിയേഴ്സിനെയും കണ്ടെത്തുകയും ചെയ്യും.
ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും മന്ത്രി തൂഫാൻ വാരിയേഴ്സായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് മന്ത്രി തൂഫാൻ ബാഡ്ജ് അണിയിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ തൂഫാൻ-തദ്ദേശം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മന്ത്രി കെ.എം. ഷാജി, പി.വി. അബ്ദുൾ വഹാബ് എംപി, എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, കുറുക്കോളി മൊയ്തീൻ, വി.എസ്. ജോയ്, പി.കെ. നവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, എഡിജിപിമാരായ ദിനേശ് കശ്യപ് (ഇന്റലിജൻസ്), പി. വിജയൻ (ക്രമസമാധാനം), നോർത്ത് സോണ് ഐജിയും ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറുമായ പുട്ട വിമലാദിത്യ, മലപ്പുറം കളക്ടർ വിനയ് ഗോയൽ, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ് എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മിഷനിൽ തങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ ഇനി തെരഞ്ഞെടുപ്പ് നടത്തുകയെന്ന് പറഞ്ഞാൽ അതൊരു തട്ടിപ്പായിരിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനെ നിയോഗിക്കുന്ന കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസിനെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാൽ മാത്രമേ രാജ്യത്തെ പാർലമെന്ററി ജനാധിപത്യം ശക്തമാവുകയും നിലനിൽക്കുകയും ചെയ്യുകയുള്ളൂ എന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മാസപ്പടി കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് മെല്ലെപ്പോക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതിൽ സർക്കാരിന് യാതൊരുവിധ എതിർപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർനടപടികൾ സ്വീകരിക്കുന്നത്. വിഷയത്തിൽ നേരത്തെ പല കാര്യങ്ങളിലും അവ്യക്തത ഉണ്ടായിരുന്നുവെന്നും എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് പറയുന്ന കാര്യങ്ങളെല്ലാം അതേപടി സർക്കാരിന് നടപ്പാക്കാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു.
ലഭിക്കുന്ന നിയമോപദേശം അനുസരിച്ചായിരിക്കും സർക്കാർ മുന്നോട്ടുപോവുക. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയെ ഔദ്യോഗികമായി അറിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെ വിമര്ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഎം നേതാവ് കെ.എസ്. അരുണ് കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചോദ്യം ചെയ്യണമെങ്കില് മുന്കൂര് നോട്ടീസ് നല്കണമെന്നും കോടതി നിര്ദേശിച്ചു.
കുടുംബസമേതമുള്ള യാത്രയ്ക്കായി ഒരു വിമാന ടിക്കറ്റിന് എട്ടുലക്ഷം രൂപ വീതം സര്ക്കാര് ഖജനാവില് നിന്ന് നാല് കോടി രൂപയോളം ധൂര്ത്തടിച്ചു എന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. സെപ്റ്റംബര് 16ന് തിരുവനന്തപുരം സിറ്റി സൈബര് പൊലിസ് ആണ് അരുണ് കുമാറിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര് ചെയ്തത്.
എഫ്ഐആറും തുടര്നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അരുണ് കുമാര് ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് വേണ്ടെന്ന് കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യണമെങ്കില് മുന്കൂര് നോട്ടീസ് നല്കണമെന്നും കോടതി നിര്ദേശിക്കുകയായിരുന്നു.
Kerala
കണ്ണൂർ: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിക്ക് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബിജെപിയുമായി ചേർന്ന് നടത്തിയ ഉന്നത ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ.
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. പഞ്ചാബിലും തമിഴ്നാട്ടിലും ഇഡി കത്തുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വിസമ്മതിച്ചത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേരളത്തിൽ ഈ അസാധാരണ നീക്കം നടന്നതിന് പിന്നിൽ ഇഡിയും നരേന്ദ്ര മോദിയും യുഡിഎഫ് നേതാക്കളും തമ്മിലുള്ള കൂട്ടുകെട്ടാണെന്നും കുറ്റപ്പെടുത്തി.
സതീശനും ചെന്നിത്തലയും ഇഡിയുടെ ബിനാമികളായി മാറിയെന്നും ബിജെപിയും യുഡിഎഫും തമ്മിലുള്ള 22-ാമത്തെ ഡീലിന്റെ ഭാഗമാണ് ഈ കേസെന്നും ജയരാജൻ വ്യക്തമാക്കി. നിലവിലെ രണ്ട് കേരള മന്ത്രിമാർക്കെതിരെയുള്ള അന്വേഷണം മുന്നോട്ടുപോകില്ലെന്ന ഉറപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയിട്ടുണ്ട്.
സതീശൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പിണറായി വിജയനെതിരെയുള്ള അന്വേഷണം പ്രഖ്യാപിച്ചതെന്നത് ഇതിന് തെളിവാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: മാസപ്പടിക്കേസിലെ ഇഡി ശിപാർശക്കത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും. ഇതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തുകയാണ്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ പ്രധാന ശിപാർശ.
അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി ചൂണ്ടിക്കാട്ടുന്നവിവരങ്ങൾ വിശദീകരിച്ചുകൊണ്ട് സംസ്ഥാന പൊലിസ് മേധാവിക്ക് അന്വേഷണ ഏജൻസി ഔദ്യോഗികമായി കത്ത് നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് സർക്കാർ തലത്തിൽ ചർച്ച നടക്കുന്നത്.
Kerala
കോട്ടയം: ലഹരി വല അറുക്കാൻ സംസ്ഥാനത്തെ എല്ലാ സ്കൂളുകളെയും കാമറ നിരീക്ഷണത്തിലാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച കാതോലിക്കേറ്റ് സ്ഥാപന വാർഷികത്തിന്റെയും മലങ്കര നസ്രാണി യുവജനസംഗമത്തിന്റെയും സമാപനം കുറിച്ചു തിരുനക്കരയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി രമേശ് ചെന്നിത്തല.
