കുവൈറ്റ് സിറ്റി: എൻഎസ്എസ് കുവൈറ്റ് ഏർപ്പെടുത്തിയ പ്രഥമ ഭാരതകേസരി മന്നം പുരസ്കാരം ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം.എ. യൂസഫലിക്ക് സമ്മാനിച്ചു. 147ാമത് മന്നം ജയന്തിയോട് അനുബന്ധിച്ച് എൻഎസ്എസ് കുവൈറ്റ് പാംസ് ബീച്ച് ഹോട്ടൽ ബോൾ റൂമിൽ സംഘടിപ്പിച്ച വിപുലമായ സാംസ്കാരിക സമ്മേളനത്തിലാണ് പുരസ്കാര ദാനം നടന്നത്.
മാതൃഭാഷയും മാതാപിതാക്കളെ ബഹുമാനിക്കുന്ന ശീലവും സംസ്കാരമാക്കി പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുകയാണ് നമുക്ക് നല്കാനാവുന്ന ഏറ്റവും വലിയ സംഭാവനയെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് യൂസഫലി പറഞ്ഞു.
മുഖ്യാതിഥിയായെത്തിയ റിട്ടയേർഡ് ചീഫ് സെക്രട്ടറി ജിജി തോംസൺ ഐഎഎസ് ആണ് പുരസ്കാരം സമ്മാനിച്ചത്.
പാഠ്യവിഷയങ്ങൾക്കൊപ്പം പൊതുവിജ്ഞാനം കൂടി ആർജിക്കാനും വ്യക്തിത്വ വികസനം സാധ്യമാക്കാനും കഴിയുംവിധം നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ പൊളിച്ചെഴുതണമെന്നും അല്ലാത്ത പക്ഷം യുവാക്കളുടെ യൂറോപ്പിലേക്കുള്ള കുടിയേറ്റം തുടരുമെന്നും അദ്ദേഹം തന്റെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
എൻഎസ്എസ് കുവൈറ്റ് പ്രസിഡന്റ് അനീഷ് പി. നായർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി എൻ. കാർത്തിക് നാരായണൻ സ്വാഗതം പരഞ്ഞു.
എൻഎസ്എസ് കുവൈറ്റ് നടപ്പാക്കി വരുന്ന ഉന്നത വിദ്യാഭ്യാസ സഹായ പദ്ധതി, വിവിധ കാരുണ്യ പദ്ധതികൾ എന്നിവയ്ക്ക് പുറമെ നിർധനർക്ക് നിർമിച്ച് നൽകുന്ന സ്നേഹ വീട് പദ്ധതിയുടെ വിളംബരം സമ്മേളനത്തോട് അനുബന്ധിച്ച് നടന്നു.
ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി പത്ത് വീടുകളാണ് നിർമിച്ച് നൽകുക. പദ്ധതിയിലേക്ക് എം.എ. യുസഫലി തന്റെ വകയായി അഞ്ചു വീടുകൾ കൂടി വാഗ്ദാനം ചെയ്യുകയുണ്ടായി.
ബിസിനസ് മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുകയും അനേകം പേർക്ക് തൊഴിൽ നൽകുകയും ചെയുന്ന സംരംഭകരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
കെ.ജി. എബ്രഹാം(എൻബിടിസി), വി. പി. മുഹമ്മദ് അലി(മെഡക്സ്), സുനിൽ പറക്കപ്പാടത്ത് (റോയൽ സീ ഗൾ), എസ്. ഡി. ബിനു (യുണിടെക് ഇന്റർനാഷണൽ) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
എൻഎസ്എസ് കുവൈറ്റ് രക്ഷാധികാരി കെ.പി. വിജയ കുമാർ, വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത്, വെൽഫെയർ കമ്മിറ്റി കൺവീനർ പി.എസ്. അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജോയിന്റ് സെക്രട്ടറി ഹരി വി. പിള്ളയുടെ നേതൃത്വത്തിൽ തയാറാക്കിയ മന്നം ജയന്തി സ്മരണിക പ്രകാശനം ചെയ്തു.
12ാം ക്ലാസ് വിദ്യാർഥികൾക്കുള്ള എകസലൻസ് അവാർഡുകളിൽ രാഹുൽ രതീഷ് കുമാർ, ആദ്ര അനിൽ ഭാസ്കർ, ഗായത്രി അജിത് എന്നിവർ സ്വർണമെഡലുകളും ഭദ്ര പി. നായർ, ആര്യ എസ്. പിള്ള , ശ്രേയ നാരായൺ പിള്ള, നന്ദിത ഗിരീഷ്, ഋതിക രാജ് കൊമ്പൻ തൊടിയിൽ, കീർത്തന ഗിരീഷ്, ഗൗതം ഗിരീഷ് നായർ, റോഷിനി റീമാകുമാർ നായർ എന്നിവർ മെമെന്റോകളും കരസ്ഥമാക്കി.
പത്താം ക്ലാസ് വിദ്യാർഥികൾക്കുള്ള അവാർഡുകളിൽ ദേവിക കൃഷ്ണകുമാർ സ്വർണമെഡലും മീനാക്ഷി നമ്പ്യാർ കൂകൽ, അർജുൻ പദ്മകുമാർ , തീർഥ മനോജ് കുമാർ, ശ്രേയ സുബിൻ നായർ, സൂര്യജിത് നായർ, അമൃത സജി നായർ, ആദിത്യ സഞ്ജു രാജ്, നവമി അജിത് എന്നിവർ മെമെന്റോകളും കരസ്ഥമാക്കി.
ശ്യാം ജി. നായർ കൃതജ്ഞത രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് മധു വെട്ടിയാർ, പ്രബീഷ് എം.പി, സനൽ കുമാർ, നിശാന്ത് എസ്. മേനോൻ, സുജിത് സുരേശൻ, ശ്യംജിത് പിള്ള എന്നി ഭാരവാഹികളും വർഷ ശ്യംജിത് അടക്കമുള്ള വനിതാ സമാജം പ്രവർത്തകരും പരിപാടി ഏകോപിപ്പിച്ചു.
ഓമനക്കുട്ടൻ നൂറനാട്, ബൈജു പിള്ള തുടങ്ങിയ അഡ്വൈസറി ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.
|