Letters
അടുത്ത ഇരയേയും കാത്ത് നിരത്തുകൾ
Wednesday, December 7, 2016 2:46 PM IST
കരയാനോ പിടയാനോ പോലുമാവാതെ പച്ചമാംസവും എല്ലുകളും തകർന്ന,് കാലും കൈയും ഒടിഞ്ഞ് തലച്ചോറും ചിന്നിച്ചിതറി എത്രയോ വിലപ്പെട്ട മനുഷ്യജീവനാണു നമ്മുടെ നിരത്തുകളിൽ മിക്കവാറും പൊലിയുന്നത്. അപകടങ്ങൾമൂലം മക്കൾ നഷ്‌ടപ്പെടുന്ന മാതാപിതാക്കൾ, ഭർത്താവും സഹോദരനും നഷ്‌ടപ്പെടുന്ന യുവതികൾ, അനാഥമാകുന്ന കുട്ടികൾ. ഗുരുതര പരിക്കേറ്റ് വിദഗ്ധ ചികിത്സ ലഭിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കദനകഥകൾ വേറെയും.

സംസ്‌ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റിയുടെയും ചുമതല വഹിക്കുന്നത് ഒരു ഐപിഎസ് ഉദ്യോഗസ്‌ഥനാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഈ പദവിയിൽ ഇരുന്നവർ പല തവണ മാറി. പുതിയ കമ്മീഷണർ സെപ്റ്റംബറിൽ ചുമതല ഏൽക്കുകയുണ്ടായി. ഇതു സർക്കാരിന്റെ നയപരമായ കാര്യമാണെങ്കിലും സംസ്‌ഥാനത്ത് അപകടരഹിതമായ ഗതാഗതത്തിനു ബൗദ്ധികവും സൃഷ്‌ടിപരവുമായ ഒട്ടനവധി കാര്യങ്ങൾ ചെയ്യാവുന്ന ഒരു പദവിയാണ് റോഡ് സേഫ്റ്റി കമ്മീഷണറുടേത് എന്നതു മറക്കരുത്. ഈ പദവിയിൽ കുറഞ്ഞതു മൂന്നു വർഷം ഒരു ഉദ്യോഗസ്‌ഥൻ ചുമതലനോക്കി വളരെ കർശനമായ നടപടികൾ എടുത്താൽ വാഹനാപകടങ്ങളുടെ ഗ്രാഫ് താഴും. വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിച്ചാൽ 90 ശതമാനം അപകടങ്ങളും ഒഴിവാക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു. പക്ഷേ, അധികൃതരുടെ നടപടികൾകൊണ്ടുമാത്രം നിയന്ത്രിക്കാൻ കഴിയുമെന്നു കരുതുന്നില്ല. 2000 മുതൽ 2014വരെ 5,69,403 റോഡപകടങ്ങളാണ് സംസ്‌ഥാനത്ത് ഉണ്ടായത്. കേരളത്തിൽ പ്രതിവർഷം 37,000 ത്തിനുമുകളിൽ ദുരന്തങ്ങൾ നിരത്തുകളിൽ സംഭവിക്കുന്നു. ഇതിൽ മരിക്കുന്നത് നാലായിരത്തോളം പേർ, 40,000 നു മുകളിൽ ആൾക്കാർക്കു പരിക്കേൽക്കുന്നു. പൊതുസമൂഹത്തിൽ ഏറെപ്പേരും റോഡ് സാക്ഷരത ഗൗരവത്തിലെടുക്കുന്നില്ല. ബൈക്കുകളുടെ അമിതവേഗം ആപത്ത് ക്ഷണിച്ചുവരുത്തുന്നു. ഇരുചക്ര വാഹനങ്ങളെ വലിയവാഹനങ്ങൾ ഇടിച്ചുള്ള ദുരന്തങ്ങളും പതിവായി നടക്കുന്നുണ്ട്. ഈ അപകടങ്ങളൊക്കെ അധികൃതരുടെ കർശന നടപടികൾകൊണ്ട് അവസാനിപ്പിക്കാൻ കഴിയും. ജനസാന്ദ്രത പോലെ വാഹനസാന്ദ്രതയിലും കേരളം മുന്നിലാണ്.

സംസ്‌ഥാനത്ത് ആറു പേർക്ക് ഒരു വാഹനം എന്ന സ്‌ഥിതിയുമായി. നമ്മൾ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നു. റോഡുകളുടെ സ്‌ഥിതിയെക്കുറിച്ച് വേണ്ടത്ര ചിന്തയും നടപടികളും ഉണ്ടാകുന്നുമില്ല. 1970ൽ 96,000 വാഹനങ്ങളാണ് കേരളത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഒരു കോടി വാഹനങ്ങളാണ് റോഡുകളിൽ ഉള്ളത്. ഇതര സംസ്‌ഥാനങ്ങളിൽനിന്ന് ഇവിടെയെത്തുന്ന ചരക്ക് ലോറികളും കണക്കിലെടുക്കുമ്പോൾ എണ്ണം പിന്നെയും കൂടുന്നു. വാഹനങ്ങൾ വാങ്ങാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെങ്കിലും ഇവയുടെ വിവേകപൂർവമായ ഉപയോഗവും ചില കർശന നിയന്ത്രണവും ക്രമീകരണവും അപകടങ്ങൾ കുറയാൻ അനിവാര്യമാണ്.

ബി. സുജാതൻ ആലപ്പുഴ