Kerala
കോഴിക്കോട്: മതപരമായ ആഘോഷങ്ങളിലും ചടങ്ങുകളിലും ഇസ്ലാമിക അതിർവരമ്പുകൾ ലംഘിക്കരുതെന്നും അന്യപുരുഷന്മാർക്കിടയിലോ പൊതുയിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും നിർദേശിച്ച് സമസ്ത കാന്തപുരം വിഭാഗം മഹല്ലുകൾക്ക് സർക്കുലർ അയച്ചു. നിരത്തുകളിലോ വേദികളിലോ അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയിണക്കുന്നത് വിശ്വാസികൾക്ക് ചേർന്നതല്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
മതപരമായ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ച്, പൂർണമായും ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്ന് സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാറും ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാറും ആവശ്യപ്പെട്ടു. പള്ളി, മദ്റസ, മഹല്ല് ഭാരവാഹികളും സംഘടനാ നേതാക്കളും ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും വരുംതലമുറയ്ക്ക് സന്മാർഗിക മാതൃക പകർന്നുനൽകാൻ ബാധ്യസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. കെ.എസ്. ഹംസയും താനും അടങ്ങുന്ന ബോർഡാണ് സർക്കാരിന് പ്രശ്നമെന്നും, മതപരമായ നിലപാടുകൾ തകർന്നാലും തങ്ങൾ രണ്ടുപേരും മാറിയാൽ മതിയെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിലായിരുന്നു സമസ്ത സെക്രട്ടറിയുടെ ഈ തുറന്നടിച്ച പ്രതികരണം.
ആർഎസ്എസിനൊപ്പം നിന്ന് തരംതാഴേണ്ട അവസ്ഥയിലാണ് സർക്കാരെന്ന് ആരോപിച്ച ഉമർ ഫൈസി, തങ്ങളെ പുറത്താക്കാൻ വേണ്ടിയാണ് സർക്കാർ ഹൈക്കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും പറഞ്ഞു. മതമൂല്യങ്ങൾ നഷ്ടപ്പെട്ടാലും അമുസ്ലിംകളായ രണ്ടുപേരെ ബോർഡിൽ ഉൾപ്പെടുത്താനാണ് ശ്രമം നടന്നത്. ബിജെപി നേതാവ് ഷോൺ ജോർജിന്റെ അപ്പീലിനെ സർക്കാർ അഭിഭാഷകൻ പിന്തുണച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സമസ്തയുടെ ശക്തമായ എതിർപ്പ് വ്യക്തമാക്കുന്നതായിരുന്നു സർക്കാരിന്റെ പരിപാടിയിൽ വെച്ചുതന്നെ ഉമർ ഫൈസി നടത്തിയ ഈ പ്രതികരണം.
NRI
ദുബായി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റനറി ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ഇസ്ലാമിക പഠന സംസ്കാരം പുനരുജ്ജീവിപ്പിക്കാൻ രൂപം നൽകിയ "അസുഫ നാട്ടു ദർസ്’ പദ്ധതി പ്രവാസ ലോകത്തും ആരംഭം കുറിച്ചു.
രിസാല സ്റ്റഡി സർക്കിളിന്റെ (ആർഎസ്സി) നേതൃത്വത്തിൽ 30 രാജ്യങ്ങളിലാണ് പദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ ഗ്ലോബല്തല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാർ നിർവഹിച്ചു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രചിച്ച ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് പഠനപരമ്പര തയാറാക്കിയിരിക്കുന്നത്. ഉസ്താദിൽ നിന്ന് നേരിട്ട് അധ്യാപനാനുമതി (ഇജാസത്ത്) നേടിയ അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
കേരളത്തിലെ പള്ളി ദർസുകളുടെ പാരമ്പര്യ മാതൃക പിന്തുടർന്ന്, ക്രമബദ്ധമായ സിലബസോടെ യാണ് പദ്ധതി പ്രവാസി മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്. ആർ.എസ്.സിക്ക് സാന്നിധ്യമുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഒരേ പാഠ്യക്രമം നടപ്പിലാക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള അംഗങ്ങൾക്കും വിജ്ഞാനാന്വേഷകർക്കും ഏകീകൃതമായ പഠനവേദി സൃഷ്ടിക്കുകയാണ് ലക്ഷ്യം.
30 ആഴ്ചകൾ നീണ്ടുനിൽക്കുന്ന പഠനപരമ്പര വിവിധ രാജ്യങ്ങളിലെ സെക്ടർ കേന്ദ്രങ്ങളിലാണ് നടക്കുക. പഠനപരമ്പരയുടെ സമാപന സെഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി സമ്മേളന വേദിയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കും.
സമസ്തയുടെ ഈ വൈജ്ഞാനിക സംരംഭം പ്രവാസ ലോകത്ത് പഠന സംസ്കാരത്തിനും നേതൃത്വ വികസനത്തിനും പുതിയ ദിശ തുറക്കുന്നതാണെന്ന് ആർ.എസ്.സി ഭാരവാഹികൾ അറിയിച്ചു.
Kerala
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കടുത്ത വിമർശനവുമായി രംഗത്ത്. 'വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് സർക്കാരിനെതിരെ രൂക്ഷമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്.
