ന്യൂഡൽഹി: രാജ്യത്തു ഭരണഘടനാവിരുദ്ധമായി നിയമനിർമാണസഭയോ ഭരണനിർവഹണ സംവിധാനമോ എടുക്കുന്ന ഏതൊരു തീരുമാനത്തെയും ചോദ്യംചെയ്യാൻ ജനാധിപത്യത്തെ താങ്ങിനിർത്തുന്ന മൂന്നാമത്തെ തൂണായ നീതിന്യായ സംവിധാനത്തിനു സാധിക്കും.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വെളിപ്പെടുത്തൽ നടത്തിയപ്പോൾ രാജ്യത്തിന്റെ പരമോന്നത കോടതിയിൽ ഇക്കാര്യം വെല്ലുവിളിക്കപ്പെടുമോ എന്ന ചോദ്യം ഇന്നലെയും ഉയർന്നു. എന്നാൽ, സുപ്രീംകോടതി ഉൾപ്പെടെ എല്ലാവരും തന്റെ വെളിപ്പെടുത്തൽ കാണുന്നുണ്ടെന്നാണ് രാഹുൽ നൽകിയ മറുപടി.
കർണാടകയിലെ മഹാദേവപുര, അലന്ദ് മണ്ഡലങ്ങളിൽ നടത്തിയ വോട്ട് മോഷണമായിരുന്നു "വോട്ട് ചോരി’യുമായി ബന്ധപ്പെട്ടു നടത്തിയ ആദ്യ രണ്ട് വാർത്താസമ്മേളനത്തിലും രാഹുൽ ഉന്നയിച്ചത്. ഇതടക്കം രാജ്യത്തെ ഭരണഘടനാകോടതി നിരീക്ഷിക്കുന്നുണ്ട്. മറഞ്ഞുനിന്നുകൊണ്ടല്ല താൻ ഈ വെളിപ്പെടുത്തലുകൾ നടത്തുന്നത്. രാജ്യത്തെ മാധ്യമങ്ങൾക്കു മുന്നിലാണ്. ആർക്കു വേണമെങ്കിലും ഇതു കാണാം. സ്വന്തം രേഖയല്ല, തെരഞ്ഞെടുപ്പ് കമ്മീഷന്റെതന്നെ രേഖകൾ കൊണ്ടാണ് താൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയതെന്നും രാഹുൽ പറഞ്ഞു. തീരുമാനമെടുക്കേണ്ടതു ഭരണഘടന കോടതികളാണെന്ന പരോക്ഷ സന്ദേശവും രാഹുലിന്റെ പ്രസ്താവനയിലുണ്ട്.
"ലുക്ക് അറ്റ് ദാറ്റ് സർദാർജി’
വോട്ട് ചോരിയുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയ വാർത്താസമ്മേളനത്തിലെ പല പ്രസ്താവനകളും തെറ്റാണെന്നു തെളിയിക്കുന്നതാണ് കൂടെയുള്ള സഹപ്രവർത്തകന്റെ മുഖഭാവമെന്നു രാഹുൽ ഗാന്ധി. ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ ഗ്യാനേഷ് കുമാറിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ജോഷി, സുഖ്ബീർ സിംഗ് സന്ധു എന്നിവരുടെ വീഡിയോ ദൃശ്യം പങ്കുവയ്ക്കുന്പോഴാണ് സന്ധുവിന്റെ മുഖഭാവം ചൂണ്ടിക്കാട്ടി "ലുക്ക് അറ്റ് ദാറ്റ് സർദാർജി’ എന്ന് രാഹുൽ തമാശ രൂപേണ പറഞ്ഞത്. അദ്ദേഹത്തിന്റെ മുഖഭാവത്തിൽനിന്നുതന്നെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കള്ളം പറയുകയാണെന്നു മനസിലാക്കാമെന്ന് രാഹുൽ പറഞ്ഞു. വോട്ടർപട്ടികയിൽ വീടില്ലാത്ത ആളുകൾ ഉണ്ടെന്ന് വിശദീകരിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം.
ജനാധിപത്യം പുനഃസ്ഥാപിക്കണം
""സത്യത്തിന്റെയും അഹിംസയുടെയും പിൻബലത്തോടെ രാജ്യത്തെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഇന്ത്യയിലെ "ജൻ സി’കൾക്കും യുവാക്കൾക്കും ശക്തിയുണ്ട്’’ -ഹരിയാന വോട്ടർപട്ടികയിൽ ക്രമക്കേടുകൾ വിവരിക്കുന്ന പത്രസമ്മേളനം അവസാനിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ യുവാക്കളുടെ ഭാവി മോഷ്ടിക്കപ്പെടുകയാണ്. അതിനാൽ ജനാധിപത്യവിരുദ്ധമായ ഈ നടപടികളെ ഗൗരവമായി കാണണം. ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷകരായി യുവവോട്ടർമാരെ കാണാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. എന്നാൽ, യുവ വോട്ടർമാർക്കിടയിൽ അസ്വസ്ഥത ജനിപ്പിക്കാനുള്ള ശ്രമമാണു രാഹുൽ നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
വെളിപ്പെടുത്തലിൽ ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയും
ന്യൂഡൽഹി: ബിജെപിയുടെ കേരള ഘടകം സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയും രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള ബിജെപി നേതാക്കളടക്കം വോട്ട് ചെയ്യുന്നുവെന്ന രാഹുലിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഓഗസ്റ്റ് 22ന് ഗോപാലകൃഷ്ണൻ മാധ്യമങ്ങൾക്കു മുന്നിൽ സംസാരിച്ച വീഡിയോ രാഹുൽ പ്രദർശിപ്പിച്ചത്. ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ചു വോട്ട് ചെയ്യിക്കുമെന്നായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്.
""ജയിക്കാൻ വേണ്ടി ഞങ്ങൾ വ്യാപകമായി വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ജമ്മുകാഷ്മീരിൽനിന്ന് ആൾക്കാരെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും''-എന്നിങ്ങനെയായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന.
തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം കള്ളവോട്ടിലൂടെയാണെന്നും മണ്ഡലത്തിനു പുറത്തുനിന്നുള്ളവർ വ്യാജ മേൽവിലാസത്തിൽ വോട്ട് ചെയ്തുവെന്നും ആരോപണം ഉയർന്നതിനു പിന്നാലെയായിരുന്നു പ്രതികരണം. എന്നാൽ മലയാള മാധ്യമങ്ങൾക്കു നൽകിയ ഗോപാലകൃഷ്ണന്റെ പ്രതികരണം വ്യാജമാണെന്നാണ് കേന്ദ്രമന്ത്രി കിരണ് റിജിജു പറഞ്ഞത്.
Tags : Rahul Gandhi's revelation Constitutional Court Vote chori Bjp Congress