Kerala
കണ്ണൂർ: ‘വൺ ചർച്ച് വൺ മൂവ്മെന്റ്’ എന്ന പേരിൽ ചിലർ തലശേരി അതിരൂപത ആസ്ഥാനത്ത് അതിക്രമിച്ചു കയറുകയും ആർച്ച്ബിഷപ്സ് ഹൗസിന്റെ ഭിത്തിയിൽ അസഭ്യവാക്യങ്ങൾ എഴുതിഒട്ടിക്കുകയും ചെയ്തതിൽ തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു.
തലശേരി അതിരൂപതയുടെ കീഴിലുള്ള വിശ്വാസികളുടെ സമാധാനവും ഐക്യവും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ അപലപനീയമാണെന്നു പാസ്റ്ററൽ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ ചിലർ നടത്തുന്ന കുപ്രചാരണങ്ങൾക്കും വ്യാജാരോപണങ്ങൾക്കും എറണാകുളം-അങ്കമാലി അതിരൂപതയിൽ യാതൊരുവിധ പിന്തുണയും ലഭിക്കുന്നുമില്ല.
യഥാർഥ വസ്തുതകൾ തിരിച്ചറിഞ്ഞ എറണാകുളത്തെ മാധ്യമങ്ങൾ ഇത്തരം പ്രചാരണങ്ങൾക്കു വേദിയൊരുക്കാത്ത സാഹചര്യത്തിൽ പ്രശ്നങ്ങളൊന്നുമില്ലാത്ത കണ്ണൂരിൽ എത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പാസ്റ്ററൽ കൗൺസിൽ ആരോപിച്ചു.
അതിരൂപത ആസ്ഥാനത്ത് അക്രമം നടത്തുകയും തുടർന്ന് വാർത്താസമ്മേളനം വിളിച്ച് വ്യാജപ്രചാരണം നടത്തുകയും ചെയ്ത കുര്യാക്കോസ് പഴയമഠം, വിൽസൺ വടക്കാഞ്ചേരി, ജോസഫ് അമ്പലത്തിങ്കൽ, ബിജു പട്ടശ്ശേരി എന്നിവർക്കെതിരേ തലശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇവർക്കെതിരേ നിയമനടപടികൾ തുടരുമെന്നും പാസ്റ്ററൽ കൗൺസിൽ അറിയിച്ചു. ഇനിയും ഇത്തരം അക്രമങ്ങളും അപകീർത്തിപ്രചാരണങ്ങളും ആവർത്തിക്കുകയാണെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
District News
തളിപ്പറന്പ്: സീറോ മലബാർ സഭ 2026 സമുദായ ശക്തീകരണ വർഷമായി ആചരിക്കുമ്പോൾ അമ്മമാരെ കർമോത്സുകരാക്കാനും ജീവകാരുണ്യ - സാമൂഹ്യസേവന പ്രവർത്തനങ്ങളിലൂടെ സുവിശേഷ മൂല്യങ്ങൾ പ്രസരിപ്പിക്കാൻ ശക്തരാക്കുന്നതിനുമായി വിപുലമായ കർമപദ്ധതി തയാറാക്കി തലശേരി അതിരൂപത മാതൃവേദി.
പ്രവർത്തന മാർഗരേഖയുടെ പ്രകാശനം തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മാതൃവേദി അതിരൂപത വൈസ് പ്രസിഡന്റ് മേഴ്സി വാതപ്പള്ളിക്ക് നൽകി നിർവഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ, ലിൻസി കുന്നുംപുറത്ത്, വത്സമ്മ മുണ്ടിയാനിക്കൽ, റെജീന തെക്കേപ്പറമ്പിൽ, സുബി കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: തലശേരി വാടിക്കകത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 1.139 ഏക്കർ ഭൂമി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
ഭൂമി പാട്ടത്തിന് പ്രതിവർഷം ആർ ഒന്നിന് 100 രൂപ നിരക്കിലാണ് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസിന് (കെബിഎംഎഎസ്എസ്) 30 വർഷത്തേക്കു ഭൂമി പാട്ടത്തിന് കൈമാറുന്നത്.
District News
തലശേരി: തലശേരിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസിനെയാണ് (33) എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തത്.
എക്സൈസ്കമ്മീഷണർ സ്ക്വാഡംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ് എന്നിവർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി വിൽപനക്കായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചെറുപൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. തലശേരി ഭാഗത്ത് കഞ്ചാവ് വ്യാപകമായി വില്പന ചെയ്യുന്ന ഇയാളെ കമ്മീഷണർ സ്ക്വാഡ് രഹസ്യ നിരീക്ഷണം നടത്തിയാണ് വിദഗ്ധമായി പിടികൂടിയത്.
ലഹരിക്കടത്ത് നിരീക്ഷിക്കുന്നതിനായി കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ്, കേരള എക്സൈസ് സൈബർ വിംഗ് എന്നിവരുടെ സഹായവും ലഭിച്ചു. ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി വ്യാപകമായി എത്തിച്ച് ഉപയോഗവും ,കച്ചവടവും വ്യാപകമായതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തുന്നത്.
