Business
മുംബൈ: ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2025-26 സാന്പത്തികവർഷത്തിൽ സർവകാല റിക്കാർഡ് നേട്ടം. കന്പനിയുടെ സംയോജിത വാർഷിക വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 9.8% വർധിച്ച് 1,175,919 കോടി രൂപയിലെത്തി.
കന്പനിയുടെ വാർഷിക അറ്റാദായം 95,610 കോടി രൂപയായി. ഇതോടെ വാർഷിക ലാഭം 10 ബില്യണ്‍ ഡോളർ (10.15 ബില്യണ്‍ ഡോളർ) നേടുന്ന ആദ്യ ഇന്ത്യൻ കന്പനിയായി. മുകേഷ് അംബാനി നേതൃത്വം നല്കുന്ന ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ഈ കന്പനിയുടെ നികുതിക്കുശേഷമുള്ള ലാഭത്തിൽ 18.3 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
അതേസമയം പ്രവർത്തനലാഭം 13.4% വളർച്ചയോടെ 207,911 കോടി രൂപയിലെത്തി.ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും 6 രൂപ വീതം ഡിവിഡന്റ് നൽകാൻ കന്പനി ശിപാർശ ചെയ്തു. വിവിധ മേഖലകളിലെ പ്രകടനങ്ങൾ ശ്രദ്ധേയമായി.
ഈ പാദത്തിൽ കന്പനി 16,971 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ലാഭത്തേക്കാൾ 12.6 ശതമാനത്തിന്റെ കുറവാണിത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മാർച്ച് പാദത്തിലെ അറ്റാദായം ഡിസംബർ പാദവുമായി താരതമ്യം ചെയ്യുന്പോൾ 8.9 ശതമാനത്തിന്റെ ഇടിവുണ്ടായി. അതേസമയം മാർച്ച് പാദത്തിലെ മൊത്തം വരുമാനം മുൻ വർഷത്തേക്കാൾ 12.9 ശതമാനം വർധിച്ച് 3,25,290 കോടി രൂപയായി.
ജിയോ പ്ലാറ്റ്ഫോംസ് ലാഭം ഉയർന്നു
ഡിജിറ്റൽ സേവനരംഗത്ത് ജിയോ ശക്തമായ കുതിപ്പ് തുടരുകയാണ്. ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 52.4 കോടി പിന്നിട്ടു. ഇതിൽ 26.8 കോടി പേർ ജിയോ ട്രൂ 5ജി ഉപഭോക്താക്കളാണ്.
മാർച്ച് പാദത്തിൽ ജിയോ പ്ലാറ്റ്ഫോംസിന്റെ അറ്റാദായത്തിൽ 13 ശതമാനം വർധനയുണ്ടായതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വ്യക്തമാക്കി. ഇതോടെ കന്പനിയുടെ ലാഭം 7,935 കോടി രൂപയായി ഉയർന്നു.
മുൻവർഷം ഇതേ കാലയളവിൽ കന്പനിയുടെ അറ്റാദായം 7,022 കോടി രൂപയായിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 12.5 ശതമാനം വർധിച്ച് 38,259 കോടി രൂപയായി. മുൻവർഷം ഇതേ പാദത്തിൽ ഇത് 33,986 കോടി രൂപയായിരുന്നു.
റിലയൻസ് ജിയോ ഉൾപ്പെടുന്ന ജിയോ പ്ലാറ്റ്ഫോംസിന്റെ ഓരോ ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം, മുൻവർഷത്തെ 206.2 രൂപയിൽ നിന്ന് 3.8 ശതമാനം വർധിച്ച് 214 രൂപയായി ഉയർന്നു.
റീട്ടെയ്ൽ സ്റ്റോറുകൾ 20,000 കടന്നു
റീട്ടെയ്ൽ മേഖലയിൽ 3.70 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കന്പനി നേടിയത്. രാജ്യത്തുടനീളമുള്ള റിലയൻസ് റീട്ടെയ്ൽ സ്റ്റോറുകളുടെ എണ്ണം 20,000 കടന്നു.
ഹൈപ്പർ-ലോക്കൽ കൊമേഴ്സ് ഓർഡറുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് നാലിരട്ടി വർധനയുണ്ടായതായി കന്പനി അറിയിച്ചു. ഓയിൽ-ടു-കെമിക്കൽസ് വിഭാഗം 6,62,401 കോടി രൂപയുടെ വരുമാനം നേടി റിക്കാർഡ് ഇട്ടു. ആഭ്യന്തര വിപണിയിലെ മികച്ച വില്പനയും ഇന്ധന വിലയിലെ വർധനയുമാണ് ഈ നേട്ടത്തിനു പിന്നിൽ.