രാസലഹരി സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണെന്നു പറഞ്ഞ മന്ത്രി പത്ത് വയസ് മുതൽ 90 വയസുള്ളവർ വരെ പോലീസിന്റെ ഡീഅഡിക്ഷൻ സെന്ററുകളിലെത്തുന്നുവെന്നു ചൂണ്ടിക്കാട്ടി.
പരുമല ആശുപത്രി ഉൾപ്പെടെ നാല്പതോളം ആശുപത്രികളുമായി ചേർന്ന് ഡീഅഡിക്ഷൻ പ്രോഗ്രാമുകൾ തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സിഎംആർഎൽ ഡയറിയിൽ തന്റെ പേരുണ്ടെങ്കിൽ എന്തുകൊണ്ട് തനിയ്ക്കെതിരേ ഇത്രനാളും അന്വേഷണം നടത്തിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ പേരു മാത്രമല്ല, സിപിഎമ്മിലെയും ബിജെപിയിലേയും പല മുതിർന്ന നേതാക്കളുടെയും പേര് അതിലുണ്ട്. ഏത് അന്വേഷണത്തേയും താൻ സ്വാഗതം ചെയ്യുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനും എതിരേ ഇഡി നൽകിയ കത്തിൽ നിയമോപദേശം ലഭിക്കുന്ന മുറയ്ക്കു ചർച്ച ചെയ്തു തുടർ നടപടി സ്വീകരിക്കും.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനിൽ നടത്തിയ പരിശോധനയിൽ ഒരു മാധ്യമ പ്രവർത്തകനേയും പൊലിസ് ആക്രമിച്ചിട്ടില്ല. മാധ്യമ സ്ഥാപനത്തിനെ കരിവാരിത്തേക്കാൻ ശ്രമിച്ചിട്ടില്ല. പ്രക്ഷേപണം ഒരു മിനിറ്റ് പോലും നിർത്തിവച്ചിട്ടില്ല.
പൊലിസ് നടപടി ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാണ്. തട്ടിപ്പു കേസിൽ രണ്ടാം പ്രതിസ്ഥാനത്തുള്ളത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനാണ്. കന്പനിയുടെ ഓഫിസിലാണ് പൊലിസ് പരിശോധന നടത്തിയത്. പൊലിസുകാർ തെറ്റു ചെയ്തെങ്കിൽ പരിശോധിക്കും.
മാധ്യമ പ്രവർത്തകനെ കൈവിലങ്ങ് അണിയിച്ചു കൊണ്ടുപോയ സംഭവം പിണറായി സർക്കാരിന്റെ കാലത്തുണ്ടായിരുന്നു. മുൻമന്ത്രി വി. അബ്ദുറഹ്മാനെ ചോദ്യം ചെയ്യുന്ന കാര്യം എസ്ഐടി തീരുമാനിക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ഓഫീസിൽ പൊലിസ് നടത്തിയ പരിശോധനയിൽ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. പൊലിസ് അന്വേഷണം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തിയത്. പരിശോധനയ്ക്കിടെ ഒരു മാധ്യമപ്രവർത്തകനോടും പൊലിസ് മോശമായി പെരുമാറിയിട്ടില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ചാനൽ ഓഫീസിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകൾ പൂർണമായും നിയമാനുസൃതമാണ്. കോടതിയിൽ നിന്ന് സെർച്ച് വാറന്റ് നേടിയ ശേഷമാണ് ഒരേസമയം അഞ്ച് സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയുടെ മുഴുവൻ നടപടികളും വീഡിയോഗ്രാഫ് ചെയ്തതായും സ്വതന്ത്ര സാക്ഷികളെ പങ്കെടുപ്പിച്ചാണ് പരിശോധന പൂർത്തിയാക്കിയത്.
ചാനലിന്റെ സംപ്രേഷണം ഒരു സെക്കൻഡ് പോലും തടസപ്പെട്ടില്ല. സംപ്രേഷണത്തെ ബാധിക്കാത്ത രീതിയിലാണ് പൊലിസ് പരിശോധന പൂർത്തിയാക്കിയത്. അതിനാൽ പൊലിസിന്റെ ഭാഗത്തുനിന്ന് കൃത്യവിലോപമോ അധികാര ദുർവിനിയോഗമോ ഉണ്ടായിട്ടില്ല. ഏതെങ്കിലും മാധ്യമസ്ഥാപനത്തെ കരിവാരിത്തേക്കാനോ മാധ്യമവേട്ട നടത്താനോ ശ്രമമുണ്ടായിട്ടില്ല.
അസിസ്റ്റന്റ് കമ്മീഷണർ മാധ്യമപ്രവർത്തകർ ഉപയോഗിക്കുന്ന കസേരയിൽ ഇരുന്നതിനെയും മന്ത്രി ന്യായീകരിച്ചു. പരിശോധന കഴിയുന്നതുവരെ അസിസ്റ്റന്റ് കമ്മീഷണർ നിൽക്കണോയെന്നും മന്ത്രി ചോദിച്ചു. മെസിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികവകുപ്പ് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പരിശോധിച്ചശേഷം ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു.
തുടർന്ന് നിയമവശങ്ങൾ പരിശോധിക്കുകയും ലോ ആൻഡ് ഓർഡർ എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തു. അവരാണ് തുടർ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ഇതിൽ സർക്കാർ ഇടപെടില്ലെന്നും ചെന്നിത്തല പറഞ്ഞു.
NRI
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ഓണാഘോഷം വിവിധ കലാ - സാംസ്കാരിക പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. കേരളത്തിൽ നിന്നെത്തിയ പ്രമുഖ ജനപ്രതിനിധികളുടെ സാന്നിധ്യം ആഘോഷത്തിന് കൂടുതൽ തിളക്കമേകി.
കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, രാജ്യസഭാംഗം ജോസ് കെ. മാണി, ആലുവ എം.എൽ.എ. അൻവർ സാദത്ത്, മുൻ മന്ത്രി പന്തളം സുധാകരൻ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
ലോകത്തിന്റെ ഏത് ഭാഗത്തായാലും മലയാളികൾ ഒരുമിച്ച് ഓണം ആഘോഷിക്കുന്നത് കേരളത്തിന്റെ സംസ്കാരവും ഐക്യവും ഉയർത്തിപ്പിടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രവാസി മലയാളികളുടെ കൂട്ടായ്മകളിൽ ഷിക്കാഗോ സോഷ്യൽ ക്ലബ് ശ്രദ്ധേയമായ സ്ഥാനമാണ് വഹിക്കുന്നതെന്നും ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരം സമ്മാനത്തുകയിലും ജനപങ്കാളിത്തത്തിലും ലോകശ്രദ്ധ നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിക്കാഗോ സോഷ്യൽ ക്ലബ് ശക്തവും മാതൃകാപരവുമായ പ്രവാസി കൂട്ടായ്മയാണെന്ന് മന്ത്രി മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികളെയും കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെയും കൂടുതൽ അടുത്ത് ബന്ധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
NRI
ഷിക്കാഗോ: തന്റെ അമേരിക്കന് സന്ദര്ശനത്തെച്ചൊല്ലിയുള്ള വിമര്ശനങ്ങള്ക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. "പിന്നെ, സര്ക്കാര് ചെലവിലല്ല ഈ അമേരിക്കന് യാത്ര, സംഘാടകരുടെ ചെലവിലാണ്... കേട്ടോ!' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷിക്കാഗോയിൽ നിന്നും ഫേസ്ബുക്കില് പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം വിവാദങ്ങള്ക്ക് വിശദീകരണം നല്കിയത്.
സംസ്ഥാന സര്ക്കാര് നൂറുദിനം പൂര്ത്തിയാക്കുന്ന ഘട്ടത്തില്, ജനങ്ങള് പവര്ക്കട്ടില് ബുദ്ധിമുട്ടുമ്പോള് മന്ത്രിയും ഭരണകക്ഷി നേതാക്കളും അമേരിക്കയില് ഉല്ലാസയാത്രയിലാണെന്ന തരത്തില് സമൂഹമാധ്യമങ്ങളില് പ്രചാരണങ്ങള് ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ചെന്നിത്തല നേരിട്ടെത്തിയത്.
ഈ യാത്ര തികച്ചും വ്യക്തിപരമാണെന്നും സര്ക്കാര് ഖജനാവിലെ പണം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘാടകരുടെ ചെലവിലാണ് താന് അമേരിക്കയിലെത്തിയത്. നിലവില് ഷിക്കാഗോയിലാണെന്നും കുടുംബത്തോടൊപ്പം എത്തിയത് ദീര്ഘകാല സുഹൃത്തിന്റെ കുടുംബ ചടങ്ങില് പങ്കെടുക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിലുണ്ടായിരുന്ന ഫെലിക്സ് സൈമണുമായി തനിക്ക് മൂന്നര പതിറ്റാണ്ടിലേറെക്കാലത്തെ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തില് പങ്കെടുക്കാനാണ് ഞാനും കുടുംബവുമെത്തിയത്.
ഷിക്കാഗോയിലെത്തിയപ്പോള് പ്രവാസി മലയാളികളുമായി സംവദിക്കാനും ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസിന്റെ (ഐഒസി) ഓണാഘോഷങ്ങളില് പങ്കെടുക്കാനും സാധിച്ചു.
കൂടാതെ സാം പിത്രോഡയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്ശിക്കുകയും ചെയ്തു എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
NRI
ഷിക്കാഗോ: ഷിക്കാഗോയിൽ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, അൻവർ സാദത്ത് എംഎൽഎ, മുൻ മന്ത്രി പന്തളം സുധാകരൻ എന്നിവർക്ക് ഷിക്കാഗോ ഒഹെയർ വിമാനത്താവളത്തിൽ ഇന്ത്യൻ ഓവർസീസ് പ്രവർത്തകർ ഉജ്വല സ്വീകരണം നൽകി.
വൈകുന്നേരം ആറിന് എത്തിച്ചേർന്ന സംഘം 30 മിനിറ്റോളം ഐഒഎസി പ്രവർത്തകരുമായി സൗഹൃദം പങ്കുവച്ചു. ഐഒഎസി ദേശീയ പ്രസിഡന്റ് സതീശൻ നായർ, ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ജോർജ് പണിക്കർ, ട്രഷറർ ആന്റോ കവലയ്ക്കൽ, ഗ്ലാഡ്സൺ വർഗീസ്, സന്തോഷ് നായർ, ജോസ് മണക്കാട്ട്, ജീജി സാം, സജി കുര്യൻ തുടങ്ങി അനേകം പ്രവർത്തകർ നേതാക്കളെ സ്വീകരിച്ചു.
ഞായറാഴ്ച വൈകുന്നേരം 6.30ന് മോർട്ടൺ ഗ്രോവിലുള്ള സെന്റ് മേരീസ് ദേവാലയ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസും ഷിക്കാഗോ മലയാളി അസോസിയേഷനും പൗരാവലിയും ചേർന്നു നേതാക്കൾക്ക് സ്വീകരണം നൽകും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Kerala
തിരുവനന്തപുരം: നൂറു ദിനങ്ങൾ പിന്നിടുമ്പോൾ "ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്' സംസ്ഥാനത്ത് വലിയ ചരിത്രം കുറിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയയുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തരവകുപ്പ് നടപ്പാക്കിവരുന്ന ഈ പദ്ധതി, സമൂഹത്തിൽ സുരക്ഷിതമായ ഒരു അന്തരീക്ഷമൊരുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.
2026 ജൂൺ രണ്ട് മുതൽ ആരംഭിച്ച ഈ ദൗത്യത്തിലൂടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ വലിയ കുറവുണ്ടാവുകയും പിടിച്ചെടുത്ത ലഹരി മരുന്നുകളുടെ അളവിൽ 19 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്നിന്റെ നിർമാണം, കടത്ത്, വിതരണം എന്നീ മൂന്ന് ഘട്ടങ്ങളിലും ഒരേസമയം കുരുക്ക് മുറുക്കിയ പൊലിസ് നടപടി ദക്ഷിണേന്ത്യക്ക് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്.
