Letters
താങ്ങാനാവാത്ത വിലക്കയറ്റം
Thursday, December 8, 2016 4:51 PM IST
ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം താങ്ങാനാവുന്നില്ല. മാവേലിസ്റ്റോറുകൾ, നന്മ സ്റ്റോറുകൾ തുടങ്ങിയവ എല്ലാം അടച്ചുപൂട്ടി. രോഗികൾക്കാശ്വാസമായി നീതി മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിച്ചിരുന്നതും നിലച്ചു. ചികിത്സാ സഹായങ്ങൾ ഒന്നും ലഭ്യമല്ല.

കേരളത്തിലെ പൊതുവിതരണ സന്പ്രദായം നിശ്ചലമായി. റേഷൻ കടകൾ തുറക്കാറില്ല. അരി, ഗോതന്പ്, പഞ്ചസാര, മണ്ണെണ്ണ ഇവയൊന്നും റേഷൻ കടകളിൽ ഇല്ല. രണ്ടു രൂപ വിലവച്ച് 25 കിലോ അരി റേഷൻ കടകളിൽനിന്നും ലഭിച്ചിരുന്നതു സാധാരണക്കാരേ സംബന്ധിച്ച് വലിയ അനുഗ്രഹമായിരുന്നു. രാജ്യത്തു ഭക്ഷ്യസുരക്ഷാനിയമം വന്നപ്പോൾ എല്ലാം താറുമാറായി. ഒരു കിലോ അരി വേണമെങ്കിൽ 45 രൂപ നൽകണം. ഒരു മാസത്തിനുള്ളിൽ 50 രൂപയാകും. ഉപ്പു തൊട്ട് എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില അഞ്ചിരട്ടിയായി വർധിച്ചു. വിലക്കയറ്റം പിടിച്ചുനിർത്താൻ ഭരണാധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഭരണാധികാരികൾ രാഷ്ട്രീയവൈരാഗ്യം തീർക്കാൻ പാവങ്ങളെ കരുവാക്കുന്നു.

കേരളത്തിലെ ഹോട്ടലുകളും റസ്റ്ററൻറുകളും ഭക്ഷണ വിലയും വർധിപ്പിച്ചു. വിലവിവരം പ്രദർശിപ്പിക്കണമെന്ന വ്യവസ്‌ഥ ആരും പാലിക്കാറില്ല. ടൂറിസ്റ്റുകേന്ദ്രമായ മൂന്നാറിലെ ഹോട്ടലുകൾ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്‌ഥിതി ഇതുതന്നെ. കുറ്റം ചെയ്യുന്നവർ പിടിക്കപ്പെട്ടാലും അവരെല്ലാം രക്ഷപ്പെടുന്നു. നീതിയും ന്യായവും നിയമവും ചിലർക്കുമാത്രം. പാവപ്പെട്ടവൻറെ ശബ്ദത്തിനും അവൻറെ രോദനങ്ങൾക്കും വിലയില്ല. അതു കേൾക്കാനും ആരുമില്ല. വിലക്കയറ്റത്തിനു ശാശ്വത പരിഹാരം ഉണ്ടാകണം.

അഗസ്റ്റിൻ കുറുമണ്ണ് കുഴിത്തൊളു, ഇടുക്കി