പുതിയ സംരംഭമായ ജിയോഹോട്ട്സ്റ്റാർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ റിക്കാർഡ് കായിക പ്രേമികളെ (72.5 മില്യണ്‍) തത്സമയം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിക്കാൻ ജിയോഹോട്ട്സ്റ്റാറിന് സാധിച്ചു.
ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ നടപടികളുമായി കന്പനി മുന്നോട്ട് പോകുന്നതായി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. കൂടാതെ, നവ ഉൗർജ മേഖലയിലെ ഗിഗാ-ഫാക്ടറികൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കി വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വ്യാപാരം ഏതാണ്ട് നിലച്ചതോടെ ഉയർന്ന വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യൻ കമ്പനികൾ. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ത്യൻ ഓയിൽ കോർപറേഷനുമാണ് ഏകദേശം മൂന്ന് കോടി ബാരല്‍ റഷ്യൻ എണ്ണ വാങ്ങിയത്.
സ്പോട്ട് മാര്‍ക്കറ്റില്‍ വിൽപന നടക്കാതിരുന്ന ഇന്ത്യൻ സമുദ്രാതിർത്തിയോട് ചേർന്നുകിടന്ന റഷ്യൻ കപ്പലുകളിലുണ്ടായിരുന്ന എണ്ണയാണ് ഇന്ത്യൻ കമ്പനികൾ ഉയർന്ന് വിലയ്ക്ക് വാങ്ങിക്കൂട്ടിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ അമേരിക്ക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ കമ്പനികളുടെ നീക്കം.
രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 40 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ സൗദി അറേബ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വരവും നിലച്ചിരുന്നു.
ഇതോടെയാണ് വീണ്ടും റഷ്യൻ എണ്ണയിലേക്ക് രാജ്യത്തെ കമ്പനികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമുണ്ടായത്. എന്നാൽ അമേരിക്കൻ നിയന്ത്രണത്തിന് മുൻപ് ലഭിച്ചിരുന്ന വിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് നിലവിൽ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത്.
ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള്‍ ബാരലിന് രണ്ട് മുതല്‍ എട്ട് ഡോളര്‍ വരെ അധിക തുക നല്‍കിയാണ് ഇന്ത്യ ഇത് വാങ്ങിയത്. യുറല്‍സ്, ഇഎസ്പിഒ , വരാന്‍ഡെ തുടങ്ങിയ വിവിധയിനം റഷ്യന്‍ ക്രൂഡ് ഓയിലുകളാണ് ഈ കൂട്ടത്തിലുള്ളത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം ഒരു കോടി ബാരലും, റിലയന്‍സ് അത്രതന്നെ അളവിലും റഷ്യൻ എണ്ണ വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇരു കമ്പനികളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് യുഎസിലെ ആദ്യത്തെ എണ്ണ ശുദ്ധികരണശാല ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് ചരിത്രപരമായി നിമിഷമാണെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അന്‍പത് വര്‍ഷത്തിലാദ്യമായി യുഎസിൽ എണ്ണ ശുദ്ധീകരണ ശാല തുടങ്ങുന്നതില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും, ടെക്സാസിലെ ബ്രോണ്‍സ് വില്ലെയില്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടര്‍ന്ന് എണ്ണ വില വര്‍ധിച്ചിരുന്നു, ഈ സാഹചര്യത്തിലാണ് ട്രംപ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. എലമെന്റ് ഫ്യൂവല്‍സ് 2024 ല്‍ പ്രഖ്യാപിച്ച അതേ പദ്ധതിയാണ് ടെക്സാസില്‍ ഇപ്പോള്‍ ആരംഭിക്കുന്നത്. 1,60,000 ബാരല്‍ എണ്ണ ദിവസവും പ്രോസസ് ചെയ്യാന്‍ സാധിക്കുന്ന പ്ലാന്റ് നിര്‍മിക്കാനുളള അനുമതികള്‍ ലഭിച്ചിട്ടുണ്ടെന്നനും ട്രംപ് പറഞ്ഞു.
ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും 20 വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ എണ്ണ വില്പന നടത്താന്‍ റിലയന്‍സുമായി ഒപ്പുവച്ചെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ട്രംപിന്റെ ഔദ്യോഗിക പ്രസ്താവനയോട് ഇതുവരെ റിലയന്‍സ് പ്രതികരിച്ചിട്ടില്ല.
