33-ാം മന്നം ട്രോഫി കലാകായിക മേള 17 മുതല്‍ പെരുന്നയില്‍
ചങ്ങനാശേരി: 33-ാം മന്നം ട്രോഫി കലാ- കായിക മേള 17 മുതല്‍ 20 വരെ തീയതികളില്‍ പെരുന്ന മന്നം നഗറില്‍ നടക്കും. 17-ന് രാവിലെ 10.30-ന് മന്നം സമാധി മണ്ഡപത്തില്‍ നിന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഭദ്രദീപം തെളിയിക്കുന്നതോടെ മേളക്ക് തുടക്കമാകും. 10.45-ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് പി. എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. പ്രഫ. കെ.വി. രവീന്ദ്രനാഥന്‍ നായര്‍, എസ്. ഗീത എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാമത്സരങ്ങള്‍ ആരംഭിക്കും.

18-ന് വൈകുന്നേരം അഞ്ചിനു കലാമേള സമാപിക്കും. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍. സുരേഷ് സമ്മാനദാനം നിര്‍വഹിക്കും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിക്കും. എസ്. വിനോദ്കുമാര്‍, എസ്. മീര എന്നിവര്‍ പ്രസംഗിക്കും.

19-ന് കായിക മത്സരങ്ങള്‍ ആരംഭിക്കും. രാവിലെ ഒമ്പതിനു സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ സമാധി മണ്ഡപത്തിലെ ഭദ്രദീപത്തില്‍ നിന്നും ദീപശിഖ തെളിയിച്ച് വേദിയിലേക്ക് പ്രയാണം നടത്തും. സി.എഫ്. തോമസ് എംഎല്‍എ കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കായിക മേളക്ക് മുന്നോടിയായി ആയിരം വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന വര്‍ണ ശബളമായ മാസ്ഡ്രില്‍ ഉണ്ടായിരിക്കും. 20-ന് വൈകുന്നേരം നാലിനു കായിക മേള സമാപിക്കും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സമ്മാനദാനം നിര്‍വഹിക്കും. ട്രഷറര്‍ ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. സി. രവീന്ദ്രനാഥ്, ഉഷാ ഗോപിനാഥ് എന്നിവര്‍ പ്രസംഗിക്കും. മേളയുടെ ഭാരവാഹികളായ ഹരികുമാര്‍ കോയിക്കല്‍, ഉഷാ ഗോപിനാഥ്, സി. രവീന്ദ്രനാഥ്, ജി. ഹരികുമാര്‍, ഹരീന്ദ്രനാഥന്‍ നായര്‍, ജി. മായ, എസ്. ഗീത, എസ്. മീര എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.