Letters
മുഖ്യമന്ത്രി അറിയാൻ മൂന്നു കാര്യങ്ങൾകൂടി
Saturday, October 22, 2016 10:54 AM IST
പിണറായി അറിയാൻ രണ്ടു കാര്യങ്ങൾ എന്ന തലക്കെട്ടിൽ സിറിയക് തുണ്ടിയിൽ ദീപികയിൽ എഴുതിയ ലേഖനത്തെ അനുകൂലിച്ചുകൊണ്ടും അഭിനന്ദിച്ചുകൊണ്ടും പ്രസക്‌തമായ മൂന്നു കാര്യങ്ങൾകൂടി കൂട്ടിച്ചേർക്കുകയാണ്. കോൺഗ്രസ് ഗ്രൂപ്പിസത്തിൽ മനംമടുത്ത ജനം പരമ്പരാഗത ശൈലിയിൽനിന്നു മാറി ഇടതുപക്ഷത്തിനു വോട്ടു നൽകി ജയിപ്പിച്ചു എന്ന സത്യം ഗ്രൂപ്പു കളിക്കുന്നവരൊഴികെ മറ്റെല്ലാവർക്കും മനസിലായിട്ടുണ്ട്. മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കാനും എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയത്തിൽ ഇടംപിടിക്കാനും മൂന്നു കാര്യങ്ങളിൽക്കൂടി മുഖ്യമന്ത്രി ശ്രദ്ധിക്കണം.

ഒന്നാമതായി നീതിയുക്‌തമായ ഒരു പുതിയ തൊഴിൽ സംസ്കാരം രൂപപ്പെടുത്തണം. കാലാനുസൃതമായി തൊഴിലാളിക്കു വേതനവർധന ഉണ്ടാകുന്നതിൽ ആർക്കും എതിർപ്പുണ്ടാകില്ല. എന്നാൽ, അതു തൊഴിൽദാതാവിന്, കൃഷിയായാലും വ്യവസായമായാലും, താങ്ങാനാവുന്നതാവണം. ഉത്പാദനവും വേതനവുമായി യുക്‌തിസഹമായ ബന്ധമുണ്ടാവണം. അല്ലെങ്കിൽ പ്രസ്‌ഥാനങ്ങൾ അകാലചരമമടയും. അതാണിപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

രണ്ടാമതായി തൊഴിലാളിയെ ആത്മാഭിമാനമുള്ളവനും പൗരബോധമുള്ളവനുമായി വളർത്തിയെടുക്കണം. കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ വായിച്ചറിയാൻ കെല്പുള്ളവനാക്കണം. ഭരണത്തിൽ തൊഴിലാളികളും പങ്കാളികളാകണം. ഇന്ത്യക്കാകെ മാതൃകയാകത്തക്കവിധം ഉത്തരവാദിത്വമുള്ള ട്രേഡ് യൂണിയനുകൾ നിലവിൽവരണം. കേരളത്തിൽ 50 വയസു കഴിഞ്ഞ ആരോഗ്യമുള്ള തൊഴിലാളികളെ കണ്ടെത്താൻ വിഷമമാണ്. അവരുടെ അനാരോഗ്യത്തിനും ശോചനീയാവസ്‌ഥയ്ക്കും മുഖ്യകാരണം മദ്യവും കഞ്ചാവുമാണ്. തൊഴിലാളികളെ മുഖ്യധാരയിൽ ഉൾച്ചേർക്കണമെങ്കിൽ ഈ മേഖലയിൽ ഫലപ്രദമായ നിയന്ത്രണങ്ങളോടൊപ്പം ബോധവത്കരണവും ഉണ്ടാവണം. മദ്യത്തിന്റെ, കഞ്ചാവിന്റെ ലഭ്യത കുറയ്ക്കാതെ നിയന്ത്രണം അസാധ്യമാണ്.

മൂന്നാമതായി 30 ലക്ഷത്തോളം വരുന്ന അന്യസംസ്‌ഥാന തൊഴിലാളികളെ ശരിയായ രീതിയിൽ വിനിയോഗിച്ചാൽ, മിനിമം ജീവിത സൗകര്യങ്ങൾ ഉറപ്പു നൽകി, വിവിധ മേഖലകളിൽ പരിശീലിപ്പിച്ചെടുത്താൽ, കേരള സമൂഹത്തിനാകമാനം അതൊരനുഗ്രഹമായിരിക്കും. കേരളത്തിൽ കൃഷി നശിക്കാതിരിക്കുകയും നിർമാണപ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുകയും ചെയ്യും.

പി.എസ്. ജോസ്, അതിരമ്പുഴ