ഡിവൈഎസ്പി റഷീദിനെ മര്‍ദിച്ചെന്നു സിബിഐക്കെതിരേ കേസ്
ഡിവൈഎസ്പി റഷീദിനെ മര്‍ദിച്ചെന്നു സിബിഐക്കെതിരേ കേസ്
Tuesday, April 24, 2012 8:32 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: 'മാതൃഭൂമി' ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ സിബിഐ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നു കേസ്. ഡിവൈഎസ്പിയുടെ ജ്യേഷ്ഠസഹോദരന്‍ ഷാഹുല്‍ ഹമീദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ കൊച്ചി യൂണിറ്റ് എസ്പി വി.കെ. കൃഷ്ണകുമാര്‍, അന്വേഷണച്ചുമതല വഹിക്കുന്ന എഎസ്പി എസ്. ജയകുമാര്‍ എന്നിവരടക്കം മൂന്നു പേര്‍ക്കെതിരേയാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.

ഉണ്ണിത്താന്‍ കേസ് അന്വേഷണത്തിനായി കസ്റഡിയിലെടുത്ത അബ്ദുള്‍ റഷീദിനെ സിബിഐ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 322, 323, 324, 506(1), 34 വകുപ്പുകള്‍ അനുസരിച്ചാണു കേസെടുത്തത്.

എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി (സാമ്പത്തികം) മുമ്പാകെ ഇന്നലെ പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിബിഐ എസ്പി, എഎസ്പി, കണ്ടാല്‍ അറിയാവുന്ന കറുത്തു നീണ്ട്, കണ്ണട വച്ച മറ്റൊരു ഉദ്യോഗസ്ഥന്‍ എന്നിവര്‍ ചേര്‍ന്നു കസ്റഡിയില്‍ മര്‍ദിച്ചുവെന്നാണ് ആക്ഷേപം. ഷാഹുല്‍ ഹമീദ് കഴിഞ്ഞ ശനിയാഴ്ച യാണു പരാതി നല്കിയത്.


സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ അന്വേഷണ നടപടി തുടങ്ങിയതായി നോര്‍ത്ത് എസ്ഐ വിജയശങ്കര്‍ പറ ഞ്ഞു. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ കഴിഞ്ഞ 16നാണു സിബിഐ അറസ്റ് ചെയ്തത്. തുടര്‍ന്നു ചോദ്യം ചെയ്യലിനായി രണ്ടു ദിവസം സിബിഐ കസ്റഡിയില്‍ വിട്ടുകൊടുത്തു. ഇതിനിടെ, സിബിഐ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നാണു പരാതിയില്‍ പറയുന്നത്.

എന്നാല്‍, രോഗാവസ്ഥയിലാണെന്ന അബ്ദുള്‍ റഷീദിന്റെ നിലപാടു മൂലം ചോദ്യംചെയ്യല്‍ നടന്നില്ല. പിന്നീട് റഷീദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ കാക്കനാട്ടെ ജില്ലാ ജയിലിലാണു റഷീദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.