National
ന്യൂഡൽഹി: ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകളിലൂടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം അട്ടിമറിച്ചതായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ എട്ടിൽ ഒരു വോട്ടർ വ്യാജനാണെന്നും ആകെയുള്ള രണ്ടു കോടി വോട്ടർമാരുടെ 12.5 ശതമാനമാണു മോഷ്ടിക്കപ്പെട്ട 25,41,444 വോട്ടുകളെന്നും തെളിവുകൾ സഹിതം നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ചൂണ്ടിക്കാട്ടി.
ബ്രസീലിലെ മോഡലായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് 22 കള്ളവോട്ടുകൾ സൃഷ്ടിച്ചതു മുതൽ രണ്ടു ബൂത്തുകളിലായി ഒരു സ്ത്രീയുടെ ഫോട്ടോ പല പേരുകളിലും വിലാസങ്ങളിലുമായി 223 തവണ പ്രത്യക്ഷപ്പെട്ടുവെന്നും വോട്ടർപട്ടിക കാണിച്ച് രാഹുൽ വെളിപ്പെടുത്തി. ബ്രസീലിയൻ യുവതിയുടെ ഫോട്ടോ "സ്വീറ്റി, സീമ, സരസ്വതി' തുടങ്ങി പല പേരുകളിൽ 22 തവണ വോട്ടർപട്ടികയിൽ കാണാം. ഒരു വീട്ടിൽ പത്തിൽ കൂടുതൽ വോട്ടുകളുണ്ടെങ്കിൽ നേരിട്ടു ചെന്ന് പരിശോധിക്കണമെന്നു വ്യവസ്ഥയുള്ളപ്പോഴാണിത്.
ഒരേ ഫോട്ടോയുള്ള വോട്ടർ ഹരിയാനയിലെ പത്തു വ്യത്യസ്ത ബൂത്തുകളിൽ വോട്ട് ചെയ്യുന്നു. അവർക്ക് ഒന്നിലധികം പേരുകളുണ്ട്. ഇതിനർഥം ഇതൊരു കേന്ദ്രീകൃത പ്രവർത്തനമാണ്. ഈ വ്യാജവോട്ടുകൾ ആരു ചെയ്തുവെന്ന് കണ്ടെത്താതിരിക്കാനാണു പോളിംഗ് ബൂത്തുകളിലെ സിസിടിവി തെളിവുകൾ തെരഞ്ഞെടുപ്പു കമ്മീഷൻ നശിപ്പിച്ചത്. യുപിയിൽ വോട്ടുള്ള ബിജെപി നേതാവിന്റെയും മകന്റെയും വോട്ടുകൾ പല വിലാസങ്ങളിൽ ഹരിയാനയിലെ വോട്ടർപട്ടികയിലുണ്ട്- എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വീഡിയോ പ്രസന്റേഷനോടു കൂടിയ നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ആരോപിച്ചു.
