ന്യൂഡൽഹി: ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകളിലൂടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം അട്ടിമറിച്ചതായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ എട്ടിൽ ഒരു വോട്ടർ വ്യാജനാണെന്നും ആകെയുള്ള രണ്ടു കോടി വോട്ടർമാരുടെ 12.5 ശതമാനമാണു മോഷ്ടിക്കപ്പെട്ട 25,41,444 വോട്ടുകളെന്നും തെളിവുകൾ സഹിതം നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ചൂണ്ടിക്കാട്ടി.
ബ്രസീലിലെ മോഡലായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് 22 കള്ളവോട്ടുകൾ സൃഷ്ടിച്ചതു മുതൽ രണ്ടു ബൂത്തുകളിലായി ഒരു സ്ത്രീയുടെ ഫോട്ടോ പല പേരുകളിലും വിലാസങ്ങളിലുമായി 223 തവണ പ്രത്യക്ഷപ്പെട്ടുവെന്നും വോട്ടർപട്ടിക കാണിച്ച് രാഹുൽ വെളിപ്പെടുത്തി. ബ്രസീലിയൻ യുവതിയുടെ ഫോട്ടോ "സ്വീറ്റി, സീമ, സരസ്വതി' തുടങ്ങി പല പേരുകളിൽ 22 തവണ വോട്ടർപട്ടികയിൽ കാണാം. ഒരു വീട്ടിൽ പത്തിൽ കൂടുതൽ വോട്ടുകളുണ്ടെങ്കിൽ നേരിട്ടു ചെന്ന് പരിശോധിക്കണമെന്നു വ്യവസ്ഥയുള്ളപ്പോഴാണിത്.
ഒരേ ഫോട്ടോയുള്ള വോട്ടർ ഹരിയാനയിലെ പത്തു വ്യത്യസ്ത ബൂത്തുകളിൽ വോട്ട് ചെയ്യുന്നു. അവർക്ക് ഒന്നിലധികം പേരുകളുണ്ട്. ഇതിനർഥം ഇതൊരു കേന്ദ്രീകൃത പ്രവർത്തനമാണ്. ഈ വ്യാജവോട്ടുകൾ ആരു ചെയ്തുവെന്ന് കണ്ടെത്താതിരിക്കാനാണു പോളിംഗ് ബൂത്തുകളിലെ സിസിടിവി തെളിവുകൾ തെരഞ്ഞെടുപ്പു കമ്മീഷൻ നശിപ്പിച്ചത്. യുപിയിൽ വോട്ടുള്ള ബിജെപി നേതാവിന്റെയും മകന്റെയും വോട്ടുകൾ പല വിലാസങ്ങളിൽ ഹരിയാനയിലെ വോട്ടർപട്ടികയിലുണ്ട്- എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വീഡിയോ പ്രസന്റേഷനോടു കൂടിയ നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ആരോപിച്ചു.
അഞ്ചു ലക്ഷത്തിലധികം (5,21,619) വ്യാജവോട്ടുകളുണ്ടായിരുന്നു. 19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ നടന്നു. 93,174 തെറ്റായ വിലാസങ്ങളുണ്ട്. വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് 1,24,177 വോട്ടർമാർ പട്ടികയിൽ ചേർത്തു. വ്യാജ വോട്ടർമാരെയും ഇരട്ടിപ്പുകളും വേഗത്തിൽ ഒരു കംപ്യൂട്ടർ ആപ്ലിക്കേഷനിലൂടെ കണ്ടെത്തി നീക്കാമായിരുന്നു. ബിജെപിക്കുവേണ്ടിയാണ് അതു ചെയ്യാതിരുന്നത്. കമ്മീഷന്റെ വോട്ടർപട്ടികയിൽനിന്നു തന്റെ ഗവേഷണസംഘം കണ്ടെത്തിയതാണു തെളിവുകൾ. തെളിവില്ലാത്ത കാര്യങ്ങൾ താൻ പറയുന്നില്ല. നൂറു ശതമാനം സത്യമാണു പറയുന്നതെന്നും രാഹുൽ തറപ്പിച്ചുപറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വ്യക്തമായ ഒത്താശയോടെയാണ് ബിജെപി വോട്ടുതട്ടിപ്പ് നടത്തിയത്. കേന്ദ്രീകൃതവും ആസൂത്രിതവുമായാണു വോട്ടുകൊള്ള നടത്തിയത്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ അവകാശവാദങ്ങൾ കള്ളമാണെന്നു തെളിയിക്കുന്നതാണ് തെളിവുകൾ. വീടില്ലാത്തവർക്കാണു വിലാസത്തിൽ വീട്ടുനന്പർ "പൂജ്യം' എന്നു രേഖപ്പെടുത്തിയത് എന്ന കമ്മീഷന്റെ വാദം തെറ്റാണെന്നു ഹരിയാനയിലെ ഇത്തരത്തിലൊരു വോട്ടറുടെ കോണ്ക്രീറ്റ് വീടിന്റെ ഫോട്ടോ സഹിതം രാഹുൽ വിശദീകരിച്ചു. ഒരു സംസ്ഥാനത്തെ ജനവിധിയെ അട്ടിമറിച്ച വോട്ടുതട്ടിപ്പായതിനാലാണ് എച്ച് ഫയൽസ് എന്ന പേരിലുള്ള ഹൈഡ്രജൻ ബോംബ് രാഹുൽ അവതരിപ്പിച്ചതെന്ന് എഐസിസി വ്യക്തമാക്കി.
