വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകള്‍ പകുതിയും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നു കണ്െടത്തല്‍
സ്വന്തം ലേഖകന്‍

തൃശൂര്‍: വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകള്‍ മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു ഡിപിഐ വീണ്ടും ഉത്തരവിറക്കിയിട്ടും ഇനിയും പകുതി പോലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു കണ്െടത്തല്‍.

ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ ഡിഡിഇ ഓഫീസുകള്‍ക്കും ഡിപിഐ മാസങ്ങള്‍ക്കുമുമ്പ് ഉത്തരവ് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ അന്വേഷണം നടത്താതെയാണ് പല വിദ്യാഭ്യാസ ഓഫീസുകളില്‍നിന്നും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ദിവസവേതനം, ലീവ് വേക്കന്‍സി അടക്കം എല്ലാ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉത്തരവ്. ഇത്തരത്തില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളില്‍നിന്നും മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാതെ സ്ഥിരനിയമനങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതായാണ് കണ്െടത്തിയിരിക്കുന്നത്. സ്ഥിര നിയമനങ്ങളുടെ ഒഴിവുകളും പല ജില്ലകളില്‍നിന്നും മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡിപിഐ ഓഫീസിലെത്തിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്തരത്തില്‍ ക്രമക്കേടു കണ്െടത്തിയത്.


സംസ്ഥാനത്തു വിദ്യാഭ്യാസ വകുപ്പില്‍ 15,000ത്തോളം ഒഴിവുകള്‍ യഥാര്‍ഥത്തില്‍ ഉണ്െടന്നാണ് വിലയിരുത്തിയിരിക്കുന്നത്. ഓരോ ജില്ലയിലും ആയിരത്തോളം ഒഴിവുകളുണ്െടന്നാണ് പ്രാഥമികമായി എടുത്തിരുന്ന കണക്ക്. തൃശൂര്‍ ജില്ലയില്‍തന്നെ ആയിരത്തിലധികം ഒഴിവുകളാണുള്ളത്. എന്നാല്‍ ഡിപിഐക്കു നല്കിയിരിക്കുന്ന കണക്കില്‍ 500 ഒഴിവുകള്‍ മാത്രമാണുള്ളത്. ഡിഡിഇ ഓഫീസുകളില്‍നിന്ന് എത്തിയ ഒഴിവുകളുടെ എണ്ണത്തില്‍ തെറ്റുണ്െടന്നു ബോധ്യപ്പെട്ടതിനെതുടര്‍ന്ന് വീണ്ടും യഥാര്‍ഥ എണ്ണം റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിപിഐ ഉത്തരവിറക്കി യിരിക്കയാണ്.