അഞ്ചു ലക്ഷത്തിലധികം (5,21,619) വ്യാജവോട്ടുകളുണ്ടായിരുന്നു. 19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ നടന്നു. 93,174 തെറ്റായ വിലാസങ്ങളുണ്ട്. വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് 1,24,177 വോട്ടർമാർ പട്ടികയിൽ ചേർത്തു. വ്യാജ വോട്ടർമാരെയും ഇരട്ടിപ്പുകളും വേഗത്തിൽ ഒരു കംപ്യൂട്ടർ ആപ്ലിക്കേഷനിലൂടെ കണ്ടെത്തി നീക്കാമായിരുന്നു. ബിജെപിക്കുവേണ്ടിയാണ് അതു ചെയ്യാതിരുന്നത്. കമ്മീഷന്റെ വോട്ടർപട്ടികയിൽനിന്നു തന്റെ ഗവേഷണസംഘം കണ്ടെത്തിയതാണു തെളിവുകൾ. തെളിവില്ലാത്ത കാര്യങ്ങൾ താൻ പറയുന്നില്ല. നൂറു ശതമാനം സത്യമാണു പറയുന്നതെന്നും രാഹുൽ തറപ്പിച്ചുപറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വ്യക്തമായ ഒത്താശയോടെയാണ് ബിജെപി വോട്ടുതട്ടിപ്പ് നടത്തിയത്. കേന്ദ്രീകൃതവും ആസൂത്രിതവുമായാണു വോട്ടുകൊള്ള നടത്തിയത്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ അവകാശവാദങ്ങൾ കള്ളമാണെന്നു തെളിയിക്കുന്നതാണ് തെളിവുകൾ. വീടില്ലാത്തവർക്കാണു വിലാസത്തിൽ വീട്ടുനന്പർ "പൂജ്യം' എന്നു രേഖപ്പെടുത്തിയത് എന്ന കമ്മീഷന്റെ വാദം തെറ്റാണെന്നു ഹരിയാനയിലെ ഇത്തരത്തിലൊരു വോട്ടറുടെ കോണ്ക്രീറ്റ് വീടിന്റെ ഫോട്ടോ സഹിതം രാഹുൽ വിശദീകരിച്ചു. ഒരു സംസ്ഥാനത്തെ ജനവിധിയെ അട്ടിമറിച്ച വോട്ടുതട്ടിപ്പായതിനാലാണ് എച്ച് ഫയൽസ് എന്ന പേരിലുള്ള ഹൈഡ്രജൻ ബോംബ് രാഹുൽ അവതരിപ്പിച്ചതെന്ന് എഐസിസി വ്യക്തമാക്കി.
ഹരിയാനയിൽ കോണ്ഗ്രസ് വിജയിക്കുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.എന്നാൽ, ജനവിധി അട്ടിമറിക്കപ്പെട്ടു. വോട്ടർപട്ടികയിലടക്കം കൃത്രിമം നടത്തിയാണു ബിജെപി ഭരണത്തിലെത്തിയത്. എക്സിറ്റ് പോളുകൾ എന്തു പറഞ്ഞാലും ബിജെപി അധികാരത്തിലെത്താൻ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി സാഹിബ് സിംഗ് സെയ്നി വോട്ടെണ്ണലിനു മുന്പ് മാധ്യമങ്ങളോടു പറയുന്ന വീഡിയോ രാഹുൽ പ്രദർശിപ്പിച്ചു.
നിയമവിരുദ്ധ സർക്കാരാണു ഹരിയാനയിലേത്. കർണാടകയിലെ രണ്ടു മണ്ഡലങ്ങളിൽ നടത്തിയ വോട്ടുകൊള്ളയുടെ കൂടുതൽ സംഘടിതമായ തട്ടിപ്പാണിത്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ എന്തുകൊണ്ട് കണ്ടെത്തിയില്ലെന്നു ചോദിക്കാം. വോട്ടർപട്ടിക അവസാനനിമിഷം മാത്രം തരുന്നതിനാലാണിത്. - രാഹുൽ പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തു ഭരണഘടനാവിരുദ്ധമായി നിയമനിർമാണസഭയോ ഭരണനിർവഹണ സംവിധാനമോ എടുക്കുന്ന ഏതൊരു തീരുമാനത്തെയും ചോദ്യംചെയ്യാൻ ജനാധിപത്യത്തെ താങ്ങിനിർത്തുന്ന മൂന്നാമത്തെ തൂണായ നീതിന്യായ സംവിധാനത്തിനു സാധിക്കും.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വെളിപ്പെടുത്തൽ നടത്തിയപ്പോൾ രാജ്യത്തിന്റെ പരമോന്നത കോടതിയിൽ ഇക്കാര്യം വെല്ലുവിളിക്കപ്പെടുമോ എന്ന ചോദ്യം ഇന്നലെയും ഉയർന്നു. എന്നാൽ, സുപ്രീംകോടതി ഉൾപ്പെടെ എല്ലാവരും തന്റെ വെളിപ്പെടുത്തൽ കാണുന്നുണ്ടെന്നാണ് രാഹുൽ നൽകിയ മറുപടി.
