ഹെല്‍മറ്റ് വേട്ട മുന്‍കൂട്ടി അറിയിച്ച സ്ഥലത്തു മാത്രം മതിയെന്നു ഡിജിപി
ഹെല്‍മറ്റ് വേട്ട മുന്‍കൂട്ടി അറിയിച്ച സ്ഥലത്തു മാത്രം മതിയെന്നു ഡിജിപി
Friday, March 30, 2012 10:19 AM IST
തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരെ കണ്െടത്താന്‍ മുന്‍കൂട്ടി അറിയിച്ച് നിശ്ചിത സ്ഥലത്തു മാത്രമേ പരിശോധന നടത്താന്‍ പാടുള്ളുവെന്നു സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. ആദ്യഘട്ടത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ വിവരിച്ചു കൊണ്ടു ബോധവത്കരണം നടത്തണം. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ അപകടകരമായ തരത്തില്‍ ബൈക്കിനെ പിന്തുടര്‍ന്നു പിടികൂടരുത്.

വാഹന പരിശോധനയ്ക്കായി ഒരു സമയം ഒരു വാഹനം മാത്രമേ തടഞ്ഞിടാന്‍ പാടുള്ളു. ഗതാഗതക്കുരുക്കോ ക്യൂവോ ഉണ്ടാകുന്ന തരത്തില്‍ വാഹനം തടഞ്ഞു പരിശോധന പാടില്ല. ഉദ്യോഗസ്ഥര്‍ വാഹനത്തിന് അടുത്തെത്തി പരിശോധന നടത്തണം. വാഹനപരിശോധനയുടെ പേരില്‍ ഡ്രൈവര്‍മാരെയല്ലാതെ മറ്റു യാത്രക്കാരെ മറ്റൊരു വിധത്തിലും ദ്രോഹിക്കാന്‍ പാടില്ല.


ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന കൂടുതല്‍ വ്യാപിപ്പിക്കണം. ഡിജിറ്റല്‍ കാമറ, സര്‍വലൈന്‍സ് കാമറ, ആല്‍ക്കോമീറ്റേഴ്സ്, സ്പീഡ് റഡാര്‍ എന്നിവ ഉപയോഗിച്ചു ട്രാഫിക് ലംഘനം നടത്തുന്നവരെ കണ്െടത്തി തെളിവു സഹിതം കുറ്റപത്രം അയച്ചുനല്‍കണം. പെറ്റിത്തുക ബാങ്കില്‍ അടയ്ക്കാന്‍ കഴിയുന്ന ഇ- ചെലാന്‍ പദ്ധതി സംസ്ഥാനത്തു വ്യാപിപ്പിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഫുട്പാത്തുകളിലെ കൈയേറ്റം ഒഴിപ്പിക്കണം. ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവര്‍ക്കെതിരേ നടപടി എടുക്കണം. മെറ്റലും മണലും പൈപ്പുകളും കൂട്ടിയിടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എല്ലാ പോലീസ് സ്റേഷനുകള്‍ക്കും അയച്ചുകൊടുത്ത സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.