തലശേരി റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.സി. ഷിബു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം.കെ. സുമേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഡ്രൈവർ എം.സുരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ. ശില്പ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി.ജലീഷ് ,കെ.ബിനീഷ് , എം.കെ. പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർ വി. അഖിൽ, എക്സൈസ് സൈബർ സെല്ലിലെ ടി. സനലേഷ്, സുഹീഷ് എന്നിവർ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Kerala
കണ്ണൂർ: സപ്ലൈകോയുടെ സംസ്ഥാനത്തെ ആദ്യ സിഗ്നേച്ചർ മാർട്ട് തലശേരിയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. തലശേരിയിലെ ഹൈപ്പർമാർക്കറ്റാണ് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടായി ഉയർത്തിയത്.
പുതിയ കാലത്തിനനുസരിച്ച് സപ്ലൈകോ വിൽപ്പനശാലകളും പരിഷ്കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്ക് സിഗ്നേച്ചർമാർട്ടിൽ വിലക്കുറവും ഉണ്ടായിരിക്കും. ഓരോ ജില്ലയിലും ഒരു സിഗ്നേച്ചർമാർട്ട് വീതം സ്ഥാപിക്കാനാണ് സപ്ലൈകോ പദ്ധതിയിടുന്നത്.
40 ലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്ത് പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വിപണി വില അനിയന്ത്രിതമായി ഉയർന്നപ്പോൾ സപ്ലൈകോ വിപണിയിൽ ഇടപെട്ട് വില നിയന്ത്രിച്ചു. നിലവിൽ സപ്ലൈകോ വിൽപ്പനശാലകളിൽ സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 309 രൂപ നിരക്കിലാണ് നൽകുന്നത്.
ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 20 കിലോ അരി 25 രൂപ നിരക്കിലും സപ്ലൈകോ നൽകിവരുന്നു. ഇങ്ങനെ സാധാരണക്കാർക്ക് വലിയതോതിൽ താങ്ങാവുകയാണ് സപ്ലൈകോ എന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ സ്വകാര്യ സൂപ്പർ മാർക്കറ്റുകളിലും ഗൾഫ് രാജ്യങ്ങളിലും വിൽക്കുന്നതിനുള്ള നടപടികളെടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.
Kerala
തലശേരി: 24 വർഷം ഒളിവിൽ കഴിഞ്ഞ കുപ്രസിദ്ധ വാഹനമോഷ്ടാവിനെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. വാഹന മോഷണം, ബാങ്ക് കവർച്ചാ കേസുകളിലെ പ്രതി വയനാട് സ്വദേശി സൈനുദ്ദീനാണ് ( 52) അറസ്റ്റിലായത്.
ഇയാളുടെ പേരിൽ സംസ്ഥാനത്തുടനീളം വാഹനകവർച്ചയുമായി ബന്ധപ്പെട്ട കേസുകളുണ്ട്. പ്രമാദമായ മലപ്പുറം ചേലേന്പ്ര ബാങ്ക് കവർച്ചാ കേസിലെയും മുഖ്യപ്രതിയാണ്.
തലശേരി സ്റ്റേഷൻ എസ്എച്ച്ഒ ബിജു പ്രകാശിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ ആസൂത്രിത നീക്കത്തിൽ വയനാട്ടിലെ കൽപ്പറ്റയിൽ വച്ചാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
തലശേരി പോലീസ് സ്റ്റേഷനിൽ 24 വർഷം മുന്പ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരേ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 24 കേസുകളുണ്ട്. കോടതി ഇയാൾക്കെതിരേ ലോംഗ് പെൻഡിംഗ് വാറന്റും പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: തലശേരി കണ്ടിക്കലിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് 3.30ഓടെയാണ് തീപിടിത്തമുണ്ടായത്.
വെൽഡിംഗ് ജോലിക്കിടെയുണ്ടായ തീപൊരിയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ വിവിധ ഫയർ ഫോഴ്സ് സ്റ്റേഷനുകളിൽ നിന്നെത്തിയ എട്ട് യൂണിറ്റുകളും വിമാനത്താവളത്തിലെ യൂണിറ്റും ദൗത്യത്തിൽ പങ്കെടുത്തു.
തീപടർന്നതു കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്കും തീപടർന്നിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്ഥാപനത്തിൽ നേരത്തെ ശേഖരിച്ചുവച്ച പ്ലാസ്റ്റിക്കാണ് കത്തുന്നത്.
സ്പീക്കർ എ. എൻ. ഷംസീർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാത്രി വൈകിയും ദൗത്യം തുടരും.
Kerala
കണ്ണൂർ: തലശേരി ഇല്ലിക്കുന്നിൽ കടയുടെ പൂട്ട് തകർത്ത് മോഷണം. ഞായറാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്.
ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തള്ള സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത കളളൻ മേശയിൽ സൂക്ഷിച്ച 3000 രൂപ കവർന്നു.
മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ പടം തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. തൊട്ടടുത്തുളള വീട്ടിലും മോഷണ ശ്രമം നടന്നതായാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി.