National
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സര്‍ക്കാര്‍ ഇന്നു സഭയില്‍ വിശ്വാസവോട്ട് തേടും. ഇടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെയുമായി ഇടഞ്ഞുനില്‍ക്കുന്ന 30 വിമത എംഎല്‍എമാര്‍ ഒപ്പമെത്തിയതു സര്‍ക്കാരിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്.
സർക്കാരിനെ പിന്തുണച്ചുള്ള കത്ത് കൈമാറാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിമതനേതാവ് സി.വി. ഷൺമുഖം നേരത്തേ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.
234 അംഗ സഭയില്‍ ടിവികെയ്ക്ക് 108 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസും ഇടതുകക്ഷികളും ഉള്‍പ്പെടെ 120 അംഗങ്ങൾ നേരത്തേ വിജയിനൊപ്പമുണ്ട്. അണ്ണാ ഡിഎംകെ വിമതര്കൂടിചേരുന്നതോടെ ഭരണപക്ഷത്ത് 150 ഓളം എംഎല്‍എമാരാകും.
ഇന്നലെ വൈകുന്നേരം അണ്ണാ ഡിഎംകെ വിമത നേതാവ് സി.വി. ഷണ്മുഖവുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഷണ്മുഖത്തിന്റെ ചെന്നൈയിലെ വസതിയിയില്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തുകയായിരുന്നു. കോൺഗ്രസ് ആസ്ഥാനത്തും മുഖ്യമന്ത്രി നേരിട്ടെത്തി. ഇന്നു നടക്കുന്ന വിശ്വാസവോട്ടെടുപ്പ് ലക്ഷ്യമിട്ടാണ് സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നു.
വിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട നീക്കങ്ങൾ എംജിആർ സ്ഥാപിച്ച അണ്ണാ ഡിഎംകെയെ പിളർപ്പിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്. മുതിർന്ന നേതാക്കളായ സി.വി. ഷൺമുഖത്തിന്റെയും എസ്.പി. വേലുമണിയുടെയും നേതൃത്വത്തിലാണു വിമതർ ഒന്നിച്ചിരിക്കുന്നത്.
ബദ്ധവൈരികളായ ഡിഎംകെയുമായി തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കാൻ പാർട്ടി അധ്യക്ഷൻ ഇടപ്പാടി കെ. പളനിസ്വാമി ശ്രമിച്ചുവെന്നാണു വിമതപക്ഷത്തിന്റെ ആരോപണം. ഡിഎംകെയെ തൂത്തെറിയാനാണ് അണ്ണാ ഡിഎംകെ രൂപീകരിച്ചതെന്നും എന്നാൽ പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ വെല്ലുവിളിക്കാനാണ് പളനിസ്വാമി ശ്രമിച്ചതെന്നും രണ്ട് നേതാക്കളും കുറ്റപ്പെടുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 164 സീറ്റുകളിൽ അണ്ണാ ഡിഎംകെ മത്സരിച്ചെങ്കിലും 47 സീറ്റുകളിൽ മാത്രമാണു വിജയിക്കാനായത്. അന്നുമുതൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ തലപൊക്കിയിരുന്നു.
അതേസമയം വിമതരുടെ ആരോപണങ്ങൾ ഇടപ്പാടി ക്യാന്പ് തള്ളിക്കളയുകയാണ്. വേലുമണിയും ഷണ്മുഖവും മറ്റൊരു മുതിർന്ന നേതാവ് വിജയ്ഭാസ്കറും മന്ത്രിപദവി ഉറപ്പാക്കിയെന്ന് ഇടപ്പാടി ക്യാന്പ് പറയുന്നു. ഏതാനും എംഎൽഎമാർ പോയെങ്കിലും അണികൾ അണ്ണാഡിഎംകെയ്ക്ക് ഒപ്പമാണെന്നുമാണ് നേതൃത്വത്തിന്റെ അവകാശവാദം.
തെരഞ്ഞെടുപ്പിനുശേഷം സഖ്യസർക്കാർ രൂപീകരിക്കുന്നതിന് ചർച്ച നടത്തിയെന്ന അണ്ണാഡിഎംകെ വിമതപക്ഷത്തിന്റെ ആരോപണം ഡിഎംകെയും തള്ളിക്കളഞ്ഞു. ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നതിന് തീരുമാനിച്ചതോടെയാണ് അടിസ്ഥാനരഹിത ആരോപണങ്ങൾ സൃഷ്ടിക്കുന്നത്. പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിരുന്നതായും ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു.
Kerala
കൊച്ചി: സിനിമകളും സ്റ്റേജ് ഷോകളും നിര്‍ത്തി ഇനിയുള്ള അഞ്ചു വര്‍ഷക്കാലത്തേക്ക് പാലക്കാടിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുമെന്ന രമേഷ് പിഷാരടിയുടെ പ്രസ്താവനയ്ക്കെതിരെ ധര്മജന് ബോള്‍ഗാട്ടി.
അത് തെറ്റായ തീരുമാനമാണെന്നും പ്രസ്താവന തിരുത്തണമെന്നുമാണ് ധര്മജന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം പിഷാരടി വിളിച്ചപ്പോള്‍ പറഞ്ഞുവെന്നും ധര്മജന് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
അഞ്ചു വര്‍ഷത്തേക്ക് സിനിമ ചെയ്യുന്നില്ല എന്നത് ഒരു തെറ്റായ തീരുമാനമാണ്. സിനിമകള്‍ അധികമില്ലെങ്കിലും ഒരു സ്റ്റേജ് ഷോകള്‍ ഒരുപാടുണ്ട്. മാസത്തില്‍ അഞ്ചു ഷോകള്‍ എങ്കിലും പിഷാരടി ചെയ്യണം. കുടുംബവും സുഹൃത്തുക്കളുമായി അദ്ദേഹത്തെ ആശ്രയിച്ച് കഴിയുന്നവര്‍ ഒരുപാടുണ്ട്. മിമിക്രിയില്‍ വരണം, നാദര്ഷിക്കയുടെ കാസറ്റില്‍ വരണം, ടിവിയില്‍ വരണം, സിനിമയില്‍ വരണം എന്നൊക്കെ ആഗ്രഹിച്ച ഒരു കാലമുണ്ട്.
പെട്ടെന്ന് ഞാന്‍ ഇനി സിനിമയിലില്ല, സ്റ്റേജ് ഷോയിലില്ല എന്നൊക്കെ പറയുന്നത് തെറ്റായ തീരുമാനമാണ്. കുറച്ച് നേരം മുമ്പ് ഫോണില്‍ സംസാരിച്ചപ്പോള്‍ ആ തീരുമാനം മാറ്റുന്നത് നന്നായിരിക്കും എന്ന് ഞാന്‍ പറഞ്ഞു.
എന്നെ കുറേ സുഹൃത്തുക്കള്‍ വിളിപ്പോള്‍ ചോദിച്ചു, എന്തിനാ അങ്ങനെയൊരു തീരുമാനം പറഞ്ഞതെന്ന്. ജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അദ്ദേഹത്തിന് അത് പറയാം. അത് അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് ആയിരുന്നു.
പക്ഷെ പിഷാരടി അങ്ങനെ പറയേണ്ട ആവശ്യമില്ല. പിഷാരടി വന്നത് കലാകാരന് ആകാനും കലയിലൂടെ ശ്രദ്ധിക്കപ്പെടാനും വേണ്ടിയാണ്. അതിനാല്‍ അതൊരിക്കലും ഉപേക്ഷിക്കാന്‍ പാടില്ല. കുറച്ചു നാള് പാലക്കാട് പോയി നിന്ന് സെറ്റ് ആയി കഴിഞ്ഞാല്‍ ആ തീരുമാനം മാറ്റാന്‍ ഞങ്ങള്‍ എല്ലാവരും നിര്‍ബന്ധിക്കും. ഞാന്‍ മാത്രമല്ല, ഞങ്ങള്‍ മിമിക്രി സമൂഹവും സിനിമയിലുള്ള അവന്റെ അടുത്ത സുഹൃത്തുക്കള്‍ എല്ലാവരും പറയും ആ തീരുമാനം മാറ്റണമെന്ന്.
ഇന്നസെന്റ് ചേട്ടനും മുകേഷ് ചേട്ടനും ഗണേഷ് ചേട്ടനും ഒക്കെ എംപിയും മന്ത്രിയും എംഎല്എയുമായിരുന്നിട്ടും അവര്‍ കലാപ്രസ്ഥാനങ്ങളില്‍ നിന്നും മാറി നിന്നിട്ടില്ലല്ലോ എന്ന് ധര്മജന് പറഞ്ഞു.
അതേസമയം, ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒന്നുമല്ല പിഷാരടിയുടെ വിജയത്തിന് കാരണമായതെന്നും ധര്മജന് പ്രതികരിച്ചു. പിഷാരടിയുടെ വ്യക്തി പ്രഭാവം, അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഒക്കെയാണ് വിജയത്തിന് കാരണമായത്.
അല്ലതെ പിഷാരടിയെ സ്ത്രീകള്‍ തടഞ്ഞതോ ശോഭ സുരേന്ദ്രന് പണം കൊടുത്തു വോട്ട് വാങ്ങി എന്ന വിവാദങ്ങളോ അല്ല വിജയത്തിന് കാരണമായത്. യുഡിഎഫിന് അനുകൂല സാധ്യതയുള്ള വിഐപി മണ്ഡലമാണ് പാലക്കാട്. വിവാദങ്ങള്‍ ഒക്കെ സെക്കന്‍ഡറിയാണ്. വിവാദങ്ങള്‍ പിഷാരടിക്ക് കുറച്ചു വോട്ടുകള്‍ കൂടി കിട്ടിയിട്ടുണ്ടാകാം. അത് ഇല്ലായിരുന്നെങ്കിലും പിഷാരടി വിജയിക്കുമായിരുന്നുവെന്നും ധര്മജന് കൂട്ടിച്ചേര്‍ത്തു.
District News
ചാലക്കുടി: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സനീഷ് കുമാർ ജോസഫ് ടൗണിൽ നടത്തിയ റോഡ് ഷോ ആവേശം ഉയർത്തി.
നോർത്ത് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. ബെന്നി ബെഹന്നാൻ എംപിയോടപ്പം തുറന്ന വാഹനത്തിൽ സഞ്ചരിച്ച സനീഷ് കുമാർ ജനങ്ങളെ അഭിവാദ്യം ചെയ്തു. സൗത്ത് ജംഗ്ഷനിൽ സമാപിച്ചു.