ലഹരിക്കെതിരായ കേസ് രജിസ്ട്രേഷനിൽ മാത്രമല്ല, ലഹരി ശൃംഖല പൂർണമായി തകർക്കുന്നതിലാണ് ഓപ്പറേഷൻ തൂഫാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് മയക്കുമരുന്ന് കേസുകളുടെ എണ്ണം 9208-ൽ നിന്ന് 10301 ആയും അറസ്റ്റിലായവരുടെ എണ്ണം 9947-ൽ നിന്ന് 11146 ആയും ഉയർന്നു.
സംസ്ഥാനത്ത് കൂടുതൽ കേസുകളും അറസ്റ്റും രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലാണ്. എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്സുകൾക്കെതിരെ കനത്ത പ്രഹരമാണ് ഇക്കാലയളവിൽ ഏൽപ്പിച്ചത്. കഴിഞ്ഞവർഷം പിടിച്ചെടുത്ത 8.211 കിലോഗ്രാം എംഡിഎംഎ ഇത്തവണ 24 കിലോഗ്രാമായി വർധിച്ചു.
കൂടാതെ റെയിൽവേ വഴി അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയുന്നതിൽ കേസുകളുടെ എണ്ണം 227 ശതമാനവും അറസ്റ്റ് 255 ശതമാനവും വർധിച്ചു. ലഹരിവേട്ട ശക്തമാക്കിയതോടെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പൊതു കുറ്റകൃത്യങ്ങളിൽ കുറവ് ദൃശ്യമായിട്ടുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആകെ കേസുകളിൽ 1.9 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ ബലാത്സംഗ കേസുകളിൽ 19.9 ശതമാനവും പോക്സോ കേസുകളിൽ 13.6 ശതമാനവും കുറവ് രേഖപ്പെടുത്തിയെന്നും ചെന്നിത്തല വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് തള്ളിക്കളയാന് കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം നടത്തിയ ശേഷമുള്ളതാണ് ഇഡിയുടെ റിപ്പോര്ട്ടെന്നും ചെന്നിത്തല പറഞ്ഞു.
നിലവിൽ ആഭ്യന്തര സെക്രട്ടറിയുടെ കൈയിലാണ് റിപ്പോര്ട്ടുള്ളത്. റിപ്പോര്ട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി ആലോചിക്കും. നിയമോപദേശം തേടണമെങ്കില് തേടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിന്റെ ചുമലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി സച്ചിൻ പൈലറ്റിനെ നിയമിച്ചു. ഭൂപേഷ് ബാഗേലിനു പകരമാണു നിയമനം.
ബാഗേലിന് ആസാമിന്റെ ചുമതല നല്കി. രമേശ് ചെന്നിത്തലയ്ക്കു പകരം ഡോ. സിരിവെല്ല പ്രസാദിന് മഹാരാഷ്ട്രയുടെ ചുമതല നല്കി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി രൺദീപ് സിംഗ് സുർജേവാലയെ നിയമിച്ചു. അടുത്ത വർഷമാണ് ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കർണാടകയുടെ ചുമതലയിൽ സുർജേവാല തുടരും.
സുഖ്ദേവ് ഭഗത്, പി.വി. മോഹൻ എന്നിവർ യഥാക്രമം ഛത്തീസ്ഗഡിന്റെയും ആന്ധ്രപ്രദേശിന്റെയും ചുമതല വഹിക്കും.
Kerala
തിരുവനന്തപുരം: എഐവൈഎഫ് സമരത്തിന് നേരെ പോലീസ് ജലപീരങ്കിയില് നിന്നു പുറത്തുവിട്ട വെള്ളം മലിനജലമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വര്ഷമായി ജലപീരങ്കിയില് നിറയ്ക്കുന്ന അതേ സ്ഥലത്തു നിന്നാണ് വെള്ളം നിറച്ചത്. വെള്ളം പരിശോധനയക്കയച്ച റിപ്പോര്ട്ടില് മലിനജലമല്ലെന്ന് കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി.
പിഎംശ്രീ പദ്ധതിക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് മാര്ച്ച് നടത്തിയ എഐവൈഎഫ് പ്രവര്ത്തകര്ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള് മലിന ജലമാണെന്ന് സിപിഐ നേതാവ് കെ. രാജന് ആരോപണം ഉന്നയിച്ചിരുന്നു. ഇത് നിയമസഭയില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉന്നയിച്ചു. ഇതേ തുടര്ന്ന് വെള്ളം പരിശോധനയ്ക്ക് അയക്കാനും വിശദമായ റിപ്പോര്ട്ട് സമര്പ്പിക്കാനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സിറ്റി പോലീസ് കമ്മീഷണര്ക്ക് നിര്ദേശം നല്കിയിരുന്നു.
പബ്ലിക് ഹെല്ത്ത് ലാബിലും വാട്ടര് അതോറിറ്റിയുടെ ലാബിലും വെള്ളം പരിശോധനയ്ക്കയച്ചു. രണ്ടിടത്ത് നിന്നും ലഭിച്ച റിപ്പോര്ട്ടിലും മലിന ജലമല്ലെന്നും കണ്ടെത്തി. വെള്ളത്തില് ഇരുമ്പിന്റെ അംശം കുടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് ജലപീരങ്കിക്കുള്ളിലെ ഇരുമ്പിന്റെ അംശം കാരണമാകാമെന്നാണ് നിഗമനം.
Kerala
ആലപ്പുഴ: ഓപ്പറേഷന് തൂഫാനിൽ സിപിഎം നേതാക്കളെ തൊടുന്നില്ലെന്ന ജി. സുധാകരന് എംഎല്എയുടെ പരാമർശത്തിൽ മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന് തൂഫാനിൽ ആരും രാഷ്ട്രീയം കലര്ത്തരുതെന്ന് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയം നോക്കി ആരെയും പിടികൂടുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷന് തൂഫാന് എല്ലാവരുടെയും സഹായം വേണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഓപ്പറേഷന് തൂഫാന് വമ്പിച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. വന് ജനകീയ പങ്കാളിത്തമാണ് ലഭിക്കുന്നത്. 170 കോടി രൂപയുടെ മയക്കുമരുന്ന് ഉത്പന്നങ്ങൾ പിടികൂടി. ഇതുവരെ 10,600ല് അധികം ആളുകള് അറസ്റ്റിലായെന്നും മന്ത്രി അറിയിച്ചു.
