സമ്മതപത്രങ്ങള്‍ ഏറെയുണ്െടങ്കിലും കണ്ണുകളുടെ ലഭ്യത നാമമാത്രം
Monday, November 19, 2012 11:27 PM IST
ജോണ്‍സണ്‍ നൊറോണ

ആലപ്പുഴ: നേത്രദാനവുമായി ബന്ധപ്പെട്ടു പക്ഷാചരണങ്ങള്‍ ഓരോ വര്‍ഷവും നടക്കുന്നുണ്െടങ്കിലും ആശുപത്രികളില്‍ ലഭിക്കുന്ന കണ്ണുകളുടെ എണ്ണം നാമമാത്രം. 2011-ല്‍ സംസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളജില്‍ ആകെ ലഭിച്ചത് അഞ്ചു പേരുടെ കണ്ണുകളാണ്. വ്യക്തികള്‍ ജീവിച്ചിരിക്കുമ്പോള്‍ നല്കുന്ന സമ്മതപത്രം ഓര്‍മിച്ചെടുത്ത് അധികാരികളെ അറിയിക്കേണ്ടത് ബന്ധുക്കളാണ്. ഇവര്‍ പലപ്പോഴും ഇക്കാര്യം അവഗണിക്കുന്നതാണ് കണ്ണുകളുടെ ലഭ്യത കുറയാന്‍ കാരണമാകുന്നത്.

നേത്രദാന സമ്മതപത്രം നല്‍കുന്നയാളുകളുടെ പേരുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ സൂക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ പ്രത്യേകശ്രദ്ധ നല്കണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്ണിലുണ്ടാകുന്ന അണുബാധ, പരിക്കുകള്‍, പോഷകാഹാരക്കുറവ് എന്നിവയാണ് നേത്രപടല അന്ധതയുടെ പ്രധാനകാരണങ്ങള്‍. വ്യവസായശാലകളിലെ തൊഴിലാളികള്‍, രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍, ആഘോഷവേളകളില്‍ പടക്കം പൊട്ടിക്കുന്നവര്‍, കൂര്‍ത്ത വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന കുട്ടികള്‍, കൊയ്ത്തുകാര്‍, കറ്റ മെതിക്കുന്നവര്‍, വൃക്ഷച്ചുവട്ടില്‍ കളിക്കുന്ന കുട്ടികള്‍ എന്നിവര്‍ക്കിടയിലാണ് പരിക്കുകള്‍ മൂലമുള്ള അന്ധത സാധാരണയായി കണ്ടുവരുന്നത്.


പോഷകാഹാരക്കുറവുമൂലമുണ്ടാകുന്ന അന്ധത ഏറിയ പങ്കും വൈറ്റമിന്‍ എ യുടെ അഭാവം മൂലമാണ് ഉണ്ടാകുന്നത്. ബാക്ടീരിയ, ഫംഗസ്, വൈറസ്, ട്രക്കോമ തുടങ്ങിയവ വഴിയുണ്ടാകുന്ന അന്ധത പ്രതിരോധ നടപടികളിലൂടെ ഭേദമാക്കാം. ടൌവല്‍, കണ്‍മഷി, കണ്ണിലൊഴിക്കുന്ന മരുന്നുകള്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുകയും സ്വയം വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യണം. തൊഴിലാളികള്‍ തൊഴില്‍ശാലകളില്‍ നേത്രസംരക്ഷണ കണ്ണടകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കണം. കൂര്‍ത്തവസ്തുക്കള്‍ കുട്ടികളില്‍നിന്നും അകറ്റിവച്ചും, അപകടകരമായ കളികളില്‍നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നതിനും രക്ഷകര്‍ത്താക്കളും അധ്യാപകരും ഒരുപോലെ പരിശ്രമിക്കുകയാണെങ്കില്‍ പരിക്കുമൂലമുള്ള അന്ധത ഏറേക്കുറെ ഒഴിവാക്കാം.

മാമ്പഴം, പപ്പായ, ചക്ക, പച്ചക്കറി, ഇലക്കറി എന്നിവ ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയും, സ്ത്രീകള്‍ക്കു ഗര്‍ഭകാലത്തു വേണ്ടത്ര പോഷകാഹാരം നല്കിയും, മുലയൂട്ടലും വയറിളക്കവും ഉള്ളപ്പോള്‍ ശരിയായ പരിചരണം നല്‍കിയും വൈറ്റമിന്‍ എയുടെ അഭാവം മൂലമുണ്ടാകുന്ന അന്ധതയെ പരിഹരിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.