കർണാടകയിലെ മഹാദേവപുര, അലന്ദ് മണ്ഡലങ്ങളിൽ നടത്തിയ വോട്ട് മോഷണമായിരുന്നു "വോട്ട് ചോരി’യുമായി ബന്ധപ്പെട്ടു നടത്തിയ ആദ്യ രണ്ട് വാർത്താസമ്മേളനത്തിലും രാഹുൽ ഉന്നയിച്ചത്. ഇതടക്കം രാജ്യത്തെ ഭരണഘടനാകോടതി നിരീക്ഷിക്കുന്നുണ്ട്. മറഞ്ഞുനിന്നുകൊണ്ടല്ല താൻ ഈ വെളിപ്പെടുത്തലുകൾ നടത്തുന്നത്. രാജ്യത്തെ മാധ്യമങ്ങൾക്കു മുന്നിലാണ്. ആർക്കു വേണമെങ്കിലും ഇതു കാണാം. സ്വന്തം രേഖയല്ല, തെരഞ്ഞെടുപ്പ് കമ്മീഷന്റെതന്നെ രേഖകൾ കൊണ്ടാണ് താൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയതെന്നും രാഹുൽ പറഞ്ഞു. തീരുമാനമെടുക്കേണ്ടതു ഭരണഘടന കോടതികളാണെന്ന പരോക്ഷ സന്ദേശവും രാഹുലിന്റെ പ്രസ്താവനയിലുണ്ട്.
"ലുക്ക് അറ്റ് ദാറ്റ് സർദാർജി’
വോട്ട് ചോരിയുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയ വാർത്താസമ്മേളനത്തിലെ പല പ്രസ്താവനകളും തെറ്റാണെന്നു തെളിയിക്കുന്നതാണ് കൂടെയുള്ള സഹപ്രവർത്തകന്റെ മുഖഭാവമെന്നു രാഹുൽ ഗാന്ധി. ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ ഗ്യാനേഷ് കുമാറിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ജോഷി, സുഖ്ബീർ സിംഗ് സന്ധു എന്നിവരുടെ വീഡിയോ ദൃശ്യം പങ്കുവയ്ക്കുന്പോഴാണ് സന്ധുവിന്റെ മുഖഭാവം ചൂണ്ടിക്കാട്ടി "ലുക്ക് അറ്റ് ദാറ്റ് സർദാർജി’ എന്ന് രാഹുൽ തമാശ രൂപേണ പറഞ്ഞത്. അദ്ദേഹത്തിന്റെ മുഖഭാവത്തിൽനിന്നുതന്നെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കള്ളം പറയുകയാണെന്നു മനസിലാക്കാമെന്ന് രാഹുൽ പറഞ്ഞു. വോട്ടർപട്ടികയിൽ വീടില്ലാത്ത ആളുകൾ ഉണ്ടെന്ന് വിശദീകരിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം.