9,000ൽ അധികം കേസുകള് രജിസ്റ്റര് ചെയ്തു. 20ാം തീയതി രണ്ടാം ഘട്ടം ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനകീയ മുന്നേറ്റമാണ് ലക്ഷ്യം. എല്ലാ ഏജന്സികളുടെയും സഹായത്തോടെ ലഹരി മാഫിയയുടെ വേരറുക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചാരണം തള്ളി മന്ത്രി രമേശ് ചെന്നിത്തല. നിലവിൽ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പോലീസ് ഇന്റർപോളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. വയലാർ രവി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തുണ്ടായ സംഭവമാണിതെന്നും ഇതുമായി ബന്ധപ്പെട്ട് എന്താണ് പൂഴ്ത്തിവയ്ക്കാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൂഴ്ത്തിയെന്ന ആരോപണത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ചും പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. സുകുമാരക്കുറുപ്പുമായി ജോൺ മേനോനുള്ള സാദൃശ്യം ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും ഇല്ലാതാക്കാനും വര്ഗീയത ആളിക്കത്തിക്കാനുമുള്ള ശ്രമങ്ങള് രാജ്യത്ത് നടന്നുവരുകയാണെന്നും ഇതിനെതിരേ കോണ്ഗ്രസ് രാജ്യവ്യാപകമായി പോരാട്ടം നടത്തുകയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കെപിസിസി ആസ്ഥാനത്ത് 80-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോരാട്ടത്തിന് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള് കരുത്തുപകരുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച കുപ്രസിദ്ധ ഗുണ്ട അർജുൻ ആയങ്കിയെ ദിവസങ്ങൾ കഴിഞ്ഞെങ്കിലും പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് ആഭ്യന്തര വകുപ്പ്. ആദ്യം പൊലീസ് ഉദ്യോഗസ്ഥരേയും പിന്നീട് ആഭ്യന്തര മന്ത്രിയേയും അർജുൻ ആയങ്കി വെല്ലുവിളിച്ചതോടെയാണ് ആഭ്യന്തര വകുപ്പും പൊലീസ് സേനയും പ്രതിരോധത്തിലായത്. തുടർന്നായിരുന്നു അർജുൻ ആയങ്കിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയത്.
അർജുൻ ആയങ്കിയെ കിട്ടാതായതോടെ ഒപ്പമുള്ള ഗുണ്ടാസംഘത്തെ കൂട്ടത്തോടെ പിടികൂടാനുള്ള ശ്രമമായി. നേരത്തെയുണ്ടായിരുന്ന ഓപറേഷൻ ഗ്രിപ്പ് വീണ്ടും തുടങ്ങിയതോടെ ഗുണ്ടകളെയും കൂട്ടത്തോടെ പിടികൂടിത്തുടങ്ങി. ഒപ്പമുണ്ടായിരുന്ന ഗുണ്ടാസംഘങ്ങളെയെല്ലാം പൊലീസ് അകത്താക്കി. സഹായം ചെയ്തവരുടെ വീടുകളിൽ എല്ലാം പൊലീസ് അരിച്ചു പെറുക്കി. ഇതോടെയാണ് നിവൃത്തിയില്ലാതെ കീഴടങ്ങാനുള്ള നീക്കങ്ങൾ അർജുൻ ആയങ്കി നടത്തിയതെന്നാണ് പൊലീസ് ഉന്നതർ നൽകുന്ന സൂചന. രാഷ്ട്രീയ ബന്ധമുള്ള പ്രതിയാണെങ്കിലും സിപിഎം നേതൃത്വം പൂർണമായി തള്ളിപ്പറഞ്ഞതിനു പിന്നാലെയാണ് അർജുനെ പിടികൂടിയതെന്ന പ്രത്യേകതയുമുണ്ട്.
സർക്കാരിനെ വെല്ലുവിളിച്ചാൽ ഇതായിരിക്കും അനുഭവമെന്നും ഗുണ്ടകളെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും അർജുനെ പിടിച്ച ശേഷമുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് ഓപറേഷനു നേതൃത്വം നൽകിയ എഡിജിപി പി.വിജയൻ പറഞ്ഞു. കാപ്പ ചുമത്തുന്നതു പരിഗണിക്കുമെന്ന എഡിജിപിയുടെ മറുപടിയിൽ ഇയാളെ പൂർണമായി പൂട്ടാനാണ് ആഭ്യന്തര വകുപ്പ് നീക്കമെന്നും കരുതപ്പെടുന്നു.
23 കേസുകളിലെ പ്രതി
23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകിയാൽ കുറ്റകൃത്യം വീണ്ടും ആവർത്തിക്കുമെന്നും ആഭ്യന്തര മന്ത്രിക്കെതിരേ പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സാക്ഷികളെ സ്വാധീനിക്കുമെന്നും പറയുന്നു.അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കുന്നതു നീതിനിഷേധമായിരിക്കുമെന്നു റിപ്പോർട്ടിലുണ്ട്.
ലൊക്കേഷൻ കിട്ടാത്ത സിം
ഫോണിന്റെ ലൊക്കേഷൻ തിരിച്ചറിയാൻ കഴിയാത്തതാണ് പോലീസിന് ഇയാളെ പിടികൂടുന്നതിനു കുരുക്കായത്. സിം ഇല്ലാത്ത അമേരിക്കൻ നിർമിത ഫോണാണ് ഇയാളുടെ കൈവശമുള്ളത്. ലൊക്കേഷൻ ഇത് ബ്ലോക്ക് ആക്കുന്നതിനാൽ ഇയാളെ ചേസ് ചെയ്യുക പോലീസിന് ഏറെ ബുദ്ധിമുട്ടായിരുന്നു.
Kerala
കൊല്ലം: കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ഇനിയും കണ്ടെത്താനുള്ളവർക്കായി തെരച്ചിൽ തുടരുമെന്നും മന്ത്രി പറഞ്ഞു.
