ആര്യാടന്‍ കോണ്‍ഗ്രസിന്റെ നിധി: തിരുവഞ്ചൂര്‍
തൃശൂര്‍: കോണ്‍ഗ്രസിന്റെ നിധി എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന വ്യക്തിയാണു മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആര്യാടന്‍ എത്രയോ വലിയ ആളാണ്. പാര്‍ട്ടിയുടെ അത്യുന്നതങ്ങളില്‍ ഇരുന്ന വ്യക്തിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ അദ്ദേഹം അനുസരിക്കുമോയെന്ന ചോദ്യത്തിന് അര്‍ഥമില്ല. പാര്‍ട്ടി പറഞ്ഞാല്‍ അദ്ദേഹം നന്നായി കേള്‍ക്കും. പാര്‍ട്ടി പറഞ്ഞാല്‍ ആര്യാടന്‍ മിണ്ടാതിരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു തൃശൂര്‍ പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആഭ്യന്തരമന്ത്രിയായി സ്ഥാന മേറ്റശേഷം ആദ്യമായി ചര്‍ച്ചചെയ്തതു പ്രായമായവരുടെ സംരക്ഷണം ഏറ്റെടുത്തു നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ചാണ്. പത്തു കോടി രൂപയാണ് ഇതിന്റെ ചെലവ്. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. സ്റുഡന്റ് പോലീസ് സിസ്റം എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. ഇപ്പോള്‍ 165 സ്കൂളുകളില്‍ എസ്പിസി പദ്ധതിയുണ്ട്. 100 സ്കൂളുകളിലേക്കു കൂടി ഉടന്‍ വ്യാപിപ്പിക്കും. ഘട്ടംഘട്ടമായി കേരളത്തിലെ എല്ലാ സ്കൂളുകളിലും എസ്പിസി നടപ്പാക്കും- തിരുവഞ്ചൂര്‍ പറഞ്ഞു.


പോലീസിലെ ക്രിമിനലുകളെ പുറത്താക്കണമെന്ന കോടതിനിരീക്ഷണം പരിശോധിച്ചശേഷം നടപടിയെടുക്കും. തൃശൂരിലെ പോലീസ് അക്കാദമി കേരള പോലീസിന്റെ അഭിമാനസ്തംഭമാണ്. അക്കാദമിയുടെ വികസനത്തിനും നടപടികളുണ്ടാകും.

കേരളത്തില്‍ സദാചാര പോലീസുകാര്‍ നിയമം കൈയിലെടുക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, നിയമം നിഷ്പക്ഷമായി നടപ്പാക്കുമെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.