Kerala
കണ്ണൂര്‍: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ ലീഗിന് ആശങ്കയില്ലെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കേരളീയ മനസ് വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരാണ്.
അതുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍ക്കുമാകില്ല. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ലക്ഷ്യമിടുന്നത് ലീഗിനെയാണോ എന്ന ചോദ്യത്തിന്, ലക്ഷ്യത്തിലേക്ക് അവര്‍ എത്താന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലീഗ് ഒഴികെ എല്ലാ സമുദായ സംഘടനകളുമായും ചര്‍ച്ച നടത്തുമെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് ലീഗിനെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കുമാകില്ലെന്ന് സാദിഖലി തങ്ങള്‍ മറുപടി പറഞ്ഞു. സമുദായസൗഹാര്ദമാണു ലീഗിന്റെ ലക്ഷ്യമെന്നും അതില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഗൗരവത്തിലുള്ള ആലോചനകള്‍ നടന്നിട്ടില്ല.
അടുത്ത ദിവസംതന്നെ ചര്‍ച്ച നടക്കും. യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണു പ്രധാനം. അതിനനുസരിച്ച് സീറ്റ് വച്ചുമാറണമോയെന്നും മറ്റും ചര്‍ച്ചയില്‍ ആലോചിക്കും. വിജയസാധ്യതയ്ക്കാണു മുന്‍ഗണന നല്‍കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെല്‍ഫെയർ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടില്ല. നീക്കുപോക്കാണ് ഉണ്ടാക്കിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് അവസാനിച്ചു. നാലു വോട്ടിനുവേണ്ടി മതേതരത്വത്തിന് എതിരായ നിലപാട് ലീഗ് സ്വീകരിക്കില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
Kerala
ആലപ്പുഴ: ഹിന്ദു വിഭാഗങ്ങൾ ഭിന്നിച്ച് നിൽക്കുന്നത് ഈ കാലഘട്ടത്തിൽ അനുയോജ്യമല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായർ-ഈഴവ ഐക്യം അനിവാര്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
"താൻ മുസ്ലീം വിരോധിയല്ല. എന്നാൽ ലീഗിന് എതിരാണ്. ലീഗാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് പോലും മുസ്ലീം ലീഗാണ്.'- വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യത്തിനായി പ്രവർത്തിക്കും. ഈ കാലഘട്ടത്തിൽ അത് ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീം സമുദായത്തെ പേടിച്ചാണ് ഈ വിഭാഗങ്ങൾ കഴിയുന്നതെന്നും വെള്ളപ്പള്ളി പറഞ്ഞു.