വേദനാജനകമായ സംഭവമാണിത്. ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് കാണാതായിട്ടുള്ളത്. കോസ്റ്റ്ഗാർഡ് ഐജിയുമായി സംസാരിച്ചിരുന്നു. തെരച്ചിൽ നിലവിൽ തുടരുകയാണ്. മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് തെരച്ചിൽ തുടരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ ആയിരുന്നു നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞത്. അപകടത്തിൽ പുത്തൻതുറ പൂമുഖത്ത് രാജീവൻ (76) വ്യാഴാഴ്ച തന്നെ മരിച്ചു. രാജീവന്റെ മകളുടെ ഭർത്താവ് പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണൻ (47), മകൻ ഗൗതം കൃഷ്ണ (26) എന്നിവരെ കാണാതായി. പിന്നീട് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഗൗതമിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Kerala
പാലക്കാട്: പാലക്കാട് പോത്തുണ്ടിയില് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കള്ക്ക് ജോലി നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുധാകരന്റെയും സജിതയുടെയും മക്കള്ക്ക് സര്ക്കാര് ജോലി നല്കണമെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സുധാകരന്റെയും സജിതയുടെയും മക്കളായ അഖിലയ്ക്കും അതുല്യക്കും ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി കുടുംബത്തെ അറിയിച്ചു. 2019ല് സുധാകരന്റെ ഭാര്യ സജിത കൊല്ലപ്പെട്ടത്. സജിതയെ കൊലപ്പെടുത്തിയ പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരിയിലായിരുന്നു സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയത്.
സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട ചെന്താമരയെ മണിക്കൂറുകള് തിരഞ്ഞെ ശേഷമായിരുന്നു പോലീസിന് കണ്ടെത്താനായത്.
Kerala
തിരുവനന്തപുരം: കാപ്പ കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം ആരംഭിച്ചു. വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ അറിയാതെയാണ് അപേക്ഷയിൽ തീരുമാനമെടുത്തതെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. സുഗതന്റെ അപേക്ഷ തദ്ദേശ വകുപ്പിന്റെ അഭിപ്രായത്തിന് വിടുകയും, കൗൺസിലിന് അവധി പരിഗണിക്കാമെന്ന തദ്ദേശ വകുപ്പിന്റെ നിർദേശം ഉൾപ്പെടുത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി കത്ത് നൽകുകയുമായിരുന്നു. തദ്ദേശ വകുപ്പിന്റെ ഈ അഭിപ്രായം ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക നിലപാടായി മാറ്റിയതിൽ മന്ത്രി അതൃപ്തി അറിയിച്ചിട്ടുണ്ട്.
അതേസമയം, ആർ. സുഗതന് ആറുമാസത്തേക്ക് അവധി അനുവദിച്ച നടപടിയെ ന്യായീകരിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ് രംഗത്തെത്തി. അവധി അപേക്ഷ തികച്ചും നിയമപരമാണെന്നും വോട്ടെടുപ്പ് ഏത് രീതിയിൽ വേണമെന്ന് തീരുമാനിക്കാൻ മേയർക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൗൺസിൽ അംഗത്തിന്റെ അംഗത്വം സംരക്ഷിക്കേണ്ടത് മേയറുടെ ഉത്തരവാദിത്തമാണെന്നും ആഭ്യന്തര വകുപ്പിന്റെ സർക്കുലറാണ് ഇതിന് പിൻബലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അവധി അനുവദിച്ച നടപടിയുടെ നിയമവശങ്ങൾ വിശദമായി പരിശോധിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
Kerala
ചങ്ങനാശേരി: ഓപ്പറേഷന് തൂഫാന് ദ നാര്ക്കോ ഹണ്ടിന്റെ ഭാഗമായുള്ള വമ്പൻ റാലിയും സമ്മേളനവും ഇന്നു രാവിലെ ചങ്ങനാശേരി പായിപ്പാട് നടന്നു. ആയിരക്കണക്കിന് ഇതരസംസ്ഥാനക്കാർ അധിവസിക്കുന്ന പായിപ്പാട്ട് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ മുന്നേറ്റം നാടിന് ആവേശമായി.
കൊച്ചുപള്ളി ജംഗ്ഷനില്നിന്നാരംഭിക്കുന്ന റാലി സുന്ദരിപ്പടി ജംഗ്ഷനില് എത്തിയപ്പോൾ തുറന്ന ജീപ്പില് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കുചേർന്നു. പായിപ്പാട് ടൗണ്ചുറ്റി റാലി നക്ഷത്ര ഓഡിറ്റോറിയത്തില് സമാപിച്ചു. തുടര്ന്നു നടന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയയുടെ അടിവേരറുത്ത ശേഷമേ തൂഫാൻ പദ്ധതി അവസാനിപ്പിക്കൂ എന്നു മന്ത്രി പറഞ്ഞു. വിനു ജോബ് എംഎല്എ അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ആമുഖ സന്ദേശം നല്കി പരിപാടിയില് അഞ്ഞൂറോളം ഇതരസംസ്ഥാന തൊഴിലാളികള് ഉള്പ്പെടെ അയ്യായിരത്തോളം പേര് പങ്കെടുത്തു. തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന് പുന്നശേരി ലഹരിവിരുദ്ധ സന്ദേശം നല്കി. എംഎല്എമാരായ വര്ഗീസ് മാമ്മന്, നാട്ടകം സുരേഷ്, റോണി കെ. ബബി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ചങ്ങനാശേരി നഗരസഭാ ചെയര്മാന് ജോമി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്. സുനിലാകുമാരി, മോട്ടി മുല്ലശേരി, സുനിമോള് ചാക്കോ, തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി. ജി. മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ സൈബർ സെൽ ഐ.ജി പി. പ്രകാശിനെ ചുമതലപ്പെടുത്തി.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ നൽകിയ പരാതിയിലാണ് ആഭ്യന്തരവകുപ്പ് ഉടനടി അന്വേഷണത്തിന് നിർദേശം നൽകിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെയും യുവജനങ്ങളെയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു ടി. ജി. മോഹൻദാസിന്റെ പ്രതികരണം.
ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ചുകൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിന്റെ പ്രതികരണം. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ച് ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷം വെടിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരെ ക്രിമിനലുകളെന്നും അക്രമികളെന്നും വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
വീഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. എ. നന്ദനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: പരാതികള് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അവയവക്കച്ചവട റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാന് എസ്ഐടി രൂപീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആളുകളുടെ അവയവങ്ങള് മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
വളരെ വ്യാപകമായി കേരളത്തില് ചില ആശുപത്രികള് കേന്ദ്രീകരിച്ചു കൊണ്ട് അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന പരാതികള് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി രൂപീകരിച്ചത്. ശക്തമായി തന്നെ അവയവക്കച്ചവടത്തെ നിയന്ത്രിക്കും. അതിലൊരു സംശയവും വേണ്ട. എസ്ഐടിയുടെ പ്രവര്ത്തനം ഉടന് തന്നെ ആരംഭിക്കും.
കേരളത്തില് ഒരു കാരണവശാലും അംഗീകരിക്കാന് കഴിയുന്ന ഒന്നല്ല ഇത്. അതിന് വ്യവസ്ഥാപിതമായ നടപടികളുണ്ട്, സുപ്രീം കോടതിയുടെ നിര്ദേശങ്ങളുണ്ട്, അതൊന്നും പാലിക്കാതെ ആളുകളുടെ അവയവങ്ങള് മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എറണാകുളം റൂറല് എസ്പി കെ.എസ്. സുദര്ശനാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്നത്. കേന്ദ്ര ഏജന്സികള്, ആരോഗ്യ വകുപ്പ് എന്നിവയുമായി ഏകോപിപ്പിച്ചാകും അന്വേഷണം മുന്നോട്ടുപോകുക. വ്യാജ രേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസില് ഇഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്. മുഖ്യപ്രതി നജീബിനെയും ഭാര്യയെയും കൊച്ചിയിലെ മൂന്നു സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്മാരെയും ഇഡി ചോദ്യം ചെയ്തിരുന്നു.
Kerala
തൃശൂർ: പൊതുപ്രവർത്തകനും ദീർഘകാലം വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന പി.വി. പൗലോസ് മാസ്റ്ററുടെ പേരിൽ സ്മൃതിസമിതിയും ഇക്കണോമിക്സ്, കോമേഴ്സ് മാനേജ്മെന്റ് നെറ്റ്വർക്കും സംയുക്തമായി ഏർപ്പെടുത്തിയ 2025 -26 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു.
സാമൂഹ്യശ്രീ പുരസ്കാരത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അർഹനായി. 40,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മാധ്യമശ്രീ അവാർഡിന് സെബി മാളിയേക്കൽ (സീനിയർ സബ് എഡിറ്റർ, ദീപിക, തൃശൂർ) എ. ജീവൻകുമാർ (കോ -ഓർഡിനേറ്റിംഗ് എഡിറ്റർ, മലയാള മനോരമ, തൃശൂർ ) എന്നിവർ അർഹരായി. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്മൃതി സമ്മേളനത്തിൽവച്ച് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ രമേശ് ചെന്നിത്തലയ്ക്ക് അവാർഡ് സമ്മാനിക്കും.
Kerala
മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവൻ കുമാറിനും
തൃശൂർ: പൊതുപ്രവർത്തകനും ദീർഘകാലം വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന പി.വി. പൗലോസ് മാസ്റ്ററുടെ പേരിൽ സ്മൃതിസമിതിയും ഇക്കണോമിക്സ് , കോമേഴ്സ് മാനേജ്മെന്റ് നെറ്റ് വർക്കും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന 2025 -26 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു.
സാമൂഹ്യശ്രീ അവാർഡിന് ' ഓപ്പറേ ഷൻ തൂഫാൻ ' പദ്ധതിയുടെ സ്രഷ്ടാവായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അർഹനായി. 40,001 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. മാധ്യമശ്രീ അവാർഡിന് സെബി മാളിയേക്കൽ ( സീനിയർ സബ് എഡിറ്റർ, ദീപിക, തൃശൂർ) എ. ജീവൻകുമാർ (കോ ഓർഡിനേറ്റിംഗ് എഡിറ്റർ, മലയാള മനോരമ, തൃശൂർ ) എന്നിവർ അർഹരായി. ഇരുവർക്കും 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്.
കഴിഞ്ഞ വർഷങ്ങളിൽ സൺഡേ ദീപികയിൽ കവർസ്റ്റോറികളിലൂടെ തൃശൂർ ജില്ലക്കാരായ അനേകം പ്രതിഭകളെ മുഖ്യധാരയിലേക്കു കൊണ്ടുവന്നതിനാണ് സെബിക്ക് അവാർഡെന്നും സാമ്പത്തിക ശാസ്ത്രലേഖനങ്ങളെ ആധാരമാക്കിയാണ് ജീവൻ കുമാറിനെ അവാർഡിനു തെരഞ്ഞെടുത്തതെന്നും ജൂറി വ്യക്തമാക്കി.
നാളെ ഉച്ചകഴിഞ്ഞു രണ്ടിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്മൃതി സമ്മേളനത്തിൽവച്ച് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ രമേശ് ചെന്നിത്തലയ്ക്ക് അവാർഡ് സമ്മാനിക്കും. മാധ്യമശ്രീ അവാർഡുകൾ രമേശ് ചെന്നിത്തല സമ്മാനിക്കും. അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന സ്മൃതി സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർമാൻ എം. പി. ജാക്സൺ, ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബ്ലെസ്സി എന്നിവർ ആശംസകളർപ്പിക്കും. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തും. ഡോ. ജസ്റ്റിൻ പോൾ സ്വാഗതവും പ്രഫ. ഡോ. സന്തോഷ് പോൾ നന്ദിയും പറയും .
അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്ത ഡോ. ജസ്റ്റിൻ പോൾ, പ്രഫ. അനൂപ് നന്തിലത്ത്, പ്രഫ. ചാക്കോ ജോസ് എന്നിവരടങ്ങിയ ജൂറിയാണ് തൃശൂരിൽ പത്രസമ്മേളനത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ഔഷധിയിലെ നിര്മാണപ്രവൃത്തികളിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നെന്ന പരാതിയില് ആഭ്യന്തരമന്ത്രിയോട് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് ആരോഗ്യമന്ത്രി കെ. മുരളീധരന്.
ഔഷധിയുടെ എംഡി ഡോ. ടി.കെ. ഹൃദീക്കിനെ ചുമതലയില് നിന്നു നീക്കുകയും ചെയ്തു.മന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടികള്. ഔഷധിയിലെ വിവിധ നിര്മാണപ്രവൃത്തികള് ടെന്ഡര് നടപടികള് പാലിക്കാതെ ഊരാളുങ്കല് സൊസൈറ്റിക്ക് നല്കിയതായും 2024-25 സാമ്പത്തിക വര്ഷത്തെ വില്പന കണക്കുകളില് ക്രമക്കേടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.
പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തനത്തിലെ സുതാര്യത, ഉത്തരവാദിത്തം, സാമ്പത്തിക കൃത്യത എന്നിവയെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളതെന്ന് ആരോഗ്യമന്ത്രി കത്തില് ചൂണ്ടിക്കാട്ടുന്നു.
പൊതുജനവിശ്വാസം നിലനിര്ത്തുന്നതിനും ആരോപണങ്ങളുടെ സത്യാവസ്ഥ സ്വതന്ത്രമായി പരിശോധിക്കുന്നതിനും വിജിലന്സിനെ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തുന്നത് ഉചിതമാണെന്നാണ് ശിപാര്ശ.
കേരള വനഗവേഷണ സ്ഥാപനത്തില് സയന്റിസ്റ്റ് തസ്തികയില് നിന്നാണ് ഹൃദീക്കിനെ കഴിഞ്ഞ ഇടതുസര്ക്കാര് മെഡിസിനല് പ്ലാന്റ് ബോര്ഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടര് സ്ഥാനത്തേക്ക് ഡപ്യൂട്ടേഷനില് നിയമിച്ചിരുന്നത്.
Kerala
കണ്ണൂർ: സിപിഎം-സിപിഐ തർക്കംവച്ച് നോക്കുന്പോൾ കോൺഗ്രസിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇടതുമുന്നണിയിലാണ് ഇപ്പോൾ പ്രശ്നങ്ങൾ. തർക്കം കാരണം മുന്നണി യോഗം കൂടാൻ പോലും അവർക്ക് കഴിയുന്നില്ലെന്നും കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കെഎസ്യു നേതാക്കളുടെ പരാതികൾ പരിശോധിക്കും. അതിന് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുമെന്നാണ് കരുതുന്നത്. പരാതികളുണ്ടെങ്കിൽ പറയേണ്ട ചില രീതികളുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചില സിപിഎം നേതാക്കൾക്ക് പോലീസ് പ്രൊട്ടക്ഷൻ തുടരുന്നത് സംബന്ധിച്ച ചോദ്യത്തിന് ഹോം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പോലീസ് സെക്യൂരിറ്റി കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രി ഇടപെടേണ്ട കാര്യമില്ല. ഇടപെടുന്നത് ശരിയുമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ നടപടികൾ ഒരിക്കലും നിർത്തില്ലെന്നും ലഹരി മാഫിയയെ നാട്ടിൽനിന്ന് തുടച്ചുനീക്കുന്നത് വരെ തുടരുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി വൻ മുന്നേറ്റമാണ് നടത്തുന്നത്. നേരത്തെ മയക്കുമരുന്ന് മാഫിയയെ ജനങ്ങൾക്ക് പേടിയായിരുന്നു. ഇപ്പോൾ മയക്കുമരുന്ന് മാഫിയയ്ക്ക് ജനങ്ങളെ പേടിയായി. ജനങ്ങൾ ഉത്സാഹപൂർവ്വം ലഹരിയുടെ വേരറുക്കാൻ ഇറങ്ങിയിരിക്കുന്നത്. മയക്കുമരുന്ന് വില്പന നടത്തുന്നവർ അത് അവസാനിപ്പിക്കണം. പോലീസ് ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായി ചർച്ച നടത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ബുധനാഴ്ച ഉച്ചയ്ക്ക് 12 നാണ് ചർച്ച. ലഹരി വിരുദ്ധ പോരാട്ടത്തിൽ അദ്ദേഹം നമ്മളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ലഹരി കടത്തിനെതിരെ അന്തർസംസ്ഥാന തലത്തിൽ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി നേരത്തെ സംസാരിച്ചിട്ടുണ്ട്. കൂടാതെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും വിഷയം ചർച്ച ചെയ്തതായി ചെന്നിത്തല അറിയിച്ചു.
സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ ആരംഭിക്കുമ്പോൾ ലഹരി വ്യാപനം ഇത്രയും ഭീതിജനകമായ അവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വെറും 42 ദിവസത്തിനുള്ളിൽ ആറായിരത്തോളം പേരെയാണ് പദ്ധതിയുടെ ഭാഗമായി പിടികൂടിയത്. ഈ ചുരുങ്ങിയ കാലയളവിൽ 70 കോടിയിലേറെ രൂപ വിലവരുന്ന ലഹരിമരുന്നുകൾ പിടിച്ചെടുക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. കെഎസ്ആര്ടിസി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര് വി. ടോമിക്കെതിരെയാണ് നടപടി. കെഎസ്ആർടിസി അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ അസഭ്യവർഷം ചൊരിഞ്ഞതിനാണ് നടപടി. ഇദ്ദേഹത്തിന്റെ പെരുമാറ്റം സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ സർക്കാരിന്റെയും വകുപ്പിന്റെയും സത്പേരിന് കളങ്കമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുമെന്നും കൂടുതൽ നടപടികൾ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും കെഎസ്ആർടിസി വൃത്തങ്ങൾ അറിയിച്ചു.