Leader Page
ഇറാനും അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധം വൈകാതെ അവസാനിക്കുമെന്നു പ്രത്യാശിക്കാം. എങ്കിലും യുദ്ധാനന്തരം ഗുരുതരമായ സംഭവവികാസങ്ങളുണ്ടാവില്ലേ എന്ന് ഞാൻ ആശങ്കപ്പെടുന്നു.
ഒന്ന്: യുദ്ധാനന്തരം അമേരിക്കൻ സേനാംഗങ്ങളുടെ എണ്ണത്തിൽ യമൻ ഒഴികെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ കുറവു വരുത്താനുള്ള സാധ്യത കാണുന്നു. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഒഴിവാക്കണമെന്നത് ഇറാന്റെ ലക്ഷ്യവും ആവശ്യവുമാണന്ന് നമുക്കറിയാമല്ലോ. ഇത്തരം സൈനികകേന്ദ്രങ്ങൾകൊണ്ട് ഗൾഫ് രാജ്യങ്ങൾക്കും പ്രത്യേകിച്ച് ഗുണമൊന്നുമില്ല.
ഏറ്റുമുട്ടലുകളിൽ സ്വസ്ഥത നഷ്ടപ്പെടുന്ന ഗൾഫ് രാജ്യങ്ങൾ ഇറാനുമായി ഐക്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതിന്റെ ആദ്യപടിയായി അമേരിക്കൻ പട്ടാളക്കാരെ ഒഴിവാക്കുകയോ എണ്ണത്തിൽ കുറവുവരുത്തുകയോ ചെയ്യുന്നതാണ് അഭികാമ്യമെന്ന് അവർ കരുതും. ഇപ്പോൾ നടക്കുന്ന ഇറാൻ-ഇസ്രയേൽ-അമേരിക്കൻ യുദ്ധത്തിൽ അമേരിക്കൻ സൈനികരുടെ സാന്നിധ്യംകൊണ്ട് ഗൾഫ് രാജ്യങ്ങൾക്ക് പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടെന്നു തോന്നുന്നില്ല.
മേൽപ്പറഞ്ഞ ഓരോ ഗൾഫ് രാജ്യത്തും പതിനായിരം മുതൽ മുപ്പത്തിനായിരം വരെ അമേരിക്കൻ പട്ടാളക്കാർ ഉണ്ടെങ്കിലും ഗൾഫ് മേഖലയിൽ നടക്കുന്ന പ്രാദേശികമായ യുദ്ധങ്ങളിൽ അവർ പങ്കെടുക്കുകയോ അതതു രാജ്യത്തിനുവേണ്ടി നിലകൊള്ളുകയോ ചെയ്യാറില്ല. ഉദാഹരണത്തിന് ജോർദാനും ബഹ്റൈനും തമ്മിൽ യുദ്ധമുണ്ടാകുന്നുവെന്നിരിക്കട്ടെ, ആ യുദ്ധത്തിൽ അമേരിക്കൻ സൈന്യം പങ്കെടുക്കില്ല എന്ന് ഉറപ്പാണ്.
ആഫ്രിക്കൻ മേഖലയിലെ നാല്പതോളം രാജ്യങ്ങളിലും യുഎൻ പീസ് കീപ്പിംഗ് സേനയുടെ സാന്നിധ്യമുണ്ട്. അവിടെ സുഡാനോ കോംഗോയോ മാലിയോ പരസ്പരം യുദ്ധം ചെയ്താലും ഈ രക്ഷാസേന അവരുടെ സൈനിക കേന്ദ്രങ്ങളിൽനിന്ന് പുറത്തുവരികയോ ഇത്തരം യുദ്ധങ്ങളിൽ പക്ഷം ചേരുകയോ ചെയ്യരുത് എന്ന കർശനമായ നിഷ്കർഷയുണ്ട്. സമാധാന സംരക്ഷണ സേന എന്ന വ്യാജേന ഗൾഫ്, ആഫ്രിക്കൻ മേഖലയിൽ തങ്ങളുടെ മേധാവിത്വം നിലനിറുത്തുകയും സ്വാർഥതാത്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന അമേരിക്ക ആകെ ചെയ്യുന്നത് ആ രാജ്യങ്ങളിലെ സൈനികർക്ക് പരിശീലനം നല്കുക എന്നതു മാത്രമാണ്.
