ആന്റണിയെ വിമര്‍ശിക്കാന്‍ കൊച്ചുമാണി ആരെന്നു വിഎസ്
തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായ എ.കെ. ആന്റണിയെ വിമര്‍ശിക്കാന്‍ കൊച്ചു മാണി ആരെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അങ്ങനെ വിമര്‍ശിച്ചാല്‍ ആരു വകവയ്ക്കുമെന്നും അദ്ദേഹം ചോദിച്ചു. ഒന്നരവര്‍ഷമായി കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന ആന്റണിയുടെ പ്രസ്താവനയെക്കുറിച്ചുള്ള കെ.എം. മാണിയുടെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോഴാണു വിഎസ് ഇങ്ങനെ പ്രതികരിച്ചത്. പിഎസ്സി ജീവനക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.


ഐജി ടോമിന്‍ ജെ. തച്ചങ്കരി വിദേശത്തേക്കു പോകുന്നതു കള്ളത്തരത്തിനാണെന്നും വിഎസ് പറഞ്ഞു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന് അത് അറിയായ്കയല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തച്ചങ്കരിയെ പ്രീണിപ്പിക്കുന്ന സമീപനമാണ്. തച്ചങ്കരിയുടെ വിദേശ യാത്രക്കു കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്കിയതായി അറിയില്ല. ഉചിതമായ തീരുമാനം കേന്ദ്രത്തില്‍നിന്ന് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും വിഎസ് പറഞ്ഞു.