Business
മുംബൈ: റിലയൻസ് ഇൻഡ്സ്ട്രീസ് ലിമിറ്റഡിന്റെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ് വിഭാഗമായ റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് ഓസ്ട്രേലിയയിലെ പാനീയ കന്പനി ഗുഡ്നസ് ഗ്രൂപ്പ് ഗ്ലോബലിന്റെ ഭൂരിഭാഗ ഓഹരികൾ ഏറ്റെടുത്ത് ഓസ്ട്രേലിയൻ ഉപഭോക്തൃ ഉത്പന്ന വിപണിയിൽ പ്രവേശിച്ചു.
ഈ ഏറ്റെടുക്കലിലൂടെ നെക്സ്ബ, പേസ് എന്നിവയുൾപ്പെടെ ഗുഡ്നെസ് ഗ്രൂപ്പിന്റെ ആരോഗ്യദായകമായ പാനീയ ബ്രാൻഡുകളുടെ നിയന്ത്രണം റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സിനു ലഭിക്കും. ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ഹൈഡ്രേഷൻ പാനീയമാണ് പേസ്.
ഈ കൂട്ടുകെട്ടിലൂടെ റിലയൻസ് കണ്‍സ്യൂമർ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്ക് ഗുഡ്നെസ് ഗ്രൂപ്പിന്റെ ഉത്പന്നങ്ങൾ എത്തിക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ നീക്കം കുറഞ്ഞ അളവിൽ പഞ്ചസാര അടങ്ങിയ ഫംഗ്ഷണൽ പാനീയങ്ങൾ, ഹൈഡ്രേഷൻ ഡ്രിങ്കുകൾ തുടങ്ങിയ ആരോഗ്യത്തിന് മുൻഗണന നൽകുന്ന പാനീയ വിപണിയിലേക്കുള്ള റിലയൻസ് കണ്സ്യൂമറിന്റെ ചുവടുവയ്പ്പിനു കരുത്തുപകരുന്നു.
സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുഡ്നെസ് ഗ്രൂപ്പ് ഓസ്ട്രേലിയയിലും ഇരുപതിലധികം അന്താരാഷ്ട്ര വിപണികളിലും ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നു. സസ്യങ്ങളിൽനിന്ന് വേർതിരിച്ചെടുത്ത കലോറി ഇല്ലാത്ത മധുരം ഉപയോഗിച്ച് നിർമിക്കുന്ന ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്ന പാനീയങ്ങളിലാണ് കന്പനിയുടെ മുൻനിര ബ്രാൻഡായ നെക്സബ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
റിലൻസ് കണ്‍സ്യൂമർ ഇന്ത്യക്കു പുറമെ യുഎഇ, ഖത്തർ, ഒമാൻ, ബഹറിൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പ്രവർത്തനം വ്യാപിപ്പിച്ചകൊണ്ട് വിപണി വിപുലീകരിക്കുകയാണ്. പാക്കേജ്ഡ് ഫുഡ്സ്, പാനീയ മേഖലയിൽ വലിയൊരു സാന്നിധ്യമാകാൻ ശ്രമിക്കുന്ന റിലയൻസിന് ഓസ്ട്രേലിയൻ കരാർ മറ്റൊരു വിദേശ വിപണി തുറന്നു നല്‍കിയിരിക്കുകയാണ്.
Business
മുംബൈ: 2025-26 സാന്പത്തിക വർഷത്തിലെ മൂന്നാംപാദ ഫലങ്ങൾ പുറത്തുവിട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. വരുമാനത്തിൽ 10 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഓയിൽ ടു കെമിക്കൽസ്, ജിയോ വിഭാഗങ്ങൾ വളർച്ചയ്ക്ക് കരുത്തേകിയെന്ന് കന്പനി വ്യക്തമാക്കി. 2,93,829 കോടി രൂപയുടെ ഏകീകൃത വരുമാനമാണ് കന്പനി നേടിയത്. നികുതിക്ക് ശേഷമുള്ള ഏകീകൃത അറ്റാദായം 22,290 കോടി രൂപയും.
മൂന്നാം പാദത്തിൽ റിലയൻസ് നടത്തിയ 33,826 കോടി രൂപയുടെ മൂലധനച്ചെലവ്, തങ്ങളുടെ 41,303 കോടി രൂപയുടെ കാഷ് പ്രോഫിറ്റിലൂടെ തന്നെ കണ്ടെത്താൻ സാധിച്ചു. സെപ്റ്റംബർ പാദത്തിൽ 118,545 കോടി രൂപയായിരുന്ന അറ്റകടം ഡിസംബർ അവസാനത്തോടെ 117,102 കോടി രൂപയായി കുറഞ്ഞു.