ഹരിയാനയിൽ കോണ്ഗ്രസ് വിജയിക്കുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.എന്നാൽ, ജനവിധി അട്ടിമറിക്കപ്പെട്ടു. വോട്ടർപട്ടികയിലടക്കം കൃത്രിമം നടത്തിയാണു ബിജെപി ഭരണത്തിലെത്തിയത്. എക്സിറ്റ് പോളുകൾ എന്തു പറഞ്ഞാലും ബിജെപി അധികാരത്തിലെത്താൻ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി സാഹിബ് സിംഗ് സെയ്നി വോട്ടെണ്ണലിനു മുന്പ് മാധ്യമങ്ങളോടു പറയുന്ന വീഡിയോ രാഹുൽ പ്രദർശിപ്പിച്ചു.
നിയമവിരുദ്ധ സർക്കാരാണു ഹരിയാനയിലേത്. കർണാടകയിലെ രണ്ടു മണ്ഡലങ്ങളിൽ നടത്തിയ വോട്ടുകൊള്ളയുടെ കൂടുതൽ സംഘടിതമായ തട്ടിപ്പാണിത്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ എന്തുകൊണ്ട് കണ്ടെത്തിയില്ലെന്നു ചോദിക്കാം. വോട്ടർപട്ടിക അവസാനനിമിഷം മാത്രം തരുന്നതിനാലാണിത്. - രാഹുൽ പറഞ്ഞു.
എട്ടു മണ്ഡലങ്ങളിൽ തോറ്റത് 22,779 വോട്ടുകൾക്ക്
ന്യൂഡൽഹി: എട്ടു മണ്ഡലങ്ങളിൽ കോണ്ഗ്രസ് വളരെ ചെറിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. അതിലൊരു മണ്ഡലത്തിൽ വെറും 32 വോട്ടുകൾക്കായിരുന്നു തോൽവി. എട്ടു മണ്ഡലങ്ങളിൽ മൊത്തം 22,779 വോട്ടുകൾക്കാണു കോണ്ഗ്രസ് തോറ്റത്. ഭരണം മാറ്റാൻ ഇതു മതിയായി.-രാ ഹുൽ പറഞ്ഞു.
കോണ്ഗ്രസിന്റെ ജയം അട്ടിമറിക്കാൻ പദ്ധതി തയാറാക്കി. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തെയും (എസ്ഐആർ) ഇതിനായി ദുരുപയോഗിക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷൻ നേരിട്ട് ഉത്തരവാദിയാണ്. ഇന്ത്യൻ ജനാധിപത്യത്തെ ഇവർ തകർത്തു.
പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും പങ്കാളിത്തത്തിലാണു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ സംവിധാനം (വോട്ട് കൊള്ള) വ്യാവസായികവത്കരിക്കപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് ബിഹാറിലും സംഭവിക്കുന്നത്. ബിഹാറിൽ അവരിതു ചെയ്യുമെന്ന് ഉറപ്പുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തശേഷം വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്ത ബിഹാറിലെ ജാമുയി ജില്ലയിൽനിന്നുള്ള വോട്ടർമാരെയും രാഹുൽ വേദിയിലെത്തിച്ചു.
അടിസ്ഥാനരഹിതം: തെരഞ്ഞെടുപ്പു കമ്മീഷൻ
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ അടിസ്ഥാനരഹിതമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയ്ക്കെതിരേ ഒരു പരാതിപോലും ഇതുവരെ ലഭിച്ചിട്ടില്ല. ഒരു ബൂത്തിലും ഒരാൾ ഒന്നിലധികം വോട്ടുകൾ ചെയ്തിട്ടില്ലെന്നും രാഹുലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
ഒരാൾ ഒന്നിലധികം വോട്ടുകൾ രേഖപ്പെടുത്തിയതായി രാഹുൽ അവകാശപ്പെടുന്നു. എന്നാൽ കോണ്ഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റുമാർ ഇതിനെതിരേ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും കമ്മീഷൻ ഉദ്യോഗസ്ഥർ അനൗദ്യോഗികമായി ചോദിക്കുന്നു. ഏതെങ്കിലും വോട്ടർമാരുടെ കാര്യത്തിൽ സംശയം തോന്നിയാൽ ബൂത്ത് ലെവൽ ഏജന്റുമാർക്ക് എതിർപ്പ് ഉന്നയിക്കാമായിരുന്നില്ലേയെന്നുമാണ് കമ്മീഷൻ ചോദിക്കുന്നത്.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 23 ഹർജികളാണു പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലുള്ളത്. അതിൽ ഒരെണ്ണം പിൻവലിച്ചു. നിലവിൽ 22 ഹർജികൾ ഹൈക്കോടതിക്കു മുന്നിലുണ്ട്. ഇതിൽ രാഹുൽ ഉന്നയിച്ച രണ്ടു മണ്ഡലങ്ങളും ഇതിലുൾപ്പെടുന്നു. ഈ സാഹചര്യത്തിൽ ആ മണ്ഡലത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ എല്ലാ ആരോപണങ്ങളും കോടതിയിൽ ഉന്നയിക്കാമെന്നും കമ്മീഷൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.
Tags : Vote chori Rahul Gandhi Haryana's election fake vote Bjp Congress