പ്രതിയെ മോചിപ്പിക്കാന്‍ പോലീസ് സ്റേഷനില്‍ പിള്ളയുടെ കുത്തിയിരിപ്പ്
പത്തനാപുരം: മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പേഴ്സണല്‍ അസിസ്റന്റിന്റെ പേരില്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗത്തിന്റെ കൈയില്‍നിന്നു പണം തട്ടി എന്നാരോപിച്ചു പോലീസ് പിടികൂടിയ പ്രതിയായ കേരള കോണ്‍ഗ്രസ് - ബി നേതാവിനെ പാര്‍ ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പോലീസ് സ്റേഷന്‍ ഉപരോധിച്ചു മോചിപ്പിച്ചു.

കേരള കോണ്‍ഗ്രസ് - ബി പ ത്തനാപുരം നിയോജക മണ്ഡലം സെക്രട്ടറി നടക്കുന്ന് റഷീദാമന്‍സിലില്‍ അബ്ദുള്‍ അസീസി(45)നെയാണ് ബാലകൃഷ്ണപിള്ള മൂന്നു മണിക്കൂര്‍ പോലീസ് സ്റേഷന്‍ വരാന്തയില്‍ കുത്തിയിരുന്നു മോചിപ്പിച്ചത്.

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗവും പ്രമുഖ റെയില്‍വേ കരാറുകാരനുമായ കലഞ്ഞൂര്‍ മധുവിന്റെ കൈയില്‍നിന്നു ഗണേഷ്കുമാറിന്റെ പിഎ പ്രദീപിന്റെ പേരുപറഞ്ഞ് 2,500 രൂപ കൈക്കലാക്കിയതിനു പുറമേ അസീസ് വീണ്ടും വിളിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. കലഞ്ഞൂര്‍ മധു മന്ത്രി ഗണേഷിനെ വിളിച്ചു പ്രദീപിനെതിരേ പരാതി പറഞ്ഞു. പ്രദീപ് പത്തനാപുരം പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അബ്ദുള്‍ അസീസ് പിടിയിലാകുന്നത്.


വിവരമറിഞ്ഞു രാവിലെ പ ത്തോടെ ആര്‍. ബാലകൃഷ്ണപിള്ള പാര്‍ട്ടി നേതാക്കളായ കരിക്കത്തില്‍ തങ്കപ്പന്‍ പിള്ള, എം.ബി. ഗോപിനാഥപിള്ള, ത ലവൂര്‍ മനോജ്, വിളക്കുവട്ടം ഭദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരുമായി എത്തിയാണ് ഉപരോധം തുടങ്ങിയത്. അബ്ദുല്‍ അസീസിന്റെ ഭാര്യ റംല, പിതാവ് മുഹമ്മദ് ഹനീഫ, മാതാവ് സുബൈദാ ബീവി എന്നിവരും ഉപരോധത്തില്‍ പങ്കാളികളായി.

മന്ത്രിയുടെ അനുയായികളും സ്ഥലത്ത് എത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സം ഘംഎത്തി ഇരുവിഭാഗത്തെയും തടഞ്ഞതോടെയാണു സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നത്. ഇതിനിടെ, സ്ഥലത്തെത്തിയ കേരള കോണ്‍ഗ്രസ് - ബി ജില്ലാ പ്രസിഡന്റിനെ മന്ത്രിയുടെ അനുയായികള്‍ തടഞ്ഞുവച്ചെങ്കിലും പോലീസെത്തി രക്ഷപ്പെടുത്തി.

മൂന്നുമണിക്കൂറിനുശേഷം ഉച്ചകഴിഞ്ഞ് ഒന്നോടെ അബ്ദുള്‍ അസീസിനെ മോചിപ്പിച്ചതോടെയാണു ബാലകൃഷ്ണപിള്ളയും സംഘവും മടങ്ങിയത്. മന്ത്രിയെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ കൂക്കുവിളികളോടെയാണു ബാലകൃഷ്ണപിള്ളയെ മടക്കിയത്.