സുവിശേഷവത്കരണം ആഴത്തില്‍ നടത്തേണ്ടത് ആവശ്യം: മാര്‍ ആലഞ്ചേരി
കൊച്ചി: സുവിശേഷവത്കരണം ആഴത്തില്‍ നടത്തേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മംഗലപ്പുഴ സെമിനാരിയില്‍ നിന്ന് 1967ല്‍ പൌരോഹിത്യം സ്വീകരിച്ചവരുടെ സംഗമത്തില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന വൈദികരും ചെറുപ്പക്കാരായ വൈദികരും തമ്മിലുളള തലമുറ വിടവ് അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ വര്‍ധിച്ച സ്വാധീനം മനസിലാക്കുന്നവരാണ് ചെറുപ്പക്കാരായ വൈദികര്‍.


ചെറുപ്പക്കാരായ വൈദികരെ മനസിലാക്കാനും അവരെ നയിക്കാനും മുതിര്‍ന്ന വൈദികര്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടന്ന സംഗമത്തില്‍ റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ സ്വാഗതവും ഫാ. ജെയിംസ് കുളത്തിങ്കല്‍ നന്ദിയും പറഞ്ഞു. 1967 ബാച്ചിലെ വൈദികന്‍ അന്തരിച്ച ഇന്‍ഫാം മുന്‍ ഡയറക്ടര്‍ ഫാ. മാത്യു വടക്കേമുറിയെ ചടങ്ങില്‍ അനുസ്മരിച്ചു.