യുവാവിന്റെ മരണം: യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റില്‍
അടിമാലി: ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്തു മരിച്ചനിലയില്‍ കണ്ട യുവാവിന്റെ മരണം മര്‍ദനത്തെത്തുടര്‍ന്നുണ്ടായ ഹാര്‍ട്ട് അറ്റാക്ക് മൂലമാണെന്നാണു പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂലമറ്റം കോലാടിയില്‍ ശ്രീധരന്റെ മകന്‍ രാജീവാണ് (37) മരിച്ചത്.

ഈ കേസിലെ പ്രതികളായ ഞണ്ടാലക്കുടി (പടിക്കപ്പ്) പുളിന്താനത്ത് വര്‍ഗീസ് മകള്‍ മോളി (അച്ചാമ്മ - 40), ഞണ്ടാലക്കുടി പള്ളിത്താഴത്ത് സെബാസ്റ്യന്‍ മകന്‍ ബാബു, ഞണ്ടാലക്കുടി ചൂരക്കുഴിയില്‍ രാജന്‍ മകന്‍ ദിനൂപ് എന്നിവരെ അടിമാലി പോലീസ ്സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ഇ.കുര്യന്‍ അറസ്റു ചെയ്തു.


16-നു രാത്രി പത്തോടെയാണു പുളിന്താനത്തു മോളിയുടെ വീട്ടുമുറ്റത്ത് രാജീവിന്റെ മൃതദേഹം കണ്ടത്. നാലുവര്‍ഷക്കാലമായി മോളിയും രാജീവും ഒന്നിച്ചു കഴിഞ്ഞുവരികയായിരുന്നു. അമിതമായി മദ്യപിക്കുന്ന ആളാണ് രാജീവെന്ന് പറയുന്നു. സംഭവദിവസവും മദ്യപിച്ചെത്തി വീട്ടുസാധനങ്ങള്‍ തകര്‍ക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.