ഇപ്പോൾ ഇസ്രയേലും ഇറാനുമായി നടക്കുന്ന യുദ്ധത്തിലെ സ്ഥിതിയും വിഭിന്നമല്ല. യുദ്ധം തുടങ്ങുന്നതിനുമുമ്പുതന്നെ തങ്ങളുടെ സൈനികകേന്ദ്രങ്ങൾ അടച്ചുപൂട്ടാനും സൈനികർ സ്വന്തം നാട്ടിലേക്കു മടങ്ങാനും അമേരിക്ക നിർദേശിക്കുകയുണ്ടായി. ഇതാണവസ്ഥയെങ്കിൽ ഇത്തരം സൈനിക കേന്ദ്രങ്ങൾ എന്തിനു നിലനിർത്തണം എന്ന് ഗൾഫ് രാജ്യങ്ങൾ ചിന്തിച്ചുകൂടായ്കയില്ല.
മുൻകാലങ്ങളിൽ ഇത്തരം സൈനിക കേന്ദ്രങ്ങളുടെയും സൈനികരുടെയും ചെലവ് അമേരിക്ക വഹിക്കുമായിരുന്നു. എന്നാൽ ആ ചെലവ് അതത് രാജ്യങ്ങൾതന്നെ വഹിക്കണമെന്നതാണ് ട്രംപിന്റെ അനുശാസനം.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് അമേരിക്കൻ ജേർണലിസ്റ്റ് ബോബ് വുഡ്വാഡ് എഴുതിയ പുസ്തകത്തിൽ സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഉത്തര കൊറിയയിൽനിന്നു സംരക്ഷണം ഒരുക്കുന്നതിനുവേണ്ടി ആയിരക്കണക്കിന് അമേരിക്കൻ പട്ടാളക്കാരെ ദക്ഷിണ കൊറിയയിൽ വിന്യസിക്കുകയും അതിനായി മൂന്നു ബില്യൻ ഡോളർ അമേരിക്ക ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രംപ് ഉയർത്തിയ ചോദ്യം അവരുടെ സംരക്ഷണത്തിന് നമ്മൾ എന്തിനാണ് പണം ചെലവഴിക്കുന്നതെന്നാണ് ? ഒന്നുകിൽ ദക്ഷിണ കൊറിയ ആ പണം നല്കുകയോ അല്ലെങ്കിൽ അമേരിക്കൻ സൈനികരെ തിരിച്ചു വിളിക്കുകയോ വേണം എന്നതാണ് ട്രംപിന്റെ നിർദേശം. പിന്നിടെന്തുണ്ടായി എന്നത് നമുക്കറിയില്ല. ഒന്നാം ഭരണകാലത്ത് ട്രംപ് ഇതു പറഞ്ഞിരുന്നെങ്കിൽ ഇന്ന് ആഫ്രിക്കൻ, ഗൾഫ് രാജ്യങ്ങളോട് അക്കാര്യം പറയുമെന്ന് ഉറപ്പാണ്.
രണ്ട്: ഇസ്രയേലും ഇറാനുമാണ് തങ്ങളുടെ ശത്രുക്കളെന്ന് പശ്ചിമേഷ്യൻ രാജ്യങ്ങൾ മനസിലാക്കിയിട്ടുണ്ടെങ്കിലും ഇസ്രയേൽ തങ്ങളെ ആക്രമിക്കില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അവരുമായി നല്ല ബന്ധമാണവർ ആഗ്രഹിക്കുന്നത്. എന്നാൽ മുഖ്യശത്രുവായ ഇറാന്റെ കാര്യത്തിൽ അങ്ങനെയല്ല. പക്ഷേ, നയതന്ത്ര കാര്യങ്ങൾ സംസാരിക്കുന്നതിന് അമേരിക്കൻ ഇടപെടൽ എന്തിനെന്ന് ഇറാനും ഇസ്രയേലും ചിന്തിച്ചാൽ അവരെ കുറ്റം പറഞ്ഞുകൂടാ.
അതുപോലെ ഗൾഫ് രാജ്യങ്ങൾ നേരിട്ടുതന്നെ ഇസ്രയേലുമായും ഇറാനുമായുമൊക്കെ സംസാരിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്നതും വസ്തുതയാണ്.
