Kerala
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജ് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ ഉന്നയിക്കുന്ന സംശയങ്ങൾ ഇന്ന് പോലീസ് മൊഴിയായി രേഖപ്പെടുത്തും.
ഇന്നലെ വൈകുന്നേരം നിതിൻ രാജിന്റെ അച്ഛൻ വൈ.എൽ. രാജൻ, നിതിൻ രാജിന്റെ സഹോദരി രാഖി, സഹോദരീ ഭർത്താവ് അശോകൻ എന്നിവർ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജിനെ കണ്ടിരുന്നു.
കെട്ടിടത്തിൽനിന്നു ചാടി തറയിൽ വീണപ്പോൾ നിതിനു മരണം സംഭവിച്ചിരുന്നില്ലെന്നും ആശുപത്രിയിൽ എത്തിച്ച ശേഷം ആവശ്യമായ ചികിത്സ ലഭ്യമായില്ലെന്നും കുടുംബം ആരോപിച്ചു. ഇതു സംബന്ധിച്ചും അന്വേഷണം നടത്തണമെന്നു കുടുംബം സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേത്തുടർന്നാണ് ഇവരുടെ സംശയങ്ങൾ മൊഴിയായി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. മരണത്തിനിടയാക്കിയ മുഴുവനാളുകള്ക്കതിരേയും കേസെടുക്കണമെന്നു നിതിന്‍ രാജിന്റെ കുടുംബം സിറ്റി പോലീസ് കമ്മീഷണോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെങ്കിലും മകന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേർക്കും ശിക്ഷ ഉറപ്പാക്കുന്നതു വരെ നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് രാജൻ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പഠിച്ച് ഡോക്ടറായി പുറത്തിറങ്ങണമെന്നായിരുന്നു മകന്റെ ആഗ്രഹം.
ലോൺ ആപ്പിൽനിന്ന് വായ്പ എടുത്തത് കുടുംബം അറിഞ്ഞുകൊണ്ടുതന്നെയാണ്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നെങ്കിൽ കോളജ് അധികൃതർ വീട്ടുകാരെ അറിയിക്കണമായിരുന്നു. എന്നാൽ അത്തരമൊരു നീക്കം കോളജധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പകരം പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തി നിതിൻ രാജിനെ അഞ്ചംഗ സംഘം മാനസികമായി പീഡിപ്പിക്കുകയാണു ചെയ്തത്.
ഇതിൽ മാനസികമായി തകർന്നുപോയതിനെത്തുടർന്നാണ് കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി ജീവനൊടുക്കിയത്. എന്നാൽ മാനേജ്മെന്റ് കുറ്റക്കാരെ രക്ഷിക്കാൻ ഇത് കേവലം ഒരു ആത്മഹത്യ എന്ന രീതിയിൽ വരുത്തിത്തീര്‍ക്കുകയാണ്.
മകന്റെ മരണത്തിന് ഉത്തരവാദിയായ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കണം. മകനെ അനുകൂലിച്ച് സംസാരിച്ച് വിദ്യാർഥികളെയെല്ലാം മാനേജ്മെന്റ് ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണു ചെയ്തത്. ഏതൊക്കെ മേലാളന്മാർ ശ്രമിച്ചാലും നീതിക്കായി അവസാനം വരെ പൊരുതും. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളച്ചൊടിക്കാന്‍ നീക്കം നടക്കുന്നുണ്ട്. അത് അനുവദിക്കില്ല.
തങ്ങളുടെ കുടുംബത്തിനുണ്ടായതു പോലുള്ള ദുരനുഭവം ഇനിയൊരു കുടുംബത്തിനും ഉണ്ടാകാതിരിക്കാൻ കൂടിയുള്ള നിയമപോരാട്ടമാണ് നടത്തുന്നതെന്നും രാജൻ പറഞ്ഞു. പട്ടികജന സമാജം സംസ്ഥാന ജനറൽ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, സാമൂഹ്യപ്രവര്‍ത്തകരായ വി.എം. മാര്‍സല്‍, കണ്ടല സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
International
മസ്കറ്റ്: ഒമാനിൽ വാഹനമിടിച്ച് മലയാളികളായ രണ്ടുപേർ മരിച്ചു. അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ(55), ആകാശ് ജിത്തു (25) എന്നിവരാണ് മരിച്ചത്. ഷജിത്തിന്റെ സഹോദരന്റെ പുത്രനാണ് ആകാശ്.
ചൊവ്വാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പിക്കപ്പ് വാനിന് നിയന്ത്രണം വിട്ട് ഷജിത്തിനെയും ആകാശിനെയും ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തുടർനടപടിക്കായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
ആലപ്പുഴ: കായംകുളത്ത് പ്രസവത്തിന് പിന്നാലെ ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശു മരിച്ചുവെന്ന് പരാതി. സംഭവത്തിൽ കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി.
അജീഷ്-അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ ഹാർട്ട് ബീറ്റ് കുറവായതിനാൽ കുഞ്ഞിനെ വണ്ടാനം മെഡിക്കൽകോളജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണംസംഭവിക്കുകയായിരുന്നു.
കുഞ്ഞിന്റെ മരണത്തിൽ ബന്ധുക്കൾ ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജലമലിനീകരണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികളെയും അവരുടെ ബന്ധുകളെയും രാഹുൽ സന്ദർശിച്ചു.
ഇൻഡോറിലെ ബോംബെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നാല് രോഗികളെ രാഹുൽ കണ്ടു. തുടർന്ന് അവരുടെ ബന്ധുകളെയും കണ്ടതിന് ശേഷമാണ് മടങ്ങിയത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും പാർട്ടി നേതാവ് ഉമംഗ് സിംഘറും രാഹുലിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസം രോഗം റിപ്പോർട്ട് ചെയ്ത ഭാഗീരത്പുര എന്ന സ്ഥലവും രാഹുൽ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാഹുലിന്റെ സന്ദർശനത്തിനൊടനുബന്ധിച്ച് പ്രദേശത്ത് പോലീസ് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കുമേൽ സമ്മർദം വർധിപ്പിക്കാനായി അമേരിക്ക കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
മഡുറോയുടെ പത്നി സീലിയ ഫ്ലോറസിന്റെ ഏഴു ബന്ധുക്കളെക്കൂടി ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് അറിയിച്ചു. മഡുറോയുടെ മയക്കുമരുന്ന് സംഘടനയ്ക്ക് ഇവർ കൂട്ടുനിൽക്കുന്നതായി ബസന്റ് ആരോപിച്ചു.
മഡുറോയുടെ ബന്ധുക്കൾക്കും അടുത്ത വൃത്തങ്ങൾക്കും മേൽ ഈ മാസം തന്നെ അമേരിക്ക ഉപരോധം ചുമത്തിയിരുന്നു. വെനസ്വേലയിൽനിന്ന് എണ്ണ കയറ്റിയ ടാങ്കർ കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തു. വെനസ്വേലയിൽ ഉടൻതന്നെ കരയാക്രമണം ഉണ്ടാകുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞിരിക്കുന്നത്.