പുതിയ പരിഷ്കരണം 'ബെക്കാഡി' കമ്പനിയെ സഹായിക്കാനാണെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളതാണ്. ഈ വിഷയത്തിൽ ഫയൽ നീക്കം വേഗത്തിലാക്കിയത് സംശയത്തിന്റെ ആക്കം കൂട്ടുന്നു. മദ്യലഭ്യത വർധിപ്പിക്കുന്ന ഈ നീക്കത്തിൽ പൊതുസമൂഹത്തിനും സ്വന്തം മുന്നണിക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കാനും, വ്യക്തമായ വിശദീകരണം നൽകാനും സർക്കാരിന് ബാധ്യതയുണ്ട്.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആഭ്യന്തര വകുപ്പ് 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള ജനകീയ പരിപാടികളിലൂടെ ലഹരി മാഫിയയെ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ, മറുഭാഗത്ത് മദ്യവ്യാപനത്തിന് വഴിയൊരുക്കുന്നത് ഇരട്ടത്താപ്പാണ്. ഒരു കൈകൊണ്ട് ലഹരിക്കെതിരെ പോരാടുകയും മറുകൈകൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.
ഇപ്പോൾ പ്രതിപക്ഷം ഇതിനെതിരെ രംഗത്തുവരുന്നുണ്ടെങ്കിലും, വീര്യം കുറഞ്ഞ മദ്യനയത്തിന് തുടക്കമിട്ടത് കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്താണെന്ന കാര്യവും മുഖപ്രസംഗം ഓർമിപ്പിക്കുന്നു.
വിവിധ മത, സാമൂഹിക സംഘടനകളുടെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.സി. വേണുഗോപാൽ, വി.എം. സുധീരൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെയും എതിർപ്പുകളെ സർക്കാർ ഗൗരവമായി കാണണമെന്നും പത്രം ആവശ്യപ്പെട്ടു.
Kerala
കാസർഗോഡ്: സമസ്തയുടെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ച് സംഘടന വിട്ടുപോയവർ തിരികെ വരണമെന്നും ഒരു 'ഘർ വാപ്പസി' (മാതൃസംഘടനയിലേക്കുള്ള മടക്കം) ആണ് താൻ ആഗ്രഹിക്കുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കാസർഗോഡ് ചെങ്കളയിൽ നടന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ഡിതന്മാർക്കിടയിലെ ഭിന്നതകൾ സമുദായത്തിന് ഗുണകരമല്ല. സമസ്തയുടെ തണലിൽ നിന്ന് വിട്ടുപോയവർക്ക് ഇനിയും മടങ്ങിവരാം. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നൂറു വർഷത്തെ പാരമ്പര്യമുള്ള സമസ്തയുടെ അടിത്തറ ആദർശ വിശുദ്ധിയാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈദ് ആഘോഷങ്ങൾക്ക് (ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ) നിലവിലുള്ള പരിമിതമായ അവധി മാറ്റി തുടർച്ചയായ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി സർക്കാർ അനുവദിക്കണം, പെരുന്നാൾ കാലത്തെ പിറ ദർശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ജുമുഅ നമസ്കാരത്തിന് തടസമാകാത്ത രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷകളും ക്ലാസുകളും ക്രമീകരിക്കണം, ഭരണപരമായ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം, മദ്രസകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പതിനായിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന സമ്മേളനം സമസ്തയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരും സാംസ്കാരിക നായകന്മാരും ചടങ്ങിൽ പങ്കെടുത്തു.
Kerala
കുണിയ (കാസർഗോഡ്): ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജില്ലകളുടെ പുനർനിർണയം അനിവാര്യമാണെന്നും രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം ഇത് യാഥാർഥ്യമാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും ചൂണ്ടിക്കാട്ടി കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിൽ പ്രമേയം പാസാക്കി.
ഉമർ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തെ ഹൈദർ ഫൈസി പനങ്ങാങ്ങര പിന്താങ്ങി. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാ രൂപീകരണം അത്യന്താപേക്ഷിതമാണെന്നും പ്രമേയത്തിൽ പറഞ്ഞു.
ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും ഇത്തരം പ്രശ്നങ്ങളുണ്ട്. 39 പാർലമെന്റ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകൾ നിലനിൽക്കുന്ന തമിഴ്നാടിനെ ഇക്കാര്യത്തിൽ കേരളത്തിനു മാതൃകയാക്കാം.
പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് അത് വേഗത കൂട്ടുകയും ചെയ്യുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പില് ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് വേണ്ടെന്ന മുന്നറിയിപ്പുമായി സമസ്ത. രാഷ്ട്രീയത്തിന്റെ പേരില് കൂട്ടുകൂടാന് ജമാ അത്തെ ഇസ്ലാമി ശ്രമിക്കുമെന്നു സമസ്ത മുശാവറ അംഗം ഉമര് ഫൈസി മുക്കം പറഞ്ഞു.
എന്നാല്, അവരെ അകറ്റിനിര്ത്തണമെന്നും സമസ്ത അകറ്റിനിര്ത്തിയെന്നും ഉമര് ഫൈസി മുക്കം പറഞ്ഞു. മറ്റ് തലത്തില് പ്രവര്ത്തിച്ചിട്ടും ജമാ അത്തെ ഇസ്ലാമിക്ക് ആളെ കിട്ടാതെ വന്നപ്പോള് അതിനെ ഭൂമിയില് തൊടാതെ നിര്ത്തിയത് സമസ്തയാണ്.
ഇല്ലാത്ത പാര്ട്ടിയെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയത്തിന്റെ പേരില് നമ്മുടെ ഉള്ളില് അവര് നുഴഞ്ഞുകയറുമെന്നും ഉമര് ഫൈസി പറഞ്ഞു.
നിലവില് തദ്ദേശ തെരഞ്ഞെടുപ്പില് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി ഏറ്റവും കൂടുതല് ധാരണയുണ്ടാക്കിയതു യുഡിഎഫാണ്. ഈ സാഹചര്യത്തില്കൂടിയാണു പ്രതികരണം.