മൂന്ന്: ചെറിയ ഡ്രോണുകളും മിസൈലുംകൊണ്ട് തങ്ങളുടെ എണ്ണപ്പാടങ്ങളും കുടിവെള്ള ശുദ്ധീകരണ കേന്ദ്രങ്ങളും ബഹുനില കെട്ടിടങ്ങളും പാർപ്പിടങ്ങളുമൊക്കെ ഇറാൻ ആക്രമിക്കുന്ന ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളെ ആരാണ് സംരക്ഷിക്കുന്നത്? വളരെക്കുറച്ചു മാത്രം അംഗസംഖ്യയുള്ള ഇത്തരം സൈന്യങ്ങളിൽ യമൻ, ഈജിപ്ത്, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള സൈനികരാണ് അധികവും. യുഎഇയിൽ എഴുപതിനായിരത്തോളം വരുന്ന ഒരു സൈനിക വിഭാഗത്തിൽ എൺപത്തിയഞ്ചു ശതമാനവും ഇത്തരക്കാരാണ്.
സൗദി അറേബ്യൻ സേനാ വിഭാഗത്തിലും നല്ലൊരു ശതമാനം പേർ വിദേശികളാണ്. ഇറാൻ പോലെയുള്ള രാജ്യങ്ങളുടെ ഭയാനകമായ ആക്രമണങ്ങളിൽ ഈ വിദേശ സൈനികർ ഒന്നും ചെയ്യുന്നതായി കാണുന്നില്ല. എന്തിന്, എയർപോർട്ടിനു സംരക്ഷണം കൊടുക്കാനോ ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും അടിസ്ഥാന സൈനിക സൗകര്യങ്ങൾ സംരക്ഷിക്കാനോപോലും ഈ സേനാവിഭാഗത്തിനു കഴിയുന്നില്ല.
പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് മുന്പിൽ ഒരു വലിയ പ്രശ്നം നിലനിൽക്കുന്നുണ്ട്.അവരെ ആര് സംരക്ഷിക്കും? അവരുടെ അടുത്തുള്ള രാജ്യങ്ങളോട് അവർ നല്ല ബന്ധമുണ്ടാക്കാൻ ശ്രമിക്കും. അവിടെനിന്ന് അവർക്ക് അടുത്തുള്ള രാജ്യങ്ങളിൽനിന്ന് സൈന്യവും പിന്നെ മറ്റു തരത്തിലുള്ള സഹായം സ്വീകരിക്കാൻ അവർ ശ്രമിക്കും. ചുരുക്കി പറഞ്ഞാൽ പശ്ചിമേഷ്യാ രാജ്യങ്ങൾ റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളോട് ബന്ധങ്ങൾ കൂടുതൽ ശക്തമാക്കി അവിടെ നിന്നുതന്നെ പെട്ടെന്ന് സഹായം എത്തിക്കാവുന്ന രീതിയിലായിരിക്കും അവർ ഇനി ശ്രമിക്കാൻ പോകുന്നത്. വളരെ ദൂരത്തുള്ള അമേരിക്ക പോലുള്ള രാജ്യത്തുനിന്ന് സഹായം കിട്ടില്ലെന്ന് ഇപ്പോൾ ഉറപ്പായിട്ടുണ്ട്.
ഒരു യുദ്ധത്തിൽ അത്യാവശ്യ സർവീസുകളായ വിമാനത്താവളമോ ഓയിൽ ഇൻസ്റ്റലേഷനുകളോ സംരക്ഷിക്കാൻ അവർക്ക് പറ്റിയില്ലെങ്കിൽ അത് വലിയ ഒരു തോൽവിയാണ്. അതുകൊണ്ട് ഇനിയവർ അടുത്തുള്ള രാജ്യങ്ങളോടായിരിക്കും ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക. അവരിൽനിന്ന് സഹായം തേടാനുള്ള ശ്രമമായിരിക്കും ഇനിയും ഉണ്ടാകുകയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വളരെ ദൂരത്തുള്ള രാജ്യങ്ങളിൽനിന്ന് സഹായം കിട്ടുകയില്ലെന്നതിന് വേറെ ഒരു ഉദാഹരണം റഷ്യ-യുക്രൈൻ യുദ്ധമാണ്. എത്ര ശ്രമിച്ചിട്ടും ദൂരം കൂടുതലായതുകൊണ്ട് അമേരിക്കയ്ക്ക് യുക്രെയ്നെ കൂടുതൽ സഹായിക്കാൻ പറ്റുന്നില്ല എന്ന സത്യം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.