പാലാ: മാര്‍ത്തോമ്മാ ശ്ലീഹാ പൈതൃകവും സുറിയാനി പാരമ്പര്യവുമുള്ള നസ്രാണി സമുദായ വൈദിക-അല്മായ പ്രതിനിധികളുടെ യോഗം പാലാ ബിഷപ്സ് ഹൗസില്‍ മെത്രാന്മാരുടെ നേതൃത്വത്തില്‍ നടന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തി.
നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
മതപരിവര്‍ത്തന നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമല്ല എന്നുറപ്പാക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഘടിച്ചുപോയ മാര്‍ത്തോമ്മാ നസ്രാണി സമുദായത്തിനു സാധ്യമായ മേഖലകളില്‍ ഒന്നിച്ചു പോകാമെന്നു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ സൂചിപ്പിച്ചു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സാമുദായികമായി സംഘടിക്കുക എന്നത് സഭകളുടെ ഐക്യത്തേക്കാള്‍ എളുപ്പവും അവശ്യവുമാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു. യോഗത്തില്‍ ഏഴു നസ്രാണി സഭകളില്‍നിന്നായി മെത്രാന്മാരുടെ 11 പ്രതിനിധികള്‍ പങ്കെടുത്തു.
യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ സുറിയാനി സഭയില്‍നിന്നു കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, മാര്‍ത്തോമ്മാ സുറിയാനി സഭയില്‍നിന്നു ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, പൗരസ്ത്യ കല്‍ദായ സഭാധ്യക്ഷന് ഔഗിന്‍ മാര്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി.
ഡോ. ജേക്കബ് പുന്നൂസ്, മലബാര്‍ സ്വതന്ത്ര്യ സുറിയാനി തൊഴിയൂര്‍ സഭ അല്മായ ട്രസ്റ്റി ബിനോയി പി. മാത്യു, സീറോ മലബാര്‍ പബ്ലിക് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, ടി.ടി. മൈക്കിള്‍, സീ ന്യൂസ് കോ-ഓര്‍ഡിനേറ്റര്‍ ലിസി കെ. ഫെര്‍ണാണ്ടസ്, നസ്രാണി ജാതൈ്യക്യസംഘം പ്രസിഡന്റ് ഉമ്മച്ചന് വേങ്കടത്ത് എന്നിവര്‍ പ്രസംഗിച്ചു.