കണ്ണൂര്‍: ന്യൂനപക്ഷ സമുദായങ്ങൾ ഇടതുപക്ഷവുമായി കൂടുതൽ അടുക്കുന്നതിൽ വെകിളി പിടിച്ച യുഡിഎഫ് ആർഎസ്എസിന്റെ വോട്ടു പിടിക്കാൻവേണ്ടി കള്ളപ്രചാരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ.
കലാപം ആസൂത്രണം ചെയ്തു നടപ്പാക്കിയ ആർഎസ്എസിനെ വെള്ള പൂശുകയും കലാപം സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാനുമാണ് യുഡിഎഫ് കള്ളപ്രചാരണം നടത്തുന്നത്. ഇക്കാര്യത്തിൽ മുസ്ലിം ലീഗും പങ്കാളികളാകുന്നു എന്നത് ഖേദകരമാണെന്നും എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
തലശേരി കലാപം അന്വേഷിച്ച ജസ്റ്റീസ് ജോസഫ് വിതയത്തില്‍ കമ്മീഷന് റിപ്പോർട്ടിൽ സിപിഎമ്മുകാർ കലാപത്തിൽ പങ്കെടുത്തിട്ടില്ലെന്നു വ്യക്തമാക്കുന്നുണ്ട്. പാർട്ടിക്കൊടി കെട്ടിയ കാറിൽ സഞ്ചരിച്ച നേതാക്കൾ ജനങ്ങളോടു കലാപത്തിൽനിന്നു പിന്മാറാൻ പറയുകയാണ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. തലശേരി കലാപ സമയത്ത് മോസ്ക് സംരക്ഷിക്കാൻ കാവൽ നിൽക്കുന്നതിനിടെയാണ് ആർഎസ്എസുകാർ യു.കെ. കുഞ്ഞിരാമനെ കൊലപ്പെടുത്തിയത്.
എന്നാൽ കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് കലാപ സമയത്തല്ലെന്നാണ് മറ്റൊരു കള്ളപ്രചാരണം. കലാപ സമയത്ത് പാറപ്രം, മുഴപ്പിലങ്ങാട്, മട്ടാന്പ്രം എന്നീ മോസ്കുകൾക്ക് സിപിഎം പ്രവർത്തകർ സംരക്ഷണം നൽകിയിട്ടുണ്ട്. പാറപ്രം മോസ്കിന് കാവൽനിന്നതിനാണ് പള്ളിക്കമ്മിറ്റി പിണറായി വിജയനെ ഉപഹാരം നൽകി ആദരിച്ചത്.
1970 ഡിസംബര്‍ 28നാണ് തലശേരി കലാപം പൊട്ടിപ്പുറപ്പെട്ടത്. അന്നുതന്നെ സിപിഎം നേതൃത്വം ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഒരാഴ്ച കഴിഞ്ഞാണ് വന്നത്.
തുടക്കത്തിലേ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കേണ്ട ആഭ്യന്തരമന്ത്രി ഗുരുതരമായ നിസംഗതയാണ് കാട്ടിയത്. തലശേരിയിലെത്തിയ കെ. കരുണാകരൻ യാഥാർഥ്യം മറച്ചുവച്ചു. വർഗീയ ലഹള എന്നൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ കലാപമാണ് നടന്നതെന്നുമായിരുന്നു പറഞ്ഞത്. പലയിടത്തും അക്രമികൾ വീടാക്രമിച്ച് സ്വർണവും പണവുമുൾപ്പെടെ കൊള്ളയടിക്കുകയും ചെയ്തിരുന്നുവെന്നത് പഴയ തലമുറയിലെ ആളുകൾക്ക് അറിയാമെന്നും എം.വി. ജയരാജൻ പറഞ്ഞു.