കുതിപ്പേകി ജിയോ, റീട്ടെയിൽ
മൂലധന നിക്ഷേപങ്ങളെ വരുമാനമാക്കി മാറ്റുന്നതിൽ ജിയോ പ്ലാറ്റ്ഫോംസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 5ജി സേവനങ്ങളുടെ വ്യാപനവും വർധിച്ചുവരുന്ന വരിക്കാരുടെ എണ്ണവും ജിയോയുടെ ലാഭക്ഷമത വർധിപ്പിച്ചു.
ഡിജിറ്റൽ സേവനങ്ങളിൽ നിന്നുള്ള വരുമാനം 12.7% വളർച്ചയോടെ 43,683 കോടി രൂപയിലെത്തി. മൂന്നാം പാദത്തിൽ മാത്രം 8.9 ദശലക്ഷം പുതിയ വരിക്കാരെ ജിയോ സ്വന്തമാക്കി. ഇതോടെ ട്രൂ 5ജി ഉപയോഗിക്കുന്നവരുടെ എണ്ണം 25.3 കോടിയായി. ജിയോ എയർഫൈബർ വരിക്കാരുടെ എണ്ണം 1.15 കോടി പിന്നിട്ടു.
റിലയൻസ് റീട്ടെയിലിന്റെ വരുമാനത്തിൽ 8.1% വളർച്ചയുമായി 97,605 കോടി രൂപയിലെത്തി.
Business
മുംബൈ: ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന വിപണിയായ പെറ്റ് കെയർ രംഗത്തേക്ക് ചുവടുവച്ച് റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധസ്ഥാപനമായ റിലയൻസ് കണ്‍സ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് പെറ്റ് ഫുഡ് രംഗത്തുള്ള സാധ്യതകൾ തിരിച്ചറിഞ്ഞാണ് റിലയൻസ് വാഗീസ് എന്ന ബ്രാൻഡുമായി എത്തുന്നു. വില കുറച്ച് വിപണി പിടിക്കുന്ന പതിവുനീക്കവുമായാണ് റിലയൻസ് വീണ്ടുമെത്തുന്നത്. ഉയർന്ന ഗുണമേന്മയുള്ളതും ശാസ്ത്രീയമായി രൂപപ്പെടുത്തിയതുമായ പോഷകാഹാര സന്പൂർണമായ വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയെന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം.
നെസ്ലെ, മാർസ്, ഗോദറെജ് കണ്‍സ്യൂമർ പ്രൊഡക്ട്സ്, ഇമാമി എന്നീ വന്പന്മാർ നിറഞ്ഞ പെറ്റ് കെയർ വിപണിയിൽ 20 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് റിലയൻസ് വാഗീസ് അവതരിപ്പിക്കുന്നത്.
കന്പകോളയിൽ ചെയ്ത തന്ത്രം തന്നെയാണ് റിലയൻസ് പെറ്റ് ഫുഡ് വിപണിയിലും അവതരിപ്പിക്കുന്നത്. കന്പകോള റീലോഞ്ച് ചെയ്തപ്പോഴും എതിരാളികളേക്കാൾ വലിയ വിലക്കുറവിലാണ് റിലയൻസ് കോള വിപണിയിലെത്തിച്ചത്. പെപ്സിയും കൊക്കകോളയും അടക്കിവാഴുന്ന കോളവിപണിയിൽ തങ്ങളുടേതായ സാന്നിധ്യം ഉറപ്പിക്കാൻ ഇതുവഴി കന്പനിക്ക് സാധിച്ചിരുന്നു.
വാഗീസ് പോർട്ട്ഫോളിയോയിൽ ഒൗഷധസസ്യങ്ങൾ, മസ്തിഷ്ക വികാസത്തിനായുള്ള ഡിഎച്ച്എ, അവശ്യ വിറ്റാമിനുകൾ, മൊത്തത്തിലുള്ള ആരോഗ്യവും ഉൗർജവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതും എളുപ്പത്തിൽ ദഹിക്കുന്ന തുമായ ചേരുവകൾ എന്നിവയാൽ സന്പന്നമായ ഉത്പന്നങ്ങൾ ഉൾപ്പെടുന്നു.