ജനാധിപത്യം പുനഃസ്ഥാപിക്കണം
""സത്യത്തിന്റെയും അഹിംസയുടെയും പിൻബലത്തോടെ രാജ്യത്തെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഇന്ത്യയിലെ "ജൻ സി’കൾക്കും യുവാക്കൾക്കും ശക്തിയുണ്ട്’’ -ഹരിയാന വോട്ടർപട്ടികയിൽ ക്രമക്കേടുകൾ വിവരിക്കുന്ന പത്രസമ്മേളനം അവസാനിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ യുവാക്കളുടെ ഭാവി മോഷ്ടിക്കപ്പെടുകയാണ്. അതിനാൽ ജനാധിപത്യവിരുദ്ധമായ ഈ നടപടികളെ ഗൗരവമായി കാണണം. ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷകരായി യുവവോട്ടർമാരെ കാണാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. എന്നാൽ, യുവ വോട്ടർമാർക്കിടയിൽ അസ്വസ്ഥത ജനിപ്പിക്കാനുള്ള ശ്രമമാണു രാഹുൽ നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
National
ന്യൂഡൽഹി: വോട്ടർപട്ടികയിൽ വീട്ടുനന്പർ പൂജ്യം എന്നു രേഖപ്പെടുത്തിയാൽ ആ വ്യക്തിയെ ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ല എന്ന വിശദീകരണമാണ് രാഹുൽ ഗാന്ധി നൽകുന്നത്. ഒരിക്കൽ വോട്ട് ചെയ്തു കഴിഞ്ഞ അയാൾ അപ്രത്യക്ഷമാകും.
മേൽവിലാസമില്ലാത്തതിനാൽ അയാളെ കണ്ടെത്താൻ പിന്നീട് സാധിക്കില്ല. ഇത്തരത്തിൽ നൂറുകണക്കിന് കേസുകൾ ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ ഉദ്ധരിച്ച് രാഹുൽ ചൂണ്ടിക്കാട്ടി. ഹരിയാന വോട്ടർപട്ടികയിൽ പേരുള്ള "നരേന്ദ്ര’ എന്ന വ്യക്തിയുടെ വീട്ടുനന്പറിന്റെ സ്ഥാനത്ത് "0’എന്നു രേഖപ്പെടുത്തിയിരിക്കുന്നത് കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ.
എന്നാൽ, നരേന്ദ്ര എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ ഇരുനില വീടും തങ്ങൾ കണ്ടുപിടിച്ചുവെന്നും രാഹുൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വീടിന്റെ ഫോട്ടോ ഉൾപ്പെടെ കാണിച്ചുകൊണ്ടായിരുന്നു രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം ഹരിയാനയിലെ പൽവാൾ ജില്ലയിലെ ബിജെപി ഉപാധ്യക്ഷൻ ഉമേഷ് ഗുധ്രാന തന്റെ വീട്ടിൽ 66 പേരെ താമസിപ്പിക്കുന്നതായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങളും രാഹുൽ പുറത്തുവിട്ടു. കൂടാതെ, ഒരു വീട്ടിൽ 500 വോട്ടർമാരും മറ്റൊരു വീട്ടിൽ 108 വോട്ടർമാരും ഉണ്ടെന്ന കമ്മീഷന്റെ രേഖകളും അദ്ദേഹം വാർത്താസമ്മേളനത്തിൽ കാണിച്ചു.
ഒരു വീട്ടിൽ പത്തിൽ കൂടുതൽ ആളുകൾ താമസിക്കുന്നുണ്ടെങ്കിൽ അവരുടെ വ്യക്തിഗതവിവരങ്ങൾ നേരിട്ടെത്തി പരിശോധിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ ചട്ടമുള്ളപ്പോൾ ഹരിയാനയിൽ ഇതു പാലിച്ചിട്ടില്ലെന്നും രാഹുൽ ആരോപിച്ചു.
സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവരാണ് വീട്ടുനന്പറിന്റെ സ്ഥാനത്ത് "0’ എന്നു രേഖപ്പെടുത്തിയിരിക്കുന്നതെന്നായിരുന്നു വോട്ട് ചോരിയുമായി ബന്ധപ്പെട്ട രാഹുൽഗാന്ധിയുടെ ആദ്യ വാർത്താസമ്മേളനത്തിനു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നൽകിയ വിശദീകരണം.
