International
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശ സഞ്ചാരികളെ അയച്ച് നാസ. ഫ്ളോറിഡയിലെ കേപ് കാനവറൽ സ്പേസ് സ്റ്റേഷനിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണു ബഹിരാകാശ യാത്രികരുടെ യാത്ര.
ഇന്ന് പ്രണയദിനത്തിൽ വൈകുന്നേരം 3.15ന് ഇവർ ബഹിരാകാശ നിലയത്തിലെത്തും. പ്രതികൂല കാലാവസ്ഥ കാരണം നിരവധി തവണ മാറ്റിവച്ചതിനു ശേഷമാണ് ഇന്നലെ വിക്ഷേപണം നടത്തിയത്.
നാസയിലെ ജെസീക്ക മെയർ (കമാൻഡർ), ജാക്ക് ഹാത്ത്വേ (പൈലറ്റ്), റഷ്യൻ ബഹിരാകാശയാത്രിക ആൻഡ്രി ഫദ്യേവ് , ഫ്രഞ്ച് സ്വദേശിയായ സോഫി അഡെനോട്ട് എന്നി വരാണ് സംഘത്തിലുള്ളത്. ജനുവരിയിൽ ആരോഗ്യപരമായ കാരണങ്ങളാൽ മടങ്ങിയവർക്ക് പകരക്കാരായാണ് ഇവർ നിലയത്തിലേക്കു പോകുന്നത്.
നിലവിൽ മൂന്ന് പേർ മാത്രമാണു നിലയത്തിലുള്ളത്. ഭാവിയിലെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്കായുള്ള ഗവേഷണത്തിനു സഹായിക്കുന്ന നിരവധി പരീക്ഷണങ്ങൾ അവർ നടത്തും. എട്ടു മാസത്തിനു ശേഷം ബഹിരാകാശ യാത്രികർ മടങ്ങും.
Business
ന്യൂയോർക്ക്: ഇലോണ് മസ്കിന്റെ ബഹിരാകാശ ഗതാഗത, ഉപഗ്രഹനിർമാണ കന്പനിയായ സ്പേസ് എക്സ് ഇൻസൈഡർ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നു. ഈ ഓഹരിവിൽപ്പന സ്പേസ് എക്സിനെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള സ്വകാര്യ കന്പനിയാക്കി മാറ്റും. ഇത് ഒക്ടോബറിൽ ഓപ്പണ് എഐ സ്ഥാപിച്ച 500 ബില്യണ് ഡോളർ മൂല്യത്തിന്റെ റിക്കാർഡ് മറികടക്കും.
ഈ ഓഹരി വിൽപ്പനയിലൂടെ സ്പേസ് എക്സിന്റെ വിപണി മൂല്യം ഏകദേശം 800 ബില്യണ് ഡോളറായി ഉയർത്തും.
നിലവിൽ ചർച്ച ചെയ്യുന്ന വില ഓഹരിയൊന്നിന് 400 ഡോളറിൽ കൂടുതലാണെന്നാണ്. ഇത് സ്പേസ് എക്സിന്റെ വിപണിമൂല്യം 750 ബില്യണ് ഡോളറിനും 800 ബില്യണ് ഡോളറിനും ഇടയിലാക്കും. ഈ നീക്കം ജീവനക്കാർക്കും ആദ്യകാല നിക്ഷേപകർക്കും അവരുടെ ഓഹരികൾ വിൽക്കാൻ അവസരം നൽകുന്നു.
സ്പേസ് എക്സ് 2026ന്റെ അവസാനത്തോടെയാണ് ഐപിഒ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾ നിക്ഷേപകരുമായി ആരംഭിച്ചതായും സൂചനയുണ്ട്. അതേസമയം, ഓഹരി വിൽപ്പനയെക്കുറിച്ച് കന്പനി പരസ്യമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
സ്പേസ് എക്സ് ഐപിഒയിലൂടെ കന്പനിയുടെ 5 ശതമാനം ഓഹരികൾ 800 ബില്യണ് ഡോളർ മൂല്യനിർണയത്തിന് വിൽക്കുകയാണെങ്കിൽ, കന്പനിക്ക് 40 ബില്യണ് ഡോളർ ഓഹരികൾ വിൽക്കേണ്ടിവരും. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആക്കി മാറ്റും. 2019ൽ സൗദി അരാംകോയുടെ 29 ബില്യണ് ഡോളർ ലിസ്റ്റിംഗിനേക്കാൾ വളരെ കൂടുതലാണ് ഇത്.