കൂടുതൽ ആളുകളിലേക്ക് എത്താൻ സാധിക്കുന്ന വിലയിലാണ് നിശ്ചയിച്ചിരിക്കുന്നത്. കിലോയ്ക്ക് 199 രൂപയിലാണ് വാഗീസ് ശ്രേണിയുടെ വില ആരംഭിക്കുന്നത്. ഉത്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് വളർത്തുമൃഗങ്ങളുടെ ഉടമകൾക്കു സാധിക്കുന്നതിനായി 100 ഗ്രാമിന്റെ പാക്കറ്റ് 20 രൂപയ്ക്കും വിപണിയിലെത്തിക്കുന്നുണ്ട്. പ്രീമിയം ഉത്പന്നമായ വാഗീസ് പ്രോ 249 രൂപ മുതലാണ് ആരംഭിക്കുന്നത്.
ഇന്ത്യയിലെ പെറ്റ് ഫുഡ് വിപണി
ഇന്ത്യയിലെ വളർത്തുമൃഗങ്ങളുടെ പരിചരണവിപണി അതിവേഗം വികസിക്കുന്ന വേളയിലാണ് വാഗീസ് റിലയൻസ് പുറത്തിറക്കുന്നത്. അരുമ വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നവരുടെ എണ്ണം വർധിക്കുന്നതും വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും കൂടുതൽ പ്രധാന്യം നൽകുന്നതുമാണ് ഈ വിപണിയുടെ വളർച്ചയ്ക്കു കാരണം.
പെറ്റ് കെയർ മാർക്കറ്റ് കോവിഡിനുശേഷം വലിയതോതിൽ വളർന്നിട്ടുണ്ട്. 3.5 ബില്യണ്‍ ഡോളർ വരുന്നതാണ് നിലവിൽ ഈ വിപണി. 2028ഓടെ 7-7.5 ബില്യണ്‍ ഡോളറിലേക്ക് വിപണി വളരുമെന്നാണ് കരുതുന്നത്. അരുമ വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.
2019ൽ ഇന്ത്യൻ വീടുകളിലുണ്ടായിരുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 2.6 കോടിയായിരുന്നെങ്കിൽ 2024ൽ അവയുടെ എണ്ണം 3.2 കോടിയായിട്ടുണ്ടെന്നാണ് കണക്ക്.
Business
കൊച്ചി/മുംബൈ: ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേർന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു. റിലയൻസിന്റെ ’എഐ എല്ലാവർക്കും’ എന്ന കാഴ്ചപ്പാടാണ് ഈ പങ്കാളിത്തം ലക്ഷ്യമാക്കുന്നത്.
രാജ്യത്ത് റിലയൻസിന്റെ വൻതോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനങ്ങളിലേക്ക് എത്തിക്കുകയും ഇന്ത്യയുടെ എഐ സൂപ്പർ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റൽ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ഗൂഗിൾ, റിലയൻസ് ഇന്റലിജൻസുമായി ചേർന്ന്, ഗൂഗിൾ ജെമിനി യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ ഗൂഗിൾ എഐ പ്രോ പ്ലാൻ തെരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് സൗജന്യമായി നൽകും. 18 മാസത്തെ ഈ സൗജന്യ ഓഫറിന് 35,100 രൂപയാണ് ചെലവാകുന്നത്. ഇതാണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നത്.
Business
മുംബൈ: ഹരിതോർജത്തിന് വേണ്ടി ലോകത്തിലെ ഏറ്റവും വലിയ നിർമാണ ആവാസവ്യവസ്ഥകളിലൊന്നിന് രൂപം നൽകാനൊരുങ്ങുകയാണ് തങ്ങളെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി.
സോളാർ, ബാറ്ററികൾ, ഹൈഡ്രജൻ, ബയോ എനർജി എന്നിവയെല്ലാം ഉൾപ്പെടുന്ന പദ്ധതി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഭൂമിയുടെ രക്ഷയ്ക്കുമായി കന്പനി മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയുടെ വ്യവസായങ്ങൾ കെട്ടിപ്പടുക്കാനാണ് റിലയൻസിന്റെ ശ്രമം.
ആദ്യം പോളിസ്റ്ററും പിന്നീട് 4ജിയും നിർമിച്ചത് ഇതേ നയത്തിന്റെ ഭാഗമായിട്ടായിരുന്നു. ജിയോ നടപ്പാക്കിയത് വളരെയേറെ റിസ്ക് എടുത്താണ്. 2027ൽ 50 വർഷം പൂർത്തിയാക്കുന്ന റിലയൻസ് 100 വർഷങ്ങൾ കഴിഞ്ഞാലും രാജ്യത്തെ സേവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അംബാനി കൂട്ടിച്ചേർത്തു.