""രാജ്യത്തെ നിരവധി പൗരന്മാർ ഔദ്യോഗിക നന്പറുകളില്ലാത്ത വീടുകളിലാണു താമസിക്കുന്നത്. രാത്രിയിൽ ആ വ്യക്തി ഉറങ്ങാൻ വരുന്ന സ്ഥലത്താണ് വിലാസം നൽകുന്നത്. ചിലപ്പോൾ റോഡരികിൽ, ചിലപ്പോൾ പാലത്തിനടിയിൽ. പിന്നെ അയാൾ ഒരു വ്യാജ വോട്ടറാണെന്നു പറഞ്ഞാൽ, അത് നമ്മുടെ പാവപ്പെട്ട വോട്ടർമാർക്കും സഹോദരിമാർക്കും സഹോദരന്മാർക്കും മുതിർന്നവർക്കും ഒരു വലിയ തമാശയാണ്’’- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഈ പ്രസ്താവനയാണ് രാഹുൽ പുതിയ വെളിപ്പെടുത്തലിലൂടെ സംശയനിഴലിലാക്കിയത്.
National
ന്യൂഡൽഹി: സ്വന്തം പരാജയം മറച്ചുവയ്ക്കാനും രാജ്യത്തിന്റെ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുമാണ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരണ് റിജിജു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന രാഹുലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ബിജെപി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കിരൺ റിജിജു.
ഇന്ത്യാവിരുദ്ധ സംഘടനകളുമായി ചേർന്നു രാജ്യത്തെ ജനാധിപത്യസംവിധാനത്തെ അപകീർത്തിപ്പെടുത്താനുള്ള രാഹുലിന്റെ കളികൾ വിജയിക്കില്ല. ഹരിയാന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിനെ തോൽപ്പിച്ചത് അവരുടെതന്നെ നേതാക്കളാണ്. തെരഞ്ഞെടുപ്പുകളിൽ ബിജെപിയും തോൽക്കാറുണ്ട്. എന്നാൽ ഇത്തരം തെറ്റായ പ്രചാരണം നടത്താറില്ല. ഫലം എന്തായാലൂം അതു സ്വാഗതം ചെയ്യുമെന്നും റിജിജു പറഞ്ഞു.
എക്സിറ്റ് പോളുകളും അഭിപ്രായസർവേകളും പലപ്പോഴും ശരിയാകാറില്ല. 2004ൽ ബിജെപി ഭരണത്തിൽ വരുമെന്നായിരുന്നു എക്സിറ്റ്പോൾ.
എന്നാൽ, ഫലം മറിച്ചായിരുന്നു. ജനാധിപത്യത്തിൽ വിജയമോ പരാജയമോ ഉണ്ടായാൽ അംഗീകരിക്കണം. കഴിഞ്ഞവർഷം നടന്ന ഹരിയാന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിനു വിജയം ഉറപ്പിച്ചായിരുന്നു എക്സിറ്റ് പോളുകൾ. എന്നാൽ ഫലം മറ്റൊന്നായി. വോട്ടർപട്ടികയിലും തെരഞ്ഞെടുപ്പിലും കൃത്രിമം നടത്തി ബിജെപി അധികാരത്തിലെത്തി എന്നാണു രാഹുലിന്റെ ആരോപണം.
എന്നാൽ, പുതിയ തലമുറയെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണു രാഹുൽ ഇത്തരം ആരോപണങ്ങളിലൂടെ പദ്ധതിയിടുന്നത്. പക്ഷേ ഈ രാജ്യത്തെ യുവജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അണിനിരക്കുന്നവരാണ്. ബിഹാറിൽ വിജയിക്കില്ലെന്ന് ഉറപ്പായതോടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും കിരൺ റിജിജു ആരോപിച്ചു.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വൻ തട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളോട് പറഞ്ഞത് പച്ചക്കള്ളമാണ്. ജനാധിപത്യവ്യവസ്ഥയെ തകർക്കാൻ കമ്മീഷൻ കൂട്ടുനിന്നുവെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അതോടൊപ്പം ഹരിയാന തെരഞ്ഞെടുപ്പിൽ വൻ അട്ടിമറിനടന്നതായും രാഹുൽ പറഞ്ഞു. 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.